അമീഷ പട്ടേൽ നൽകിയ ചെക്ക് മടങ്ങി; ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതി

ചെക്ക് കേസിൽ നടൻ രാജ്പാൽ യാദവ് അറസ്റ്റിലായത് വലിയ വാർത്തയായിരുന്നു. ദിവസങ്ങളോളം ജയിലിൽ കഴിഞ്ഞ രാജ്പാലിന് ഒടുവിൽ ഡൽഹി ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിക്കുകയായിരുന്നു. ഒന്നര കോടി രൂപ കെട്ടിവച്ചതിനെ തുടർന്നാണ് ജാമ്യം ലഭിച്ചത്.
ഒരു സിനിമയ്ക്കായി രാജ്പാലും ഭാര്യയും ചേർന്ന് ഏകദേശം അഞ്ചുകോടി രൂപ ഒരു കമ്പനിയിൽനിന്ന് വായ്പയെടുത്തിരുന്നു. എന്നാൽ, ആ വായ്പ തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ല. പണത്തിനുപകരം നൽകിയ പല ചെക്കുകളും മടങ്ങുകയും ചെയ്തു. അതിനുശേഷമാണ് കേസായതും താരം അറസ്റ്റിലായതും. പിന്നാലെ സൽമാൻ ഖാൻ, അജയ് ദേവ്ഗൺ എന്നിവരുൾപ്പെടെയുള്ള താരങ്ങൾ രാജ്പാലിന് സഹായിക്കുന്നതിനായി രംഗത്തെത്തി.
അതിനുപിന്നാലെ മറ്റൊരു ബോളിവുഡ് താരവും കൂടി നിയമക്കുടുക്കിൽ പെട്ടിരിക്കുകയാണ്. നടി അമീഷ പട്ടേലിനെതിരെയാണ് കേസ്. താരത്തിനെതിരെ മൊറാദബാദ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു.
2017-ൽ നടന്നൊരു പരിപാടിയുമായി ബന്ധപ്പെട്ടാണ് അമീഷയ്‌ക്കെതിരെ പരാതി. കരാർ ലംഘനം, വണ്ടി ചെക്ക് നൽകി എന്നിവയാണ് അവർക്കെതിരെയുള്ള പരാതി. നിരവധി സമൻസുകൾ അയച്ചിട്ടും താരം കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. പിന്നാലെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ അമീഷ ഇതിനെക്കുറിച്ച് പ്രതികരിക്കുകയും ചെയ്തു.
''പവൻ വർമ എന്നൊരാൾ നൽകിയ പരാതിയുടെ പേരിൽ എനിക്കെതിരെയുള്ള നടപടിക്രമങ്ങളെക്കുറിച്ച് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഞാൻ എല്ലാവരോടും ചില കാര്യങ്ങൾ പറയാൻ ആഗ്രഹിക്കുന്നു. ഇത് വളരെ പഴയൊരു കാര്യമാണ്. അന്ന് പവൻ വർമ ഒരു ഒത്തുതീർപ്പുരേഖയിൽ ഒപ്പുവെക്കുകയും മുഴുവൻ തുകയും കൈപ്പറ്റിയതായി അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നിട്ടും അദ്ദേഹം തെറ്റായ ആരോപണങ്ങളുന്നയിച്ച് കേസ് ഫയൽ ചെയ്തിരിക്കുന്നു. ഈ വ്യക്തിയുടെ വഞ്ചന തുറന്നുകാട്ടുന്നതിനുള്ള ഉചിതമായ നടപടികളെടുക്കാനുള്ള തയ്യാറെടുപ്പുകൾ എന്റെ അഭിഭാഷകർ തുടങ്ങിക്കഴിഞ്ഞു'', അമീഷയുടെ ഇൻസ്റ്റഗ്രാം കുറിപ്പ് പറയുന്നു.
2017-ൽ നടന്നൊരു വിവാഹത്തിൽ പങ്കെടുക്കാൻ പരിപാടിയുടെ സംഘാടകനായ പവൻ വർമ, അമീഷ പട്ടേലിനെ ബുക്ക് ചെയ്തിരുന്നു. ഇതിനായി, താമസത്തിനും ഭക്ഷണത്തിനുമുള്ള സൗകര്യങ്ങൾക്കൊപ്പം 14.50 ലക്ഷം രൂപ മുൻകൂർ തുകയായി അമീഷ കൈപ്പറ്റി. എന്നാൽ അമീഷ പരിപാടിയിൽ പങ്കെടുത്തില്ല. തുടർന്ന് പണം തിരികെ നൽകാമെന്ന് താരം സംഘാടകർക്ക് ഉറപ്പ് നൽകി. റിപ്പോർട്ടുകൾ പ്രകാരം, 10 ലക്ഷം രൂപ പണമായി നൽകി. എന്നാൽ ബാക്കി തുകയായ 4.5 ലക്ഷം രൂപയ്ക്ക് ചെക്കായിരുന്നു നൽകിയത്. ആ ചെക്ക് മടങ്ങുകയും ചെയ്തു. അങ്ങനെയാണ് കേസ് നൽകിയതെന്ന് പറയപ്പെടുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Actress Ameesha Patel issued a non-bailable warrant by court for a bounced cheque case. Learn more about the legal trouble and her response.