പിആറിന് നൽകിയത് 16 ലക്ഷമല്ല, വെളിപ്പെടുത്തി അനുമോൾ, പകുതി അഡ്വാൻസ് കൊടുത്തു, ബാക്കി പിന്നെ

ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ കിരീടം നേടിയ അനുമോൾ നിരന്തരം നേരിട്ടിരുന്ന ആരോപണമാണ് വിജയിക്കാനായി പ്രൊഫഷണൽ പിആറിനെ സമീപിച്ച് വൻതുക ചെലവിട്ടുവെന്നത്. പിആറിന്റെ ബലംകൊണ്ടാണ് അനുമോൾ വിജയിച്ചതെന്ന് ഹൗസിനുള്ളിലും പുറത്തും പല കോണുകളിൽ നിന്ന് ആരോപണമുണ്ടായി. 16 ലക്ഷം രൂപ പിആറിനായി അവർ ചെലവഴിച്ചുവെന്നതായിരുന്നു പ്രധാന ആരോപണം.
ഇത് പരസ്യമായി നിഷേധിച്ചിരിക്കുകയാണ് അനുമോൾ ഇപ്പോൾ. വിജയത്തിന് ശേഷം നൽകിയ അഭിമുഖത്തിൽ, തന്റെ പിആർ പിന്തുണ എത്രത്തോളമായിരുന്നുവെന്ന് അവർ വ്യക്തമാക്കി. "വിവിധ പിആർ ടീമുകൾക്ക് 16 ലക്ഷം രൂപ ചെലവഴിച്ചാണ് ഞാൻ ഈ കിരീടം നേടിയതെന്ന് പലരും പറയുന്നു. അത് ശരിയല്ല. എന്റെ കയ്യിൽ അത്രയും പണമില്ല. ഷോയിലേക്ക് വരുന്നതിന് തൊട്ടുമുമ്പാണ് പിആറിനെപ്പറ്റി ഞാൻ അറിഞ്ഞത്. ബിഗ് ബോസിൽ പങ്കെടുക്കുന്ന എല്ലാവർക്കും പിആർ പിന്തുണയുണ്ടെന്ന് എന്നോട് പറഞ്ഞു. അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലാത്തതുകൊണ്ട് എനിക്ക് അല്പം പേടി തോന്നി."-ഏഷ്യാനെറ്റിനു നൽകിയ അഭിമുഖത്തിൽ അനുമോൾ പറഞ്ഞു.
"അങ്ങനെ ഞാൻ അത്തരമൊരു പിആർ വ്യക്തിയുടെ കോൺടാക്റ്റ് സംഘടിപ്പിച്ച് അവരോട് വില ചോദിച്ചു. അവർ 15 ലക്ഷം രൂപ പറഞ്ഞു. പക്ഷെ ഞാനത് എടുത്തില്ല, പകരം ഒരു ലക്ഷം രൂപയുടെ ഓപ്ഷനാണെടുത്തത്. 50,000 രൂപ അഡ്വാൻസായി നൽകി, ബാക്കി 50,000 രൂപ കിരീടം നേടിയതുകൊണ്ട് ഇപ്പോൾ നൽകും. 16 ലക്ഷം രൂപയുടെ പിആർ പേയ്‌മെന്റിനെക്കുറിച്ചുള്ള കഥ ആരാണ് തുടങ്ങിയതെന്നറിയില്ല. ഇതാണ് സത്യം."- അനുമോൾ പറഞ്ഞു.
പരിമിതമായ സാമ്പത്തിക സാഹചര്യങ്ങൾ കാരണമാണ് താൻ ഈ തിരഞ്ഞെടുപ്പ് നടത്തിയതെന്നും അനുമോൾ വിശദീകരിച്ചു.
ഷോയിലെ മറ്റെല്ലാ മത്സരാർത്ഥികളെയും പോലെ തനിക്കും പിആർ സഹായം ഉണ്ടെന്ന് സമ്മതിക്കുന്നതിൽ ഒരു പ്രശ്നവുമില്ല. പക്ഷെ പിആർ പ്രചാരണത്തിന് കൊടുക്കാൻ കയ്യിൽ 15-ഉം 16-ഉം ലക്ഷമുണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കിൽ, ഈ പരിപാടിയിൽ പങ്കെടുക്കുക പോലുമില്ലായിരുന്നുവെന്നും അവർ പറഞ്ഞു. നടിയും അവതാരകയുമാണ് അനുമോൾ. ബിഗ് ബോസ് മലയാളത്തിന്റെ ഏഴാം സീസണിലെ വിജയിയായതോടെ 42.5 ലക്ഷം രൂപയാണവർക്ക് സമ്മാനമായി ലഭിച്ചത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Bigg Boss Malayalam 7 winner Anumol clarifies Rs 16 lakh PR spending allegations. Reveals actual PR cost & her Bigg Boss journey. Read her full statement now