ഇത് പൊരുതിക്കിട്ടിയ ജീവിതം; സെറിബ്രല്‍ പാള്‍സിയെ അതിജീവിച്ച് എഴുത്തുകാരിയായ പെൺകുട്ടി പറയുന്നു

ഉള്ളില്‍ അണയാത്ത ഒരു തീ. അതുമതി ജീവിതം അര്‍ഥവത്താകാന്‍. ചിറകൊടിഞ്ഞവര്‍ക്ക് ആകാശം കീഴടക്കാന്‍ എഴുത്തിന്റെ ചിറകുകള്‍ പകരമുണ്ടാകുമല്ലോ... പരിമിതികളില്‍ തളയ്ക്കപ്പെടാതെ, തോറ്റുകൊടുക്കാതെ അവയില്‍നിന്നും ഊര്‍ജം ഉള്‍ക്കൊണ്ട് ജീവിക്കാന്‍ ഉള്ളില്‍ അടങ്ങാത്ത ആഗ്രഹം മതിയെന്ന് ഓര്‍മപ്പെടുത്തുകയാണ് സാന്ദ്ര രാജു എന്ന പെണ്‍കുട്ടി. എഴുത്താണ് അവള്‍ തിരഞ്ഞെടുത്ത മാര്‍ഗം. മാറ്റത്തിനു വഴിയൊരുക്കിയ വനിതകളുടെ കൂട്ടത്തില്‍ 2019-ലെ ഈസ്റ്റേണ്‍ ഭൂമിക അവാര്‍ഡേറ്റുവാങ്ങാന്‍ സാന്ദ്രയുമുണ്ടായിരുന്നു. 2019-ലെ ക്രിസ്റ്റ്യന്‍ യൂണിറ്റിസെന്റര്‍ എക്‌സലന്‍സ് അവാര്‍ഡ്, 2021-ലെ സാഹിത്യ പ്രഭാ ഫെല്ലോഷിപ്പ്, 2023-ലെ ഡയമണ്ട് കട്ട് ഇന്റര്‍നാഷണല്‍ ഷോട്ട് ഫിലിം അവാര്‍ഡ് എന്നിവയും സാന്ദ്രയെ തേടിയെത്തി. ധ്വനി, പ്രതിധ്വനി, കാപ്പിപ്പൂ മണമുള്ള വഴികളിലൂടെ, കാലം കഥപറയുമ്പോള്‍, കടല്‍ കവിതകള്‍, കഥയിലെ കഥകള്‍ എന്നീ കൃതികള്‍ രചിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ രാജുവിന്റെയും എലിസബത്തിന്റെയും മകളാണ് സാന്ദ്ര. സാന്ദ്ര രാജുവിന്റെ ജീവിതത്തിലേക്ക്...
ആശുപത്രിക്കാലങ്ങള്‍
''ഓര്‍മയിലധികവും ഡോക്ടര്‍മാരും ആശുപത്രികളുമാണ്. എനിക്ക് ഒമ്പതുമാസം പ്രായമുള്ളപ്പോള്‍ ഒരു പനി വന്നു. അവിടെവെച്ചാണ് ജീവിതം തലകീഴായി മറിയുന്നത്. എല്ലാം അമ്മ പറഞ്ഞുകേട്ടുള്ള അറിവുകളാണ്. സ്വന്തമായി ഇരിക്കാന്‍ പറ്റാതെയായി, നടക്കാന്‍ പറ്റാതെയായി. ചുറ്റും തലയിണകള്‍ വെച്ചിരുന്നാലും അഞ്ച് മിനിറ്റു തികയ്ക്കില്ല, അതിനു മുമ്പേ വീഴും. ദിവസങ്ങള്‍ കഴിയുന്തോറും ബുദ്ധിമുട്ടുകളേറി വന്നു. ചികിത്സയുമായി ആശുപത്രികളില്‍ കഴിച്ചുകൂട്ടിയ വര്‍ഷങ്ങള്‍. കാണിച്ച ഡോക്ടര്‍മാരെല്ലാവരും പറഞ്ഞത് ഒരേ കാര്യം. 'ശരിയാവും, നടക്കും'. പിന്നീടാണ് വീട്ടുകാർ തിരിച്ചറിയുന്നത്, സെറിബ്രല്‍ പാള്‍സി എന്ന രോഗമാണെന്ന്. വലതുഭാഗത്തെ കൈയും കാലും തളര്‍ന്നുപോയി. ആയുര്‍വേദവും അലോപ്പതിയും ഹോമിയോയുമെല്ലാം പരീക്ഷിച്ചു. നീണ്ട 12 വര്‍ഷത്തെ ആശുപത്രിവാസം. അങ്ങനെയാണ് തനിയെ ഇരിക്കാനായത്. ഇപ്പോള്‍ 29 വയസ്സായി. ഇത് ജീവിതത്തിന്റെ ഭാഗമായി''. സാന്ദ്ര പിന്നിട്ട വഴികളെക്കുറിച്ചോര്‍ക്കുന്നു...
