ഇറാന്‍ സൈന്യം പിടിച്ചെടുത്ത കപ്പലിലെ ഏകവനിതാ ജീവനക്കാരി ആന്‍ ടെസ തോക്കിന്‍മുന തൊട്ട നിമിഷങ്ങളിലൂടെ

കോട്ടയം വാഴൂര്‍ കൊട്ടുകാപ്പള്ളി പുതുമനവീട്ടില്‍ ആന്‍ ടെസ ജോസഫ്. ഇസ്രയേലുമായുള്ള സംഘര്‍ഷത്തെത്തുടര്‍ന്ന് ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരി. ബന്ദിയാകലിനൊടുവില്‍ മോചനം. വീട്ടിലേക്ക് മടക്കം. തിരിച്ചെത്തിയ നാള്‍ മുതല്‍ ആനിനെ തേടിയെത്തുന്നുണ്ട് ഒരുപാട് ചോദ്യങ്ങള്‍. തോക്കിന്‍മുനയില്‍ കഴിഞ്ഞ ദിനങ്ങളെക്കുറിച്ച് മാത്രമല്ല, ഇത്രയും ചങ്കൂറ്റത്തോടെ ചെയ്യാനുള്ള ജോലി ഏത് കോഴ്‌സ് പഠിച്ചിട്ടാണ് കിട്ടിയതെന്നാണ് പലര്‍ക്കും അറിയേണ്ടത്.
കടലിടുക്കിലെ യാത്രയില്‍
''ബി.എസ്.സി. നോട്ടിക്കല്‍ സയന്‍സാണ് ഞാന്‍ പഠിച്ചത്. പപ്പയ്ക്ക് മര്‍ച്ചന്റ് നേവിയിലാണ് ജോലി. ഈ കോഴ്‌സ് തിരഞ്ഞെടുക്കാന്‍ അതും ഒരു കാരണമായി.'' ആന്‍ ടെസ പറയുന്നു. ഇസ്രയേല്‍ ശതകോടീശ്വരന്‍ ഇയാല്‍ ഓഫറിന്റെ സോഡിയാക് ഗ്രൂപ്പിന്റെ ഭാഗമായ സോഡിയാക് മാരിടൈം കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലിലായിരുന്നു ടെസയ്ക്ക് ജോലി. ഇറ്റാലിയന്‍-സ്വിസ് കമ്പനിയായ എം.എസ്.സി.ക്കായിരുന്നു കപ്പലിന്റെ നടത്തിപ്പ്. ഇസ്രയേലുമായുള്ള സംഘര്‍ഷത്തെത്തുടര്‍ന്ന് ഏപ്രില്‍ പാതിയോടെ ഇറാന്‍ കമാന്‍ഡോകള്‍ കപ്പല്‍ പിടിച്ചെടുത്തു.
''അബുദാബിയില്‍നിന്ന് ചരക്കുകയറ്റി മുംബൈ നവഷേവ തുറമുഖത്തേക്ക് സഞ്ചരിക്കുകയായിരുന്നു കപ്പല്‍. നവഷേവയിലെത്തിയ ശേഷം നാട്ടിലേക്ക് വരാനായിരുന്നു എന്റെ തീരുമാനം. കപ്പല്‍ ഹോര്‍മുസ് കടലിടുക്കിലൂടെ യാത്ര തുടര്‍ന്നു. ഏപ്രില്‍ 13-ന് രാവിലെ, കപ്പല്‍ നിയന്ത്രിക്കുന്ന സ്ഥലമായ ബ്രിജിലേക്കെത്താന്‍ ഓഫീസര്‍ ഫോണില്‍ ആവശ്യപ്പെട്ടു. അതിനായി എന്റെ കാബിനില്‍നിന്ന് പുറത്തിറങ്ങിയപ്പോള്‍ പുറത്ത് തോക്കുധാരിയായ ഒരാള്‍. അപ്പോഴേ സംശയം തോന്നി. പെട്ടെന്ന് കാബിനില്‍ കയറി വാതില്‍ അടച്ചു. വീണ്ടും ഓഫീസറുടെ വിളിയെത്തി. ധൈര്യം സംഭരിച്ച് കാബിനില്‍ നിന്നിറങ്ങി അവിടേക്ക് നടന്നു. അവിടെ എത്തിയപ്പോഴാണ് കാര്യം മനസ്സിലാകുന്നത്.'' ആന്‍ ആ ഭയപ്പാടിന്റെ ദിനം ഓര്‍ക്കുന്നു.
കൃപയുടെ കരുത്തില്‍
''കപ്പലിലെ 25 ജീവനക്കാരും ബ്രിജിലുണ്ട്. ഇറാന്‍ സൈന്യം കപ്പല്‍ പിടിച്ചെടുത്തിരിക്കുന്നു. ഒരുതരത്തിലും പ്രതിരോധിക്കാന്‍ ശ്രമിക്കരുത് എന്ന് ക്യാപ്റ്റന്‍ മുന്നറിയിപ്പു തന്നു. ഇരുപതോളം പട്ടാളക്കാരുണ്ട്. രണ്ട് ഹെലികോപ്റ്ററുകളിലായാണ് അവര്‍ എത്തിയത്.
വീടിന്റെ അകത്തളത്തില്‍ കുട്ടിക്കാലം മുതല്‍ കണ്ടുശീലിച്ച ആ വാക്കുകളാണ് ധൈര്യം നല്‍കിയത്-എന്റെ കൃപ നിനക്ക് മതി.''
