3,300 കോടിയുടെ ബിസിനസ്; എന്നിട്ടും താനൊരു മോശം ബിസിനസുകാരനാണെന്ന് അരവിന്ദ് സ്വാമി

അരവിന്ദ് സ്വാമി
അരവിന്ദ് സ്വാമി

തൊണ്ണൂറുകളിൽ തെന്നിന്ത്യൻ സിനിമാപ്രേമികളുടെ ഹൃദയം കവർന്ന ചോക്ലേറ്റ് നായകനായിരുന്നു അരവിന്ദ് സ്വാമി. എന്നാൽ പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴാണ് അഭിനയത്തിൽ നിന്ന് ഒരു ഇടവേളയെടുത്ത് അദ്ദേഹം ബിസിനസ് ലോകത്തേക്ക് കടക്കുന്നത്. ഇന്ന് കോടികൾ മൂല്യമുള്ള ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനാണ് അദ്ദേഹം. എന്നാൽ അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ, താനൊരു 'നല്ല ബിസിനസുകാരനല്ല' എന്നാണ് അരവിന്ദ് സ്വാമി തുറന്നുപറഞ്ഞത്.

ഡോക്ടറാകാനായിരുന്നു അരവിന്ദ് സ്വാമിയുടെ ആഗ്രഹം. അപ്പോളോ ഹോസ്പിറ്റൽസ് സ്ഥാപകൻ ഡോ. പ്രതാപ് സി. റെഡ്ഡിയുടെ ജീവിതമായിരുന്നു അദ്ദേഹത്തിന് പ്രചോദനം. എന്നാൽ വ്യവസായിയായ പിതാവ് വി.ഡി. സ്വാമിയുടെ നിർബന്ധപ്രകാരം ബിസിനസ് പഠനത്തിലേക്ക് തിരിയുകയായിരുന്നു.

1991-ൽ മണിരത്നത്തിന്റെ 'ദളപതി'യിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ 'റോജ' എന്ന ചിത്രത്തിലൂടെയായിരുന്നു റോമാന്റിക് ഹീറോ ആയുള്ള പരിവേഷം. തുടർന്ന് 'ബോംബെ', 'മിൻസാര കനവ്', മലയാളത്തിൽ 'ദേവരാഗം' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി. സിനിമയെക്കുറിച്ചും അഭിനയത്തെക്കുറിച്ചും കൂടുതൽ പഠിക്കുക എന്നതിനപ്പുറം ഒരു 'സൂപ്പർ സ്റ്റാർ' ആകാൻ താൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്ന് അദ്ദേഹം പറയാറുണ്ട്.

അതിന് ശേഷം തൃപ്തികരമായ കഥാപാത്രങ്ങൾ ലഭിക്കാതെ വന്നതോടെയാണ് അഭിനയത്തിൽ നിന്ന് താൽക്കാലിക ഇടവേളയെടുത്ത് അരവിന്ദ് സ്വാമി ബിസിനസിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. വി.ഡി. സ്വാമി ആൻഡ് കമ്പനി, പ്രോലീസ് ഇന്ത്യ, ഇന്റർപ്രോ ഗ്ലോബൽ തുടങ്ങിയ സ്ഥാപനങ്ങളുടെ തലപ്പത്ത് പ്രവർത്തിച്ചു. പിന്നീട് Talent Maximus India എന്ന സ്ഥാപനം ആരംഭിച്ചു. 2022-ലെ കണക്കനുസരിച്ച് ഏകദേശം 3,300 കോടി രൂപ മൂല്യമുള്ള കമ്പനിയായി ഇത് വളർന്നു.

ബിസിനസിൽ സജീവമായിരിക്കെ ഒരു അപകടം നടനെത്തേടിയെത്തി. നട്ടെല്ലിന് ഗുരുതരമായി പരിക്കേൽക്കുകയും കാലുകൾ തളർന്നുപോവുകയും ചെയ്തു. നാലഞ്ച് വർഷത്തെ ‌ചികിത്സകൾക്കും വിശ്രമത്തിനും ശേഷമാണ് അദ്ദേഹം വീണ്ടും നടക്കാൻ തുടങ്ങിയത്.

ശരീരഭാരം കൂടുകയും ആരോഗ്യപ്രശ്നങ്ങൾ നേരിടുകയും ചെയ്ത സമയത്ത് മണിരത്നം തന്നെയാണ് അദ്ദേഹത്തെ വീണ്ടും സിനിമയിലേക്ക് ക്ഷണിക്കുന്നത്. 2013-ൽ പുറത്തിറങ്ങിയ 'കടൽ' എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയ അദ്ദേഹം, 2015-ൽ പുറത്തിറങ്ങിയ 'തനി ഒരുവൻ' എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ സിനിമയിൽ ശക്തമായ രണ്ടാം ഇന്നിങ്ങ്സ് കുറിച്ചു.

'ട്രൂലി റാം' പോഡ്‌കാസ്റ്റിൽ സംസാരിക്കവെയാണ് താൻ ഒരു നല്ല ബിസിനസുകാരനല്ലെന്ന് അദ്ദേഹം പറഞ്ഞത്. "എന്റെ പ്രധാന താൽപ്പര്യം ഒരു പ്രശ്നത്തിന് പരിഹാരം കണ്ടെത്തുക എന്നതിലാണ്. ഒരു പ്രശ്നത്തിന് പരിഹാരം കണ്ടുപിടിച്ചാൽ, ബിസിനസ് നടപ്പിലാക്കാൻ മറ്റു ആളുകളുണ്ട്. ദിവസേനയുള്ള ബിസിനസ് നടത്തിപ്പിൽ എനിക്ക് വലിയ താൽപ്പര്യമില്ല. കേവലം ലാഭം മാത്രം ലക്ഷ്യമിട്ട് ഒരു കാര്യം ചെയ്യാൻ എനിക്കറിയില്ല. ആ അർത്ഥത്തിലാണ് ഞാൻ എന്നെ ഒരു മോശം ബിസിനസുകാരൻ എന്ന് വിളിക്കുന്നത്."

കടമെടുത്ത് ബിസിനസ് വളർത്തുന്ന രീതിയോട് തനിക്ക് താൽപ്പര്യമില്ലെന്നും കടബാധ്യതകൾ പരമാവധി ഒഴിവാക്കാനാണ് താൻ ശ്രമിക്കാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ മകൻ രുദ്രയുമായി ചേർന്ന് AI അധിഷ്ഠിത സാങ്കേതികരംഗത്ത് പ്രവർത്തിക്കുകയാണ് അരവിന്ദ് സ്വാമി.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Arvind Swamy built a business empire valued at around Rs 3,300 crore., He considers himself a bad businessman because he focuses on problem-solving rather than daily operations or profit-making., He overcame a severe spinal injury that left him paralyzed for years before making a strong cinematic comeback., Currently, he is exploring AI-based technology sectors along with his son Rudra.