ഭരണഘടന നിര്‍മ്മാണസഭയിലെ ഏക ദളിത് വനിത, ആദ്യ ദളിത് നിയമസഭാംഗം; ദാക്ഷായണി വേലായുധന്റെ ജീവിതം പഠനവിഷയമാകുന്നു

ദാക്ഷായണി വേലായുധൻ | ഫോട്ടോ: constitutionofindia
ദാക്ഷായണി വേലായുധൻ | ഫോട്ടോ: constitutionofindia

കേരളത്തിന്റെ സാമൂഹിക-കലാ-സാംസ്‌കാരിക മേഖലകളില്‍ സുപ്രധാന കയ്യൊപ്പ് ചാര്‍ത്തുകയും വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് പ്രചോദനവുമായ വ്യക്തിത്വങ്ങള്‍ ഒരുപാടുണ്ട്. 2025-26 അക്കാദമിക് വര്‍ഷം മുതല്‍ മഹാരാജാസ് കോളേജിലെ ചരിത്ര ബിരുദവിദ്യാര്‍ഥികള്‍ക്ക് അവയില്‍ കുറച്ചുപേരുടെ ജീവചരിത്രവും പഠിക്കാനാവും. മമ്മൂട്ടി, മോഹന്‍ലാല്‍, പ്രൊ. പി.എസ്. വേലായുധന്‍, തപസ്വിനി അമ്മ, അബ്രഹാം സലീം, ഹമദാനി തങ്ങള്‍, ഫാത്തിമ റഹ്‌മാന്‍, കെ.പി. വള്ളോന്‍, ദാക്ഷായണി വേലായുധന്‍... തുടങ്ങിയവരുടെ ജീവിതം പഠിക്കാം.

മലയാളികള്‍ക്ക് അത്ര സുപരിചിതമായിരിക്കില്ല ദാക്ഷായണി വേലായുധനെയും അവരുടെ ജീവിതവും. ഭരണഘടന നിര്‍മ്മാണസഭയിലെ ഏക ദളിത് വനിത, ആദ്യ ദളിത് നിയമസഭാംഗം, പട്ടികജാതിയില്‍ നിന്നുള്ള ആദ്യ ബിരുദധാരി...വിശേഷണങ്ങള്‍ ഒരുപാടുണ്ട് ദാക്ഷായണി വേലായുധന്. ചരിത്രം മറന്നുപോയ ദാക്ഷായണി വേലായുധനെക്കുറിച്ച്. 

ചെറുത്തുനിൽപ്പുകൾ
കേരളസമൂഹത്തില്‍ ജാതീയതയും അസമത്വങ്ങളും വേരൂന്നിയിരുന്ന ഇരുണ്ടകാലഘട്ടത്തില്‍ ഉയര്‍ന്നുവന്ന വിപ്ലവശബ്ദമായിരുന്നു ദാക്ഷായണി വേലായുധന്‍. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ എറണാകുളം മുളവുകാട് എന്ന ഗ്രാമത്തിലെ ദളിത് കുടുംബത്തിലാണ് ദാക്ഷായണി ജനിക്കുന്നത്. സവര്‍ണമേധാവിത്വത്തിനും ചൂഷണങ്ങള്‍ക്കുമെതിരെയുള്ള ചെറുത്തുനില്‍പ്പുകള്‍ കണ്ടാണ് ദാക്ഷായണിയും വളര്‍ന്നത്. അയങ്കാളിയുടെ സാമൂഹ്യപരിഷ്‌കരണ പ്രവര്‍ത്തനങ്ങളും ജാതീയ ഉച്ചനീചത്വങ്ങള്‍ക്കെതിരെയുള്ള പോരാട്ടങ്ങളും തീര്‍ച്ചയായും ദാക്ഷായണിയേയും സ്വാധീനിച്ചിരിക്കണം.

