'റോസ്' 50-കാരിയായി, ടൈറ്റാനിക് താരത്തിന്റെ സമ്പാദ്യം എത്രയാണെന്നറിയാമോ?

ടൈറ്റാനിക്കിലെ 'റോസ്' കേറ്റ് വിൻസ്ലെറ്റിന് 50 വയസ്സ് തികഞ്ഞിരിക്കുകയാണ്. ഒക്ടോബർ അഞ്ചിനായിരുന്നു പിറന്നാൾ. ലോകമെമ്പാടുമുള്ള ആരാധകരുടെ മനസ്സിൽ റോസിന്റെയും ജാക്കിന്റെയും പ്രണയം വേദനയയായി അവശേഷിച്ചിട്ട് ഏകദേശം മൂന്നു പതിറ്റാണ്ടിനടുത്തായി. ഹോളിവുഡിലെ ഏറ്റവും ആദരണീയരായ നടിമാരിൽ ഒരാളായി ഇപ്പോഴും കരിയർ ആഘോഷിക്കുകയാണ് കേറ്റ്. പീരിയഡ് ഡ്രാമകളിലെ ശ്രദ്ധേയമായ വേഷങ്ങളിലൂടെയാണ് അഭിനയത്തിലേക്കുള്ള കേറ്റിന്റെ അരങ്ങേറ്റം. പതിറ്റാണ്ടുകളായുള്ള അഭിനയജീവിതത്തിനിടെ വലിയൊരു സമ്പാദ്യവും അവർ സ്വന്തമാക്കിയിട്ടുണ്ട്.
സെലിബ്രിറ്റി നെറ്റ് വർത്തിന്റെ കണക്കനുസരിച്ച്, കേറ്റിന്റെ ആസ്തി 65 മില്യൺ ഡോളറാണ്. ശ്രദ്ധയോടെ മാത്രം തിരഞ്ഞെടുത്ത സിനിമാ കഥാപാത്രങ്ങളിലൂടെയും ടിവി വർക്കുകളിലൂടെയും റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളിലൂടെയുമാണ് കേറ്റ് തന്റെ സമ്പാദ്യമുണ്ടാക്കിയത്. വെല്ലുവിളികൾ നിറഞ്ഞതും പ്രശസ്തി നിലനിർത്തുന്നതുമായ വേഷങ്ങൾ തിരഞ്ഞെടുക്കാൻ കേറ്റ് എപ്പോഴും ശ്രമിക്കുമായിരുന്നു. ബ്രിട്ടനിലും യുഎസിലും വീടുകൾ വാങ്ങി റിയൽ എസ്റ്റേറ്റിൽ നിക്ഷേപം നടത്തി, അവർ തൻ്റെ സമ്പത്ത് വളർത്തിക്കൊണ്ടിരുന്നു.
1990-കളിലാണ് കേറ്റിന്റെ കരിയറിൽ വഴിത്തിരിവുണ്ടായത്. 'ഹെവൻലി ക്രിയേച്ചേഴ്സ്', 'സെൻസ് ആൻഡ് സെൻസിബിലിറ്റി' തുടങ്ങിയ സിനിമകളിലെ അഭിനയത്തിലൂടെ ശ്രദ്ധനേടി, നിരവധി പുരസ്കാരനാമനിർദ്ദേശങ്ങളും ലഭിച്ചു. പിന്നീട് 1997-ൽ, ജെയിംസ് കാമറൂൺ ടൈറ്റാനിക്കിൽ ലിയോനാർഡോ ഡികാപ്രിയോയ്‌ക്കൊപ്പം റോസ് എന്ന കഥാപാത്രമായി കേറ്റിനെ തിരഞ്ഞെടുത്തു. ഈ ചിത്രം ഒറ്റരാത്രികൊണ്ട് വിൻസ്ലെറ്റിനെ ലോകമെമ്പാടും പ്രശസ്തയാക്കി.
തുടർന്ന് 'ഹിഡിയസ് കിങ്കി', 'ഹോളി സ്മോക്ക്!', 'ക്വിൽസ്', 'എറ്റേണൽ സൺഷൈൻ ഓഫ് ദി സ്പോട്ട്‌ലെസ് മൈൻഡ്' തുടങ്ങിയ സിനിമകളിൽ വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത് അവർ അഭിനയരംഗത്ത് പരീക്ഷണങ്ങൾ നടത്തി. 2008-ൽ 'ദി റീഡർ' എന്ന ചിത്രത്തിലെ അഭിനയത്തിന് ആദ്യത്തെ ഓസ്കർ ലഭിച്ചു. 'മിൽഡ്രഡ് പിയേഴ്സ്', 'മേർ ഓഫ് ഈസ്റ്റ്‌ടൗൺ' എന്നിവയിലെ അഭിനയത്തിന് എമ്മി അവാർഡുകൾ ലഭിച്ചു. കരിയർ മികവുറ്റതാക്കിയതിനൊപ്പം ഇതവരുടെ സാമ്പത്തികനിലയും ഭദ്രമാക്കി. ന്യൂയോർക്കിലെ ചെൽസിയിൽ അവർക്ക് ഒരു ഡ്യൂപ്ലെക്സ് പെന്റ്ഹൗസ് ഉണ്ടായിരുന്നു.
മൂന്ന് വിവാഹങ്ങൾ, മൂന്നു കുട്ടികൾ
മൂന്ന് വിവാഹങ്ങളിൽ നിന്നായി കേറ്റിന് മൂന്ന് കുട്ടികളുണ്ട്. ജിം ത്രെയാപ്ലെറ്റൺ, സാം മെൻഡസ് എന്നിവരായിരുന്നു മുൻ ഭർത്താക്കന്മാർ. എഡ്വേർഡ് ആബെൽ സ്മിത്ത് ആണ് ഇപ്പോഴത്തെ ഭർത്താവ്. പ്രശസ്തിക്കിടയിലും തൻ്റെ കുടുംബജീവിതം സ്വകാര്യമായി സൂക്ഷിക്കുന്നയാൾ കൂടിയാണ് കേറ്റ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Explore Kate Winslet`s impressive net worth of $65 million. Discover the career milestones and smart investments that built the fortune of the acclaimed Titanic actress.