ഗുരുവായൂർ കേശവന്റെ ആ ചിത്രമെടുത്ത പെപിത സേത്ത്‌; ഈ ബ്രിട്ടീഷുകാരി മലയാളത്തിന്റെ മകളായതിങ്ങനെ

#കെ. വിശ്വനാഥ്
പെപിത സേത്ത് / ഫോട്ടോ: പി.ജയേഷ്‌
പെപിത സേത്ത് / ഫോട്ടോ: പി.ജയേഷ്‌

ചിലരെ ജൻമാന്തരങ്ങൾക്കപ്പുറത്തുനിന്നെന്നപോലെ മറുദേശങ്ങൾ വിളിക്കും. അലഞ്ഞലഞ്ഞ് അവരവിടെ എത്തിച്ചേരും. പിന്നീട് ആ ദേശവുമായി അലിഞ്ഞുചേരും. ബ്രിട്ടീഷുകാരിയായ പെപിത സേത്ത് മലയാളത്തിന്റെ മകളായത് അങ്ങനെയാണ്. കേരളത്തിനോടുള്ള സ്‌നേഹത്തിനുള്ള പ്രതിഫലമായി ഒടുവിൽ ഇന്ത്യൻ പൗരത്വവും. ഇന്ത്യൻ പൗരത്വം സ്വീകരിക്കാനുള്ള പെപിതയുടെ തീരുമാനത്തിന് ഔദ്യോഗിക അംഗീകാരമായി. വെള്ളിയാഴ്ച നടന്ന ചടങ്ങിൽ തൃശ്ശൂർ കളക്ടർ അർജുൻ പാണ്ഡ്യനിൽനിന്നാണ് അവർ പൗരത്വ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്.

ചന്ദനക്കുറിയും പൊട്ടും തൊട്ട് കഴുത്തിൽ ഗുരുവായൂരപ്പന്റെ ചിത്രമുള്ള മാലയുമണിഞ്ഞെത്തിയ അവരെക്കണ്ടപ്പോൾ അറിയാതെ തലകുനിച്ചുപോയി. ചുവടുകളിൽ തെളിയുന്ന നൃത്തത്തഴക്കത്തോടെ ഗുരുവായൂരപ്പന്റെ സന്നിധിയിലേക്ക് അവർ വന്നു. കൈകൂപ്പിനിൽക്കുമ്പോൾ കണ്ണുകളിൽ ഭക്തിയുടെ നിർവൃതി. പെപിതസേത്ത് -ജന്മം കൊണ്ട് ബ്രിട്ടീഷുകാരി. അജ്ഞാതമായ ചില ചോദനകൾ ഇന്ത്യയിലേക്ക് വലിച്ചടുപ്പിക്കുകയും പിന്നീട് കേരളത്തിലെത്തി എല്ലാ അർഥത്തിലും ഇവിടത്തുകാരിയായി മാറുകയും ചെയ്തു. അരനൂറ്റാണ്ടോളമായി പെപിത ദൈവങ്ങളുടെ സ്വന്തംനാട്ടിലാണ് ജീവിക്കുന്നത്. ഇവിടത്തെ ക്ഷേത്രങ്ങളുടെ ചുറ്റുവട്ടമാണ് പെപിതയുടെ ആരൂഢം.

ക്ഷേത്രകലകളെക്കുറിച്ച് ആഴത്തിൽ പഠിക്കുകയും ഇംഗ്ലീഷിൽ പുസ്തകങ്ങളെഴുതുകയും ചെയ്ത പെപിതയെ 2012-ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചിരുന്നു. 'യൂണിവേഴ്‌സ് ഓഫ് കേരളാസ് ഗുരുവായൂർ ടെമ്പിൾ' എന്നപേരിൽ പെപിത രചിച്ച ചിത്രപുസ്തകം ലോകമെമ്പാടും ഒരുപാട് കോപ്പികൾ വിറ്റഴിഞ്ഞു. 1972-ൽ ആദ്യമായി കേരളത്തിലെത്തിയ സമയത്ത് പെപിത തന്റെ നിക്കോൺ ക്യാമറയിൽ പകർത്തിയ ഫോട്ടോയാണ് ഗുരുവായൂരപ്പന്റെ പ്രിയപ്പെട്ട ഗജവീരൻ കേശവനെ ലോകപ്രസിദ്ധനാക്കിത്തീർത്തത്. മദപ്പാടോടെ നിൽക്കുന്ന ആ ഫോട്ടോയാണ് ഇന്നും ലോകത്തിനുമുന്നിൽ കേശവൻ ഐഡന്റിറ്റി. ഈയിടെയാണ് ലണ്ടൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന റോയൽ ഏഷ്യാറ്റിക് സൊസൈറ്റിയുടെ റിച്ചാർഡ് ബർട്ടൻ മെഡൽ പെപിതയെ തേടിയെത്തിയത്. അന്താരാ ഷ്ട്ര തലത്തിൽത്തന്നെ വലിയ അംഗീകാരമായ ഈ പുരസ്‌കാരവും പെപിത ഗുരുവായൂരപ്പനും കേരളത്തിലെ ജനങ്ങൾക്കുമാണ് സമർപ്പിക്കുന്നത്.