ആശങ്കയുടെ ദിവസങ്ങള്‍. ചര്‍ച്ചകളും സന്ധിസംഭാഷണങ്ങളും. കപ്പലിലെ ഏക വനിതാ ജീവനക്കാരിയായ ആനിന്് ഒടുവില്‍ മോചനം. തുറമുഖനഗരമായ ബന്ദര്‍ അബ്ബാസില്‍ നിന്ന് ടെഹ്‌റാനിലേക്ക് ആന്‍ എത്തി. ശേഷം ദോഹ വഴി കൊച്ചിയില്‍.
''എല്ലാവരോടും നന്ദിയുണ്ട്. സങ്കടം ബാക്കിയുള്ളവരെക്കുറിച്ചാണ്. അവരും സുരക്ഷിതരായി വീടുകളിലെത്തണമെന്നാണ് പ്രാര്‍ഥന.''
തേടിയെത്തിയ അവസരം
പൊതു എന്‍ട്രന്‍സിന്റെ അടിസ്ഥാനത്തിലാണ് കൊച്ചിയിലെ ഇന്ത്യന്‍ മാരിടൈം സര്‍വകലാശാലയില്‍ നോട്ടിക്കല്‍ സയന്‍സ് പഠിക്കാന്‍ ആനിന് അവസരം കിട്ടിയത്. മൂന്നുവര്‍ഷ കോഴ്‌സ്. കാമ്പസ് സെലക്ഷനിലൂടെ ലഭിച്ചതായിരുന്നു കപ്പലില്‍ ഡെക്ക് കേഡറ്റിന്റെ ജോലി. കപ്പല്‍ ബാലന്‍സ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ചീഫ് ഓഫീസറെ സഹായിക്കുന്ന ജോലി. ''ജോലിയില്‍ കയറിയിട്ട് ഒന്‍പതുമാസമേ ആയിട്ടുള്ളൂ. ട്രെയിനിങ് കഴിയാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് സംഭവമുണ്ടായത്.'' ആന്‍ ടെസ പറയുന്നു.
കടന്നുപോയ ദിനങ്ങള്‍
തൃശ്ശൂരില്‍നിന്ന് കുടുംബം കോട്ടയത്ത് വാഴൂരില്‍ പുതിയതായി പണികഴിപ്പിച്ച വീട്ടിലേക്ക് താമസം മാറിയ ദിവസമാണ് ആന്‍ ജോലിചെയ്യുന്ന കപ്പല്‍ ഇറാന്റെ പിടിയിലായത്. എല്ലാദിവസവും കൃത്യമായി വിളിക്കുന്ന ആന്‍ ആ ദിവസം വിളിച്ചില്ല. അച്ഛന്‍ ബിജു ഏബ്രഹാം, അമ്മ ബീന, സഹോദരി ആന്‍ മേരി, സഹോദരന്‍ അലക്‌സ് എന്നിവര്‍ അടങ്ങുന്ന കുടുംബം അതോടെ ടെന്‍ഷനിലായി. കപ്പല്‍ പിടിച്ചെടുത്ത വാര്‍ത്ത പിന്നെയറിഞ്ഞു. ''ഇറാനും ഇന്ത്യയും തമ്മില്‍ വലിയ പ്രശ്‌നമില്ലാത്തതിനാല്‍ ഇറാന്‍ സൈന്യം ഉപദ്രവിക്കില്ലെന്ന് തോന്നിയിരുന്നു...'' ആനിന്റെ അച്ഛനും എണ്ണക്കപ്പല്‍ ഉദ്യോഗസ്ഥനുമായ ബിജു പറയുന്നു.
കടന്നുപോയ ദിനങ്ങളുടെ ആശങ്ക ആനിന്റെ മുഖത്ത് നിഴലിക്കുന്നില്ല. ''ഇഷ്ടത്തോടെ തിരഞ്ഞെടുത്ത ജോലിയാണ്. ഇത്തരം ചെറിയ തിരിച്ചടികളില്‍ ആവലാതിപ്പെടേണ്ടതില്ല. ലോകത്താകമാനം എത്രയോ കപ്പലുകള്‍ സഞ്ചരിക്കുന്നു. വല്ലപ്പോഴും മാത്രമാണ് ഇത്തരം സംഭവങ്ങള്‍.'' അനുനിമിഷം റോഡപകടങ്ങളുണ്ടായിട്ടും ആരെങ്കിലും വാഹനയാത്ര ഒഴിവാക്കുന്നുണ്ടോ.
ഒരുപാട് ജോലി സാധ്യതയുള്ള കോഴ്‌സാണ് ഞാന്‍ തിരഞ്ഞെടുത്തത്. എന്റെ ജോലിയെയും ഞാന്‍ പഠിച്ച കോഴ്‌സിനെയും പറ്റി ചോദിച്ച് ഒരുപാട് കുട്ടികളും മാതാപിതാക്കളും വിളിക്കുന്നുണ്ട്. ജോലി നല്ല രസമാണ്. കടലിലൂടെയുള്ള യാത്രയ്ക്ക് നല്ല ധൈര്യം വേണമെന്നു മാത്രം.'' ആന്‍ പറയുന്നു.
Content Highlights: ann tessa joseph was the only woman among 25-member crew ship seized by iran