ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് 3.23 മില്യണ്‍; കുതിപ്പ് തുടരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കടപ്പാട്-AFP
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കടപ്പാട്-AFP

പ്രായം 39 കടന്നിട്ടും തുടരുകയാണ് ഫുട്‌ബോള്‍ ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വിജയക്കുതിപ്പ്. ഫോബ്സിന്റെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ലോകത്തെ ഏറ്റവും വരുമാനമുള്ള കായികതാരമാണ് റൊണാള്‍ഡോ. 260 മില്യണാണ് താരത്തിന്റെ വാര്‍ഷിക വരുമാനം. അതില്‍ 60 മില്യണ്‍ പരസ്യമേഖലയില്‍ നിന്നും 200 മില്യണ്‍ സൗദി ക്ലബ്ബായ അല്‍ നാസറില്‍ നിന്നുമാണ്. 2002ല്‍  പതിനാറാം വയസ്സില്‍ തുടങ്ങിയ തന്റെ കരിയറില്‍ ഇത് നാലാം വട്ടമാണ് റൊണാള്‍ഡോ ലോകത്തെ ഏറ്റവും വരുമാനമുള്ള കായികതാരം എന്ന പട്ടം സ്വന്തമാക്കുന്നത്. 

ഇന്‍സ്റ്റഗ്രാമില്‍ 641 മില്യണ്‍, ഫേസ്ബുക്കില്‍ 170 മില്യണ്‍, X പ്ലാറ്റ്‌ഫോമില്‍ 113 മില്യണ്‍, യൂട്യൂബില്‍ 60 മില്യണ്‍ എന്നിങ്ങനെയാണ് റൊണാള്‍ഡോയുടെ ഫോളോവേഴ്‌സിന്റെ എണ്ണം. ഫുട്ബോള്‍ ലോകത്തെ കവച്ചുവെക്കുന്നതാണ് റൊണാള്‍ഡോയുടെ പ്രശസ്തി. സോഷ്യല്‍ മീഡിയയില്‍ 1 ബില്യണ്‍ ഫോളോവേഴ്സിനെ നേടുന്ന ആദ്യ വ്യക്തിയാണ് റൊണാള്‍ഡോ. പോപ്പുലാരിറ്റിയുടെ കാര്യത്തില്‍ സിനിമാതാരങ്ങളും രാഷ്ട്രനേതാക്കളും റൊണാള്‍ഡോയ്ക്ക് മുന്നില്‍ നിഷ്പ്രഭരാണ്. 

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ,കടപ്പാട്-AFP

ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം പേര് പിന്തുടരുന്ന താരമാണ് റൊണാള്‍ഡോ. രണ്ടാം സ്ഥാനക്കാരനായ ലയണല്‍ മെസ്സിയെക്കാള്‍ 137 മില്യണ്‍ അധികം പേരാണ് റൊണാള്‍ഡോയെ പിന്തുടരുന്നത്. CNN കണക്കുകള്‍ അനുസരിച്ച്, അല്‍-നാസര്‍ താരം ഓരോ ഇന്‍സ്റ്റഗ്രാം പോസ്റ്റിനും 3.23 മില്യണ്‍ (£2.57 മില്യണ്‍)ഡോളര്‍ സമ്പാദിക്കുന്നു.

2024 ഓഗസ്റ്റ്  21നാണ് റൊണാള്‍ഡോ UR - Cristiano എന്ന യൂട്യൂബ് ചാനല്‍ ആരംഭിച്ചത്. 90 മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ 1 മില്യണ്‍ ഫോളോവേഴ്‌സായി. ദിവസം തീരും മുമ്പെ അത് 11 മില്യണ്‍ എന്ന അതിശയസംഖ്യയിലേക്കെത്തി. ഓരോ പോസ്റ്റിനൊപ്പവും യൂട്യൂബിലും റൊണാള്‍ഡോയെ പിന്തുടരുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. യൂട്യൂബും റൊണാള്‍ഡോ വെട്ടിപ്പിടിക്കുമോ എന്ന് കണ്ടറിയാം. 

Content Highlights: Christiano ronaldo becomes world's highest-paid athlete