ഇംഗ്ലീഷുകാരിയായ പെപിത എങ്ങനെയാണ് കേരളത്തിന്റെ മകളായി മാറിയത്?
(ഉച്ചത്തിലുള്ള ഒരു ചിരിയോടെയാണ് ഈ ചോദ്യത്തിന് പെപിതയുടെ മറുപടി) എന്റെ ഒരു സുഹൃത്ത് പറഞ്ഞതുപോലെ ദൈവത്തിന് സംഭവിച്ച ഒരു ഒരു 'പോസ്റ്റൽ പിഴവ്' ആയിരിക്കും എന്റെ ജനനം. കേരളത്തിൽ ജനിക്കേണ്ടിയിരുന്ന ഞാൻ ദൈവത്തിന് വിലാസം മാറിപ്പോയതുകൊണ്ട് ഇംഗ്ലണ്ടിൽപ്പോയി ജനിച്ചു. ഇംഗ്ലണ്ടിന്റെ കിഴക്കുഭാഗത്തുള്ള കൗണ്ടിയായ സഫോക്കിലായിരുന്നു ജനനം. അവിടെയായിരുന്നു എന്റെ ബാല്യ-കൗമാരങ്ങൾ. അച്ഛൻ വിക്ടർ റാംസെ, അമ്മ ക്രിസ്റ്റ്യൻ ഇർബി. അച്ഛൻ നേവിയിലായിരുന്നു.

രണ്ടാംലോകയുദ്ധത്തിനുശേഷം സഫർ കൗണ്ടിയിൽ ഭൂമിവാങ്ങി മാതാപിതാക്കൾ കൃഷി തുടങ്ങി. മാതാപിതാക്കൾ എന്നെയൊരു സെക്രട്ടറിയാക്കണമെന്നായിരുന്നു ആഗ്രഹിച്ചിരുന്നത്. എനിക്കതിൽ താത്പര്യമില്ലായിരുന്നു. പതിനഞ്ചാം വയസ്സിൽ പഠനം നിർത്തി. സിനിമയോടായിരുന്നു എനിക്ക് താത്പര്യം. ചെറിയ കമ്പനികളിൽ പോയി സിനിമ പഠിച്ചു. പിന്നെ ഫിലിം എഡിറ്ററായി ജോലിചെയ്യാൻ തുടങ്ങി. ഒപ്പം, മാതാപിതാക്കളെ കൃഷിയിൽ സഹായിക്കു

കയും അതിനെക്കുറിച്ച് പഠിക്കുകയും ചെയ്തുകൊണ്ടിരുന്നു. അതിലെനിക്ക് താത്പര്യവും വന്നുതുടങ്ങിയിരുന്നു. പക്ഷേ, അതിലൊക്കെ എങ്ങനെ ഉറച്ചുനിൽക്കാനാണ്? എന്നെ കേരളം വിളിക്കുന്നുണ്ടായിരുന്നു! ഇന്നെനിക്ക് ഇംഗ്ലണ്ടിൽ ബന്ധുക്കളാരുമില്ല. മാതാപിതാ ക്കളും അനിയനുമെല്ലാം മരിച്ചു. പൂർണമായും ഇപ്പോൾ ഞാനൊരു മലയാളിയാണ്.

