അങ്ങനെയുള്ള ചടങ്ങുകള്‍ ഒഴിവാക്കും, ഇപ്പോഴും പലര്‍ക്കും അംഗീകരിക്കാന്‍ മടിയാണ്: വിജയ് സേതുപതി

പാരലല്‍ സിനിമയ്ക്കും കൊമേഴ്‌സ്യല്‍ സിനിമയ്ക്കും ഒരുപോലെ യോജിച്ച തമിഴ് അഭിനേതാക്കള്‍ ആരൊക്കെയെന്ന് ചോദിച്ചാല്‍ ആദ്യം വരുന്ന പേരാണ് വിജയ് സേതുപതി. തമിഴ് കടന്ന് ബോളിവുഡില്‍ വരെ എത്തിനില്‍ക്കുന്ന സേതുപതിയുടെ വിജയകഥ. ഇന്ന് വില്ലനായും നായകനായും ഡബ്ബിങ് ആര്‍ട്ടിസ്റ്റായും നിര്‍മാതാവായും സിനിമയില്‍ നിറഞ്ഞാടുന്ന അദ്ദേഹത്തിനും ഒരു കഷ്ടപ്പാടിന്റെ കാലമുണ്ട് ഓര്‍ക്കാന്‍. സിനിമയില്‍ ജൂനിയര്‍ താരമായി പോലും അവസരം കിട്ടാതെ നടന്ന ആ നാളുകള്‍.
രാജപാളയത്താണ് ജനിച്ചതും വളര്‍ന്നതും. ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കുടുംബം ചെന്നൈയിലേക്ക് മാറുന്നത്. സ്‌കൂളില്‍ അത്ര ശ്രദ്ധിക്കപ്പെടുന്ന കുട്ടിയൊന്നുമായിരുന്നില്ല, പഠനകാര്യത്തിലും പഠനേതരകാര്യത്തിലുമെല്ലാം അല്പം പിന്നില്‍നില്‍ക്കുന്ന കുട്ടി. കാണാനും തീരെ ചെറുത്. അതുകൊണ്ട് എപ്പോഴും കൂട്ടുകാര്‍ കളിയാക്കുമായിരുന്നു. പഠിക്കുമ്പോള്‍ തന്നെ ജീവിക്കാനായി അദ്ദേഹം ചെയ്യാത്ത ജോലികളില്ല. സെയില്‍സ്മാന്‍, കാഷ്യര്‍, ടെലിഫോണ്‍ ബൂത്ത് ഓപ്പറേറ്റര്‍...കാര്യമായ വരുമാനമൊന്നുമില്ലാതായപ്പോള്‍ ദുബായിലേക്ക് മാറി. അവിടെ അക്കൗണ്ടന്റായിരുന്നു. അപ്പോഴും ഒന്നിലും മനസ്സ് ഉറച്ചുനില്‍ക്കില്ലെന്ന് മനസ്സിലായപ്പോള്‍ നാട്ടിലേക്ക് മടങ്ങി.
കൂട്ടുകാരോടൊപ്പം ഇന്റീരിയര്‍ ഡെക്കറേഷന്‍ ബിസിനസ് തുടങ്ങിയെങ്കിലും, അത് പൊളിഞ്ഞു. പിന്നീട് ചെന്നൈയിലെ നാടകക്കമ്പനിയില്‍ അക്കൗണ്ടന്റായി ചേര്‍ന്നു. ഇഷ്ടം അഭിനയിക്കാനാണെങ്കിലും, അതിനുള്ള അവസരം കിട്ടാത്തതുകൊണ്ടാണ് അക്കൗണ്ടന്റായി അവര്‍ക്കൊപ്പം കൂടിയത്. പതുക്കെ അഭിനയത്തോട് കൂടുതല്‍ കൂടുതല്‍ അടുത്തു. പിന്നെ അധികം വൈകിയില്ല, ജോലിയും കളഞ്ഞ് ടെലിസീരിയലില്‍ അഭിനയിക്കാന്‍ പോയി. അധികം റേറ്റിങ് ഇല്ലാത്തതുകാരണം അത് പെട്ടെന്ന് അവസാനിപ്പിച്ചു. പല സീരിയല്‍സംവിധായകരുടെയും അടുത്തുപോയെങ്കിലും അവസരം കിട്ടിയില്ല.
ജൂനിയര്‍താരമായി സിനിമയിലേക്ക്...
