വരയിലും ജീവിതത്തിലും രാജാ രവിവര്‍മയുടെ പിന്‍തലമുറക്കാരിയാണ് രുക്മിണി വര്‍മ

ചിത്രകലയുടെ വിശാലമായ ആകാശത്തിലെ ധ്രുവനക്ഷത്രമാണ് രാജാ രവിവര്‍മ. അചഞ്ചലമായ ആ നക്ഷത്രദ്യുതി ഒരു പിന്തലമുറക്കാരിക്ക് കലാലോകത്തേക്കുള്ള വഴികാട്ടിയായി. ഇന്ന് കലയുടെ കൊട്ടാരത്തില്‍ മുടിചൂടാമന്നയാണ് ആ ഇളമുറക്കാരി. ഭരണി തിരുനാള്‍ രുക്മിണി ബായി. തിരുവിതാംകൂറിലെ നാലാമത്തെ രാജകുമാരി. തിരുവിതാംകൂര്‍ ഭരിച്ചിരുന്ന മഹാറാണി സേതു ലക്ഷ്മി ബായിയുടെ പേരക്കുട്ടി.
ചരിത്രത്തിന്റെയും പുരാണത്തിന്റെയും ചാരുത സമകാലിക കലാസങ്കേതങ്ങളുമായി സമന്വയിപ്പിച്ച സുന്ദരചിത്രങ്ങളുടെ സ്രഷ്ടാവ്. രാജാ രവിവര്‍മ ഹെറിറ്റേജ് ഫൗണ്ടേഷന്റെ ചെയര്‍പേഴ്സണ്‍ കൂടിയാണ് രുക്മിണി വര്‍മ.
ആയിരം പൗര്‍ണമി കണ്ട നിലാനിറവോടെ തന്റെ കലാസപര്യയുടെ സ്മൃതികളിലൂടെ രുക്മിണി വര്‍മ...
എങ്ങനെയായിരുന്നു വരയുടെ തുടക്കം?
പ്രഗല്ഭരായ പൂര്‍വികരുടെ കലാസൗഭഗം ശ്വസിച്ചുവളരാനുള്ള മഹാഭാഗ്യം എനിക്കുണ്ടായി. ആ അന്തരീക്ഷം കുട്ടിക്കാലത്തുതന്നെ കലയുടെ വാതായനങ്ങള്‍ തുറന്നിട്ടുതന്നു. അച്ഛന്‍ ആര്‍ട്ടിസ്റ്റും നല്ല വീണാവാദകനും. അമ്മ അസാമാന്യമായി കഥകള്‍ പറയും. പല കുടുംബാംഗങ്ങള്‍ക്കും സമാനമായ കഴിവുകളുണ്ടായിരുന്നു. രക്തത്തിലൂടെ പകര്‍ന്നുകിട്ടിയ കഴിവിനെക്കാള്‍ കലയെ ആദരിക്കുകയും ആരാധിക്കുകയും ചെയ്ത അന്തരീക്ഷമാണ് പ്രചോദനമായത്.
ഓര്‍മ്മവെച്ച കാലംമുതല്‍ ഞാന്‍ വരയ്ക്കുന്നുണ്ട്. പണ്ട് കലയ്ക്കായി സമയം ചെലവഴിക്കുന്നതിന് കുട്ടികള്‍ക്ക് വിലക്കുണ്ടായിരുന്നു. പഠനത്തിനായിരുന്നു ഊന്നല്‍. സദാ നിരീക്ഷിക്കുന്ന കണ്ണുകളില്‍നിന്നൊളിച്ച് മറഞ്ഞിരുന്നായിരുന്നു എന്റെ വര. പക്ഷേ, മുത്തശ്ശിയുടെ അഭിനന്ദനം കിട്ടിയതില്‍ പിന്നെ വിലക്കുകളുണ്ടായില്ല. വരയ്ക്ക് എത്ര നേരം വേണമെങ്കിലും മാറ്റിവയ്ക്കാമെന്നായി. പൂജപ്പുര കൊട്ടാരത്തിലെ ഏകാന്തമായ കോണുകള്‍ എന്റെ കലാസങ്കേതമായി മാറി.
