സഹോദരി കാമുകിയാവുന്ന കഥ, സിനിമയാക്കരുതെന്ന് ബർമൻ പറഞ്ഞു, പാട്ടുകേട്ട് അദ്ദേഹം അസ്വസ്ഥനായി

ഹിപ്പി സംസ്‌കാരത്തിന്റെ കഥ പറഞ്ഞ സിനിമയാണ് 'ഹരേ രാമ ഹരേ കൃഷ്ണ'. 1972-ൽ റിലീസായ ചിത്രത്തിന്റെ സംവിധാനം, നിർമാണം, തിരക്കഥാരചന എന്നിവ നിർവഹിച്ചത് ദേവ് ആനന്ദാണ്. ഒപ്പം പ്രധാനവേഷത്തിൽ അഭിനയിക്കുകയും ചെയ്തു. സീനത്ത് അമന്റെ കരിയർ ബോളിവുഡിൽ ഉറപ്പിച്ചതും ആ സിനിമ തന്നെ. സിനിമയിലെ വസ്ത്രധാരണത്തിലൂടെ ഇന്ത്യയിൽ ഹിപ്പി ട്രെൻഡിന് തുടക്കം കുറിച്ചതും സീനത്ത് തന്നെ. അവർ തന്നെയായിരുന്നു സിനിമയിൽ സ്റ്റൈലിങ് ചെയ്തതും.
ആർ.ഡി.ബർമനാണ് സിനിമയ്ക്കായി സംഗീതസംവിധാനം നിർവഹിച്ചത്. പാടിയത് ആശാ ഭോസ്ലേ, കിഷോർ കുമാർ, ഉഷാ ഉതുപ്പ്, ലതാ മങ്കേഷ്‌കർ എന്നിവരും. ഹരേ രാമാ ഹരേ കൃഷ്ണ, ദം മാരോ ദം, ഫൂലോ കാ താരോം കാ, കാഞ്ചി രേ കാഞ്ചി...തുടങ്ങിയ പാട്ടുകളെല്ലാം ഹിറ്റായി.
'ഹരേ രാമ ഹരേ കൃഷ്ണ' സിനിമയുടെ പിന്നിലെ കുറേ കഥകൾ 'എസ്ഡി ബർമൻ: ദ വേൾഡ് ഓഫ് ഹിസ് മ്യൂസിക്' എന്ന പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. ഖഗേഷ് ദേവ് ബർമനാണ് പുസ്തകമെഴുതിയത്.
''ഒരിക്കൽ പാട്ടുകൾ കേൾക്കാനായി ആർ.ഡി.ബർമന്റെ അച്ഛനും പ്രശസ്ത സംഗീതസംവിധായകനുമായ എസ്.ഡി.ബർമൻ സ്റ്റുഡിയോയിലെത്തി. അവിടെവെച്ച് 'ദം മാരോ ദം' എന്ന ഗാനത്തിന്റെ റെക്കോർഡിങ് നടക്കുകയായിരുന്നു അപ്പോൾ. പാട്ടുകേട്ടപ്പോൾ അദ്ദേഹത്തിന് നിരാശയും അസ്വസ്ഥതയും തോന്നി. കുട്ടിക്കാലം മുതൽ സംഗീതം പഠിപ്പിച്ച തന്റെ മകൻ ആ വഴി ഉപേക്ഷിച്ചെന്ന് അദ്ദേഹത്തിന് തോന്നി. മകൻ തന്റെ പാരമ്പര്യം ഉപേക്ഷിച്ചുവെന്നാണ് അദ്ദേഹം കരുതിയത്. സ്റ്റുഡിയോയിൽനിന്ന് എസ്.ഡി.ബർമൻ ഇറങ്ങിപ്പോവുകയും ചെയ്തു. പാരമ്പര്യമായി ലഭിച്ച സംസ്‌കാരം നിരാകരിക്കുന്നതായിട്ടാണോ അച്ഛന് തോന്നിയത്? തല കുനിച്ചുകൊണ്ട് സ്റ്റുഡിയോയിൽ നിന്ന് പതുക്കെ പുറത്തേക്ക് നടക്കുന്ന അച്ഛനെ രാഹുൽ കണ്ടു. പരാജിതനായ ഒരു രാജാവ് യുദ്ധത്തിൽ നിന്ന് പിൻവാങ്ങുന്നത് പോലെ തോന്നി'', പുസ്തകത്തിൽ പറയുന്നു.
സിനിമയിൽ സീനത്ത് അമനെ ആദ്യം ഉൾപ്പെടുത്തിയിരുന്നില്ലെന്ന് ദേവ് ആനന്ദിന്റെ സുഹൃത്തായ മോഹൻ ചുരിവാല പറയുന്നു. നടി സഹീദയെയായിരുന്നു ആദ്യം ആ കഥാപാത്രത്തിനായി തീരുമാനിച്ചത്. എന്നാൽ, സഹീദയും ദേവ് ആനന്ദും ആ സമയത്ത് പ്രണയത്തിലായിരുന്നുവത്രേ. അതുകൊണ്ട് സിനിമയിൽ ദേവ് ആനന്ദിന്റെ സഹോദരിയാവാൻ തയ്യാറല്ലെന്ന് അവർ പറഞ്ഞു. അങ്ങനെയാണ് സീനത്ത് വരുന്നത്. മാത്രമല്ല സിനിമയുടെ കഥ ആദ്യം പറഞ്ഞപ്പോൾ എസ്.ഡി.ബർമൻ ഞെട്ടിയെന്നും അദ്ദേഹം ഓർക്കുന്നു. സ്വന്തം സഹോദരിയെ തിരഞ്ഞുനടക്കുന്നൊരാൾ ഒരു പെൺകുട്ടിയെ കണ്ടുമുട്ടുന്നു, അവളുമായി പ്രണയത്തിലാവുന്നു. പിന്നീടാണ് അതാണ് തന്റെ സഹോദരിയെന്ന് തിരിച്ചറിയുന്നത്. ഈ കഥയാണ് ആദ്യം ദേവ് ആനന്ദ് പറഞ്ഞത്.
''കഥ കേട്ട ബർമൻ ദാ ചാടിയെണീറ്റു. എന്നിട്ട് പറഞ്ഞു, 'ഈ സിനിമ നിർമിക്കരുത്. ഇതൊരു വൃത്തികെട്ട കഥയാണ്. നിങ്ങൾക്ക് എന്തോ കുഴപ്പമുണ്ട്, അതാണിങ്ങനൊരു സിനിമ ചെയ്യാൻ തീരുമാനിച്ചത്'. അതുകേട്ട ദേവ് സാബ് കഥ ചെറുതായി മാറ്റി. എന്നിട്ടും എസ്.ഡി.ബർമൻ തൃപ്തനായില്ല. ഒടുവിൽ തന്റെ മകൻ സംഗീതസംവിധാനം ചെയ്യട്ടെയെന്ന് അദ്ദേഹം തന്നെ പറയുകയായിരുന്നു''.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Explore the untold stories behind the iconic 1972 film `Hare Rama Hare Krishna`, including S.D. Burman`s disapproval of the controversial plot and music.