ഇന്ത്യയിലേക്ക് വന്നതെങ്ങനെയാണന്ന് പറഞ്ഞില്ല
എഴുപതുകൾ ബ്രിട്ടനിലെയും മറ്റും ചെറുപ്പക്കാർ ലോകസഞ്ചാരത്തിന് ഇറങ്ങിപ്പുറപ്പെട്ട കാലമായിരുന്നു. ലണ്ടനിൽനിന്ന് ഡൽഹിവരെയുള്ള ഒരു ബസ് സർവീസ് വരെ അന്നുണ്ടായിരുന്നു. ഓവർലാൻഡ് എക്‌സ്പ്രസെന്നായിരുന്നു അതിന്റെ പേര്. മുകൾഭാഗത്ത് ഉറങ്ങാനുള്ള ബെർത്തുകളും താഴെ സീറ്റുകളുമായിരുന്നു അതിന്. ആ സമയത്ത് ഞാൻ അമ്മയുടെ മുത്തച്ഛൻ ഡയറി കാണാനിടയായി. അത് എന്റെ ജീവിതത്തിൽ വഴിത്തിരിവായി. അമ്മ മരിച്ചതിനുശേഷം ഞാനാകെ ആശയക്കുഴപ്പത്തിലായിരുന്ന സമയത്താണ് ആ ഡയറി എനിക്കുകിട്ടിയത്.

ബ്രിട്ടീഷ് ആർമിയിലായിരുന്ന എന്റെ മുത്തച്ഛൻ 1884-ൽ ഒരു കപ്പലിൽ ചൈനയിലേക്ക് പുറപ്പെട്ടതായിരുന്നു. ഇന്ത്യൻ തീരത്തിനടുത്തുവെച്ച് ആ കപ്പൽ തകർന്നു. അതിലുണ്ടായിരുന്നവരെല്ലാം കടലിൽച്ചാടി നീന്തി. അങ്ങനെ കൊൽക്കത്തയിൽപ്പെട്ടു. അവിടെനിന്ന് മുത്തച്ഛനും കൂട്ടുകാരും ലഖ്‌നൗവരെ പോ യതിന്റെ വിവരണങ്ങൾ ഡയറിയിലുണ്ടായിരുന്നു. മുത്തച്ഛൻ ഹൃദ്യമായ ഭാഷയിലെഴുതിയ ആ വിവരണമാണ് എന്നെ ഇന്ത്യയിലേക്ക് വരാൻ ആദ്യം പ്രേരിപ്പിച്ചത്. എന്റെ 27-ാം വയസ്സിലായിരുന്നു അത്.

ആദ്യം വിമാനത്തിൽ മുംബൈയിൽ വന്നു. അവിടെനിന്ന് കൊൽക്കത്തയിലേക്ക് വന്നു. പിന്നെ മുത്തച്ഛന്റെ കാൽപ്പാടുകൾ പിന്തുടർന്ന് ലഖ്‌നൗവിലേക്ക് തിരിച്ചു. അതൊരു ജൂലായ് മാസമായിരുന്നു. ബനാറസിലെത്തിയപ്പോൾ കടുത്ത ചൂടായിരുന്നു. അതുകാരണം എനിക്ക് അസുഖം വന്നു. അവിടത്തെ ഒരു ലോഡ്ജിൽ മുറിയെടുത്ത് പനിച്ചുകിടക്കുമ്പോൾ അപരിചിതനായ ഒരാൾ എന്നെ പരിചരിക്കാനായിവന്നു. അതൊരു തുടക്കമായിരുന്നു.

പിന്നീട് ഇന്ത്യയിൽ എവിടെപ്പോയാലും ആ സ്‌നേഹവും പരിചരണവും എനിക്കുകിട്ടി. അപരിചിതയായ എനിക്കുനേരെ ഈ നാട്ടുകാർ നീട്ടിയ സഹായഹസ്തം ഇന്നുമുണ്ട്. അതുകൊണ്ടാണ് ഞാൻ പിന്നെയും പിന്നെയും ഈ നാട്ടിലേക്ക് വന്നതും ഒടുവിൽ എന്റെ നാടാക്കി മാറ്റിയതും. ഈരാജ്യത്ത് ഞാനൊരിക്കലും ഒറ്റയ്ക്കായിപ്പോയിട്ടില്ല.

