പാട്ടിന്റെ ശങ്കരാഭരണങ്ങള്‍ അഴിച്ചുവെച്ച് എസ്.പി.ബി ഇവിടെ അന്ത്യവിശ്രമത്തിലാണ്...

താമരൈപ്പാക്കത്തെ തരിശുനിലങ്ങള്‍ക്കിടയില്‍ കാറ്റ് പാട്ടുമൂളുന്നുണ്ട്. മനസ്സില്‍ നിറയുന്ന സംഗീതത്തിന് കാതോര്‍ത്ത് കുറച്ചുകൂടി മുന്നോട്ടുപോയാല്‍ മരുഭൂമിയിലെ മരീചിക പോലെ ഒരു വശത്ത് മതില്‍ക്കെട്ടിനുള്ളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മരങ്ങള്‍ കാണാം. ഗേറ്റുകടന്നുള്ളിലെത്തിയാല്‍ കാണുന്ന മാന്തോപ്പിലെ നടപ്പാത അവസാനിക്കുന്നത് കരിങ്കല്ലില്‍ തീര്‍ത്ത സ്മാരകത്തിന്റെ മുന്നിലാണ്. ഇവിടെയാണ് പാട്ടിന്റെ ശങ്കരാഭരണങ്ങള്‍ അഴിച്ചുവെച്ച് എസ്.പി.ബി. അന്ത്യവിശ്രമം കൊള്ളുന്നത്.
വിടപറഞ്ഞിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും പിറന്നാള്‍ ദിനത്തിലും ചരമവാര്‍ഷിക ദിനത്തിലും ഓര്‍മകളുടെ സംഗീതം കേള്‍ക്കാന്‍ ആരാധകര്‍ ഇവിടേക്ക് ഓടിയെത്തുന്നു. ഇപ്പോഴും ചെന്നൈയിലെ സംഗീതപരിപാടികളില്‍ പലതും തുടങ്ങുക എസ്.പി.ബിയെ അനുസ്മരിച്ചുകൊണ്ടാണ്. കണ്ടാലും കണ്ടാലും മതിവരാത്ത കടലുപോലെ എസ്.പി.ബിയുടെ വിശേഷങ്ങള്‍ എത്രപറഞ്ഞാലും തീരുന്നില്ല.
പ്രശാന്തസുന്ദരമായ താമരൈപ്പാക്കത്തെ ഫാം, പ്രധാനറോഡിന് സമീപത്താണെങ്കിലും ഇവിടെയെങ്ങും ശാന്തതയാണ്. ഫാം ഹൗസിലെ തൊഴിലാളികള്‍ വൃത്തിയാക്കാന്‍ എത്തുന്നതല്ലാതെ പുറത്തുനിന്ന് ആര്‍ക്കും മുന്‍കൂര്‍ അനുമതിയില്ലാതെ പ്രവേശനമില്ല. പക്ഷേ, വര്‍ഷത്തില്‍ രണ്ടുദിവസം രാവിലെ മുതല്‍ വൈകീട്ട് വരെ ആര്‍ക്കും വരാം. എസ്.പി.ബിയുടെ പിറന്നാള്‍ദിനമായ ജൂണ്‍ നാലിനും ചരമവാര്‍ഷികദിനമായ സെപ്റ്റംബര്‍ 25-നും. ഈ ദിവസങ്ങളില്‍ സ്മാരകത്തില്‍ നടത്തുന്ന ഗാനാര്‍ച്ചനയില്‍ പങ്കെടുക്കാം. പ്രിയ ഗായകന്റെ ഓര്‍മയ്ക്ക് മുന്നില്‍ പൂക്കള്‍ അര്‍പ്പിക്കാം. തമിഴ്നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നും കേരളത്തില്‍ നിന്നുമുള്ള ആരാധകര്‍ ഇപ്പോഴും ഇവിടേക്കെത്തുന്നുണ്ട്.
