ഇടുങ്ങിയ മുറികളോടുള്ള പേടിയും ഒറ്റപ്പെടലും വിഷാദവും അനസൂയയെ ശ്വാസംമുട്ടിച്ചു

അനസൂയ സെന്‍ഗുപ്ത / instagram: anasuya sengupta
അനസൂയ സെന്‍ഗുപ്ത / instagram: anasuya sengupta

മുംബൈയിലെ പല ദുരനുഭവങ്ങളുമാണ് അനസൂയയെ സിനിമയില്‍ നിന്നകറ്റിയതും ഗോവയിലെത്തിച്ചതും. എന്നിട്ടും സിനിമ അവരെ വിട്ടുപോയില്ല. ഒടുവില്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച അഭിനേത്രിക്കുള്ള (uncertain regard segment) പുരസ്‌കാരത്തിലൂടെ സിനിമ അനസൂയയെ കൂടുതല്‍ അടുപ്പിക്കുന്നു.

കൊല്‍ക്കത്തയിലാണ് അനസൂയ സെന്‍ഗുപ്തയുടെ ജനനം. ചെറുപ്പംമുതലേ നന്നായി വരയ്ക്കുമായിരുന്നു. അതിലൊരു കരിയര്‍ ആയിരുന്നു ആദ്യത്തെ ആഗ്രഹം. പിന്നീടതുമാറി പത്രപ്രവര്‍ത്തകയാവണമെന്നായി. അങ്ങനെ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടി. അതിനിടയ്ക്കാണ് ഒരു ബംഗാളിപടത്തില്‍ സഹതാരമായി അഭിനയിക്കുന്നത്. അതോടെ പത്രപ്രവര്‍ത്തനം എന്ന മോഹവും കൈവെടിഞ്ഞു. പക്ഷേ, പിന്നീട് സിനിമയില്‍നിന്ന് നല്ല റോളുകളൊന്നും കിട്ടാതായി. അതോടെ മുംബൈയിലേക്ക് മാറി. 

അവിടെവെച്ചാണ് ആര്‍ട്ട്, പ്രൊഡക്ഷന്‍ ഡിസൈന്‍ എന്നിവയിലേക്ക് മനസ്സ് മാറുന്നത്. ആദ്യം ചെറിയ ചില സിനിമകളുടെ ആര്‍ട്ട് വിഭാഗത്തില്‍ പ്രവര്‍ത്തിച്ചു, പിന്നീട് പ്രൊഡക്ഷന്‍ ഡിസൈനറായി. ഒ.ടി.ടി. റിലീസുകളടക്കം ഒരുപാട് സിനിമകളില്‍ പ്രൊഡക്ഷന്‍ ഡിസൈനിങ് കൈകാര്യം ചെയ്തു. എങ്കിലും നല്ല നാളുകളായിരുന്നില്ല മുംബൈയില്‍ അവരെ കാത്തിരുന്നത്. മുംബൈ ഒരുവശത്ത് അവസരങ്ങള്‍ നല്‍കുമ്പോഴും മറുവശത്ത് തന്നെ ഇല്ലാതാക്കുന്നതും അനസൂയ അറിയുന്നുണ്ടായിരുന്നു. 

''നല്ല ചില വര്‍ക്കുകള്‍ കിട്ടിയെങ്കിലും, എന്തോ ഒരു പോരായ്മ എപ്പോഴും തോന്നി. സ്വതന്ത്ര ആവിഷ്‌കരണത്തിനുള്ള അവസരം പലപ്പോഴും നഷ്ടപ്പെട്ടു. അതെന്നെ വല്ലാതെ ഇല്ലാതാക്കിക്കൊണ്ടിരുന്നു. വല്ലാത്തൊരു ശ്വാസംമുട്ടല്‍, എല്ലാത്തിനോടും പേടി. ഇടുങ്ങിയ, അടച്ചിട്ട മുറികളില്‍ ഇരിക്കാന്‍ പോലും ഞാന്‍ ഭയന്നു. ഒരു ഡിപ്രഷന്‍ കാലമായിരുന്നുവത്'', അനസൂയ പല അഭിമുഖങ്ങളിലും അക്കാലത്തെക്കുറിച്ച് സംസാരിച്ചതിങ്ങനെ. 