ആ സമയത്തുതന്നെയാണോ കേരളത്തിൽ വന്നത്?
അല്ല. രണ്ടരമാസം നീണ്ട ആദ്യ ഇന്ത്യൻ പര്യടനം കഴിഞ്ഞ് ലണ്ടനിലേക്ക് തിരിച്ചുപോയെങ്കിലും ഇന്ത്യ എന്നെ നിരന്തരം വിളിച്ചുകൊണ്ടിരിക്കുന്നതുപോലെ തോന്നി. 1972-ലാണ് രണ്ടാം തവണ ഞാൻ ഇന്ത്യയിൽ വന്നത്. ആദ്യമായി കേരളത്തിൽ എത്തിപ്പെട്ടതും അന്നാണ്. കേരളത്തോട് അന്നുതുടങ്ങിയ പ്രണയം ഒരിക്കലും അവസാനിച്ചില്ല. ഇപ്പോൾ കേരളം വിട്ട് പുറത്തുപോവുന്നതുതന്നെ വിരളമാണ്. എന്തു കൊണ്ടോ ഇവിടത്തെ ക്ഷേത്രങ്ങളും അവയുമായി ബന്ധപ്പെട്ട കലാരൂപങ്ങളും എന്നെ വല്ലാതെ ആകർഷിച്ചുപോയി. അതുതന്നെയാണ് എന്റെ ജീവിതം മാറ്റിമറിച്ചത്. കേരളത്തിലെ ഭക്ഷണവും വസ്ത്രങ്ങളും ജീവിതരീതിയുമെല്ലാം പെട്ടെന്നുതന്നെ എന്നിലേക്ക് വന്നുചേരുകയായിരുന്നു. ഇവിടത്തെ ശൈലിയിലുള്ള ഭക്ഷണം പാകംചെയ്യാനും ഞാൻ പെട്ടെന്ന് പഠിച്ചു.

പേരിനൊപ്പം സേത്ത് എന്നു വന്നുചേർന്നത് എങ്ങനെയാണ്
ഡൽഹിയിൽ വെച്ച് അഭിനേതാവായിരുന്ന റോഷൻ സേത്തിനെ പരിചയപ്പെട്ടു. റിച്ചാർഡ് അറ്റൻബറോയുടെ 'ഗാന്ധി' എന്ന വിശ്വപ്രസിദ്ധമായ സിനിമയിൽ ജവാഹർലാൽ നെഹ്രുവിന്റെ റോളിൽ അഭിനയിച്ച സേത്തിലേക്ക് എന്നെ അടുപ്പിച്ചത് സിനിമ തന്നെയായിരിക്കണം. ആ അടുപ്പം വിവാഹത്തിലാണ് കലാ ശിച്ചത്. പിന്നീട് ഞങ്ങൾ പിരിഞ്ഞു. കേരളത്തിൽത്തന്നെ ജീവിക്കാനുള്ള ആഗ്രഹമായിരിക്കും ഒരുപക്ഷേ, ആ വേർപിരിയലിനുള്ള കാരണവും. സേത്ത് ഡൽഹിയിലാണ് താമസം.

ഗുരുവായൂർ അമ്പലത്തെക്കുറിച്ച് പുസ്തകമെഴുതാനുള്ള കാരണമെന്തായിരുന്നു?
ഗുരുവായൂർ കേശവൻ ഫോട്ടോയെടുത്ത ശേഷം ഇവിടത്തെ ഓരോ കാഴ്ചകളും എന്നെ വിസ്മയിപ്പിച്ചുകൊണ്ടിരുന്നു. അതെല്ലാം ക്യാമറയിൽ പകർത്തി. പിന്നീട് അതിനെക്കുറിച്ചെല്ലാം എഴുതാനും തുടങ്ങി. ഗുരുവായൂരപ്പനുള്ള എന്റെ വഴിപാടായിരുന്നു ആ പുസ്തകം.

പെപിത സേത്ത് പകർത്തിയ ഗുരുവായൂർ കേശവന്റെ ചിത്രം

വേറെയും രണ്ടുമൂന്നു പുസ്തകങ്ങൾകൂടി എഴുതിയിട്ടുണ്ട് അല്ലേ?
'ദ എഡ്ജ് ഓഫ് ദ അനദർ വേൾഡ്' എന്നപേരിലൊരു നോവലെഴുതി. ഇപ്പോൾ തെയ്യങ്ങളെയും തെയ്യം കലാകാരൻമാരെയും കുറിച്ച് സമഗ്രമായ ഒരു പുസ്തകമെഴുതിക്കഴിഞ്ഞു. ഇംഗ്ലണ്ടിലാണ് അതുപ്രസിദ്ധീകരിക്കുന്നത്. തെയ്യം ആദ്യമായി കാണാനിടയായപ്പോൾ ഞാൻ ചിന്തിച്ചു, തെയ്യം കലാകാരന്മാരുടെ മനസ്സ് പുറത്ത് നമ്മൾ കാണുന്ന തെയ്യം കാഴ്ചകളെക്കാൾ എത്രത്തോളും നാടകീയമായിരിക്കുമെന്ന്. അങ്ങനെയാണ് ഞാനതിനെക്കുറിച്ച് പഠിക്കാൻ തുടങ്ങിയത്. തെയ്യം അസാധാരണമായ കലയാണ്. അതെന്നെ ശരിക്കും വിസ്മയിപ്പിച്ചു കളഞ്ഞു. വല്ലാത്ത ആത്മാർപ്പണവും സഹനവും ആവശ്യമായ കല. 12 വർഷം അതിനെക്കുറിച്ച് പഠിച്ചു. തെയ്യം നടക്കുന്നിടത്തെല്ലാം താമസിച്ച് ഉറക്കമൊഴിഞ്ഞ് കണ്ടു. വളരെ സങ്കീർണമായ പ്രക്രിയയായിരുന്നു ആ പുസ്തകത്തിന്റെ രചന. ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രത്തിലെ കർമി ഗംഗാധരൻ, തെയ്യങ്ങളെക്കുറിച്ചുള്ള പഠനത്തിൽ എന്നെ ഒരുപാട് സഹായിച്ചിരുന്നു.

