മൈക്കല്‍ ജാക്‌സന്റെ നിറം മാറ്റല്‍ ശസ്ത്രക്രിയ എന്ന കെട്ടുകഥ

കറുപ്പും വെളുപ്പും ഇരുധ്രുവങ്ങളില്‍ വിപരീതങ്ങളായി തുടരുകയാണ്. പഴകിപ്പിഞ്ഞിയ സാമൂഹ്യമാമൂലുകളില്‍ ഇപ്പോഴും വെളുപ്പിന്റെ പൊയ്ക്കാലുകള്‍ക്ക് ഉയരം കൂടുതല്‍ തന്നെ. സകല വര്‍ണങ്ങളെയും തട്ടിത്തെറിപ്പിക്കുന്ന വെളുപ്പിന് ഏതു വര്‍ണത്തേയും ഉള്ളിലേക്കെടുക്കുന്ന കറുപ്പിനേക്കാള്‍ സൗന്ദര്യം കല്പിക്കപ്പെട്ടിരിക്കുന്നു. പരിഷ്‌കൃതനും അപരിഷ്‌കൃതനും ഇടയിലുള്ള അന്തരമായി നിറങ്ങള്‍ മാറിയ കാലം മുതല്‍ക്ക് വര്‍ണവെറിയുടെ ചരിത്രം ആധുനികതയുടെ ചരിത്രത്തോടൊപ്പം ഇഴ പിണഞ്ഞുകിടക്കുന്നതായി കാണാം.
മനുഷ്യര്‍ തങ്ങള്‍ക്കിടയില്‍ കെട്ടിയുയര്‍ത്തിയ മതിലുകള്‍ക്കെതിരെ കല എന്നും കലഹിച്ചിട്ടുണ്ട്. നിറത്തിന്റെ വേലികള്‍ക്ക് വളച്ചു കെട്ടാനാകാതെ വാനോളം വളര്‍ന്ന കലാകാരനാണ് മൈക്കല്‍ ജാക്‌സണ്‍. ആഫ്രോ-അമേരിക്കന്‍ സംഗീതം അമേരിക്കയുടെ ജീവതാളത്തില്‍ കലര്‍ന്ന് തുടങ്ങിയ അറുപതുകളിലാണ് ജാക്‌സണ്‍ പാടിത്തുടങ്ങുന്നത്. സോഷ്യല്‍ മീഡിയയില്ലാത്ത കാലത്തും മൈക്കല്‍ ജാക്‌സണ്‍ എന്ന പേര് അന്താരാഷ്ട്ര ബ്രാന്‍ഡ് ആയിരുന്നു. സാമൂഹ്യ അസമത്വങ്ങള്‍ക്കെതിരെ പോരാടുന്നവര്‍ക്ക് അദ്ദേഹം പ്രതീക്ഷയുടെ വിളക്കുമാടമായിരുന്നു. കറുത്തവന്റെ ധ്രുവ നക്ഷത്രമായിരുന്നു മൈക്കല്‍ ജാക്‌സണ്‍.
കരിയറിന്റെ തുടക്കം മുതല്‍ വിവാദങ്ങള്‍ ജാക്‌സനൊപ്പം കൂടിയിരുന്നു. 1980കളുടെ അവസാനത്തോടെ തന്നെ ജാക്‌സനെതിരെ ചൈല്‍ഡ് മോളസ്റ്റേഷന്‍ ആരോപണങ്ങള്‍ വന്നു തുടങ്ങിയിരുന്നു. എല്ലാ ആരോപണങ്ങളും തെളിവില്ലാത്തതിനാല്‍ തള്ളിപ്പോകുകയാണുണ്ടായത്. എന്നാല്‍ മൈക്കല്‍ ജാക്‌സണു നേരെ ഏറ്റവുമധികം കല്ലേറുകള്‍ ഉണ്ടായത് അദ്ദേഹം തന്റെ നിറം മാറ്റി എന്ന പ്രചരണത്തോടെയാണ്.
