ഷാഹിനയിന്ന് ഡോക്ടറാണ്; മണ്ണെണ്ണവിളക്കില്‍ നിന്ന് പടര്‍ന്നുപിടിച്ച തീ ഇന്നവളെ വേദനിപ്പിക്കുന്നില്ല

ഷാഹിനയും നിയാസും | മധുരാജ്
ഷാഹിനയും നിയാസും | മധുരാജ്

'പൊള്ളലേറ്റ പെണ്‍കുട്ടി!' പൊള്ളലേറ്റ ആണ്‍കുട്ടി എന്നതിനേക്കാള്‍ നടുക്കം ആ വാക്കുകള്‍ക്കൊപ്പം കല്പിക്കപ്പെട്ടിരിക്കുന്നു. ആ ഒരൊറ്റ വാക്കില്‍നിന്നും എപ്പിസോഡുകള്‍ നീളുന്ന കണ്ണീര്‍ക്കഥകള്‍ മെനഞ്ഞെടുക്കാന്‍ സമൂഹം കാത്തുനില്‍ക്കും. ജീവിതം വഴിമുട്ടിപ്പോയ ഒരു പെണ്‍കുട്ടിയുടെ രോദനങ്ങള്‍ കേള്‍ക്കാനായി ആളുകള്‍ കാതോര്‍ക്കും.

എന്നാല്‍ കുരുന്നുപ്രായത്തില്‍ത്തന്നെ ജീവിതത്തിന്റെ കനല്‍ച്ചൂട് തട്ടി ചിറകു കരിഞ്ഞ ഷാഹിന എന്ന പെണ്‍കുട്ടി മറ്റുചില കഥകളാണ് നമുക്ക് പറഞ്ഞുതരുന്നത്. അക്ഷരാര്‍ഥത്തില്‍ ജീവിതത്തിന്റെ തീച്ചൂളയിലൂടെ കടന്നുവന്ന ഷാഹിനയുടെ ജീവിതം നമുക്ക് കാണിച്ചുതരുന്ന ചിത്രം നാം മുന്‍പ് കണ്ട്പരിചയിച്ചതില്‍നിന്നും വ്യത്യസ്തമാണ്. പ്രതീക്ഷകളോ കണക്കുകൂട്ടലുകളോ എന്നതിനേക്കാള്‍ പാകപ്പെടലാണ് ജീവിതം എന്ന ചിത്രം. 
  
നാലുവയസ്സുള്ള തീഗോളം
മൂന്ന് സഹോദരിമാരുടെ കൊച്ചനുജത്തിയായി പൂമ്പാറ്റയെപ്പോലെ പാറിപ്പറന്നുനടന്ന നാലാംവയസ്സിലാണ് മണ്ണെണ്ണ വിളക്കിന്റെ അരികില്‍ ഇരുന്ന് പഠിച്ച ഷാഹിനയുടെ വസ്ത്രത്തിലേക്ക് തീപടര്‍ന്നത്. ആളിക്കത്തിയ തീയില്‍ അവള്‍ ഒരഗ്‌നിഗോളമാകുന്നതുകണ്ട് വിറങ്ങലിച്ച വീട്ടുകാര്‍ വെള്ളം കോരിയൊഴിച്ച് അവളെ ആശുപത്രിയില്‍ എത്തിച്ചു. തിരിച്ചുകിട്ടില്ല കുരുന്നിനെ എന്നോര്‍ത്ത് വീടുംനാടും ഒരുപോലെ വിതുമ്പിയ നാളുകള്‍. പക്ഷേ, മാസങ്ങളോളംനീണ്ട ആശുപത്രിവാസത്തിനുശേഷം അവള്‍ ജീവിതത്തിലേക്ക് തിരിച്ചെത്തി. ആന്തരികാവയവങ്ങളിലേക്ക് പൊള്ളല്‍ ഏറെ ബാധിക്കാതിരുന്നത് അവള്‍ക്ക് രക്ഷയായി.

