തീയതികൾ മാറ്റി മാറ്റി വൃഷഭ; ഇതിഹാസചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്

മോഹൻലാൽ നായകനാകുന്ന ബ്രഹ്മാണ്ഡ പാന്‍ ഇന്ത്യന്‍ ഇതിഹാസചിത്രമായ 'വൃഷഭ' ഇന്നലെയായിരുന്നു റിലീസ് ചെയ്യാനിരുന്നത്. എന്നാൽ അതു മാറ്റി പുതിയ തീയതി അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രം, ഒക്ടോബർ 16 ന് ദീപാവലി റിലീസായെത്തുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. പിന്നീട് നവംബർ 6-ലേക്ക് മാറ്റിവയ്ക്കുകയും ചെയ്തു. ഡിസംബർ 25-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ വൃഷഭ റിലീസ് ചെയ്യുമെന്നാണ് ഏറ്റവും പുതിയ വിവരം.
തീയതി പ്രഖ്യാപിച്ചുകൊണ്ട് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെയാണ്:
"ചില കഥകൾ സിനിമയ്ക്കും അപ്പുറമാണ്, അവ പാരമ്പര്യങ്ങളാണ്. ഈ ക്രിസ്മസിന് ആ പാരമ്പര്യം, വൃഷഭയിലൂടെ ജീവൻ വെക്കുന്നത് കാണുക. വികാരങ്ങളെയും, പ്രൗഢിയെയും, വിധിയെയും ആഘോഷിക്കുന്ന ഒരു സിനിമ...”
വിക്ടറി, അധ്യക്ഷ, റണ്ണ, പോഗരു തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കന്നഡ സംവിധായകൻ നന്ദ കിഷോറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Some stories are more than cinema, they’re legacies. This Christmas, witness that legacy roar to life in #Vrusshabha.
A film that celebrates emotion, grandeur, and destiny. Releasing worldwide on 25th December 2025.
#RoarOfVrusshabha #VrusshabhaOn25thDecember #SamarjitLankesh… pic.twitter.com/Dq5yPhYHoQ— Mohanlal (@Mohanlal) November 7, 2025
രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന ഒരു അച്ഛൻ-മകൻ കഥയായാണ് വൃഷഭ ഒരുങ്ങുന്നത്. ചിത്രത്തിലെ ആദ്യ ഭാഗങ്ങളിൽ മോഹൻലാൽ ഒരു രാജാവിൻ്റെ വേഷത്തിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. സമർജിത് ലങ്കേഷ്, രാഗിണി ദ്വിവേദി, റോഷൻ മേക, ഷനായ കപൂർ, സാറാ ഖാൻ, ശ്രീകാന്ത് മേക എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
റസൂൽ പൂക്കുട്ടി സൗണ്ട് ഡിസൈനും ആന്റണി സാംസൺ ഛായാഗ്രഹണവും കെ എം പ്രകാശ് എഡിറ്റിങ്ങും സാം സി എസ് സംഗീതസംവിധാനവും നിർവഹിക്കുന്നു. പീറ്റർ ഹെയ്ൻ, സ്റ്റണ്ട് സിൽവ, നിഖിൽ എന്നിവരാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്.
ശോഭ കപൂർ, ഏക്താ ആർ കപൂർ, സി കെ പത്മകുമാർ, വരുൺ മാത്തൂർ, സൗരഭ് മിശ്ര, അഭിഷേക് എസ് വ്യാസ്, പ്രവീർ സിംഗ്, വിശാൽ ഗുർനാനി, ജൂഹി പരേഖ് മേത്ത എന്നിവർ ചേർന്നാണ് വൃഷഭ നിർമ്മിക്കുന്നത്.
പ്രശസ്ത കന്നഡ സംവിധായകന് നന്ദകിഷോർ ഒരുക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം മലയാളം-തെലുങ്ക് ദ്വിഭാഷയായിട്ടാണ് ഒരുങ്ങുന്നത്. കൂടാതെ തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലേക്ക് മൊഴിമാറ്റിയെത്തും. ഏകദേശം 200 കോടി രൂപ ബജറ്റിൽ നിർമ്മിക്കുന്ന ചിത്രം ആക്ഷനും പുരാണവും ഒത്തുചേരുന്ന ദൃശ്യവിരുന്നായിരിക്കും പ്രേക്ഷകർക്ക് സമ്മാനിക്കുക.
ദൃശ്യത്തിന്റെ മൂന്നാം ഭാഗം, ഒരു ദശാബ്ദത്തിന് ശേഷം മമ്മൂട്ടിയുമായി വീണ്ടും ഒന്നിക്കുന്ന മഹേഷ് നാരായണന്റെ മൾട്ടിസ്റ്റാർ ചിത്രം 'പാട്രിയറ്റ്', ഡിസംബറിൽ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന നവാഗതനായ ഓസ്റ്റിൻ ഡാൻ തോമസിന്റെ 'എൽ 365' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം എന്നിവയാണ് മോഹൻലാലിന്റെ വരാനിരിക്കുന്ന സിനിമകൾ.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Mohanlal`s epic period drama `Vrushabha` release date shifted to December 25th.