രാജാ രവിവര്‍മയുമായി സാമ്യങ്ങളുണ്ടെന്ന് പറയുന്നവരുണ്ടല്ലോ...
അമ്മ ഉത്രം തിരുനാള്‍ ലളിതാംബാ ബായി രാജാ രവിവര്‍മയുടെ ചെറുമകളായിരുന്നു. അച്ഛന്‍ കിളിമാനൂരിലെ കേരളവര്‍മയ്ക്കും(1916-2020) അദ്ദേഹവുമായി ബന്ധമുായിരുന്നു.
റൂബന്‍സ്(പതിനേഴാം നൂറ്റാണ്ടിലെ ഡച്ച് ചിത്രകാരന്‍) ഉള്‍പ്പെടെയുള്ള ക്ലാസിക്കല്‍ റിയലിസത്തിന്റെ വക്താക്കള്‍ പിന്തുടര്‍ന്നിരുന്ന ചായക്കൂട്ടുകളുടെ രീതിയാണ് ഞാന്‍ ഉപയോഗിക്കുന്നത്. രാജാ രവിവര്‍മയുടെ ചിത്രരചനാ ശൈലിയും റൂബന്‍സില്‍നിന്ന് പ്രചോദിതമാണ്.
രാജാ രവിവര്‍മയുടെ മകനായ രാമവര്‍മയുടെ ശിഷ്യന്‍ രാഘവ വര്‍മ എന്ന കലാകാരനും എനിക്ക് വഴികാട്ടിയായി.
എങ്ങനെയാണ് താങ്കളുടെ കലാപ്രക്രിയ?
ജീവിതം ഒപ്പിയെടുത്ത് അതിമനോഹരമായ ചിത്രങ്ങള്‍ നല്‍കാന്‍ ക്യാമറയ്ക്ക് കഴിയും. പെയിന്റിങ്ങിന് അതിനെക്കാളുമെത്രയോ സാധ്യതകളുണ്ട്. പ്രസിദ്ധ ദര്‍ബാര്‍ ചിത്രകാരന്‍ എന്‍.എന്‍. നമ്പ്യാരായിരുന്നു വരയില്‍ അച്ഛന്റെ ഗുരു. ഓയില്‍ പെയിന്റിങ്ങിനോട് എനിക്ക് പ്രിയം ഉണ്ടാകാന്‍ അദ്ദേഹവും ഒരു കാരണമാണ്.
വ്യത്യസ്ത കാലഘട്ടങ്ങളില്‍, വ്യത്യസ്ത താത്പര്യങ്ങളായിരുന്നു. 1973-ല്‍ ഡല്‍ഹി ലളിതകലാ അക്കാദമിയില്‍ എന്റെ ആദ്യ ചിത്രപ്രദര്‍ശനം. രാഷ്ട്രപതി വി.വി. ഗിരി ഉദ്ഘാടകന്‍. നാടായ കേരളത്തിലെയും ഞാന്‍ താമസിക്കുന്ന കര്‍ണാടകത്തിലെയും മനുഷ്യരായിരുന്നു വിഷയം.
ഒരുകാലത്ത് ഈജിപ്തിന്റെ ചരിത്രത്തോടും മിത്തിനോടും തോന്നിയ കമ്പം വരകളില്‍ പ്രതിഫലിച്ചിട്ടുണ്ട്. പദ്മനാഭസ്വാമിക്ഷേത്രത്തിലെ ആറാട്ടും ക്ഷേത്രാഭിഷേകങ്ങളും അടിസ്ഥാനമാക്കി ചിത്രങ്ങള്‍ വരച്ചു. ബേലൂര്‍ ക്ഷേത്രത്തിലെ ദര്‍പ്പണസുന്ദരിശില്പത്തെ വരയില്‍ പുനഃസൃഷ്ടിച്ചിട്ടുണ്ട്. പൗരാണികജീവിതങ്ങളുടെ നേര്‍പ്പതിപ്പല്ല, അകക്കണ്ണിന്റെ പ്രതിഫലനമാണ്എന്റെ ചിത്രങ്ങള്‍.
