അമ്മച്ചിയുടെ കരുതലും സ്‌നേഹവും രുചിയും നിറയുന്നതാണ് എന്റെ ക്രിസ്മസ് കാലങ്ങള്‍: രാജിനി ചാണ്ടി

എന്റെ ക്രിസ്മസ് ഓര്‍മ അമ്മച്ചിയുടെ സ്‌നേഹത്തിന്റെ രുചികളിലാണ്. അന്നത്തെ ആഘോഷങ്ങള്‍ തുടങ്ങുന്നതുതന്നെ ആലുവയില്‍ നിന്ന് എന്റെ സഹോദരന്‍ കൊച്ചാച്ചന്റെ വരവോടെയാണ്. അദ്ദേഹം വരുമ്പോഴാണ് പടക്കമൊക്കെ വാങ്ങുക. ഞങ്ങള്‍ എട്ട് മക്കളായിരുന്നു. രണ്ടാമത്തെ സഹോദരനാണ് കൊച്ചാച്ചന്‍, ആദ്യം ജോലി കിട്ടിയത് അദ്ദേഹത്തിനാണ്. അപ്പച്ചന് ഓരോ കാശിനു നല്ല കണക്കുള്ള കണിശ്ശക്കാരനായിരുന്നു. പടക്കത്തിനൊക്കെ കാശ് ചോദിച്ച് ചെന്നാല്‍ കിട്ടുന്ന പ്രശ്‌നമേയില്ല. കൊച്ചാച്ചനാണ് ഞങ്ങളുടെ ക്രിസ്മസിനെ മനോഹരമാക്കുക. അതിനും ആഴ്ചകള്‍ക്ക് മുമ്പേ ഞങ്ങള്‍ ക്രിബ്ബിന്റെ പണിതുടങ്ങും. നെല്ല് മുളപ്പിച്ച് ആ പുല്ലൊക്കെയാണ് പുല്‍ക്കൂടിന് ഉപയോഗിക്കുക. കൊച്ചാച്ചന്‍ ഇപ്പോള്‍ ഞങ്ങളുടെ ഒപ്പമില്ല. പക്ഷേ എല്ലാ ക്രിസ്മസിനും കൊച്ചാച്ചന്റെ ആ സ്‌നേഹമാണ് ആദ്യം ഓര്‍മവരുക.
സിലോണിലുള്ള ഇളയമ്മയുടെ സ്‌പെഷ്യല്‍ റസിപ്പിയാണ് അമ്മച്ചിയുടെ കേക്കിന്റെ രുചിക്ക് പിന്നില്‍. അന്ന് ഓവനൊന്നും ഇല്ലെന്ന് ഓര്‍ക്കണം. കനലില്‍ ചുട്ട് തന്നെയാണ് കേക്കുണ്ടാക്കുക. മുകളിലും താഴെയും കനലിട്ട് അങ്ങനെ വേവിച്ചെടുക്കുന്ന കേക്ക്. അരികൊക്കെ ഇത്തിരി കരിഞ്ഞിട്ടുണ്ടാവും. പക്ഷേ ആ രുചി പിന്നീട് എത്ര വിലകൂടിയ കേക്ക് കഴിച്ചപ്പോഴും കിട്ടിയിട്ടില്ല. അന്ന് കേക്ക് ഉണ്ടാക്കണമെങ്കിലൊക്കെ എത്ര സമയം വേണം, ആ ത്യാഗത്തിലും അധ്വാനത്തിലുമൊക്കെ വലിയ സ്‌നേഹവും കരുതലുമുണ്ട്. അതാണ് കേക്കിന്റെ രുചിയുടെ രഹസ്യവും.
ക്രിസ്മസിന് രാവിലെ പാലപ്പവും ഇറച്ചിക്കറിയുമാണ് അമ്മച്ചി തയ്യാറാക്കുക. എത്ര കുറച്ചേ കഴിക്കാനുള്ളുവെങ്കിലും ആ രുചി നമ്മുടെ വയറുനിറയ്ക്കും. സംവാരിവലിച്ച് കുറേ ഭക്ഷണം കഴിക്കുന്നതല്ല കാര്യം, ഉള്ളത് തൃപ്തിയോടെ കഴിക്കുകയാണ് എന്നത് ഞാന്‍ പഠിച്ചത് അമ്മച്ചിയില്‍ നിന്നാണ്. ഇന്നും പാലപ്പം ഞാന്‍ അമ്മച്ചിയുടെ പഴയരുചിക്കൂട്ടിലാണ് തയ്യാറാക്കുക. അരി അരച്ച് നല്ല കള്ള് കിട്ടുകയാണെങ്കില്‍ അതും ചേര്‍ത്ത് അപ്പം തയ്യാറാക്കും.