ഉള്ള ജോലിയും പോയി, എവിടെയും എത്തിയതുമില്ല. അപ്പോഴേക്കും വിവാഹവും കഴിഞ്ഞിരുന്നു. സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ടശേഷമാണ് ജെസ്സിയെ വിവാഹംകഴിക്കുന്നത്. ഒരാള്‍ കൂടെ വന്നപ്പോള്‍ ഉത്തരവാദിത്തം കൂടി, ജീവിക്കാന്‍ പൈസ വേണമല്ലോ. അങ്ങനെ സിനിമയില്‍ ബാക്ക് ഗ്രൗണ്ട് ആര്‍ട്ടിസ്റ്റായി അഭിനയിക്കാന്‍ തുടങ്ങി. ആദ്യത്തെ പ്രതിഫലം 250 രൂപയായിരുന്നു. സിനിമയിലെ ആള്‍ക്കൂട്ടത്തിലെവിടെയെങ്കിലും മിന്നിമായുന്ന മുഖം. എം.കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി പോലുള്ള സിനിമകളില്‍ ചെറിയ റോളുകള്‍ ചെയ്തു. ''പിന്നീട് ആ അവസരങ്ങളുമില്ലാതായി. ചിലത് അവസാനനിമിഷം മാറിപ്പോയി. ഒരു റോളുണ്ടെന്ന് പറയുമ്പോള്‍ ലൊക്കേഷനിലെത്തും. അവിടെത്തുമ്പോഴാണ് എനിക്ക് പകരം വേറെ ആളെ കൊണ്ടുവന്ന കാര്യം അവര്‍ പറയുന്നത്,'' വിജയ് സേതുപതി അക്കാലം ഓര്‍ക്കുന്നു.
മകന്റെ ഭാവിയെന്താകുമെന്ന് കുടുംബത്തിന് പേടിതുടങ്ങി. ധനുഷിന്റെയും അതുപോലുള്ള താരങ്ങളുടെയും കൂട്ടുകാരനായി അഭിനയിക്കാന്‍ കഴിഞ്ഞെങ്കിലും അതും കരിയറിനെ പിന്തുണച്ചില്ല. അപ്പോഴാണ് സീനു രാമസാമി തേന്‍മെര്‍ക്ക് പറുവകാട്ര് എന്ന സിനിമയ്ക്കായി താരങ്ങളെ ഓഡിഷന് വിളിക്കുന്നത്. അതിനായി വിജയ് സേതുപതിയും ചെന്നു. നന്നായി അഭിനയിക്കുന്നത് കണ്ട സീന രാമസാമി, തന്റെ സിനിമയിലെ പ്രധാനറോളില്‍ അവസരം കൊടുക്കുകയും ചെയ്തു. ദേശീയപുരസ്‌കാരങ്ങള്‍ നേടിയ ആ സിനിമയിലൂടെ സേതുപതിയും ശ്രദ്ധിക്കപ്പെട്ടു. പക്ഷേ പിന്നെയും അവസരങ്ങള്‍ക്കായി രണ്ടുവര്‍ഷം കാത്തിരിക്കേണ്ടിവന്നു. 2012-ലിറങ്ങിയ സുന്ദരപാണ്ഡ്യനില്‍ വിജയ് സേതുപതി ആദ്യമായി വില്ലനായി.
പിന്നെ പിസ, നടുവാല കൊഞ്ചം പാക്കാത കാണോം എന്നീ സിനിമകളിലൂടെ സേതുപതി തമിഴ് സിനിമയിലെ തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചു. സുന്ദരപാണ്ഡ്യനിലെ വില്ലനെ അവതരിപ്പിച്ച് മികച്ച വില്ലനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌കാരവും നേടി. പിന്നീട് വൈവിധ്യമുള്ള കുറേ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു. സൂപ്പര്‍ ഡീലക്‌സിലെ ശില്‍പ, വിക്രം വേദയിലെ വേദ, മാസ്റ്ററിലെ ഭവാനി, വിക്രത്തിലെ സന്താനം...സൂപ്പര്‍ ഡീലക്‌സിലെ കഥാപാത്രത്തിലൂടെ മികച്ച സഹനടനുള്ള ദേശീയപുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി.
ബോളിവുഡിലും വിജയക്കൊടി പാറിച്ചു വിജയ്. മുംബൈകറിലും ഷാരൂഖ് ഖാന്റെ ജവാനിലും നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഏറ്റവുമൊടുവില്‍ വിജയിന്റേതായി പുറത്തുവന്നത് കത്രീന കൈഫിനൊപ്പമുള്ള മെറി ക്രിസ്മസ് എന്ന സിനിമയാണ്. തമിഴിലും ഹിന്ദിയിലുമായിട്ടാണ് സിനിമ ഇറങ്ങിയത്. ''ഞാന്‍ സിനിമാമേഖലയില്‍ വന്നിട്ട് വര്‍ഷങ്ങളായെങ്കിലും, പുതിയൊരു ഭാഷയിലേക്ക് പോകുമ്പോള്‍ പുതുമുഖതാരമായി തന്നെയാണ് ജോലി ചെയ്യുന്നത്. സഹസംവിധായകര്‍ക്കൊപ്പമിരുന്ന്, ഡയലോഗുകള്‍ വായിച്ചുപഠിച്ച്, അവരുടെ മുന്നില്‍ സീന്‍ അഭിനയിച്ചുകാണിച്ച്...അങ്ങനെ'', അതുകൊണ്ടാവാം ഇന്നും വിജയ് സേതുപതിയുടെ സീനുകള്‍ പുതുമയോടെ തന്നെ നില്‍ക്കുന്നത്.
