'കാലം മാറി, അഭിനേതാക്കളെ ടിപ്പിക്കല്‍ ലുക്കില്‍ കാണാന്‍ പ്രേക്ഷകര്‍ ഇന്ന് ആഗ്രഹിക്കുന്നില്ല'

''ബൊഗെയ്ന്‍വില്ലയിലെ പാട്ട് പുറത്തുവന്നപ്പോള്‍ എന്നെ സ്‌ക്രീനില്‍  കണ്ട് മകന്‍ റേ അദ്ഭുതപ്പെട്ടു. ഇതമ്മയല്ലേയെന്ന് സംശയിച്ചുകൊണ്ടുള്ള അവന്റെ നോട്ടം കണ്ട് ഞാനും അമലും ചിരിച്ചുപോയി. മീശമാധവനിലെ ചിങ്ങമാസം പാട്ട് പലതവണ  കണ്ടിട്ടുണ്ടെങ്കിലും അതില്‍ അഭിനയിച്ചിരിക്കുന്നതെന്ന് ഞാനാണെന്ന് അവനിതുവരെ മനസ്സിലായിട്ടില്ല.''തിരിച്ചുവരവില്‍ വിശേഷങ്ങളേറെ പറയാനുണ്ട് നടി ജ്യോതിര്‍മയിക്ക്. 

മലയാളസിനിമയില്‍ നിന്നും പതിനൊന്നുവര്‍ഷമായി വിട്ടുനില്‍ക്കുന്ന ജ്യോതിര്‍മയി അമല്‍ നീരദ് സിനിമയിലൂടെ വീണ്ടും ബിഗ് സ്‌ക്രീനിലേക്കെത്തുകയാണ്. മുടി പറ്റെവെട്ടി സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലുള്ള ജ്യോതിര്‍മയിയുടെ മേക്കോവര്‍ പ്രേക്ഷകരെ ഞെട്ടിച്ചു. സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചും അമല്‍നീരദും മകന്‍ റേയും അടങ്ങുന്ന ഫോര്‍ട്ട് കൊച്ചിയിലെ പുതിയ ലോകത്തെക്കുറിച്ചുമുള്ള സംസാരം പുതിയലക്കം ഗൃഹലക്ഷ്മിയില്‍ വായിക്കാം...

''അഭിനയം അവസാനിപ്പിച്ചെന്നോ ഇനി സിനിമ ചെയ്യില്ലെന്നോ എവിടെയും പറഞ്ഞിട്ടില്ല, അധികമാരും എന്നെ അന്വേഷിച്ചില്ല, വിളിച്ചില്ല എന്നതാണ് വാസ്തവം.  ഇടവേളയ്ക്കുശേഷം പ്രേക്ഷകര്‍ക്കുമുന്‍പിലെത്തുമ്പോള്‍ നല്ലൊരു കഥാപാത്രത്തിന്റെ കൂട്ടുവേണമെന്ന് മനസ്സ് ആഗ്രഹിച്ചു. ആവര്‍ത്തനവിരസമായ വേഷങ്ങള്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നു. വ്യത്യസ്ഥമായൊരു വേഷത്തിനുള്ള കാത്തിരിപ്പ് അങ്ങനെ നീണ്ടുപോയി'' ജ്യോതിര്‍മയി വിവരിച്ചു.

ബൊഗെയ്ന്‍വില്ല സിനിമയില്‍ അഭിനയിക്കാന്‍ കാരണം ഭര്‍ത്താവ് അമല്‍ നീരദിന്റെ നിര്‍ബന്ധമായിരുന്നെന്ന് അവര്‍ പറയുന്നു. താരമ്യൂല്യമുള്ളൊരു നടിയെ ഉള്‍പ്പെടുത്തി, സിനിമ ചെയ്യുന്നതല്ലേ നല്ലതെന്ന ജ്യോതിയുടെ ചോദ്യം അമല്‍ തള്ളിക്കളഞ്ഞെന്നും, വീണ്ടും  അഭിനയിച്ചുകാണണമെന്ന് ജ്യോതിര്‍മയിയുടെ അമ്മയും ഏറെ ആഗ്രഹിച്ചിരുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. അമ്മയുടെയും അമലിന്റെയും നിരന്തര പ്രോത്സാഹനമാണ് സിനിമയിലേക്കുള്ള തിരിച്ചുവരവിന് കാരമെന്നും ജ്യോതിര്‍മയി അഭിമുഖത്തില്‍ വിവരിക്കുന്നു.

(അഭിമുഖം പൂര്‍ണമായി വായിക്കാം, പുതിയ ലക്കം ഗൃഹലക്ഷ്മിയില്‍)


 

Content Highlights: upcoming malayalam movie bougainvillea jyothirmayi amal neerad