ക്ഷേത്രങ്ങളിലും കൊട്ടാരങ്ങളിലും പൂന്തോപ്പുകളിലും തിളങ്ങുന്ന വജ്ര ഉടയാടയണിഞ്ഞ പുരാതന മനുഷ്യരെ ഞാന്‍ സങ്കല്പിക്കാറുണ്ട്. അവരെയും കാന്‍വാസിലേക്ക് പകര്‍ത്തും.
സ്വന്തം കലാശൈലിയെ എങ്ങനെ വിശേഷിപ്പിക്കുന്നു?
സ്വന്തം ശൈലിയെ ഇമാജിനേറ്റീവ് റിയലിസം എന്ന് വിളിക്കാനാണിഷ്ടം. യാഥാര്‍ഥ്യത്തിന്റെയും ഫാന്റസിയുടെയും സങ്കലനമാണ് എന്റെ വരകള്‍.
ലോകപ്രശസ്തമായ ആര്‍ട്ട് ഗാലറികള്‍ സന്ദര്‍ശിച്ചു. ലണ്ടനിലെ തെരുവുകളില്‍ മഹാപ്രതിഭകളുടെ അജ്ഞാതമായ, ആദ്യകാല സൃഷ്ടികള്‍ തേടിയലഞ്ഞ ദിവസങ്ങള്‍. ഒരു മൂലയില്‍ ചടഞ്ഞുകൂടിയ ഒരു ഗാലറിയുടെ പഴഞ്ചന്‍ തട്ടില്‍ അമൂല്യമായ പല കൈയെഴുത്തു പ്രതികളും കണ്ടു. ഇന്ത്യയ്ക്കുള്ളിലും അലഞ്ഞു.
സമകാലീനരായ ചില കലാകാരന്മാരുടെ പ്രോത്സാഹനം കിട്ടിയിരുന്നു. 1980-കളില്‍ ബോംബെയില്‍ എന്റെ ഷോ കാണാന്‍വന്ന കെ.എച്ച്. ആര, ഇതേ കാലയളവില്‍ പരിചയപ്പെട്ട എം.എഫ്. ഹുസൈന്‍...
അറുപതുകളും എഴുപതുകളും പരീക്ഷണങ്ങളുടെതായിരുന്നു. ഒടുവില്‍ സ്വന്തമായി ഒരു ഫോര്‍മുല വികസിപ്പിച്ചെടുക്കാന്‍ എനിക്കായി.
കല എത്രത്തോളം വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്നുണ്ട്?
എന്റെ ചിത്രങ്ങള്‍ക്ക് ഞാന്‍തന്നെ മോഡലായിട്ടുണ്ട്. കലാകാരി എന്ന നിലയില്‍ മോഡലുകളെ കണ്ടെത്തുക വെല്ലുവിളിയാണ്. കുടുംബാംഗങ്ങളെയും മോഡലാക്കിയിട്ടുണ്ട്. നള-ദമയന്തി എന്ന ചിത്രത്തിനായി നളനായത് എന്റെ മൂത്തമകന്‍ വേണുവാണ്. മറ്റൊരിക്കല്‍ ഒരു പെണ്‍കുട്ടിയുടെ പെയിന്റിങ്ങിന് മോഡല്‍ വേണമായിരുന്നു. രണ്ടാമത്തെ മകന്‍ ജയ് അന്ന് കൗമാരക്കാരനാണ്. അവനെ പാവാടയുടുപ്പിച്ച് പോസ് ചെയ്യിച്ചു. അന്ന് പിണങ്ങിയ മകന്‍ വളര്‍ന്നപ്പോള്‍ കലാകാരനായെന്നതാണ് കൗതുകം. ഒരിക്കല്‍ ഉയരമുള്ള, ഉറച്ച പേശികളുള്ള മോഡലിനെ ആവശ്യമായിരുന്നു. മകന്റെ ജിം പരിശീലകന്‍ അന്ന് മോഡലായി.