പഠനകാലം
''അമ്മയായിരുന്നു എന്റെ ടീച്ചര്‍. ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ചത് അമ്മയാണ്. ആശുപത്രിക്കിടക്കയില്‍ വച്ചാണ് അക്ഷരങ്ങള്‍ കൂട്ടി വായിക്കാന്‍ പഠിക്കുന്നത്. അങ്ങനെ അഞ്ചാം വയസ്സില്‍ മലയാളം നന്നായി വായിക്കാന്‍ തുടങ്ങി. കൈകള്‍ക്കുള്ള പ്രശ്‌നം കാരണം എഴുതാന്‍ അന്നും ഇന്നും ബുദ്ധിമുട്ടാണ്. ചുങ്കത്തറ തലഞ്ഞിയിലെ മദര്‍ വെറോണിക്ക സ്‌പെഷ്യല്‍ സ്‌കൂളിലാണ് ഞാന്‍ പഠിച്ചത്. എനിക്ക് നടക്കാന്‍ കഴിയാത്തതു കാരണം എന്നെ അവിടെ ചേര്‍ക്കാന്‍ പറ്റില്ലെന്നു സ്‌കൂള്‍ അധികൃതര്‍ പറഞ്ഞിരുന്നു. പിന്നീട് ഒരു വിധത്തിലാണ് സമ്മതം കിട്ടിയത്. ആ സ്‌കൂളില്‍ ഉണ്ടായിരുന്ന ഫിസിയോ തെറാപ്പിയും എന്റെ കംപ്യൂട്ടര്‍ പഠിക്കാനുള്ള ആഗ്രഹവുമാണ് ആ സ്‌കൂള്‍ തന്നെ വേണമെന്ന് തോന്നാന്‍ കാരണം. അങ്ങനെ നാല്, ഏഴ് ക്ലാസുകളുടെ തുല്യതാപരീക്ഷയെഴുതി. എന്നാല്‍ ആ സ്ഥലത്തുനിന്ന് താമസം മാറിയപ്പോള്‍ പഠനവും മുടങ്ങി. അങ്ങനെ ഞാന്‍ വീണ്ടും വായനയിലേക്ക് തിരിച്ചുവന്നു''.
എഴുത്തിന്റെ വഴിയിലൂടെ...
''മദര്‍ വെറോണിക്ക സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് ആദ്യമായി കഥകളെഴുതുന്നത്. അന്ന് 'ഉണ്ണി പഠിച്ച പാഠം', 'മയില്‍പ്പീലി' അങ്ങനെ ഒന്നു രണ്ടു കുഞ്ഞുകഥകള്‍ എഴുതി. അതില്‍ മുഴുവന്‍ അക്ഷരത്തെറ്റുകളായിരുന്നു. സ്‌കൂള്‍ പഠനത്തില്‍ നിന്ന് വായനയുടെ മാത്രം ലോകത്തിലേക്ക് എത്തിയപ്പോള്‍ എഴുതാനും ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ പേന പിടിക്കാന്‍ കഴിയാത്തതുകൊണ്ട് ആ ആഗ്രഹം ഉള്ളില്‍ത്തന്നെയിരുന്നു. കുറെ കഴിഞ്ഞാണ് മറ്റൊരു കഥയെഴുതി നോക്കുന്നത്. 'ആരാരും അറിയാതെ' എന്ന പേരോടെ കുറച്ചു വലിയ കഥ. എന്നാല്‍ അന്നത് പൂര്‍ണമാക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് സ്വന്തമായി ഫോണ്‍ കിട്ടി. അതെന്നെ ഞാനാക്കാന്‍ സഹായിച്ചു. ഫോണ്‍ കിട്ടിയ സമയത്ത് എനിക്ക് യോജിച്ച ഒരു പ്ലാറ്റ്‌ഫോം തിരയുകയായിരുന്നു ഞാന്‍. അങ്ങനെ ഫെയ്‌സ്ബുക്കില്‍ നിന്നാണ് പ്രതിലിപി എന്ന പ്ലാറ്റ്‌ഫോമിലേക്ക് എത്തുന്നത്. അതില്‍ എനിക്കു വേണ്ട കാര്യങ്ങളെല്ലാമുണ്ട്. ആദ്യമൊക്കെ എന്ത് പോസ്റ്റ് ചെയ്യുമെന്നാലോചിച്ച് ഇരുന്നിരുന്നു. പിന്നെ മുന്‍പെന്നോ എഴുതിവച്ച കാത്തിരിപ്പ് എന്ന പേരില്‍ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തു. ആ സമയത്താണ് വാലന്റൈന്‍സ് ഡേയോടനുബന്ധിച്ച് പ്രതിലിപിയില്‍ ഒരു മത്സരം നടക്കുന്നതറിഞ്ഞത്. അങ്ങനെ ഒരു കഥ എഴുതി നോക്കി. പണ്ട് പാതിയ്ക്കുവെച്ചു നിര്‍ത്തിയ ആരാരും അറിയാതെ എന്ന കഥ പൂര്‍ണമാക്കുന്നത് പ്രതിലിപിയിലേക്ക് എത്തിയ ശേഷമാണ്. 'വാട്ട് ഈസ് ലൗ' എന്ന പേരില്‍ മറ്റൊരു കഥയും എഴുതിയിരുന്നു. എന്റെ എഴുത്തിന് വന്ന ഒരു കമന്റിലൂടെയാണ് പ്രതിലിപിയുടെ അണ്‍ഒഫീഷ്യല്‍ ടെലഗ്രാം ഗ്രൂപ്പിലേക്കെത്തുന്നത്. അവിടെ നിന്നും ഒരുപാട് സൗഹൃദങ്ങള്‍ ഉണ്ടായി. അത് ജീവിതത്തില്‍ എന്നും മുതല്‍ക്കൂട്ടാണ്''.
