കഷ്ടപ്പാടുകള്‍ സഹിച്ച് അമ്മ വളര്‍ത്തിയ മകള്‍; കാളിദാസിന്റെ ഭാര്യ താരിണി അറിയപ്പെടുന്ന മോഡല്‍

കാളിദാസും താരിണിയും / instagram
കാളിദാസും താരിണിയും / instagram

മൂന്നുവര്‍ഷത്തെ പ്രണയത്തിനുശേഷമാണ് നടന്‍ കാളിദാസ് ജയറാമും മോഡല്‍ താരിണി കലിംഗരായരും ഇന്ന് വിവാഹിതരായത്.  

ജമീന്ദാര്‍ കുടുംബത്തിലെ അംഗമാണവര്‍. ചെന്നൈയില്‍ വെച്ച് ആഘോഷമായി നടന്ന പ്രീ വെഡിങ്ങില്‍ വെച്ച് താരിണിയെക്കുറിച്ച് ജയറാം സംസാരിച്ചതിങ്ങനെ, ''പൊള്ളാച്ചിയില്‍ ഷൂട്ടിങ്ങിനു പോകുമ്പോള്‍ പൂത്തുക്കുളി കലിംഗരായര്‍ കുടുംബത്തെക്കുറിച്ച് ഒരുപാട് പറഞ്ഞു കേട്ടിട്ടുണ്ട്. ആ കുടുംബത്തില്‍ നിന്ന് എന്റെ വീട്ടിലേക്ക് മരുമകള്‍ എത്തുന്നത് പുണ്യമായി കരുതുന്നു''. 

ചെന്നൈയിലാണ് താരിണി ജനിച്ചുവളര്‍ന്നത്. അമ്മയാണ് താരിണിയേയും സഹോദരിയേയും വളര്‍ത്തിയത്. സിംഗിള്‍ മദറായ അവര്‍, ഏറെ കഷ്ടപ്പാടുകള്‍ സഹിച്ചാണ് കുട്ടികളെ വളര്‍ത്തിയത്. ചെന്നൈയിലായിരുന്നു പഠനം. പതിനാറാമത്തെ വയസ്സില്‍ പഠനകാലത്ത് തന്നെ മോഡലിങ്ങിലുമെത്തി.

ഇന്ന് ചെന്നൈയിലെ അറിയപ്പെടുന്ന മോഡലാണ് താരിണി. 2019-ല്‍ മിസ് തമിഴ്‌നാട്, മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണര്‍ അപ്പ് എന്നീ ടൈറ്റിലുകള്‍ നേടി. അതിനുശേഷം 2021-ല്‍ മിസ് യൂണിവേഴ്‌സ് ദിവ മത്സരത്തില്‍ പങ്കെടുത്ത താരിണി, മൂന്നാമത് എത്തുകയും ചെയ്തു. അതോടെയാണ് മോഡലിങ് രംഗത്ത് ആ പേര് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. 

2022-ലാണ് കാളിദാസും താരിണിയും തമ്മിലുള്ള പ്രണയം ലോകമറിയുന്നത്. ആ വര്‍ഷത്തെ ഓണച്ചിത്രങ്ങളില്‍ ജയറാം കുടുംബത്തിനൊപ്പം താരിണിയുമുണ്ടായിരുന്നു. ഒക്ടോബറില്‍ താരിണിക്കൊപ്പം ദുബായില്‍നിന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ട്, കാളിദാസ് തങ്ങള്‍ പ്രണയത്തിലാണെന്ന് പറയാതെ പറഞ്ഞു. 2023 നവംബറിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം. 

Content Highlights: kalidas jayaram weds tarini kalingarayar