പക്ഷേ തിരിച്ചുകിട്ടിയ കുഞ്ഞുജീവനെനോക്കി ഉപ്പയും ഉമ്മയും ഉള്ളില്‍ പിടഞ്ഞു. അക്ഷരാര്‍ഥത്തില്‍ വെന്ത് കരിഞ്ഞുപോയിരുന്നു ഷാഹിന. ശസ്ത്രക്രിയയുടെ നാളുകള്‍. വെന്ത് ഒട്ടിപ്പോയ വിരലുകള്‍ വേര്‍പ്പെടുത്താനും കഴുത്തിനോട് ഉരുകിച്ചേര്‍ന്ന താടിയെ വേര്‍പെടുത്താനുമൊക്കെയുള്ള പരിശ്രമങ്ങള്‍. തനിക്കുവന്ന രൂപമാറ്റം കണ്ട് കുഞ്ഞ് സങ്കടപ്പെടാതിരിക്കാന്‍വേണ്ടി വീട്ടുകാര്‍ വീട്ടിലെ കണ്ണാടികള്‍ മൂടിവെച്ച ദിവസങ്ങള്‍. 

കോട്ടയം മലരിക്കലിൽ നടത്തിയ ഫോട്ടോഷൂട്ട്

മനസ്സിനും ഉണ്ടോ മസിലുകള്‍
സ്‌കൂളില്‍ പോയിത്തുടങ്ങിയതോടെ ജീവിതത്തിന്റെ പരുക്കന്‍ മുഖങ്ങള്‍ ഒന്നൊന്നായി മറനീക്കി ഷാഹിനയ്ക്കു മുന്നിലെത്തി. കളികളില്‍പ്പോലും പങ്കെടുപ്പിക്കാതെ കൂട്ടുകാരികള്‍ മാറ്റിയിരുത്തുന്നതിന്റെ വേദന മനസ്സില്‍ ഒതുക്കി. ചിലപ്പോഴെല്ലാം 'എന്റെ കുഞ്ഞിനെ ഒന്ന് ശ്രദ്ധിക്കണെ' എന്ന് ഓര്‍മിപ്പിക്കാന്‍ ഉപ്പ സ്‌കൂളിലെത്തി. അതിനിടയിലും അനുഭാവത്തോടെ പെരുമാറിയ ചിലരെല്ലാം ജീവിതത്തെ നോക്കി പുഞ്ചിരിക്കാന്‍ അവളെ പ്രേരിപ്പിച്ചു. പ്രതികൂലമായ അനുഭവങ്ങള്‍ പകരുന്ന കരുത്തിനോളം ജീവിതത്തെ മുന്നോട്ടു തള്ളുന്നത് വേറെ എന്താണ്?