കല്യാണം കഴിഞ്ഞ് ചാണ്ടിച്ചന്റെ കൂടെ ബോംബെയില്‍ ചെന്നപ്പോള്‍ ക്രിസ്മസ് അതിലും വലിയ ആഘോഷമായി. അദ്ദേഹം ക്രിസ്മസ് ഒരുക്കങ്ങള്‍ ഡിസംബര്‍ ആദ്യം തന്നെ തുടങ്ങും. സ്റ്റാര്‍ തൂക്കും. ക്രിസ്മസ് ഗാനങ്ങള്‍ വയ്ക്കും. ക്രിസ്മസിന് ക്രിബ് ചാണ്ടിച്ചന്‍ തന്നെ ഉണ്ടാക്കും. ഞാനും മോളും കൂടുമെങ്കിലും അദ്ദേഹമാണ് പ്രധാനയാള്‍. ജോലികഴിഞ്ഞ് വന്ന് ഓരോന്നായി ചെയ്യും. എത്ര തിരക്കായാലും അതൊക്കെ അദ്ദേഹത്തിന് വലിയ ഇഷ്ടമാണ് തിനയൊക്കെ നട്ട് പുല്‍ക്കൂടിനുള്ള പുല്ലുവരെ ചാണ്ടിച്ചന്‍ തയ്യാറാക്കും.
ഞങ്ങളുടെ ക്രിസ്മസ്ട്രീക്കുമുണ്ട് ഒരു കഥ. അത് കഴിഞ്ഞ് മുപ്പത്തിരണ്ട് വര്‍ഷമായി ഞങ്ങള്‍ക്കൊപ്പമുള്ള ക്രിസ്മസ് ട്രീയാണ്. ഒരാളേക്കാള്‍ പൊക്കമുള്ള ട്രീ. ഹാളിലൊക്കെ വച്ചാല്‍ നിറഞ്ഞു നില്‍ക്കും. അമേരിക്കയിലെ ഒരു സുഹൃത്ത് അയാളുടെ വേറൊരു കൂട്ടുകാരന് കൊടുക്കാന്‍ അവിടുന്ന് കഷ്ടപ്പെട്ട് കൊണ്ടുവന്നതാണ് ആ ട്രീ. അത് കൊണ്ടുപോയി കൂട്ടുകാരന് കൊടുക്കാന്‍ ഏല്‍പ്പിച്ചത് ഞങ്ങളെയും. വലിയൊരു പൊതിയായാണ് ട്രീ എത്തിയത്. അപ്പോഴും അത് ഇത്രയും വലുതാണെന്നൊന്നും ഞങ്ങള്‍ക്കറിയില്ലായിരുന്നു. കാറിന് മുകളില്‍ വച്ച് പത്ത് മുപ്പത് കിലോമീറ്റര്‍ ഡ്രൈവ് ചെയ്ത് ഞാന്‍ ആട്രീയുമായി സുഹൃത്തിന്റെ വീട്ടില്‍ പോയി. അവിടെ ചെന്നപ്പോള്‍ അവരുടെ ഡൈനിങ് റൂമില്‍ ഒരു ചെറിയ ട്രീ അലങ്കരിച്ച് വെച്ചിട്ടുണ്ട്. ചായയൊക്കെ കുടിച്ച് ട്രീ എടുത്തിട്ട് വരട്ടെ എന്ന് ചോദിച്ചപ്പോള്‍ ഏയ്, അത് നിങ്ങള്‍ വെച്ചോ ഞങ്ങള്‍ വേറെ ട്രീ വാങ്ങി എന്ന് പറഞ്ഞ് അവരത് നിരസിച്ചു. ഞങ്ങളുടെ കൂട്ടുകാരന് ഇത് ഭയങ്കരവിഷമമായി. ഇനിയെന്ത്് ചെയ്യുമന്നൊയി അദ്ദേഹം. തിരിച്ചു അമേരിക്കയ്ക്ക് കൊണ്ടുപോകാന്‍ പറ്റില്ലല്ലോ. ഞാന്‍ ഉപയോഗിച്ചോളാം എന്ന് പറഞ്ഞ് ട്രീ വീട്ടില്‍ കൊണ്ടുവന്നു. അങ്ങനെ കഴിഞ്ഞ മുപ്പത്തിരണ്ട് വര്‍ഷമായി ആ ട്രീയാണ് ഞങ്ങളുടെ ക്രിസ്മസിനെ മനോഹരമാക്കുന്നത്. അതിന്റെ പ്ലാസ്റ്റിക്ക് ഇലകളൊക്കെ ഇപ്പോള്‍ പതിയെ പൊടിഞ്ഞുതുടങ്ങി.
ഈ പ്രായത്തിലും പുല്‍ക്കൂടിന്റെ പണിയൊക്കെ ചണ്ടിച്ചന്‍ തന്നെയാണ് ഊര്‍ജ്ജസ്വലതയോടെ ചെയ്യുന്നത്. ഞാനും മോളും ഒപ്പം കൂടും. കുടുംബം സന്തോഷത്തോടെ ഒന്നിച്ചുനില്‍ക്കുമ്പോഴാണ് ആഘോഷങ്ങളുടെ ആനന്ദങ്ങളും നമ്മളിലെത്തുക.
Content Highlights: christmas memories shared by actress ragini chandi