തിരക്കുകളുടെ സമ്മര്‍ദ്ദത്തില്‍ നിന്നൊഴിഞ്ഞ് മനസ്സ് ശാന്തമാക്കാന്‍ എസ്.പി.ബി എത്തിയിരുന്ന സ്ഥലമാണ് തമിഴ്നാട്ടിന്റെ വടക്കന്‍ അതിര്‍ത്തിയോട് ചേര്‍ന്ന താമരൈപ്പാക്കത്തെ ഈ ഫാം ഹൗസ്. എസ്.പി.ബി.ക്ക് ഒരു അവധിക്കാല വസതി കൂടിയായിരുന്നു ഇത്. നെല്ല് അടക്കമുള്ള കൃഷികള്‍ ഈ ഫാമിലുണ്ട്. എന്നാല്‍ പ്രധാനം മാന്തോപ്പ് തന്നെയാണ്. അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടതായതിനാലാണ് ചിതയൊരുക്കുന്നതിന് പകരം മാന്തോപ്പിനുള്ളില്‍ തന്നെ അടക്കം ചെയ്യാന്‍ തീരുമാനിച്ചത്. നിലവില്‍ കരിങ്കല്ലില്‍ തീര്‍ത്ത സ്മാരകവും ചെറിയൊരു പുല്‍ത്തകിടിയുമാണ് ഇവിടെയുള്ളത്. എസ്.പി.ബിയുടെ ചിത്രവും ഒപ്പും കല്ലില്‍ കൊത്തിവെച്ചിട്ടുണ്ട്. ഇതിനുമുന്നില്‍ ഒരു ശിവലിംഗവുമുണ്ട്. മ്യൂസിയവും സംഗീതപരിപാടികള്‍ നടത്താന്‍ ഓഡിറ്റോറിയവും നിര്‍മിക്കാന്‍ പദ്ധതിയുണ്ട്.
2020 ഓഗസ്റ്റ് അഞ്ചിനായിരുന്നു കോവിഡ് ബാധിച്ച് എസ്.പി.ബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹം തന്നെയായിരുന്നു വീഡിയോ സന്ദേശത്തിലൂടെ ഇത് വെളിപ്പെടുത്തിയത്. വിശ്രമത്തിലാണെന്നും സുഖവിവരം അന്വേഷിച്ച് ആരും വിളിക്കേണ്ടെന്നും പറഞ്ഞു. ഉടന്‍തിരിച്ചുവരുമെന്നും ആത്മവിശ്വാസത്തോടെ അറിയിച്ചു. എന്നാല്‍ ഓഗസ്റ്റ് അവസാനമായപ്പോഴേക്കും ആരോഗ്യം മോശമാവുകയായിരുന്നു. ഇതോടെ ഇളയരാജയുടെയും ഭാരതീരാജയുടെയും നേതൃത്വത്തില്‍ ഓണ്‍ലൈനില്‍ നടത്തിയ കൂട്ടപ്രാര്‍ഥന ഭാഷാഭേദമെന്യേ ആരാധകര്‍ ഏറ്റെടുത്തു. പിന്നീട് കോവിഡ് നെഗറ്റീവായി. സംസാരിക്കാന്‍ തുടങ്ങി. പാട്ടുമൂളിത്തുടങ്ങിയെന്ന വാര്‍ത്ത അതിവേഗം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചു. എന്നാല്‍ വീണ്ടും ആശങ്കയുയര്‍ത്തി ആരോഗ്യം മോശമായി. സെപ്റ്റംബര്‍ 25-ന് ആ മധുരഗാനം നിലയ്ക്കുകയായിരുന്നു. പാട്ടുകളിലൂടെ ജീവിക്കുന്നുവെങ്കിലും ഗാനവേദികളില്‍ എസ്.പി.ബിയുടെ അസാന്നിധ്യം സൃഷ്ടിക്കുന്ന ശൂന്യത നികത്താനാകുന്നില്ല.
മരണത്തിനുശേഷം എസ്.പി.ബിയുടെ ഓര്‍മകള്‍ നിലനിര്‍ത്തുന്നതിനായി സജീവമായി പ്രവര്‍ത്തിക്കുന്നത് എസ്.പി.ബി. ഫാന്‍സ് ചാരിറ്റബിള്‍ ഫൗണ്ടേഷനാണ്. എസ്.പി.ബിയുടെ കാലത്ത് തന്നെ ആരാധകരും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ആരംഭിച്ചതാണ് ഈ സംഘടന. മകന്‍ എസ്.പി.ബി. ചരണും കുടുംബാംഗങ്ങളും സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. എസ്.പി.ബി. പാടിയ ഗാനങ്ങള്‍ ഉള്‍പ്പെടുത്തി പരിപാടികള്‍ നടത്തുകയും അനുസ്മരണചടങ്ങുകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. സംഗീതരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സഹായവും നല്‍കുന്നു. മരിക്കുന്നതിന് കുറച്ചുനാള്‍ മുമ്പ് എസ്.പി.ബി. തന്നെ ഓണ്‍ലൈനിലൂടെ സംഗീതപരിപാടി സംഘടിപ്പിച്ച് സ്വരൂപിച്ച പണം, കോവിഡ് കാലത്ത് വരുമാനം നിലച്ച കലാകാരന്മാര്‍ക്ക് നല്‍കിയിരുന്നു. ഇത്തരത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടില്‍ കഴിയുന്ന സംഗീതകലാകാരന്മാര്‍ക്ക് ഇപ്പോഴും സഹായം നല്‍കുന്നുണ്ട്.