80കളുടെ മധ്യത്തോടെ ജാക്‌സന്റെ നിറം മാറിത്തുടങ്ങി. തന്റെ ത്വക്കിനുണ്ടാകുന്ന മാറ്റത്തില്‍ ജാക്‌സണ്‍ ആശങ്കപ്പെട്ടു. ടെലിവിഷന്‍ ലോകമാകെ വ്യാപിച്ചു തുടങ്ങിയ ഈ കാലത്ത് ജാക്‌സണ്‍ ബ്ലീച്ചിങ് ചികിത്സകള്‍ക്ക് വിധേയനാകുന്നുണ്ടെന്നു അഭ്യൂഹങ്ങള്‍ ശക്തമായി. സ്വന്തം നിറത്തില്‍ അദ്ദേഹത്തിന് അപകര്‍ഷബോധവും അരക്ഷിതത്വവുമുണ്ടെന്നായി ആരോപണങ്ങള്‍. എന്നിട്ടും ജാക്‌സണ്‍ കറുത്തവന്റെ ഈണങ്ങള്‍ പാടിക്കൊണ്ടിരുന്നു. 1986 ലാണ് മൈക്കല്‍ ജാക്‌സണ്‍ താന്‍ വിറ്റിലാഗോ അഥവാ വെള്ളപ്പാണ്ട് എന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗത്തിന്റെ പിടിയിലാണെന്ന സത്യം മനസ്സിലാക്കുന്നത്. വര്‍ണപദാര്‍ഥമായ മെലാനിന്‍ അടങ്ങുന്ന മെലാനോസൈറ്റ് എന്ന കോശങ്ങളെ ശരീരത്തിലെ പ്രതിരോധവ്യവസ്ഥ ഇല്ലാതാക്കുന്നതാണ് വിറ്റിലാഗോ. മെലാനോസൈറ്റ് കോശങ്ങള്‍ ഇല്ലാതാകുമ്പോള്‍ തൊലിപ്പുറത്ത് വെളുത്ത അടയാളങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സൂര്യപ്രകാശം ഏല്‍ക്കുന്തോറും രോഗം വഷളാവുകയും അടയാളങ്ങള്‍ ശരീരമാകെ വ്യാപിക്കുകയും ചെയ്യുന്നു.
രോഗത്തിന്റെ കാഠിന്യം കൂടുന്തോറും ജാക്‌സണ്‍ മേക്കപ്പ് ഉപയോഗം കൂട്ടി. തൊലിപ്പുറത്തെ പാടുകള്‍ മായ്ക്കാന്‍ ക്രീമുകളും ലേപനങ്ങളും ഉപയോഗിച്ചു. രാസ പദാര്‍ഥങ്ങളുടെ ഉപയോഗവും മേക്കപ്പും അദ്ദേഹത്തെ വെളുപ്പിച്ചു. വിമര്‍ശനങ്ങളുടെ മൂര്‍ച്ച കൂടി. കറുത്തവന്റെ അഭിമാനം വിറ്റുതിന്നുന്ന നീചനെന്ന് സ്വന്തക്കാര്‍ പോലും മുഖമടച്ചു പറഞ്ഞു. 1993-ല്‍ ഓപ്ര വിന്‍ഫ്രിയുമായുള്ള അഭിമുഖത്തില്‍ തന്റെ രോഗത്തെക്കുറിച്ചും പ്രചാരണങ്ങള്‍ കുത്തിക്കീറുന്ന മുറിവുകളെപ്പറ്റിയും ജാക്‌സണ്‍ വാചാലനായി. ''എന്റെ ത്വക്കില്‍ ഞാന്‍ അസംതൃപ്തനാണെന്ന് ആളുകള്‍ ഇല്ലാക്കഥകള്‍ മെനയുന്നത് എന്നെ ആഴത്തില്‍ വേദനിപ്പിക്കുന്നു. ഇതെനിക്ക് നിയന്ത്രിക്കാനാവുന്ന ഒന്നല്ല.'' എന്നിട്ടും തുടര്‍ന്നുപോയി പ്രചരണങ്ങള്‍.
ഒടുവില്‍ മൈക്കല്‍ ജാക്‌സന്റെ പോസ്റ്റ്മോര്‍ട്ടത്തോടെയാണ് എല്ലാ സംശയങ്ങള്‍ക്കും കെട്ടുകഥകള്‍ക്കും അന്ത്യമാകുന്നത്. ജാക്‌സണ്‍ വെള്ളപ്പാടിന്റെ പിടിയിലായിരുന്നു എന്ന് സ്ഥിരീകരിച്ച റിപ്പോര്‍ട്ട് അദ്ദേഹത്തിന്റെ ശരീരത്തില്‍ മെലാനോസൈറ്റ് കോശങ്ങള്‍ ക്രമാതീതമായി ഇല്ലാതായിട്ടുണ്ടെന്ന് രേഖപ്പെടുത്തി. സ്വന്തം നിറത്തിലും വേരിലും അങ്ങേയറ്റം അഭിമാനിച്ചിരുന്ന, സ്വത്വത്തെ പണയം വെക്കാതെ ആഘോഷമാക്കി മാറ്റിയ കലാകാരനെ കുറ്റപ്പെടുത്തിയവര്‍ അതോടെ നിശ്ശബ്ദരായി. ചരിത്രം കണ്ട ഏറ്റവും വലിയ വ്യാജ പ്രചാരണങ്ങളില്‍ ഒന്നായി മൈക്കല്‍ ജാക്‌സന്റെ നിറംമാറ്റ ശസ്ത്രക്രിയ എന്ന കെട്ടുകഥ ഓര്‍മ്മിക്കപ്പെടും.
Content Highlights: michael jackson and vitiligo