കമലയ്‌ക്കെതിരെ ലൈംഗികപോസ്റ്റിട്ട കാന്യെ; ഗ്രാമിയില്‍ വിവാദവസ്ത്രം ധരിച്ചെത്തിയ ബിയാന്‍ക

കഴിഞ്ഞദിവസം നടന്ന ഗ്രാമി അവാര്‍ഡ്‌സ് വിവാദങ്ങളിലിടം പിടിച്ചിരുന്നു. ഗായകന്‍ കാന്യെ വെസ്റ്റിന്റെ പങ്കാളിയും മോഡലുമായ ബിയാന്‍ക സെന്‍സോറിയുടെ വസ്ത്രധാരണമാണ് ഗ്രാമിയെ ഏറെ ചര്‍ച്ചയാക്കിത്തീര്‍ത്തത്.
നേര്‍ത്ത, സുതാര്യമായ വസ്ത്രമിട്ട് (ട്രാന്‍സ്പരെന്റ് മെഷ് സ്ലിപ് ഡ്രസ്) അതിനുമുകളില്‍ രോമക്കുപ്പായവും ധരിച്ചാണ് കാന്യെ വെസ്റ്റിനൊപ്പം ബിയാന്‍ക ഗ്രാമി റെഡ് കാര്‍പ്പറ്റിലെത്തിയത്. അതിനുശേഷം രോമക്കുപ്പായം അഴിച്ചുമാറ്റുകയായിരുന്നു. പൂര്‍ണനഗ്നയായി പോസ് ചെയ്യുന്ന വിധത്തിലായിരുന്നുവത്. അതോടെ കാന്യെ വെസ്റ്റിന് 180 കോടിയോളം രൂപ നഷ്ടമായെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഗ്രാമിയിലെ സംഭവങ്ങള്‍ക്കുപിന്നാലെ, കരാറൊപ്പിട്ടിരുന്ന രണ്ട് ഷോകളാണ് വെസ്റ്റിന് നഷ്ടമായത്. വെസ്റ്റ് നിര്‍ബന്ധിച്ചാണ് ഭാര്യയെ ഇത്തരം വസ്ത്രങ്ങള്‍ ധരിപ്പിച്ചതെന്നും പറഞ്ഞാണ് പരിപാടിയില്‍നിന്ന് സംഘാടകര്‍ പിന്‍മാറിയത്.
എന്നും വിവാദങ്ങളിലിടം പിടിച്ചവരാണ് കാന്യെ വെസ്റ്റും ബിയാന്‍ക സെന്‍സോറിയും. 2009-ലെ എം.ടി.വി വീഡിയോ മ്യൂസിക് അവാര്‍ഡ്‌സിനിടെയാണ് ആദ്യത്തെ സംഭവം. ബെസ്റ്റ് ഫീമെയ്ല്‍ വീഡിയോയ്ക്കുള്ള പുരസ്‌കാരം വാങ്ങി വേദിയില്‍ സംസാരിക്കുകയായിരുന്നു ടെയ്‌ലര്‍ സ്വിഫ്റ്റ്. അപ്പോഴാണ് തികച്ചും അവിചാരിതമായി വെസ്റ്റ് വേദിയിലേക്ക് കയറുന്നത്. സ്വിഫ്റ്റിന്റെ കൈയില്‍നിന്ന് മൈക്ക് വാങ്ങി വെസ്റ്റ് പറഞ്ഞതിങ്ങനെ, ''ബിയോണ്‍സിന്റെ വീഡിയോയാണ് എക്കാലത്തെയും മികച്ചത്''. ഒരു പുരസ്‌കാരവേദിയില്‍വെച്ച് പരസ്യമായി ഇങ്ങനെ പറഞ്ഞതിനെതിരെ ആളുകള്‍ തിരിഞ്ഞു.
കിം കര്‍ദാഷിയാന്റെ മുന്‍പങ്കാളി കൂടിയാണ് വെസ്റ്റ്. 2022-ലാണ് ഇരുവരും വിവാഹമോചിതരാകുന്നത്. അതിനുശേഷമാണ് കിം, കൊമേഡിയനായ പീറ്റ് ഡേവിഡ്‌സണുമായി അടുക്കുന്നത്. ആ സമയത്ത് വെസ്റ്റ്, സോഷ്യല്‍മീഡിയയിലൂടെയും മറ്റും പീറ്റിനെ തുടര്‍ച്ചയായി അധിക്ഷേപിക്കാന്‍ തുടങ്ങി. ഒരു മ്യൂസിക് വീഡിയോയില്‍ പീറ്റിനെ മോശമായി ചിത്രീകരിക്കുന്നതുവരെ എത്തിയിരുന്നു കാര്യങ്ങള്‍. മറ്റുള്ളവരെ മാനസികമായി ഉപദ്രവിക്കുന്നതിന്റെ പേരില്‍ വെസ്റ്റിനെതിരെ രൂക്ഷവിമര്‍ശനങ്ങളുണ്ടായി.
മുന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിനെതിരെയുള്ള ലൈംഗികപോസ്റ്റാണ് അടുത്തതായി വെസ്റ്റിനെ കുരുക്കില്‍ ചാടിച്ചത്. 2024-ല്‍ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയായിരുന്നു വെസ്റ്റ് സോഷ്യല്‍മീഡിയയില്‍ ഈ പോസ്റ്റിട്ടത്. ഇതിനെതിരെ ചര്‍ച്ചകള്‍ കത്തിപ്പടരുന്നതിനിടെ സോഷ്യല്‍മീഡിയയിലൂടെ തന്നെ വെസ്റ്റ്, കമലയുടെ കുട്ടികളോട് ക്ഷമാപണവും നടത്തി.
എന്നും ബോള്‍ഡ് ഫാഷന്‍ വസ്ത്രങ്ങളുടെ പേരില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന മോഡലാണ് ബിയാന്‍ക. അതാണ് ബിയാന്‍കയെ എന്നും മാധ്യമങ്ങളുടെ പ്രിയതാരമാക്കുന്നതും.
Content Highlights: kanye west and bianca censori controversy