ചികിത്സ തുടര്‍ന്നു. മുതിര്‍ന്ന ക്ലാസുകളില്‍ എത്തുംതോറും ശ്രദ്ധ പൂര്‍ണമായും പഠനത്തിലേക്ക് വഴിമാറി. ഏട്ടത്തിമാരെപ്പോലെ നന്നായിപ്പഠിക്കണം എന്ന ബാപ്പിച്ചിയുടെ സ്വപ്‌നത്തെ അവള്‍ നെഞ്ചില്‍ ഉറപ്പിച്ചുവെച്ചു. താനും ഒരു സാധാരണ കുട്ടിതന്നെ എന്ന് സ്വയം ബോധ്യപ്പെട്ടുതുടങ്ങി. എങ്കിലും കൗമാരം ചില കള്ളക്കളികള്‍ കളിച്ചു. ആ പ്രായത്തിലെ ഏതൊരു കുട്ടിയ്ക്കും ഉണ്ടാവുന്നതുപോലെ രൂപഭാവങ്ങളെപ്പറ്റിയുള്ള ആശങ്കകള്‍ മനസ്സില്‍ വളര്‍ന്നു. സാരമില്ല, തിരിച്ചുകിട്ടിയ ജീവിതത്തോളം വലുതല്ലല്ലോ ഇതൊന്നും എന്നവള്‍ ആശ്വാസംകണ്ടെത്തി. പഠിക്കാന്‍ മിടുക്കിയാണ് എന്ന് അധ്യാപകര്‍ എപ്പോഴും അവളെ സപ്പോര്‍ട്ട് ചെയ്തു. സ്പോര്‍ട്സില്‍ സമ്മാനങ്ങള്‍വാങ്ങി. മനസ്സിനും മസിലുകള്‍ ഉണ്ട് എന്ന് ഷാഹിനയ്ക്ക് തോന്നിത്തുടങ്ങി. ജീവിതപരീക്ഷണങ്ങളുടെ ജിമ്മില്‍ കുറച്ചുകാലം തുടരുമ്പോഴേക്കും അവ നമുക്ക് സ്വായത്തമാവുമെന്ന് അവള്‍ക്ക് മനസ്സിലായി.

''പ്ലസ് ടു കഴിഞ്ഞ് മെഡിക്കല്‍ എന്‍ട്രന്‍സ് എഴുതി നല്ല റാങ്ക് നേടി. കൗണ്‍സിലിങ് സമയത്ത് വിരലുകളില്‍ പൊള്ളലേറ്റുണ്ടായ രൂപമാറ്റം ചൂണ്ടിക്കാട്ടിയ ബോര്‍ഡ്, പഠനത്തിനായി ഹോമിയോപ്പതി തിരഞ്ഞെടുക്കൂ എന്ന നിര്‍ദേശംവെച്ചു.  അലോപ്പതിയിലെ സര്‍ജറികള്‍ക്കും ആയുര്‍വേദ ഡോക്ടര്‍ ചെയ്യേണ്ടിവരുന്ന ഉഴിച്ചില്‍പോലുള്ള ട്രീറ്റ്മെന്റുകള്‍ക്കും കൈകളുടെ ഈ അവസ്ഥ ഒരു തടസ്സമായേക്കാം. അങ്ങനെ ഞാന്‍ ഹോമിയോപ്പതിക്കുചേര്‍ന്നു.'' 