മനസ്സ് ശാന്തമാക്കാന്‍ ഗോവയിലേക്ക്...
അനസൂയയുടെ അച്ഛന്‍ ആ സമയത്ത് ഗോവയിലായിരുന്നു. മുംബൈയില്‍നിന്ന് എല്ലാം വിട്ടെറിഞ്ഞ് ഗോവയിലേക്ക് പോകാനൊരുങ്ങി. പിന്നൊന്നും ആലോചിച്ചില്ല. നേരെ ഗോവയിലേക്ക്. ''ഈ തീരുമാനം സാമ്പത്തികപരമായി എങ്ങനെ ബാധിക്കുമെന്നോ, എന്റെ കരിയര്‍ എന്താവുമെന്നോ ഒന്നും അപ്പോള്‍ ചിന്തിച്ചില്ല. എങ്കിലും പേടിയുണ്ടായിരുന്നു ഉള്ളില്‍. അച്ഛനെന്നെ മനസ്സിലായിക്കാണണം. അദ്ദേഹം എന്റെ കൈപിടിച്ച് ചോദിച്ചു, 'ഇതിലും മോശമായി എന്ത് സംഭവിക്കാനാണ്'. അതോടെ എന്റെ മനസ്സിലെ ആശങ്കകളെല്ലാം അകന്നു''. അനസൂയ പിന്നീട് ഓര്‍ത്തെടുത്തു.  

ചെറുപ്പത്തിലെ വര ഗോവയിലെത്തിയപ്പോഴാണ് ഗുണം ചെയ്തത്. തന്റെ പെയിന്റിങ്ങുകളുടെ എക്‌സിബിഷന്‍ സംഘടിപ്പിച്ചു. പെയിന്റിങ്ങുകള്‍ പ്രിന്റ് ചെയ്ത് കലണ്ടര്‍ രൂപത്തിലാക്കി, അത് സാമൂഹ്യമാധ്യമങ്ങളില്‍ വില്‍പ്പനയ്ക്കുവെച്ചു. അങ്ങനെയൊക്കെയായിരുന്നു അക്കാലത്തെ ജീവിതം. അതില്‍നിന്ന് മോശമല്ലാത്ത വരുമാനം ലഭിച്ചു.

ഓണ്‍ലൈനിലൂടെയാണ് പങ്കാളിയായ യഷ്ദീപിനെ പരിചയപ്പെടുന്നതും. ''കലണ്ടറിന്റെ ഒരു കോപ്പിക്കായാണ് യഷ്ദീപ് എനിക്ക് മെസേജ് അയക്കുന്നത്. ആ അക്കൗണ്ടിലേക്ക് ചെന്നപ്പോള്‍ ഡി.ജെ ആണെന്ന് മനസ്സിലായി. പരിചയപ്പെട്ട ദിവസം മുതല്‍ ഞങ്ങള്‍ നിരന്തരം ചാറ്റ് ചെയ്യാന്‍ തുടങ്ങി. നേരിട്ടുകണ്ട് കലണ്ടര്‍ കൊടുക്കാമെന്നുറപ്പിച്ചു. അതിനായൊരു ദിവസവും തീര്‍ച്ചയാക്കി. കണ്ടപ്പോഴും ഒട്ടും അപരിചിതത്വം തോന്നിയില്ല. ഒരാഴ്ച ഞങ്ങള്‍ ഗോവ മുഴുവന്‍ കറങ്ങി. ബീച്ച്, പാര്‍ട്ടി, യോഗ ക്ലാസ്, ഡാന്‍സ് ഫ്‌ളോറുകള്‍, കൂട്ടുകാരുടെ ബര്‍ത്ത്‌ഡേ പാര്‍ട്ടി...അങ്ങനെ. യഷ്ദീപ് അവന്റെ ബുള്ളറ്റിലും ഞാനെന്റെ സ്‌കൂട്ടറിലുമായിരുന്നു യാത്ര''. ആ സൗഹൃദം പ്രണയത്തിലെത്തി, വൈകാതെ അവര്‍ വിവാഹിതരായി. 