കൊച്ചിയില്‍ അക്കാലത്താണ് പിന്നാക്ക സമുദായങ്ങളിലുള്ളവർക്ക്‌ സൗജന്യവിദ്യാഭ്യാസം ലഭ്യമാക്കുന്നത്. സമൂഹം പല പരിവര്‍ത്തനങ്ങളിലൂടെയും കടന്നുപോയി. പൊതുവിടങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുക, എല്ലാവര്‍ക്കും വിദ്യാഭ്യാസം, തൊഴില്‍സുരക്ഷ എന്നിവയ്ക്കും ജാതീയമായ അടിമത്വത്തിന് എതിരെയുള്ള ചെറുത്തുനില്‍പുകളിലും ദാക്ഷായണി ഭാഗമായിരുന്നു. പൊതുവഴിയിലൂടെ നടക്കാനോ മാറുമറയ്ക്കാനോ ഉള്ള അവകാശം നിഷിദ്ധമായിരുന്ന പുലയ സമുദായത്തില്‍നിന്നും ആദ്യമായി മേല്‍മുണ്ട് ധരിക്കുന്നത് ദാക്ഷായണിയും അവരുടെ മൂത്തസഹോദരിയും അമ്മ തയ്യിത്തറ മാണിയുമാണ്.

തോറ്റുപിമാറാതെ…
പുലയ സമുദായത്തില്‍നിന്നും വിദ്യാഭ്യാസം നേടുന്ന ആദ്യത്തെ തലമുറ ദാക്ഷായണിയുടേതായിരുന്നു. കൊച്ചിയില്‍ പട്ടികജാതി വിഭാഗത്തില്‍നിന്നും ആദ്യമായി മെട്രിക്കുലേഷന്‍ പാസ്സാകുന്നത് ദാക്ഷായണിയായിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ദാക്ഷായണി എറണാകുളത്തെ മഹാരാജാസ് കോളേജില്‍ ബിരുദത്തിന് ചേര്‍ന്നു. കെമിസ്ട്രിയായിരുന്നു വിഷയം. അക്കാലത്ത് ശാസ്ത്രവിഭാഗത്തില്‍ ബിരുദംചെയ്തിരുന്ന ഒരേയൊരു പെണ്‍കുട്ടി ദാക്ഷായണിയായിരുന്നു. പഠനകാലത്ത് ഒരു അധ്യാപകന്‍ അവരുടെ ലാബ് ഉപകരണങ്ങള്‍ തൊടാന്‍ വിസമ്മതിച്ചിരുന്നതായും ലാബിലെ പരീക്ഷണങ്ങള്‍ ദൂരെനിന്ന് നോക്കിപഠിക്കേണ്ടിവന്നതായും പറയപ്പെടുന്നു. എന്നാല്‍ ഇത്തരം പ്രവര്‍ത്തികള്‍ക്കൊന്നും ദാക്ഷായണിയെ തടയാനായില്ല. 1935-ല്‍ ബിരുദം പൂര്‍ത്തിയാക്കി. പട്ടികജാതി വിഭാഗത്തില്‍നിന്നും ബിരുദം നേടുന്ന ആദ്യ വനിത എന്ന പ്രത്യേകതയും ദാക്ഷായണിക്കുണ്ട്. പിന്നീട് 1938-ല്‍ കൊച്ചിന്‍ സ്‌റ്റേറ്റ് ഗവണ്‍മെന്റ് സ്‌കോളാര്‍ഷിപ്പോടെ മദ്രാസ് സര്‍വകലാശാലയില്‍ ടീച്ചേഴ്‌സ് ട്രെയിനിങ് കോഴ്‌സിന് ചേര്‍ന്നു. പഠനശേഷം ഏകദേശം പത്ത് വര്‍ഷത്തോളം ദാക്ഷായണി തൃശ്ശൂരിലും തൃപ്പൂണിത്തുറയിലും അധ്യാപികയായി പ്രവര്‍ത്തിച്ചിരുന്നു. ആയിടയിലാണ് ദളിത് നേതാവും പിന്നീട് പാര്‍ലമെന്റ് അംഗവുമായ ആര്‍.വേലായുധനുമായി വിവാഹംനടക്കുന്നത്.

