'വിവാഹമോചനത്തിനുശേഷം വീട് നഷ്ടപ്പെട്ടു, കിടക്കാനിടമില്ലാതായി, മൂന്നര കോടി കടവും'

രഷമി ദേശായി / ഫോട്ടോ: PTI
രഷമി ദേശായി / ഫോട്ടോ: PTI

ഹിന്ദി ടെലിവിഷന്‍ പരിപാടികളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയായ അഭിനേത്രിയാണ് രഷമി ദേശായി. സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും, ശ്രദ്ധേയയായത് മിനിസ്‌ക്രീനിലൂടെയാണ്. ഏഴുവര്‍ഷത്തോളം നീണ്ടുനിന്ന ഉത്തരന്‍ എന്ന സീരിയല്‍ രഷമിക്ക് ഏറെ പ്രശസ്തി നേടിക്കൊടുത്തു. ഉത്തരനില്‍ നായകനായ നന്ദീഷ് സന്ധുവിനെ 2012-ല്‍ രഷമി വിവാഹം കഴിച്ചു. 2016-ല്‍ വിവാഹമോചിതരാവുകയും ചെയ്തു.

ബിഗ് ബോസ്, നാച്ച് ബലിയേ, ഖത്ത്രോം കി ഖിലാഡി എന്നീ റിയാലിറ്റി ഷോകളുടെയും ഭാഗമായിരുന്നു. ബിഗ് ബോസ് സീസണ്‍ 13-ല്‍ രഷമിയും സഹമത്സരാര്‍ഥിയായ സിദ്ധാര്‍ഥ് ശുക്ലയും തമ്മിലുള്ള വാക്കേറ്റങ്ങളും വഴക്കും വിവാദമാവുകയും ചെയ്തിരുന്നു.  

തന്റെ ജീവിതത്തിലെ ഏറ്റവും മോശം കാലഘട്ടത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് അവരിപ്പോള്‍. ബിഗ് ബോസിലെ സഹമത്സാര്‍ഥിയായ പാരസ് ഛാബ്രയുമായുള്ള അഭിമുഖത്തിലാണ് തന്റെ ജീവിതത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചുമൊക്കെ സംസാരിച്ചത്.

''സാമ്പത്തികബുദ്ധിമുട്ടുകളും ഒറ്റപ്പെടലും ചേര്‍ത്ത് ആകെ ഡിപ്രഷനിലായിരുന്നു ഞാന്‍. അന്ന് ഞാനൊരു വീടുവാങ്ങിയിരുന്നു. രണ്ടര കോടിയുടെ ലോണിലാണ് വീട് വാങ്ങിയത്. അതിനൊപ്പം വേറെ കടങ്ങളും ചേര്‍ത്ത് മൂന്നര കോടിയുടെ കടമുണ്ടായിരുന്നു. അതൊക്കെ കുഴപ്പമില്ലാതെ അടച്ചുതീര്‍ക്കാന്‍ പറ്റുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ലോണൊക്കെ എടുത്തത്. പക്ഷേ ഉത്തരന്‍ സീരിയല്‍ അതേ സമയത്തുതന്നെയാണ് പെട്ടെന്ന് അവസാനിപ്പിച്ചത്. അതോടെ സാമ്പത്തികപ്രശ്‌നങ്ങള്‍ രൂക്ഷമായി. ലോണ്‍ തിരിച്ചടയ്ക്കാന്‍ പറ്റാത്ത അവസ്ഥ വന്നു. ആ വീട് നഷ്ടപ്പെട്ടു. ഞാന്‍ അധ്വാനിച്ചുണ്ടാക്കിയ വീട്ടില്‍നിന്ന് ഇറങ്ങേണ്ടിയും വന്നു. വീട്ടുസാധനങ്ങളെല്ലാം മാനേജറുടെ വീട്ടിലേക്ക് മാറ്റി'', രഷമി പറയുന്നു. 

വീട്ടുകാരുമായി അടുപ്പത്തില്‍ അല്ലാത്തതുകൊണ്ട് വീട്ടിലേക്ക് മടങ്ങാന്‍ കഴിഞ്ഞില്ല. അന്ന് ഭക്ഷണം കഴിക്കാന്‍ പോലും പണമില്ലാതിരുന്നുവെന്നും അവര്‍ പറയുന്നു. ''എനിക്കൊരു ഓഡി എ 6 കാറുണ്ടായിരുന്നു ആ സമയത്ത്. ആകെ സമ്പാദ്യമായിട്ടുള്ളത് അതുമാത്രമായിരുന്നു. അതിലായിരുന്നു ഉറക്കമെല്ലാം. അന്ന് റിക്ഷാവാലകള്‍ക്ക് 20 രൂപയ്ക്ക് ഭക്ഷണം കിട്ടുമായിരുന്നു. ചോറും പരിപ്പും കുഴച്ചതും രണ്ട് റോട്ടിയും...അതാണ് മൂന്നുനേരവും കഴിച്ചത്''. പിന്നീട് ദില്‍ സെ ദില്‍ തക് എന്ന സീരിയല്‍ കിട്ടിയപ്പോള്‍ സാമ്പത്തികപ്രശ്‌നങ്ങളെല്ലാം പതുക്കെ തീര്‍ത്തുവെന്നും അവര്‍ പറയുന്നു. ''അപ്പോഴും മാനസികമായി തകര്‍ന്നിരിക്കുകയായിരുന്നു ഞാന്‍. വീട്ടുകാരെ പോലും എതിര്‍ത്തുകൊണ്ടാണ് വിവാഹം കഴിച്ചത്. അത് പരാജയമായി. ഒറ്റപ്പെടലിന്റെ വേദന വേറെ. പലപ്പോഴും ഉറങ്ങാന്‍ കഴിഞ്ഞില്ല. ഞാനെപ്പോഴും ജോലി ചെയ്തുകൊണ്ടേയിരുന്നു'', രഷമി അക്കാലത്തിലേക്ക് തിരിഞ്ഞുനോക്കുന്നു.  

   


 

Content Highlights: hindi miniscreen actor rashami desai talking about post divorce period