31 വർഷത്തിൽ എവറസ്റ്റ് കൊടുമുടി കീഴടക്കിയത് 31 തവണ; അദ്ഭുതമായി ഈ എവറസ്റ്റ് മാൻ

മൗണ്ട് എവറസ്റ്റിലേക്കുള്ള യാത്ര / AFP
മൗണ്ട് എവറസ്റ്റിലേക്കുള്ള യാത്ര / AFP

മഞ്ഞുമൂടി, തലയുയർത്തി നിൽക്കുന്ന എവറസ്റ്റ് കൊടുമുടി, ആത്മാവ് വരെ തണുപ്പിക്കുന്ന ഇവിടം യാത്രികരുടെ സ്വപ്നഭൂമിയാണ്. എവറസ്റ്റിന്റെ ആത്മാവ് അടുത്തറിഞ്ഞവരാണ് ഷെർപ്പകൾ. പർവതാരോഹകർക്ക് ടെന്റുകളും മറ്റും ഒരുക്കുക, ഗൈഡുമാരാവുക, യാത്രക്കാരുടെ സാധനസാമഗ്രികൾ കൈകാര്യം ചെയ്യുക തുടങ്ങിയവയാണ് ഷെർപ്പമാരുടെ പ്രധാനജോലി.

ഓരോ എവറസ്റ്റ് യാത്രികരുടെയും കൂടെ കാണാം, വലിയ ഭാണ്ഡക്കെട്ടുമായി അനായാസം പർവതത്തിന് മുകളിലേക്ക് കയറുന്ന ഒരു ഷെർപ്പയെ. അവശ്യസാധനങ്ങൾ മുകളിലെത്തിക്കാനും ദുരന്തങ്ങളുണ്ടാവുമ്പോൾ അവിടെ രക്ഷാപ്രവർത്തനം നടത്താനുമൊക്കെ ഷെർപ്പകൾ മുൻപന്തിയിലുണ്ടാവും. അവർക്കാണ് അക്കാര്യം ഏറ്റവും എളുപ്പവും. ആളുകളുടെ എണ്ണം വളരെ കുറവായതുകൊണ്ട് പാണ്ട പീപ്പിൾ എന്നും ഇവരെ വിളിക്കുന്നു.

എവറസ്റ്റുമായി ബന്ധപ്പെട്ട് പല റെക്കോഡുകളും ഷെർപ്പകളുടെ പേരിലുണ്ട്. ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കീഴടക്കിയ റെക്കോഡ് ഉണ്ടായിരുന്നത് കമി റിത എന്ന ഷെർപ്പയുടെ പേരിലാണ്. 30 തവണ എവറസ്റ്റ് കീഴടക്കിയാണ് അദ്ദേഹം റെക്കോഡ് സ്വന്തം പേരിലാക്കിയിരുന്നത്. ഒരു വട്ടം കൂടി എവറസ്റ്റ് കയറി, അദ്ദേഹം ആ നേട്ടം തിരുത്തിയെഴുതിയിരിക്കുന്നു. 2024 മേയ് മാസത്തിൽ സ്ഥാപിച്ച റെക്കോഡാണ് 2025 മേയിൽ അദ്ദേഹം തിരുത്തിയത്. 

കമി റിത ഷെർപ്പ / AFP

'എവറസ്റ്റ് മാൻ' എന്ന വിളിപ്പേരും 55 വയസ്സുള്ള ഇദ്ദേഹത്തിനുണ്ട്. 1994-ലാണ് കമി റിത ആദ്യമായി എവറസ്റ്റിലേക്കുള്ള വഴികാട്ടിയാവുന്നത്. അതിനുശേഷം ഒരു വർഷം പോലും കൊടുമുടി കയറ്റത്തിൽനിന്ന് ഒഴിഞ്ഞുനിന്നില്ല. 31 വർഷത്തിലാണ് അദ്ദേഹം ഈ നേട്ടം സ്വന്തമാക്കിയത്. 29 തവണ എവറസ്റ്റിനു മുകളിലെത്തിയ പസങ് ദവ എന്ന ഷെർപ്പയാണ് രണ്ടാം സ്ഥാനത്തുള്ളത്. 

വളരെ വേഗത്തിൽ മല കയറാനുള്ള കഴിവാണ് ഷെർപ്പകളുടെ പ്രത്യേകത. എവറസ്റ്റ് പുലികൾ എന്നും അറിയപ്പെടുന്നു ഷെർപ്പകൾ. എവറസ്റ്റിനെ പരിശുദ്ധമായ ഒരു സ്ഥലമായാണ് ഷെർപ്പ സമൂഹം കാണുന്നത്. ലോകത്തിന്റെ ദൈവമാതാവ് എന്നാണ് എവറസ്റ്റിനെ അവർ വിശേഷിപ്പിക്കുന്നത്. അതുകൊണ്ട് ഓരോ പര്യവേഷണത്തിനും മുമ്പ് പൂജയും മറ്റും അവർ നടത്താറുണ്ട്. സുരക്ഷിതമായും വിജയകരമായും പര്യവേഷണം പൂർത്തിയാക്കാൻ വേണ്ടിയാണ് പൂജകൾ സംഘടിപ്പിക്കുന്നത്.  

Content Highlights: kami rita sherpa rewrites his record with 31st summit to mount everest