ഡോക്ടര്‍ ഷാഹിന, ഫീലിങ് ഹാപ്പി  
യഥാര്‍ഥത്തിലുള്ള ഒരു ജീവിത പരിശീലനക്കളരിയിലേക്കാണ് ഷാഹിന അഡ്മിഷന്‍ എടുത്തത്. ഒരു വിവേചനവുമില്ലാതെ ഒറ്റക്കെട്ടായി നില്‍ക്കുന്ന കൂട്ടുകാര്‍, ഉന്നത മൂല്യങ്ങള്‍ വെച്ചുപുലര്‍ത്തുന്ന അധ്യാപകര്‍. ഡോ. പടിയാര്‍ മെമ്മോറിയല്‍ ഗവ. ഹോമിയോ മെഡിക്കല്‍ കോളേജ് അവളിലുള്ള പ്രൊഫഷണലിനെ പണിക്കുറ തീര്‍ത്ത് വാര്‍ത്തെടുത്തു. 
''രൂപത്തെപ്പറ്റിയുള്ള ആവലാതികളെല്ലാം മാഞ്ഞില്ലാതായി. രോഗികളുടെ കൈപിടിച്ച് മുന്നോട്ടുനയിക്കേണ്ട, അവര്‍ക്ക് സാന്ത്വനമരുളേണ്ട ഡോക്ടറുടെ ചിന്തകള്‍ തെളിഞ്ഞുവന്നു. രോഗികളുടെ തീരാദുഃഖങ്ങളുടെയും ആവലാതികളുടെയും മുന്നില്‍ മറ്റൊന്നിനും സ്ഥാനമില്ലാതായി. പ്രശ്‌നങ്ങളെ ധൈര്യപൂര്‍വം നേരിടാനുള്ള മനഃസ്ഥിതിയും മടിച്ചുനില്‍ക്കാതെ മുന്നോട്ടുവരാനുള്ള മോട്ടിവേഷനുമൊക്കെ അവിടെനിന്നാണ് ലഭിക്കുന്നത്. പഠനം കഴിഞ്ഞ് കുറച്ചുകാലം കളമശ്ശേരിയില്‍ ഡോക്ടര്‍ റെന്‍സ് എബ്രഹാമിന്റെ ഹോമിയോ ക്ലിനിക്കില്‍ ജോലി ചെയ്തു. അവിടെനിന്ന് കിട്ടിയ പിന്തുണ കരുത്തയാക്കി. മനസ്സിനോട് ചേര്‍ന്നുനില്‍ക്കുന്ന ഒരു ജീവിതലക്ഷ്യം ഉണ്ടാവുന്നതിന്റെ പേരാണ് 'സന്തോഷം' എന്ന് തിരിച്ചറിഞ്ഞ നാളുകള്‍.'' 
2013-ല്‍ പി.എസ്.സി. എഴുതി. 2017-ല്‍ ഗവണ്‍മെന്റ് സര്‍വീസില്‍ ഡോക്ടറായി നിയമിതയായതോടെ ആത്മവിശ്വാസത്തിന്റെ പുസ്തകത്തില്‍ അടുത്ത അധ്യായം ഡോക്ടര്‍ ഷാഹിന എഴുതിച്ചേര്‍ത്തു. ജോലി, കൊച്ചുകൊച്ച് യാത്രകള്‍, കൂട്ടുകാര്‍, സിനിമകള്‍... ജീവിതം തടസ്സങ്ങളില്ലാതെ ഒഴുകിപ്പോയിക്കൊണ്ടിരുന്നു. 'ഉയരെ' സിനിമയിലെ നായികയായ പല്ലവിയും അവളുടെ അച്ഛനും, താനും ഉപ്പയും തന്നെയാണ് എന്ന് ഷാഹിനയ്ക്ക് പലപ്പോഴും തോന്നി. ഇടയ്‌ക്കെല്ലാം സോഷ്യല്‍ മീഡിയ വഴി തന്റെ പ്രകാശം പരത്തുന്ന ചിന്തകള്‍ അവള്‍ പങ്കുവെച്ചു. അത്തരം കുത്തിക്കുറിക്കലുകള്‍ തോറ്റുപോയെന്ന് സ്വയം മുദ്രകുത്തിയ പലര്‍ക്കും ആശ്വാസം പകരുന്നത് അവള്‍ അറിഞ്ഞു. 
  

കുടുംബത്തിനൊപ്പം


ആനന്ദം വിരിഞ്ഞ ആമ്പല്‍പാടം
ഇതിനിടെയാണ് ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായ വിഷ്ണു സന്തോഷ് 2021 സെപ്റ്റംബറില്‍ ഒരു ഫോട്ടോ ഷൂട്ടിന് ഷാഹിനയെ ക്ഷണിച്ചത്. കോട്ടയം മലരിക്കലിലെ ആമ്പല്‍പ്പാടത്തിന്റെ നുണക്കുഴിയില്‍ അവള്‍ക്കായി ഒരു കൊച്ചുവള്ളം കാത്തുനിന്നു. ഓളക്കൈകളില്‍ ചാഞ്ചാടിയ തോണിയിലിരിക്കുന്ന അവളുടെ പുഞ്ചിരിച്ചിത്രങ്ങള്‍ വിഷ്ണു പകര്‍ത്തി. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. 
ഈ ചിത്രങ്ങള്‍ നടന്‍ മമ്മൂട്ടിയുടെ ശ്രദ്ധയിലും എത്തി. മമ്മൂട്ടി ഡയറക്ടര്‍ ആയ പതഞ്ജലി ഹെര്‍ബല്‍സ് ഷാഹിനയ്ക്ക് സൗജന്യ ചികിത്സ ഓഫര്‍ ചെയ്തു. തുടര്‍ന്നുകൊണ്ടിരിക്കുന്ന ആ ചികിത്സ പൊള്ളലേറ്റ പാടുകളില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

