28 വർഷം ലോങ് ഡിസ്റ്റൻസ് ബന്ധം തുടർന്ന അൽക്ക; 22 ഭാഷകൾ 20,000 പാട്ടുകൾ

1980-കളിൽ ബോളിവുഡ് ഗാനശാഖയിലേക്ക് 14 വയസ്സുള്ളൊരു പെൺകുട്ടി കടന്നുവന്നു, അൽക്ക യാഗ്നിക്. തുടക്കം അത്ര ഗംഭീരമായിരുന്നില്ലെങ്കിലും, പിന്നീട് ബോളിവുഡിനെ തന്നെ പിടിച്ചുകുലുക്കുന്നതാണ് കണ്ടത്. ആദ്യപാട്ടുകൾ ആരാധകരെ അത്രയ്ക്കങ്ങോട്ട് ആകർഷിച്ചില്ല.
22-മത്തെ വയസ്സിലാണ് ആദ്യത്തെ ബ്രേക്ക് കിട്ടുന്നത്. 'തേസാബ്' എന്ന സിനിമയിലെ 'ഏക് ദോ തീൻ' എന്ന പാട്ട് സൃഷ്ടിച്ച ഓളം ചെറുതൊന്നുമല്ല. കടുത്തപനിയുള്ള ദിവസമാണ് ആ പാട്ട് അൽക്ക പാടുന്നത്. അവിടുന്നങ്ങോട്ട് അൽക്കയുടെ കരിയർ തന്നെ മാറി.
റൊമാൻസും സങ്കടവും പ്രണയവും ഐറ്റംനമ്പറുമെല്ലാം അവരുടെ ശബ്ദത്തിലൂടെ ആളുകളുടെ ഹൃദയത്തിലിടം പിടിച്ചു. ചോളി കെ പീഛേ ക്യാ ഹെ, കുഛ് കുഛ് ഹോതാ ഹെ, ദിൽ നെ യെ കഹാ ഹെ, സരാ തസ് വീർ സെ തൂ, താൽ സെ താൽ, ബാസീഗർ ഓ ബാസീഗർ, റാഹ് മേം ഉൻസെ, കഹോ നാ പ്യാർ ഹെ, കഭി അൽവിദ നാ കെഹനാ...രണ്ട് ദേശീയപുരസ്‌കാരങ്ങളും അൽക്കയ്ക്ക് ലഭിച്ചു. ഒരു കാലത്തിന്റെ നെഞ്ചിടിപ്പായിരുന്നു കുമാർ സാനു-അൽക്ക, ഉദിത് നാരായൺ-അൽക്ക കൂട്ടുകെട്ടുകൾ. മാധുരി, ശിൽപ ഷെട്ടി, ജൂഹി ചൗള, ശ്രീദേവി തുടങ്ങിയവർക്കുവേണ്ടി ഏറ്റവും കൂടുതൽ പാടിയത് അൽക്കയാണ്. 2019, 2020, 2021 വർഷങ്ങളിൽ ഏറ്റവും കൂടുതൽ പേർ യൂട്യൂബിലൂടെ കേട്ടതും അവരുടെ ശബ്ദം തന്നെ.
അസമീസ്, ബംഗാളി, ഗുജറാത്തി, മലയാളം, മറാത്തി, മണിപൂരി, ഒഡിയ, പഞ്ചാബി, ഭോജ്പുരി, തമിഴ്, തെലുഗു തുടങ്ങി 22-ഓളം ഭാഷകൾ. 20,000-ത്തിലേറെ പാട്ടുകളാണ് അവർ ഇതുവരെയായി പാടിയിട്ടുള്ളത്. ലതാ മങ്കേഷ്‌കറിനും ആശാ ഭോസ്ലെയ്ക്കും ശേഷം ഏറ്റവും കൂടുതൽ ബോളിവുഡ് സോളോ പാട്ടുകൾ പാടിയ ഗായിക. 1987-ൽ 'തീർത്ഥം' എന്ന മലയാളസിനിമയ്ക്കുവേണ്ടിയും അൽക്ക പാടി. ദക്ഷിണേന്ത്യൻ ഭാഷകളിലെ അവരുടെ ആദ്യപാട്ടായി മാറിയത്. 'ബസ് മോരെ നൈനൻ' എന്ന ആ പാട്ടിന് വരികളെഴുതിയത് ബാലചന്ദ്രൻ ചുള്ളിക്കാടാണ്.