ഗുരുവായൂർ കേശവനെ ലോകത്തിനുമുന്നിലെത്തിച്ച ഫോട്ടോയെടുത്തത് ഓർമയുണ്ടോ?
കേരളത്തിൽ ആദ്യമായിവന്ന് ദിവസങ്ങൾക്കുള്ളിലായിരുന്നു അത്. ഗുരുവായൂർ അമ്പലത്തിലെ ആന മദപ്പാടോടെ നിൽക്കുന്നു എന്നറിഞ്ഞപ്പോൾ കൗതുകത്തോടെ ചെന്നതായിരുന്നു. അന്ന് ഇന്നത്തെ ആനത്താവളമൊന്നും ആരംഭിച്ചിട്ടില്ല. തെക്കേനടയിലെ സാമൂതിരി പറമ്പിലായിരുന്നു കേശവൻ ഉൾപ്പെടെയു ള്ള ഗജരാജൻമാരെ തളച്ചിരുന്നത്. അതായത് ഇന്നത്തെ ശ്രീവത്സം ഗസ്റ്റ്ഹൗസൊക്കെ ഉള്ളയിടത്താണത്. അവിടെത്തന്നെയാണ് ഇപ്പോൾ കേശവന്റെ പ്രതിമയുമുള്ളത്. ക്യാമറയുമായിവരുന്ന എന്നെ കണ്ടപ്പോൾ കേശവൻ മണ്ണും പനമ്പട്ടയും വാരി ദേഹത്തേക്കെറിഞ്ഞു. എല്ലാവരും പേടിച്ചുപോയി. എന്നാൽ, മണ്ണ് എന്റെ ശരീരത്തിൽ പതിയുന്നതിനുമുമ്പ് ഞാൻ ക്ലിക്ക് ചെയ്തു. അതാണ് ഈ ഫോട്ടോ. അതും ഗുരുവായൂരപ്പൻ എന്നെയേൽപ്പിച്ച നിയോഗമായിരിക്കണം.

സ്വന്തം നാടുവിട്ട് ഇവിടെവന്ന് ജീവിക്കുമ്പോൾ ചിലപ്പോഴെങ്കിലും നഷ്ടബോധം തോന്നിയിട്ടുണ്ടാവുമല്ലേ
ഒരിക്കലുമില്ല. ഈനാട്ടിലെ കാഴ്ചകൾ കണ്ടു തീർന്നിട്ടില്ല. പെരുവനം പൂരം, ആറാട്ടുപുഴ പൂരം അങ്ങനെ ഒരുപാട് പൂരങ്ങൾ, തെയ്യം പോലുള്ള കലാരൂപങ്ങൾ, ഒരുപാട് മനോഹരമായ ക്ഷേത്രങ്ങൾ, അതിഥികളെ സ്വീകരിക്കുന്നതിൽ തത്പരരായ മനുഷ്യർ -ഈ നാടിനെ മടുത്തിട്ടുവേണ്ടേ നഷ്ടബോധം തോന്നാൻ.

സംസാരിച്ചുനടക്കുന്നതിനിടെ ഗുരുവായൂർ ക്ഷേത്രത്തിനരികിലുള്ള കേശവൻ ശില്പത്തിനുമുന്നിലെത്തി. തലയുയർത്തിനിൽക്കുന്ന കേശവനുനേരെ വാത്സല്യം തുളുമ്പുന്ന കണ്ണുകളോടെ നോക്കി പെപിത കൈയുയർത്തി. ആ കൈകൾ നെഞ്ചിലേക്കുചേർത്തു. കേരളത്തെയാകെ നെഞ്ചോടു ചേർത്തുനിർത്തുംപോലെ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Discover the inspiring journey of Pepita Seth, a British woman who found her home in Kerala, embracing its culture and becoming an Indian citizen. Learn about her Padma Shri award and love for temple arts.