ഫുട്‌ബോൾ പോരാട്ടത്തിനിടെ ടൈറ്റിൽ ലോഞ്ചുമായി ടൊവിനോയും നസ്രിയയും

തങ്ങളുടെ പുതിയ ചിത്രമായ 'ഗ്രാസിയസ് എൽ ക്ലാസിക്കോ'യുടെ (Gracias El Clasico) ടൈറ്റിൽ ലോഞ്ച് ചെയ്ത് താരങ്ങളായ ടൊവിനോ തോമസും നസ്രിയ നസീമും. വളരെയധികം വ്യത്യസ്തമായി ഒരു ഫുട്‌ബോൾ മത്സരത്തിനൊപ്പമാണ്, ടൈറ്റിൽ കാർഡ് ലോഞ്ചിങ്ങും നടന്നത്. ബാഴ്‌സിലോണയുടെ ഹോം ഗ്രൗണ്ടായ ക്യാമ്പ് നൗവിൽ റയൽ മാഡ്രിഡ്-ബാഴ്‌സിലോണ പോരാട്ടത്തിനിടെ, ഗ്യാലറിയിൽനിന്നാണ് ടൊവിനോയും നസ്രിയയും തങ്ങളുടെ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടത്.
ടൊവിനോയും നസ്രിയയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് മുഹ്‌സിൻ പരാരിയാണ്. സജിൻ അലി, അബ്ബാസ് തിരുന്നാവായ, സമീർ താഹിർ, ഷൈജു ഖാലിദ് എന്നിവർ ചേർന്നാണ് നിർമാണം നിർവഹിക്കുന്നത്. സംഗീതം സുഷിൻ ശ്യാം. ടൊവിനോയും നസ്രിയയും തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ ഇത് പുറത്തുവിടുകയും ചെയ്തു. ചരിത്രത്തിലാദ്യമായിട്ടാണ് ഒരു സിനിമയുടെ ടൈറ്റിൽ ലോഞ്ച് 'എൽ ക്ലാസിക്കോ' പോരാട്ടത്തിനിടെ നടക്കുന്നത്. 'സുഡാനി ഫ്രം നൈജീരിയ'യുടെ സംവിധായകൻ സക്കരിയയും മുഹ്‌സിൻ പരാരിയും ചേർന്നാണ് സിനിമയുടെ തിരക്കഥ രചിക്കുന്നത്. 'സുഡാനി ഫ്രം നൈജീരിയ'യുടെ തിരക്കഥാകൃാത്തായ മുഹ്‌സിൻ, തല്ലുമാല, ഹലാൽ ലവ് സ്റ്റോറി, വൈറസ് എന്നീ ചിത്രങ്ങളുടെയും തിരക്കഥാകൃത്താണ്.
'അതിരടി'യാണ് ടൊവിനോയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന സിനിമ. 'സൂക്ഷ്മദർശിനി'യിലാണ് നസ്രിയ അവസാനമായി അഭിനയിച്ചത്. ഇപ്പോൾ തമിഴ്‌നടൻ സൂര്യയുടെ അടുത്ത ചിത്രത്തിലും അഭിനയിക്കുന്നുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Tovino Thomas and Nazriya Nazim launched their new film title 'Gracias El Clasico'. The launch occurred during the Real Madrid vs Barcelona match at Camp Nou