അമ്മ തന്ന സംഗീതം
അൽക്കയുടെ അമ്മ സംഗീതജ്ഞയായിരുന്നു. ആ പാത പിന്തുടർന്നാണ് മകളും സംഗീതരംഗത്തെത്തിയത്. ആറാം വയസ്സിൽ കൽക്കത്തയിലെ ആകാശവാണിക്കുവേണ്ടി പാടി. അമ്മയാണ് അൽക്കയെ ബോബെയിലേക്ക് കൊണ്ടുവരുന്നതും. മകളെ സിനിമയിൽ പാടിക്കണമെന്ന ആഗ്രഹവുമായി അമ്മയെത്തിയത് നടൻ രാജ് കപൂറിനരികിൽ. അൽക്കയുടെ ശബ്ദം കേട്ട് ഇഷ്ടപ്പെട്ട അദ്ദേഹം, സംഗീതസംവിധായകൻ ലക്ഷ്മീകാന്ത് പ്യാരേലാലിനടുത്തേക്ക് അവരെ അയച്ചു. അതാണ് വഴിത്തിരിവായതും.
നാല്പത് വർഷമായി തുടരുന്ന സംഗീതജീവിതം. അതിനിടയിൽ 2024-ൽ അൽക്കയുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഒരു വാർത്ത ആരാധകരെ ഞെട്ടിച്ചു. വൈറസ് ബാധയെത്തുടർന്ന് തന്റെ കേൾവിക്ക് തകരാർ സംഭവിച്ചുവെന്നും ഇപ്പോൾ ചികിത്സയിലാണെന്നും അവർ ആരാധകരെ അറിയിച്ചു. അന്ന് സംഗീതാസ്വാദകരെല്ലാം അൽക്കയ്ക്കുവേണ്ടി പ്രാർഥിച്ചു. പാട്ടുകളിൽനിന്നും റിയാലിറ്റി ഷോയിൽനിന്നുമെല്ലാം അതോടെ അവർ അകന്നു.
ഷില്ലോങ്-മുംബൈ പ്രണയം
മുംബൈയിലേക്കുള്ള ഒരു യാത്രയ്ക്കിടെ ട്രെയിനിൽവെച്ചാണ് അൽക്കയും നീരജ് കപൂർ എന്ന ബിസിനസുകാരനും ആദ്യമായി കണ്ടുമുട്ടുന്നത്. ഒറ്റനോട്ടത്തിൽ തന്നെ പരസ്പരം ഇഷ്ടംതോന്നി. രണ്ടുവർഷത്തോളം പ്രണയം. ഷില്ലോങ്ങിൽ കുടുംബബിസിനസ് നോക്കിനടത്തുകയായിരുന്നു നീരജ്. വിവാഹം കഴിക്കണമെന്ന് മാതാപിതാക്കളെ അറിയിച്ചപ്പോൾ അവർ എതിർത്തു. അൽക്കയ്ക്ക് മുംബൈയിൽനിന്ന് മാറാൻ പറ്റില്ല, നീരജിന് ബിസിനസ് വിട്ട് മുംബൈയിലേക്ക് വരാനുമാവില്ല. എന്തായാലും ലോങ്-ഡിസ്റ്റൻസ് റിലേഷൻഷിപ്പായിരിക്കും വിവാഹശേഷവുമുണ്ടാവുക, അത് കുടുംബജീവിതത്തിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നായിരുന്നു മാതാപിതാക്കളുടെ വാദം.
തടസ്സങ്ങളെയെല്ലാം മാറ്റിനിർത്തി, ഇരുവരും വിവാഹിതരായി. മുംബൈയിൽ ബിസിനസ് തുടങ്ങാമെന്നതായിരുന്നു നീരജിന്റെ പ്ലാൻ. പക്ഷേ അത് നടന്നില്ല. രണ്ടുപേരും രണ്ടുസ്ഥലത്തുതന്നെയായി. അതിനിടയിൽ ഒരു കുഞ്ഞുണ്ടായി. ഒരു സിംഗിൾ മദറായിരുന്നു ആ കാലത്തെല്ലാം താനെന്ന് അൽക്ക പിന്നീട് പലപ്പോഴും പറഞ്ഞിട്ടുണ്ട്. വർഷങ്ങൾ കഴിയുന്തോറും അവർക്കിടയിൽ പ്രശ്‌നങ്ങൾ വന്നു, അഞ്ചുവർഷത്തോളം കാണാതെ നിന്നു. അപ്പോഴാണ് പരസ്പരമുള്ള സ്‌നേഹം തിരിച്ചറിഞ്ഞത്. വീണ്ടും സമയം കിട്ടുമ്പോഴെല്ലാം മുംബൈയിൽനിന്ന് ഷില്ലോങ്ങിലേക്കും തിരിച്ചും യാത്രകൾ തുടങ്ങി. 28 വർഷത്തോളം ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പ് തുടർന്നു അൽക്കയും നീരജും.
Content Highlights: alka yagnik sang maximum number of female solos after lata mangeshkar and asha bhonsle