'ആരാധ്യയ്ക്കും അഭിഷേകിനുമൊപ്പം തിരക്കിലായിരുന്നു ഞാൻ; എനിക്ക് അരക്ഷിതാവസ്ഥ തോന്നില്ല'

ഐശ്വര്യ റായ് / GettyImages
ഐശ്വര്യ റായ് / GettyImages

1997 മുതൽ സിനിമാരംഗത്തുണ്ട് ഐശ്വര്യ റായ്. തമിഴ്, ഹിന്ദി, തെലുഗു, ബംഗാളി, ഇംഗ്ലീഷ് സിനിമകളിൽ അവർ തുടർച്ചയായി അഭിനയിച്ചു. 2007-ലായിരുന്നു അഭിഷേക് ബച്ചനുമായുള്ള വിവാഹം. 2011-ൽ മകൾ ആരാധ്യ ജനിക്കുകയും ചെയ്തു. അതിനുശേഷം ആഷ് സിനിമകളുടെ എണ്ണം വളരെ കുറച്ചു. ആറുസിനിമകളിൽ മാത്രമേ അവർ പിന്നീട് അഭിനയിച്ചുള്ളൂ.

ഐശ്വര്യയ്ക്ക് അവസരങ്ങൾ കുറഞ്ഞു, അവർക്ക് ശരീരഭാരം കൂടിയതാണ് അതിനുപിന്നിലെ കാരണങ്ങൾ...അങ്ങനെ വിമർശനങ്ങൾ ഒരുപാടുണ്ടായി. പക്ഷേ അതിനോടൊന്നും ഐശ്വര്യ പ്രതികരിച്ചതേയില്ല. തന്റെ ലോകത്ത് അവർ സന്തുഷ്ടയായിരുന്നു. മകൾ ആരാധ്യയുടെ കൈപിടിച്ച് അവർ ലോകം മുഴുവൻ സഞ്ചരിച്ചു. പാരീസ് ഫാഷൻ വീക്കിലും കാനിലുമെല്ലാം ആരാധ്യയും അമ്മയ്‌ക്കൊപ്പമുണ്ടായിരുന്നു. 'ഓവർപ്രൊടക്ടീവ് മദർ' എന്ന് ആളുകൾ കളിയാക്കിയപ്പോഴും ആഷ് അതിനെ വകവെച്ചില്ല.

തന്റെ കരിയറിലെ തീരുമാനങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് ഐശ്വര്യ ഇപ്പോൾ. വ്യക്തതയോടും ബോധ്യത്തോടും കൂടിയാണ് എപ്പോഴും തന്റെ പ്രൊജക്ടുകളെ സമീപിച്ചിട്ടുള്ളതെന്ന് ഐശ്വര്യ പറയുന്നു. റെഡ് സീ ഫിലിം ഫെസ്റ്റിവൽ 2025-ൽ പങ്കെടുക്കാനെത്തിയതായിരുന്നു ആഷ്.

''ആരാധ്യയെ പരിപാലിച്ചും അഭിഷേകിനൊപ്പം സമയം ചെലവിട്ടും ഞാൻ വളരെ തിരക്കിലായിരുന്നു. ഒരു സിനിമയിൽ ഒപ്പിട്ടില്ലെങ്കിൽ എനിക്ക് അരക്ഷിതാവസ്ഥ തോന്നില്ല. അതാണ് ഞാൻ ആരാണെന്നതിന്റെ യഥാർത്ഥവശം. അരക്ഷിതാവസ്ഥ ഒരിക്കലും പ്രേരകശക്തിയായിരുന്നില്ല. ചുറ്റുമുള്ള പല ശബ്ദങ്ങൾക്കും നിങ്ങളുടെ തലയിൽ കയറാൻ ശ്രമിക്കാം, ചിലപ്പോൾ തിരഞ്ഞെടുപ്പുകളെ മുന്നോട്ട് നയിക്കുകയും ചെയ്യും. പക്ഷേ എന്റെ കാര്യത്തിൽ അങ്ങനൊന്നില്ല. എന്റെ എല്ലാ കരിയർ തിരഞ്ഞെടുപ്പുകളിലും വ്യക്തതയുണ്ട്. ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ കരിയറിന്റെ തുടക്കം മുതൽ ആ വ്യക്തത ഞാൻ പാലിച്ചിട്ടുണ്ടെന്നും മനസ്സിലാവുന്നുണ്ട്'', ഐശ്വര്യയുടെ വാക്കുകൾ.

''ഇരുവർ സിനിമയിൽ അഭിനയിക്കുന്നതിനുമുമ്പ് സംവിധായകൻ മണിരത്‌നം പറഞ്ഞത് ഞാനോർക്കുന്നു, 'ഇരുവർ ശരിക്കും ഒരു ലോഞ്ച് സിനിമയല്ല. അതൊരു സിനിമയാണ്. അതൊരു കഥയാണ്. ഈ സിനിമ ഐശ്വര്യയെ ലോഞ്ച് ചെയ്യുന്ന സിനിമയല്ല'. അതുകേട്ടപ്പോൾ തന്നെ എനിക്ക് തോന്നി, 'വൗ, അതാണ് ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്ന സിനിമ.' നല്ല കഥകളാണ് ഞാൻ നോക്കുന്നത്. എന്റെ ഭാഗം മാത്രമല്ല''.

2023-ൽ പുറത്തിറങ്ങിയ 'പൊന്നിയിൻ സെൽവനി'ലാണ് അവർ അവസാനമായി അഭിനയിച്ചത്. രണ്ടുവർഷം കഴിഞ്ഞു അവരുടേതായി ഒരു സിനിമ പുറത്തിറങ്ങിയിട്ട്. അതേസമയം ഐശ്വര്യയുടെ ആസ്തി ദിനംപ്രതി വളർന്നുകൊണ്ടേയിരിക്കുകയാണ്. ഫോർബ്സിന്റെ കണക്കുകൾ പ്രകാരം 900 കോടിയാണ് അവരുടെ ആസ്തി. ഇന്ത്യയിലെ ഏറ്റവും ധനികരായ നടിമാരിൽ രണ്ടാം സ്ഥാനത്താണവർ.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Aishwarya Rai Bachchan discusses her career choices, prioritizing family with Aaradhya & Abhishek, and her lack of insecurity in the film industry