മോഹന്‍ലാലിന്റെയും കമല്‍ഹാസന്റെയും നായിക; 'ഷക്കലക്കബേബി'യിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരി

ഗായികയായും അഭിനേത്രിയായും ഒരുപോലെ തിളങ്ങിയ താരമാണ് വസുന്ധര ദാസ്. ഗായികയായിട്ടാണ് വന്നത്. പിന്നീട് ക്യാമറയ്ക്കുമുമ്പിലേക്കും വസുന്ധര വന്നു. 'മുതല്‍വനി'ലെ 'ഷക്കലക്ക ബേബി' എന്ന പാട്ടിലൂടെയാണ് പിന്നണിഗാനരംഗത്തേക്ക് കടക്കുന്നത്. എ.ആര്‍.റഹ്മാന്‍ സംഗീതം കൊടുത്ത ആ ഒറ്റ പാട്ടിലൂടെ തന്നെ സിനിമാമേഖലയില്‍ അറിയപ്പെടുന്ന പേരായി മാറി വസുന്ധരയുടേത്. തൊട്ടുപിന്നാലെ റഹ്മാന്റെ സംഗീതത്തില്‍ റിഥം, ലഗാന്‍, ബോയ്‌സ് തുടങ്ങിയ സിനിമകളിലെല്ലാം അവര്‍ പാടി. കട്ടിപ്പുടി കട്ടിപ്പുടി ടാ, ഓ രേ ഛോരി, പൂക്കാരി പൂക്കാരി, സരിഗമേ, ഡേറ്റിങ്, ഇറ്റ്‌സ് ദ ടൈം ടു ഡിസ്‌കോ...കുറേ സൂപ്പര്‍ഹിറ്റ് പാട്ടുകളുടെ ഭാഗമായി.
'ഹേ റാമി'ല്‍ കമല്‍ഹാസന്റെ നായികമാരിലൊരാളായിട്ടാണ് അഭിനയത്തില്‍ തുടക്കം കുറിക്കുന്നത്. പിന്നാലെ 'മണ്‍സൂണ്‍ വെഡിങ്ങി'ലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 'രാവണപ്രഭു'വില്‍ മോഹന്‍ലാലിന്റെ നായികയായും മമ്മൂട്ടി ചിത്രമായ 'വജ്ര'ത്തിലും വസുന്ധര തിളങ്ങി. വളരെ കുറച്ച് സിനിമകളിലേ അഭിനയിച്ചുള്ളൂവെങ്കിലും, അതെല്ലാം ശ്രദ്ധിക്കപ്പെട്ടു. പെട്ടെന്നൊരുനാള്‍ വസുന്ധര അഭിനയത്തില്‍നിന്ന് പിന്‍മാറുകയായിരുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ പിന്നണിഗാനരംഗത്തുനിന്നും അവര്‍ പിന്‍വാങ്ങി. 2014-ല്‍ പുറത്തിറങ്ങിയ 'പറാന്തെ വാലി ഗലി' എന്ന സിനിമയ്ക്ക് സംഗീതം കൊടുത്തത് വസുന്ധരയാണ്. അതിലവര്‍ പാടിയിട്ടുമുണ്ട്. പിന്നീടവര്‍ മുഖ്യധാരാസിനിമയില്‍നിന്ന് അകന്നു.
അവിചാരിതമായിട്ടാണ് താന്‍ അഭിനയത്തിലേക്ക് വന്നതെന്ന് ഒരിക്കല്‍ വസുന്ധര പറഞ്ഞിട്ടുണ്ട്. ''ഹേ റാം നല്ല കുറേ പാട്ടുകളുള്ള സിനിമയായിരുന്നു. അതിലെ മുല്ലപ്പൂ ചൂടി സാരി ചുറ്റി നടക്കുന്ന കഥാപാത്രം എന്നെ സംബന്ധിച്ചിടത്തോളം പുതിയൊരു അനുഭവമായി. അതിനുശേഷമാണ് 'രാവണപ്രഭു'വിലേക്ക് ക്ഷണം വരുന്നത്. 'പൊട്ടുകുത്തെടീ' എന്ന പാട്ടാണ് ആദ്യമായി ഷൂട്ട് ചെയ്തത്. അഞ്ച് ദിവസത്തോളം ഓടിനടക്കുകയായിരുന്നു ആ പാട്ടിനുവേണ്ടി. അതിലെ വേഷവും എനിക്കേറെ കംഫര്‍ട്ടബിള്‍ ആയിരുന്നു. അതിനുശേഷം മമ്മൂട്ടിയുടെ 'വജ്ര'ത്തിലും അഭിനയിച്ചു. സംഗീതത്തില്‍ കൂടുതല്‍ ശ്രദ്ധകൊടുക്കണമെന്ന് തോന്നിയപ്പോഴാണ് അഭിനയത്തില്‍നിന്ന് മാറിനിന്നത്''.
സിനിമയില്‍നിന്ന് മാറിനിന്നെങ്കിലും സംഗീതത്തില്‍ സജീവമാണ് വസുന്ധര. അവരുടെ ബാന്‍ഡുമായി സംഗീതപരിപാടികള്‍ നടത്തുന്നു. അതിനൊപ്പം പാട്ടുകള്‍ക്ക് സംഗീതം കൊടുക്കുന്നുമുണ്ട്. മ്യൂസിക് തെറാപ്പിയിലും സജീവമാണ് വസുന്ധര.
മുത്തശ്ശി ഇന്ദിര ദാസില്‍നിന്ന് സംഗീതത്തോടുള്ള താത്പര്യം വസുന്ധരയിലേക്കുമെത്തുന്നത്. ആറാമത്തെ വയസ്സുമുതല്‍ ഹിന്ദുസ്ഥാനിസംഗീതം പഠിക്കാന്‍ തുടങ്ങി. മുത്തശ്ശി തന്നെയായിരുന്നു ആദ്യഗുരു. പിന്നീട് ലളിത് കലാ അക്കാദമിയില്‍ ചേര്‍ന്നു. പഠനകാലത്ത് കോളേജ് ഗേള്‍സ് ബാന്റിലെ പ്രധാനഗായികയായി അവര്‍. കോളേജ് കാലത്തുതന്നെയാണ് 'ആര്യ' എന്ന പേരില്‍ ഒരു ബാന്‍ഡും തുടങ്ങുന്നത്. യൂറോപ്പിലും അമേരിക്കയിലുമെല്ലാം പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. 2004-ല്‍ ബാന്‍ഡ് പിരിച്ചുവിട്ടു. ബംഗളൂരുവില്‍ 'ദ ആക്ടീവ്' എന്ന പേരില്‍ ഒരു മ്യൂസിക് സ്റ്റുഡിയോയുമുണ്ട്.
Content Highlights: vasundhara das acted in mohanlal starrer ravanaprabhu and mammootty starrer vajram