മനസ്സിലുള്ള ആശയം കാന്‍വാസിലേക്ക് മാറ്റുന്നത് ഒരു കുഞ്ഞിന് ജന്മം നല്‍കുന്നതുപോലെയാണ്. ബ്രഷ് പിടിക്കുന്ന വിരലുകളും ഉള്ളിലെ ആശയങ്ങളും തമ്മില്‍ പൊക്കിള്‍ക്കൊടി ബന്ധമാണ്. കാന്‍വാസില്‍ വിരിയുന്ന രൂപങ്ങള്‍ കുഞ്ഞുങ്ങളെപ്പോലെതന്നെ നിങ്ങളുടെ അംശമാണ്, വ്യക്തിത്വത്തിന്റെ പ്രതിഫലനമാണ്.
നൃത്തജീവിതത്തിന് അര്‍ധവിരാമം. സിനിമ, മോഡലിങ് ഓഫറുകളും തിരസ്‌കരിച്ചു. വ്യക്തിപരമായിരുന്നോ തീരുമാനങ്ങള്‍?
ആര്‍ട്ട് സ്‌കൂളില്‍ പോകണമെന്നും ഔപചാരിക പരിശീലനം നേടണമെന്നും ആഗ്രഹിച്ചിരുന്നെങ്കിലും സാധിച്ചില്ല. അക്കാലത്ത് പഠിക്കാനായി പെണ്‍കുട്ടികള്‍ വീട്ടില്‍നിന്ന് മാറിനില്‍ക്കുക പതിവില്ല. മഹാറാണിയുടെ മൂത്ത ചെറുമകള്‍ എന്ന നിലയില്‍ വിവാഹിതയാവാനും സമ്മര്‍ദമുണ്ടായിരുന്നു.
നൃത്തവും പഠിച്ചു. രാജകുടുംബങ്ങളിലെ സ്ത്രീകള്‍ സംഗീതം പഠിക്കുക പതിവായിരുന്നെങ്കിലും നൃത്തപഠനം പാരമ്പര്യേതരമായിരുന്നു. ഞങ്ങളെ നൃത്തം പഠിപ്പിക്കാന്‍ നര്‍ത്തകി ഇന്ദിരാബായി തങ്കച്ചിയെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചുകൊണ്ട് മുത്തശ്ശി പതിവ് ലംഘിച്ചു.
പ്രായപൂര്‍ത്തിയായശേഷം യു.എസ്. കൃഷ്ണറാവുവിനും ഭാര്യ ചന്ദ്രഭാഗാദേവിക്കുമൊപ്പം പഠനം തുടര്‍ന്നു. ചില വേദികളില്‍ നൃത്തം അവതരിപ്പിച്ചു. പക്ഷേ, പിന്നെ തുടരാനായില്ല. വിവാഹിതയായ രാജകുടുംബാംഗം സ്റ്റേജില്‍ പ്രത്യക്ഷപ്പെടുന്നത് അക്കാലത്ത് പലര്‍ക്കും സഹിക്കാനാവാത്ത കാര്യമാണ്. ഞാന്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല.
പെയിന്റിങ്ങാണ് എന്റെ മേഖലയെന്ന് ഞാന്‍ വൈകാതെ തിരിച്ചറിഞ്ഞു. അടക്കാനാവാത്ത അഭിനിവേശമായി അത് മാറുകയും ചെയ്തു.
ആത്മപ്രകാശനത്തിന് ഞാന്‍ പല വഴികള്‍ തേടി. ഒരു ഘട്ടത്തില്‍ ധാരാളം ശില്പങ്ങള്‍ ചെയ്തു, ഫാഷന്‍ ഡിസൈനിങ്ങും. ബെംഗളൂരുവില്‍ നിരവധി ഫാഷന്‍ ഷോകള്‍ സംഘടിപ്പിച്ചു.
വ്യത്യസ്ത കാലഘട്ടങ്ങളിലെയും നാഗരികതകളിലെയും മനുഷ്യരെ അടയാളപ്പെടുത്തുന്ന രചനകള്‍ നടത്താറുണ്ട്. മനസ്സിലേക്ക് ഒഴുകിയെത്തിയ ദൃശ്യങ്ങള്‍ എഴുതിവെക്കാറുണ്ട്: മധ്യകാല ഇന്ത്യ ആധാരമാക്കിയ ഒരു നോവല്‍, ഈജിപ്ത് പശ്ചാത്തലമായ കഥകള്‍, ഹിന്ദുക്കുഷ് താഴ്വാരങ്ങളുടെ മിടിപ്പുകള്‍...