കോടമ്പാക്കത്തെ ഇളയരാജയുടെ സ്റ്റുഡിയോയില്‍നിന്ന് ഒന്നുറക്കെ വിളിച്ചാല്‍ കേള്‍ക്കാവുന്ന ദൂരത്തിലാണ് എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ കാമദാര്‍ സ്ട്രീറ്റിലെ വീട്. അവിടെ നിന്ന് 'ബാലു നീ എവിടേക്ക് പോയി' എന്ന ഇസൈജ്ഞാനിയുടെ നിലവിളി ഇന്നും സംഗീതപ്രേമികള്‍ വേദനയോടെയാണ് ഓര്‍ക്കുന്നത്. എസ്.പി.ബി. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ 'ബാലു വേഗം വാ, ഞാന്‍ കാത്തിരിക്കുന്നു' എന്നു പറയുന്നതായിരുന്നു ഇളയരാജ ആദ്യം പുറത്തുവിട്ട വീഡിയോ സന്ദേശം. മകന്‍ ചരണ്‍ ഈ വീഡിയോ അദ്ദേഹത്തെ കാണിച്ചപ്പോള്‍ എസ്.പി.ബി വികാരാധീനനായി. ഇളയരാജയെ കാണണമെന്നും അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു.
എന്നാല്‍ ആ സമാഗമത്തിന് നില്‍ക്കാതെ വിടപറയുകയായിരുന്നു. തകര്‍ന്ന മനസ്സോടും നിറഞ്ഞ കണ്ണുകളോടും ഇളയരാജ 'ബാലു നീ ഗന്ധര്‍വന്മാരോടൊപ്പം പാട്ടുപാടാന്‍ പോയോ' എന്ന് ചോദിക്കുന്ന വീഡിയോ കണ്ട ജനലക്ഷങ്ങളുടെ മനസ്സുരുകി. എസ്.പി.ബിയുടെ പാട്ടുകള്‍ക്ക് ഹാര്‍മോണിയം വായിച്ചുനടന്ന കാലത്തെക്കുറിച്ച് ഒരു വര്‍ഷം മുമ്പ് നടന്ന ചടങ്ങില്‍ ഇളയരാജ അനുസ്മരിച്ചു. എസ്.പി.ബിയുടെ സ്‌കൂട്ടറിന് പിറകിലിരുന്ന് സംഗീതവേദികള്‍ തേടി നടന്ന സഞ്ചാരങ്ങള്‍ ഇളരാജയും സഹോദരന്‍ ഗംഗൈഅമരനും വേദികള്‍ തോറും പങ്കുവെയ്ക്കുന്നു.
അമ്പത് വര്‍ഷം നീണ്ട ഇരുവരുടെയും സൗഹൃദത്തിനിടയില്‍ പകര്‍പ്പവകാശം കല്ലുകടിയായെങ്കിലും ചെന്നൈയിലെ വേദിയില്‍ തന്നെ മഞ്ഞുരുകിയിരുന്നു. എന്തൊക്കെ സംഭവിച്ചാലും തന്റെ മനസ്സില്‍ ബാലുവിനുള്ള സ്ഥാനം ഒട്ടും കുറയില്ലെന്ന് ഇളയരാജ തന്നെ പിന്നീട് പറഞ്ഞു. ഇരുവരുടെയും സൗഹൃദം ഇന്നും ആരാധകരുടെ മനസ്സിലെ പച്ചപിടിച്ച ഓര്‍മകളാണ്.
Content Highlights: third death anniversary of SP Balasubrahmanyam