വിജയ് സേതുപതിക്ക് ആരാധകരേറെയാണ്. അവര്‍ അദ്ദേഹത്തെ വിളിക്കുന്നത് മക്കള്‍ സെല്‍വന്‍ എന്നും. ധര്‍മദുരൈ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ സീനു രാമസാമിയാണ് ഈ പേര് ചാര്‍ത്തിക്കൊടുക്കുന്നത്. ''ആദ്യമൊക്കെ അങ്ങനെ വിളിക്കുന്നതിനോട് എനിക്ക് എതിര്‍പ്പായിരുന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞു, അതൊക്കെ ഒരു പോസിറ്റീവ് വൈബ് തരും. അതുമാത്രമല്ല, ആ വാക്കെന്നെ കൂടുതല്‍ ഉത്തരവാദിത്തമുള്ളവനാക്കും, എന്നെ ശരിയായ പാതയില്‍ പോവാനും അത് സഹായിക്കുമെന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്''.
ലുക്കിനെ കുറിച്ച് ചിന്തിക്കാത്ത താരം
നാണംകുണുങ്ങിയായ കുട്ടിയായിരുന്നു വിജയ്. ആ സ്വഭാവം ഇപ്പോഴും എവിടെയൊക്കെയോ ഉണ്ടെന്ന് അദ്ദേഹം പറയുന്നു. സ്വന്തം ലുക്കിനെക്കുറിച്ച് ചിന്തയില്ലാത്ത, വസ്ത്രത്തെക്കുറിച്ച് ചിന്തയില്ലാത്ത താരം. സിനിമയുടെ ആദ്യപ്രദര്‍ശനത്തില്‍ പോലും സാധാരണരീതിയിലാണ് വിജയ് പോവാറുള്ളത്. ചപ്പലും കോട്ടണ്‍ഷര്‍ട്ടുമിട്ട് വരുന്ന വിജയ്ക്ക് ബോളിവുഡില്‍ പോലും ആരാധകരാണിപ്പോള്‍. 'ചപ്പലിട്ട് പോകുമ്പോള്‍ ചിലര്‍ പറയും, ഞാനങ്ങനെ മനപൂര്‍വം ചെയ്യുന്നതാണെന്ന്. ചില ചടങ്ങുകളിലും ഗെറ്റ് ടുഗദറുകളിലും ആളുകള്‍ വളരെ സ്റ്റൈലിഷായി വസ്ത്രം ധരിച്ചുവരും. എനിക്കങ്ങനെ പറ്റാറില്ല. അതുകൊണ്ട് അങ്ങനെയുള്ള ചടങ്ങുകള്‍ ഒഴിവാക്കുകയാണ് പതിവ്''.
താരമായിട്ടും താന്‍ ബോഡി ഷെയ്മിങ് നേരിട്ടിട്ടുണ്ടെന്ന്, ഇപ്പോഴും നേരിടുന്നുവെന്ന് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു. 'എന്റെ രൂപം കാരണം ഒരുപാട് തവണ ബോഡി ഷെയ്മിങ് നേരിട്ടിട്ടുണ്ട്. തമിഴിലും ഹിന്ദിയിലുമെല്ലാം. പക്ഷേ അതിനുശേഷം ഞാന്‍ എങ്ങനെയാണോ അതുപോലെ തന്നെ ചിലരെന്നെ സ്വീകരിക്കാന്‍ തുടങ്ങി, അംഗീകരിക്കാന്‍ തുടങ്ങി. മെറി ക്രിസ്മസ് എന്ന സിനിമയില്‍ കത്രീന കൈഫിനൊപ്പം അഭിനയിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ പലരും ചോദിച്ചത്, ഗസ്റ്റ് റോളാണോ എന്നാണ്. കത്രീനയുടെ നായകനായി പലര്‍ക്കുമെന്നെ അംഗീകരിക്കാന്‍ പറ്റിയില്ല. നായകനാണെന്ന് പറയുമ്പോഴും ഒരവിശ്വസനീയതയാണ് അവരുടെ മുഖത്ത്''.
Content Highlights: vijay sethupathy celebrating his birthday