എന്നാല്‍, പൂര്‍ണതയുടെ നിര്‍വൃതി തന്നത് എല്ലായ്പ്പോഴും പെയിന്റിങ് തന്നെയാണ്.
ഇന്ത്യന്‍ ചരിത്രത്തിലെ പ്രധാന വ്യക്തികളുമായി അടുപ്പമുണ്ടായിരുന്നല്ലോ...
രസകരമായ ഓര്‍മ്മകള്‍ പലതുണ്ട്. അതിലൊന്നാണ് ഭര്‍ത്താവിനൊപ്പം മൗണ്ട് ബാറ്റണ്‍ പ്രഭുവിന്റെ വീട്ടില്‍പോയ ദിനം. മൗണ്ട് ബാറ്റണ്‍ വളരെ മാന്യനായിരുന്നു. 1976-ല്‍ ഇന്ത്യാ ഹൗസില്‍ എന്റെ എക്‌സിബിഷന്‍ നടത്താമെന്ന് അദ്ദേഹം സമ്മതിച്ചു. ഹൈക്കമ്മിഷണറായിരുന്ന ബി.കെ. നെഹ്‌റു, നട്വര്‍ സിങ് എന്നിവരും അവിടെയുണ്ടായിരുന്നു. 1940-കളില്‍ വൈസ്രോയി ആയിരുന്നകാലത്ത് മുത്തശ്ശിയെ പരിചയപ്പെട്ടത് അദ്ദേഹം ഓര്‍ത്തെടുത്തു. പ്രസിഡന്റുമാര്‍, രാജകുടുംബാംഗങ്ങള്‍, ഫാഷന്‍ ഐക്കണുകള്‍, നയതന്ത്രജ്ഞര്‍ തുടങ്ങി പ്രശസ്തരായ നിരവധിപേര്‍ ഓര്‍മ്മയിലുണ്ട്.
കരിയറില്‍ ദീര്‍ഘമായ ഇടവേളകള്‍ ഉണ്ടായിട്ടുണ്ട്...
1988-ല്‍ ഒരപകടത്തില്‍ എനിക്കെന്റെ ഇളയ മകനെ നഷ്ടപ്പെട്ടു. ജീവിതത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകള്‍ മാറുന്നത് ആ വിയോഗത്തോടെയാണ്. നിറങ്ങളില്‍നിന്നും ബ്രഷില്‍നിന്നും മാത്രമല്ല, പലതില്‍നിന്നും അകന്നുമാറി സന്ന്യാസംപോലൊരു ജീവിതത്തിലേക്ക് ഞാന്‍ കടന്നു. അതൊരുതരം പുനര്‍ജന്മമായിരുന്നു.
ജീവിതം ഒരു യാത്രയാണ്. രാജഭരണം നിലനിന്ന നാല്പതുകളില്‍ ഒരു കൊട്ടാരത്തില്‍ ജനിച്ചുവളര്‍ന്നയാളാണ് ഞാന്‍. പിന്നീട് ഒരു സാധാരണ പൗരയായി. ആത്മപ്രകാശനത്തിനുള്ള വഴി കണ്ടെത്തി സ്വന്തം കരിയര്‍ കെട്ടിപ്പടുത്തു. ആ കരിയറില്‍ വിജയങ്ങളുണ്ടായി. ഇപ്പോള്‍ ജീവിതത്തിന്റെ എണ്‍പതുകളില്‍ ഓസ്‌ട്രേലിയയിലും യൂറോപ്പിലും പേരക്കുട്ടികളുടെയും അവരുടെ മക്കളുടെയും കൂടെ ഇന്റര്‍നെറ്റ് യുഗത്തില്‍ ജീവിക്കുന്നു. മാറ്റങ്ങളാണ് ജീവിതത്തെ സമ്പന്നമാക്കുന്നത്.
Content Highlights: indian artist rukmini varma interview