ഒരിക്കൽ ഫറാ ഖാന്റെ സഹായി, ചായ കൊടുത്തു, മുറികൾ വൃത്തിയാക്കി, ഇന്ന് 1200 കോടി ആസ്തിയുള്ള നടൻ

ഫറാ ഖാൻ | AFP
ഫറാ ഖാൻ | AFP

താരപശ്ചാത്തലമുള്ളവർക്ക് വളർച്ച എളുപ്പമാവുമെന്നൊരു ധാരണ ബോളിവുഡിലുണ്ട്. പലപ്പോഴും അത് കൃത്യമാകാറുമുണ്ട്. പക്ഷേ, സിനിമാപാരമ്പര്യമുണ്ടായിട്ടും അതിന്റെ അകമ്പടിയില്ലാതെ സ്വന്തം നിലയിൽ വളർന്നുവന്ന ചുരുക്കം ചിലരുണ്ട്. അതിലൊരാളെപ്പറ്റിയാണിത്. പാരമ്പര്യം പൂർണമായും മറച്ചുവെച്ച്, ഏറ്റവും താഴെ നിന്ന് സിനിമയിലേക്ക് കടന്നുവന്ന വ്യക്തിയാണ് വിവേക് ഒബ്റോയ്. റിഹേഴ്സൽ മുറികൾ തൂത്തുവാരിയും ചായ കൊണ്ടുപോയി കൊടുത്തും. അദ്ദേഹം ഫറാ ഖാന്റെ സഹായിയായി ജോലി ചെയ്തു. ഇന്നദ്ദേഹത്തിന്റെ ആസ്തി 1200 കോടി രൂപയാണ്.

പ്രശസ്ത നടൻ സുരേഷ് ഒബ്റോയിയുടെ മകനാണ് വിവേക്. കുടുംബപ്പേര് വെളിപ്പെടുത്താതെയാണ് ജോലി തുടങ്ങിയത്. മാഷബിൾ ഇന്ത്യയുടെ 'ദി ബോംബെ ജേണി' എന്ന പരിപാടിയിൽ അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തുന്നുണ്ട്. "ഞാൻ കുറേക്കാലം ഫറാ ഖാനെ സഹായിച്ചിരുന്നു. റിഹേഴ്സൽ മുറികൾ വൃത്തിയാക്കിയും നർത്തകർക്കെല്ലാം ചായ കൊണ്ടുപോയി കൊടുത്തുമാണ് തുടക്കം. അവിടെ നിന്നാണ് ഞാൻ പടിപടിയായി ഉയർന്നത്. എന്റെ അച്ഛൻ ആരാണെന്ന് ഞാനാരോടും പറഞ്ഞിരുന്നില്ല."

നിശ്ശബ്ദനായ ആ സഹായി ഇത്രയും ധനികനാവുമെന്ന് അന്ന് ആരും കരുതിക്കാണില്ല. 2002-ൽ രാം ഗോപാൽ വർമ്മയുടെ 'കമ്പനി' എന്ന ചിത്രത്തിലൂടെയാണ് വിവേക് തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. ചിത്രം വലിയ വിജയമായി. ഇതോടെ ബോളിവുഡിലെ അടുത്ത വലിയ താരമായി ആളുകൾ അദ്ദേഹത്തെ കണക്കുകൂട്ടി. 'സാത്തിയ', 'മസ്തി', 'ഓംകാര' തുടങ്ങിയ ഹിറ്റുകളിലൂടെ അദ്ദേഹം പ്രശസ്തിയിലേക്കുയർന്നു. ബോളിവുഡിലെ ഏറ്റവും തിളക്കമുള്ള യുവതാരങ്ങളിൽ ഒരാളായി നിൽക്കുമ്പോൾ സൽമാൻ ഖാനുമായുള്ള ഒരു വഴക്ക് അദ്ദേഹത്തിന്റെ കരിയറിനെ പിന്നോട്ടടിച്ചു.

2003-ൽ, സൽമാൻ ഖാനിൽ നിന്ന് ഉപദ്രവമുണ്ടായെന്ന് ആരോപിച്ച് നടൻ ഒരു പത്രസമ്മേളനം വിളിച്ചു. ഇതോടെ കരിയർ താഴേക്ക് പോയി. ഇൻഡസ്ട്രിയിൽ ഇതോടെ വിവേകിനെ ബഹിഷ്കരിച്ചതുപോലെയായിരുന്നു. "എല്ലാവരും എന്നെ ഇടത്തും വലത്തും നിന്ന് ബഹിഷ്കരിക്കുന്ന ഒരു ഘട്ടം വന്നു. ആരും കൂടെ ജോലി ചെയ്യാൻ തയ്യാറായിരുന്നില്ല, ഇതിനകം ഒപ്പുവെച്ച സിനിമകളിൽ നിന്നെന്നെ പുറത്താക്കി. ഭീഷണിപ്പെടുത്തി എനിക്കും സഹോദരിക്കും അച്ഛനും അമ്മയ്ക്കും ഒരുപാട് കോളുകൾ വന്നിരുന്നു."

എങ്കിലും വിവേക് പിന്മാറിയില്ല, അന്യഭാഷാചിത്രങ്ങളിലും വെബ് സീരീസുകളിലും അഭിനയം തുടർന്നു. സിനിമയ്ക്കുപുറത്ത് വ്യവസായത്തിലാണ് വിവേക് തന്റെ സാമ്രാജ്യം കെട്ടിപ്പടുത്തത്. ദി സ്റ്റേറ്റ്സ്മാൻ ഉൾപ്പെടെയുള്ള ഒന്നിലധികം റിപ്പോർട്ടുകൾ അദ്ദേഹത്തിന്റെ ആസ്തി 1200 കോടി രൂപയാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. നവംബർ 21-ന് റിലീസ് ചെയ്യാനിരിക്കുന്ന 'മസ്തി 4' ആണ് വിവേകിന്റെ ഏറ്റവും പുതിയ ചിത്രം.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Discover Vivek Oberoi`s incredible journey from Farah Khan`s assistant to becoming one of India`s richest actors, worth ₹1200 crore. Learn about his career rise, setbacks, and business empire.