''മമ്മൂക്കയെ ഒരിക്കലെങ്കിലും നേരില്‍ കാണണം, നന്ദി പറയണം. അതാണ് ഇപ്പോഴത്തെ വലിയൊരാശ.'' ഷാഹിന പ്രതീക്ഷയിലാണ്.
കണ്ടുപകര്‍ത്തേണ്ട എന്തൊക്കെ പാഠങ്ങളാണ് തന്റെ ജീവിതത്തിലൂടെ ഷാഹിന നമുക്ക് പറഞ്ഞുതരുന്നത്! ചിറകുകള്‍ തളരാതെ അവളെ ശക്തയാക്കിയ വീട്ടുകാരും കൂട്ടുകാരും മാത്രമല്ല നമ്മോട് സംസാരിക്കുന്നത്. പരസ്പരം കലഹിക്കുന്നു എന്ന് പൊതുജനം കരുതുന്ന മൂന്ന് വ്യത്യസ്ത വൈദ്യശാസ്ത്രമേഖലകള്‍ അവളുടെ ജീവിതത്തില്‍ ഒന്നിച്ചുനില്‍ക്കുന്നു. പൊള്ളലില്‍നിന്ന് രക്ഷിച്ചെടുത്തത് അലോപ്പതി. ജീവിതത്തില്‍ പ്രകാശമായത് ഹോമിയോപ്പതി. പൊള്ളലുകളെ മെരുക്കാന്‍ കൂട്ടായിവന്നത് ആയുര്‍വേദം. 'എല്ലാറ്റിലും നമുക്ക് സ്വീകരിക്കാന്‍ എന്തെങ്കിലുമൊക്കെ ഉണ്ട്' എന്ന ഫിലോസഫിയുടെ നേര്‍ക്കാഴ്ചപോലെ.

ഷാഹിനയുടെ അതിജീവനത്തിന്റെ കഥകളും വാര്‍ത്തകളും കണ്ട് ചിലരൊക്കെ വിവാഹവാഗ്ദാനങ്ങള്‍ വെച്ചുനീട്ടി. ജീവിതം ഇങ്ങനെയങ്ങ് മുന്നോട്ടുപോകട്ടെ എന്ന തീരുമാനത്തിലായിരുന്നു ഷാഹിന. ആളുകള്‍ പലതരമാണല്ലോ. സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ കല്യാണം കഴിച്ച് ജീവിതം ഭദ്രമാക്കിക്കളയാം എന്നുവരെ ചിന്തിക്കുന്നവര്‍ ചുറ്റിലും ഉണ്ട്. ജീവിതംകൊണ്ടുള്ള പരീക്ഷണങ്ങള്‍ക്ക് വയ്യ. എങ്കില്‍കൂടി, മനസ്സിനിണങ്ങിയ ഒരു കൂട്ടുകാരന്‍ അകലെ എവിടെയോ കാത്തിരിക്കുന്നു എന്നതോന്നല്‍ മനസ്സില്‍ വാടാതെ നിന്നു. 
 