സിനിമ വിളിച്ചപ്പോള്‍...
ജീവിതം ഒരു സ്വാഭാവികമായ ഒഴുക്കിലൂടെ പോവുകയാണെന്ന് അനസൂയ ഉറപ്പിച്ചു. അതിനിടയ്ക്കാണ് ബള്‍ഗേറിയന്‍ സംവിധായകന്‍ കോണ്‍സ്റ്റാന്റിന്‍ ബൊജനോവിനെ പരിചയപ്പെടുന്നത്. കോണ്‍സ്റ്റാന്റിന് സ്വന്തം നാടുപോലെ പരിചിതമാണ് ഇന്ത്യ. ഇന്ത്യയില്‍വെച്ച് പല കഥകളും അദ്ദേഹം ആലോചിച്ചു. ഒടുവില്‍ ഒരു ഡോക്യുമെന്ററി നിര്‍മിക്കാന്‍ ഉറപ്പിച്ചു. പക്ഷേ അതിനുള്ള സാമ്പത്തികം അദ്ദേഹത്തിന് കണ്ടെത്താന്‍ കഴിഞ്ഞില്ല. നിര്‍മാതാക്കളെയും കിട്ടിയില്ല. പിന്നീടാണ് 'ദ ഷെയിംലെസ്' എന്ന സിനിമ ചെയ്യാന്‍ തീരുമാനിക്കുന്നത്. പ്രധാനകഥാപാത്രങ്ങള്‍ക്കായി പല താരങ്ങളെയും നോക്കി. പക്ഷേ ആരെയും ഇഷ്ടപ്പെട്ടില്ല. മനസ്സ് മടുത്തപ്പോള്‍ വലിയവര്‍ക്കുള്ള അനിമേഷന്‍ സിനിമ നിര്‍മിക്കാമെന്നായി. 

അതിനായാണ് ഒരു സുഹൃത്ത് വഴി അനസൂയയെ പരിചയപ്പെടുന്നത്. അനിമേഷന്‍ സിനിമ പകുതി വഴിക്ക് വെച്ച് നിന്നെങ്കിലും, അനസൂയയുമായുള്ള സൗഹൃദം തുടര്‍ന്നു. 2020 ജൂണ്‍ മാസത്തില്‍ കോണ്‍സ്റ്റാന്റിന്‍ അനസൂയയ്ക്ക് മെസേജ് അയച്ചു, ''ദ ഷെയിംലെസ് എന്ന സിനിമയിലെ മുഖ്യകഥാപാത്രമായി നിങ്ങളെ ഉള്‍പ്പെടുത്താന്‍ ആഗ്രഹമുണ്ട്. അതിനായി ഒരു ഓഡിഷന്‍ ടേപ്പ് അയക്കാമോ എന്നായിരുന്നു മെസേജ്. എന്തുകൊണ്ട് ഞാന്‍ എന്നാണ് ഞാനാദ്യം ചോദിച്ചത്. ഒരു അഭിനേത്രിയായി, അതും മുഖ്യകഥാപാത്രമായി, അതെത്രത്തോളം നന്നായി ചെയ്യാന്‍ പറ്റുമെന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ടായിരുന്നു. യഷ്ദീപ് ഒരുപാട് നിര്‍ബന്ധിച്ചു. എങ്കിലും ദിവസങ്ങളെടുത്താണ് ഞാന്‍ ഓകെ പറഞ്ഞത്. ഓഡിഷന്‍ ടേപ്പ് അയക്കാന്‍ ഒരുമാസമെടുത്തു. പിന്നെല്ലാം വളരെ പെട്ടെന്നായിരുന്നു''. ഇന്ത്യയിലും നേപ്പാളിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. 

അനസൂയയും പങ്കാളി യഷ്ദീപും

രേണുക എന്ന ലൈംഗികത്തൊഴിലാളിയായാണ് സിനിമയില്‍ അനസൂയ അഭിനയിക്കുന്നത്. ഒരു പോലീസുകാരനെ കുത്തിക്കൊന്നശേഷം രേണുക വേശ്യാലയത്തില്‍നിന്ന് രക്ഷപ്പെടുന്നു. ഒരുകൂട്ടം ലൈംഗികത്തൊഴിലാളികളുടെ അടുത്താണ് രേണുക രക്ഷ തേടിയെത്തുന്നത്. അവിടെവെച്ച് ദേവിക എന്ന പെണ്‍കുട്ടിയെ കാണുന്നു, അവളുമായി പ്രണയത്തിലാവുന്നു.  

മികച്ച അഭിനേത്രിക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയശേഷം അനസൂയ ഇങ്ങനെ പറഞ്ഞു, ''ഞാനീ പുരസ്‌കാരം ക്വീര്‍ കമ്യൂണിറ്റിക്ക് സമര്‍പ്പിക്കുന്നു. സമൂഹത്തില്‍ തുല്യ അവകാശം ലഭിക്കാനായി പോരാട്ടം നടത്തിക്കൊണ്ടിരിക്കുകയാണ് അവര്‍ ഓരോരുത്തരും...'' ഇനിയെന്തായാലും നല്ല സിനിമകളുടെ ഭാഗമാകാനുള്ള തയ്യാറെടുപ്പിലാണ് അനസൂയ. 


 

Content Highlights: the life story of anasuya sengupta who got the best actress award in cannes 2024