കരുതല്‍കുടുംബം
''അച്ഛന്‍ രാജു. പശുഫാം നടത്തുകയാണ്. അമ്മ എലിസബത്ത് ഇറ്റലിയില്‍ ജോലി ചെയ്യുന്നു. ഞങ്ങള്‍ മൂന്നുമക്കളാണ്. അനിയന്‍ ഡെന്നിസ്. അനിയത്തിയുടെ പേര് അന്ന എലിസബത്ത്. കുടുംബം എന്നും താങ്ങായി കൂടെ ഉണ്ടായിരുന്നു. ചെറുപ്പത്തിലും 'വയ്യാത്ത കുട്ടി' എന്ന് പറഞ്ഞ് ഒന്നില്‍നിന്നും മാറ്റിനിര്‍ത്തിയിട്ടില്ല. എല്ലാത്തിനും ഫുള്‍ സപ്പോര്‍ട്ട് ആണ്. ഞാന്‍ എഴുതുന്നകാര്യം വീട്ടില്‍ പറഞ്ഞപ്പോള്‍ ആദ്യം ആരും കാര്യമായി എടുത്തിരുന്നില്ല. എന്നാല്‍ അന്നത്തെ ടെലഗ്രാം ഗ്രൂപ്പ് വഴി എന്നെക്കുറിച്ചറിഞ്ഞ മനോജ് ചേട്ടന്‍ (മനോജ് വിജയന്‍), ചേട്ടന്റെ സുഹൃത്തുവഴി ഒരു ചാനലില്‍ അഭിമുഖം നടത്തിയിരുന്നു. അങ്ങനെയാണ് ഞാന്‍ എഴുത്തിനെ ഗൗരവമായാണ് കാണുന്നതെന്ന് വീട്ടുകാര്‍ക്ക് മനസ്സിലായത്. ഇപ്പോള്‍ പപ്പ, മമ്മ, അനിയന്‍, അനിയത്തി എല്ലാവരും നല്ല പിന്തുണയാണ്.
ടെലഗ്രാം ഗ്രൂപ്പില്‍ നിന്നും മൂന്ന് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ എന്റെ കഥയുമുണ്ട്. അതിലെ രണ്ട് പുസ്തകങ്ങളുടെ പ്രകാശനം ഇവിടെ മഞ്ചേരിയില്‍വെച്ചായിരുന്നു. അതിനിടെ മയക്കം എന്ന സിനിമയിൽ അഭിനയിക്കുകയും ചെയ്തു. യാദൃശ്ചികമായി പരിചയപ്പെട്ട കൊല്ലത്തുള്ള അജിത്ത് ചേട്ടൻ (അജിത്ത് അഴീക്കല്‍) വഴിയാണ് എനിക്ക് സിനിമയിലേക്കുള്ള അവസരം കിട്ടുന്നത്. അദ്ദേഹം തിരക്കഥയെഴുതുന്ന ആളാണ്. അഭിനയിക്കാനായി ആളുകളെ തിരയുന്ന സമയത്ത് ചേട്ടനെനിക്ക് മെസേജയച്ചു. പക്ഷെ എനിക്ക് നടക്കാന്‍ കഴിയില്ലെന്ന് അവര്‍ക്കറിയില്ലായിരുന്നു. എങ്കിലും അദ്ദേഹം എന്റെ ഫോട്ടോ സംവിധായകനായ നിധീഷ് ചേട്ടനെ (നിധീഷ് പാലക്കൽ) കാണിച്ചു. അങ്ങനെ എനിക്കുവേണ്ടി ആ സിനിമയിൽ ഒരു കഥാപാത്രത്തെ എഴുതിച്ചേര്‍ക്കുകയായിരുന്നു. കോഴിക്കോടുവെച്ചായിരുന്നു ഷൂട്ടിങ്. അവിടെവെച്ചാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാമനുണ്ണി അങ്കിളിനെ പരിചയപ്പെടുന്നത്. അങ്കിള്‍ വഴിയാണ് ബിജു അങ്കിളിനെ പരിചയപ്പെടുന്നത്. അദ്ദേഹം തിരക്കഥയെഴുതി, മകള്‍ തേജ ലക്ഷ്മി സംവിധാനം ചെയ്ത മൈ മോം എന്ന ഷോട്ട് ഫിലിമിലും അഭിനയിക്കാന്‍ അവസരമുണ്ടായി. ഭിന്നശേഷിക്കാരിയായ മകളുമായി അതിജീവനത്തിന് ശ്രമിക്കുന്ന അമ്മയുടെ കഥയായിരുന്നു അത്''.
