തൊട്ടടുത്ത് ഹോസ്പിറ്റല്‍ ഉണ്ടായിട്ടും ഡയാനയെ കൊണ്ടുപോയത് അകലേക്ക്; കൊലപാതകമെന്ന് വാദം

ഡയാനയുടെ മരണം മാധ്യമങ്ങളിൽ/Getty Images
ഡയാനയുടെ മരണം മാധ്യമങ്ങളിൽ/Getty Images

1997 ഓഗസ്റ്റ് 31. പാരീസിലെ ആല്‍മ ടവറിലൂടെ കാറില്‍ സഞ്ചരിക്കുകയായിരുന്നു ഡയാന രാജകുമാരി. അപ്പോഴേക്കും അവര്‍ ചാള്‍സുമായി വിവാഹമോചനം നേടിയിരുന്നു. നാലുപേരാണ് ആ കാറിലുണ്ടായിരുന്നത്. ഡയാന, സുഹൃത്തായ ടോഡി ഫായേദ്, ആദ്ദേഹത്തിന്റെ സുഹൃത്ത് ട്രെവര്‍ ജോണ്‍സ്, ഡ്രൈവര്‍ ഹെന്റി പോള്‍ എന്നിവരായിരുന്നു ആ നാലുപേര്‍.

ഡയാനയുടെ സ്വകാര്യജീവിതം പാപ്പരാസികളുടെ ഇഷ്ടവിഷയമായിരുന്നു. ടോഡി അവരുടെ സുഹൃത്താണോ കാമുകനാണോ എന്ന് വലിയ ചര്‍ച്ചകള്‍ നടക്കുന്ന കാലം. അവര്‍ തങ്ങിയിരുന്ന ഹോട്ടല്‍ റിറ്റ്‌സിനു മുന്നില്‍ ഫോട്ടോഗ്രാഫര്‍മാരുടെ സംഘം തമ്പടിച്ചിരുന്നു. ക്യാമറക്കണ്ണുകളെ വെട്ടിച്ച് ഹോട്ടലിന്റെ പിന്‍വാതിലിലൂടെയാണ് ഡയാനയുടെ കാര്‍ പുറത്തിറക്കിയത്. എന്നിട്ടും ചില പാപ്പരാസികള്‍ അവയുടെ കാര്‍ പിന്തുടര്‍ന്നു.

ഡയാന  സ്‌പെൻസർ /Getty Images

കാര്‍ അമിതവേഗത്തിലായിരുന്നു. ഡ്രൈവര്‍ പോള്‍ മദ്യപിച്ചിരുന്നു. അയാള്‍ മനസികപ്രശ്‌നങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നയാളുമായിരുന്നു. മരുന്നിനു പുറമെ മദ്യവും കൂടെയായപ്പോള്‍ അയാളുടെ നിയന്ത്രണം വിട്ടു. ആല്‍മ ടവറിലെ ഇരുട്ടിനുള്ളില്‍ അപകടമുണ്ടായി. ആ കാറിലുണ്ടായിരുന്ന നാലുപേരില്‍ ട്രെവര്‍ മാത്രമാണ് രക്ഷപ്പെട്ടത്.

ലോകത്തെ ഞെട്ടിച്ച മരണം. ഡയാനയുടെ സംസ്‌ക്കാരചടങ്ങുകള്‍ ടിവിയിലൂടെ ലൈവായി സംപ്രേഷണം ചെയ്തു. 250 കോടി ജനങ്ങളാണ് ആ ചടങ്ങുകള്‍ ലൈവായി കണ്ടത്. ടിവിക്ക് ഇത്ര പ്രചാരം കിട്ടിയിട്ടില്ലാത്ത തൊണ്ണൂറുകളിലാണ് ഈ സംഖ്യ എന്നോര്‍ക്കണം. 

ആ മരണത്തെക്കുറിച്ചു അന്നുതന്നെ സംശയങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ പ്രധാനപ്പെട്ട സംശയം ഡയാനയെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കാന്‍ വൈകിയതിനെപ്പറ്റിയാണ്. തൊട്ടടുത്ത ഹോസ്പിറ്റല്‍ ഉണ്ടായിരുന്നിട്ടും ഡയാനയെയും കൊണ്ട് ആംബുലന്‍സ് ഏറെദൂരം സഞ്ചരിച്ചു എന്നാണ് ആരോപണം. അത് അവരുടെ ആരോഗ്യനില താറുമാറാക്കിയെന്നും മരണത്തിലേക്ക് അവരെ തള്ളിയിട്ടു എന്നുമാണ് വാദം. 

ആ ടണലില്‍ 17 സെക്യൂരിറ്റി ക്യാമറകളാണുണ്ടായിരുന്നത്. എന്നാല്‍ അപകടം നടന്നപ്പോള്‍ അതില്‍ 14 ക്യാമറകളും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. മറ്റുള്ളവ തെറ്റായ ദിശയിലേക്ക് തിരിച്ചു വെച്ചിരിക്കുകയുമായിരുന്നു. ഇത്രയും ക്യാമറകള്‍ ഉണ്ടായിട്ടും അപകടത്തിന്റെ ഒറ്റ ദൃശ്യം പോലും ലഭ്യമായില്ല. സെക്യൂരിറ്റി ക്യാമറകള്‍ കരുതിക്കൂട്ടി നേരത്തെ നശിപ്പിച്ചതാണെന്ന് അന്നേ ആരോപിക്കപ്പെട്ടിരുന്നു.   

അപകടം നടന്ന പാരീസിലെ ആൽമ ടവർ/ Wikipedia

ടണലില്‍ ഘടിപ്പിച്ചിരുന്ന റഡാര്‍, അപകടത്തിന് തൊട്ടുമുന്‍പു വരെ പ്രവര്‍ത്തിച്ചിരുന്നതാണ്. ഗതാഗതനിയമങ്ങള്‍ തെറ്റിച്ച ഒരാള്‍ക്ക് റഡാര്‍ പിഴയിട്ടിരുന്നു. എന്നാല്‍ അപകടം നടന്നപ്പോള്‍ റഡാര്‍ പ്രവര്‍ത്തനക്ഷമമല്ല എന്നാണ് ഔദ്യോഗികവൃത്തങ്ങള്‍ പിന്നീട് പറഞ്ഞത്. അപകടത്തിന് മുന്‍പായി ഒരാള്‍ക്ക് ഫൈന്‍ അടച്ചതിന്റെ തെളിവുകളും പിന്നീട് പുറംലോകം കണ്ടില്ല. 

വിശദമായ അന്വേഷണങ്ങള്‍ നടന്നു. ഡ്രൈവറുടെ ലഹരിയാണ് അപകടകാരണമെന്നും ടണലിലെ ഒരു തൂണില്‍ വണ്ടി ഇടിച്ചുകയറുകയായിരുന്നു എന്നും സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്നതാണ് കാര്യങ്ങള്‍ വഷളാക്കിയതെന്നുമാണ് നിഗമനം. 
 

Content Highlights: conspiracies regarding the death of princess diana