കടലിന് ജാതിയില്ല
അരികുവല്‍ക്കരിക്കപ്പെട്ട സമൂഹത്തിന്റെ നേതാവായിരുന്നു ദാക്ഷായണി. തന്റെ സമുദായം നേരിട്ട അടിച്ചമര്‍ത്തലുകളും അവയോടുള്ള ചെറുത്തുനില്‍പ്പുകളും അവര്‍ക്ക് പോരാട്ടവീര്യമേകി. 1913-ല്‍ കൊച്ചിക്കായലില്‍വെച്ചുനടന്ന 'കായല്‍ സമ്മേളനം' അത്തരത്തില്‍ ദാക്ഷായണിയെ സ്വാധീനിച്ച ഒന്നായിരുന്നു. പുലയ സമുദായം പൊതുനിരത്തില്‍ ഒത്തുകൂടരുതെന്നും വിലക്കിന് എതിരെ പുലയസമുദായത്തില്‍പെട്ട നൂറുകണക്കിന് ആളുകള്‍ കൊച്ചിക്കായലില്‍ വള്ളങ്ങള്‍ കൂട്ടിക്കെട്ടി മുകളില്‍ പലകവിരിച്ചുകൊണ്ട് യോഗംചേര്‍ന്ന് പ്രതിഷേധിച്ചു. അതില്‍ ദാക്ഷായണിയുടെ കുടുംബവുമുണ്ടായിരുന്നു. തൊട്ടുകൂടാത്തവര്‍ക്ക് കരയില്‍ യോഗംചേരാന്‍ ഇടംനല്‍കാത്ത നാട്ടില്‍ 'കടലിന് ജാതിയില്ല' (The Sea has No Caste) എന്ന വീക്ഷണം അലയടിച്ചു. തന്റെ ജീവചരിത്രത്തിനും The Sea has No Caste എന്ന പേരുനല്‍കണമെന്ന് ദാക്ഷായണി ആവശ്യപ്പെട്ടിരുന്നു.

രാഷ്ട്രീയം
ദാക്ഷായണി, കോണ്‍ഗ്രസ്സിന്റെയും അംബേദ്കറിന്റെയും രാഷ്ട്രീയത്തെ ഒരുപോലെ വിമര്‍ശിച്ചിരുന്നു. നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി. 1945-ല്‍ കൊച്ചിന്‍ നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടിരുന്ന ദാക്ഷായണിയെ ഭരണഘടനാ അസംബ്ലിയിലേക്ക് തിരഞ്ഞെടുത്തതിനെ ചിലര്‍ എതിര്‍ത്തിരുന്നു. എന്നാല്‍ ആ എതിര്‍പ്പുകളെ മറികടന്ന് 1946-ല്‍ അവര്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചു.

34-ാം വയസ്സിലാണ് ദാക്ഷായണി ഭരണഘടനാ അസംബ്ലിയിലെത്തുന്നത്. അതും ഏറ്റവും പ്രായംകുറഞ്ഞതും ഏകദളിത് വനിതയുമായി. ഭര്‍ത്താവിനൊപ്പം പ്രവിശ്യാ പാര്‍ലമെന്റിലും അംഗമായി, പാര്‍ലമെന്റിലെ ആദ്യ ദളിത് ദമ്പതികളായി മാറി.

ആദ്യത്തെ വനിതാ ദളിത് എം.എല്‍.എ ആയ ദാക്ഷായണിയുടെ സംഭാവനകളോടുള്ള ആദരസൂചകമായി കേരളസര്‍ക്കാര്‍ ദാക്ഷായണി വേലായുധന്‍ അവാര്‍ഡ് നല്‍കുന്നുണ്ട്. സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്കാണ് ഈ അവാര്‍ഡിന് അര്‍ഹത.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Learn about Dakshayani Velayudhan, the first Dalit woman MLA & member of the Constituent Assembly. Her life story will be taught at Maharaja`s College.