സ്വപ്‌നങ്ങള്‍
''മുന്നോട്ടുള്ള ജീവിതം എന്റെ സ്വപ്‌നങ്ങള്‍ നേടിയെടുക്കാനുള്ളതാണ്. പത്താംക്ലാസ് പരീക്ഷയെഴുതി. സ്വന്തമായി ഒരു ജോലി വേണമെന്നുണ്ടായിരുന്നു, അത് കിട്ടി. മഞ്ചുള്‍ ബുക്ക്‌സില്‍ എഡിറ്ററും പ്രൂഫ് റീഡറുമായി ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് ജനുവരിയില്‍ രണ്ടു വര്‍ഷമാവുകയാണ്. ഗ്രാഫിക് ഡിസൈനിങ്ങും പേജ് സെറ്റിങ്ങും ചെയ്യാനിഷ്ടമാണ്. എന്റെ കഥയിലെ കഥകള്‍ എന്ന പുസ്തകത്തിന്റെ കവര്‍പേജ് ഞാന്‍ തന്നെയാണ് ഡിസൈന്‍ ചെയ്തത്. ഫോട്ടോ എഡിറ്റിങ് പഠിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. ഇപ്പോള്‍ ഒരു നോവല്‍ എഴുതുന്നുണ്ട്. അത് പൂര്‍ത്തിയാക്കി പ്രസിദ്ധീകരിക്കണം. ഇനിയും കഥകളെഴുതണം.
ചില സമയങ്ങളില്‍ എന്റെ മനസ്സ് തളരുമ്പോള്‍ ഞാനെന്നോടു തന്നെ പറയും, ശാരീരികപ്രയാസങ്ങളെ മാറ്റാൻ എന്നെക്കൊണ്ട് കഴിയില്ല. അതിനെ അംഗീകരിച്ച് അവസാനം വരെ പോരാടി ജീവിക്കുക എന്നതാണ് ഇനിയെനിക്ക് മുമ്പിലുള്ള വഴി. ഞാനെന്ന ഒരാള്‍ ഇവിടെ ജീവിച്ചിരുന്നു എന്ന് കുറച്ച് പേരെങ്കിലും ഓര്‍ക്കണം. എന്നെക്കൊണ്ട് കഴിയുന്ന പോലെ എന്റെ സ്വപ്നങ്ങള്‍ നേടിയെടുക്കണം. ലക്ഷ്യങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കുംവരെ ആരേയും അറിയിക്കാതെ ഉള്ളില്‍ സൂക്ഷിക്കുക. എത്ര വലിയ പ്രശ്‌നം വന്നാലും ആഗ്രഹത്തിന്റെ കനല്‍ കെട്ടുപോവാന്‍ അനുവദിക്കരുത്''.
വെല്ലുവിളികളെ അംഗീകരിച്ചുകൊണ്ടുതന്നെ അതിനെ അതിജീവിക്കുകയാണ് സാന്ദ്ര. ശരീരത്തിന്റെ തളര്‍ച്ച അവളുടെ മനസ്സിനെ ബാധിച്ചിട്ടില്ല. മറിച്ച് കൂടുതല്‍ കരുത്തേകുകയായിരുന്നു. ഒരുപാട് ദൂരം എത്തിപ്പിടിക്കാനുണ്ട്, കീഴടക്കാനുണ്ട്, എഴുതി നേടാനുണ്ടവള്‍ക്ക്.
Content Highlights: cerebral palsy survivor writer sandra raju's story