നീസുവിന്റെ ഷാഹിന
ഷാഹിനയുടെ ആ തോന്നല്‍ സത്യമായിരുന്നു. മലപ്പുറം മാറഞ്ചേരിക്കാരനായ നിയാസ് എന്ന സുഹൃത്ത് വളച്ചുകെട്ടലുകള്‍ ഇല്ലാതെ ഒരുദിവസം പറഞ്ഞു: ''ഷാഹിന എന്റെ ജീവിതത്തില്‍ ഒപ്പമുണ്ടാവണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. തീരുമാനമെടുക്കേണ്ടത് നീയാണ്.''
വിവാഹമേ വേണ്ടെന്നുവെച്ച് യാത്രകളും രാഷ്ട്രീയപ്രവര്‍ത്തനവും ബിസിനസും മറ്റുമായി മുന്നോട്ടുപോവുകയായിരുന്നു നിയാസ്. ഷാഹിനയുടെ ആത്മവിശ്വാസത്തോടും അവള്‍ ജീവിതത്തെ കൈകാര്യം ചെയ്ത രീതിയോടും തോന്നിയ ആരാധനയാണ് നിയാസിനെ ഷാഹിനയിലേക്ക് അടുപ്പിച്ചത്. അങ്ങനെ 2022 ഒക്ടോബറില്‍ അവര്‍ വിവാഹിതരായി. അവരൊന്നിച്ചുള്ള ആമ്പല്‍ച്ചിത്രങ്ങള്‍ വീണ്ടും വിഷ്ണുവിന്റെ ക്യാമറയില്‍ വിരിഞ്ഞു.

എന്തുകൊണ്ട് ഞാന്‍
ഇടയ്ക്കും തലയ്ക്കുമെല്ലാം ഷാഹിന നിയാസിനോട് ചോദിച്ചു. ''എന്തുകൊണ്ട് ഞാന്‍? ഉന്നത ആദര്‍ശങ്ങള്‍ പറയുന്നവര്‍പോലും വിവാഹത്തിന്റെ കാര്യം വരുമ്പോള്‍ ബാഹ്യസൗന്ദര്യത്തിന് മുന്‍തൂക്കം കൊടുക്കാറുണ്ട്. എന്നിട്ടും എങ്ങനെ ഞാന്‍ നീസുവിന്റെ തിരഞ്ഞെടുപ്പായി?''
നിയാസിന്റെ മറുപടി ഉറച്ചതായിരുന്നു. ''ഞാന്‍ വിവാഹം കഴിച്ചുകഴിഞ്ഞാണ് നിനക്ക് പൊള്ളല്‍ ഉണ്ടായത് എങ്കിലോ?  അപകടം നമ്മളില്‍ ആര്‍ക്കാണ് എപ്പോഴാണ് പറ്റിക്കൂടാത്തത്? എന്റെ കണ്ണിലൂടെ നോക്കുമ്പോള്‍ നിനക്ക് ഒരു ന്യൂനതയും തോന്നുന്നില്ല.''
ഡോക്ടര്‍ ഷാഹിന ഇപ്പോള്‍ യാത്രകളിലാണ്. താന്‍ ഒരിക്കല്‍ സ്വപ്‌നം കണ്ടതുപോലെ മനസ്സിനിണങ്ങിയ കൂട്ടുകാരനുമൊത്തുള്ള സുന്ദരമായ ജീവിതയാത്രകള്‍. അതിനിടെ രോഗങ്ങളാലും അപകടങ്ങളാലും തളര്‍ന്നുപോയ ധാരാളം ആളുകള്‍ക്ക് മോട്ടിവേഷന്‍ കൊടുക്കാനും ഷാഹിനയുണ്ട്. ഷാഹിനയുടെ കഥ കേള്‍ക്കുമ്പോള്‍, സോഷ്യല്‍ മീഡിയയില്‍ അവളിടുന്ന പോസ്റ്റുകള്‍ കാണുമ്പോള്‍ അവരും മനസ്സില്‍ പറയുന്നു.
നിങ്ങള്‍ കാണുന്നതല്ല ഞാന്‍. ഞാന്‍ ചിന്തിക്കുന്നത് എന്താണോ അതാണ് ഞാന്‍...
 

Content Highlights: doctor shahina burn injury survival story