‘ദുൽഖറിനെ വെച്ച് ചെറിയൊരു പ്രണയകഥ ചെയ്യാനായിരുന്നു ആലോചന, പിന്നീടത് ഉപേക്ഷിച്ചു’

ദുൽഖർ സൽമാൻ | PTI
ദുൽഖർ സൽമാൻ | PTI

ശിവകാർത്തികേയനെ നായകനാക്കി സംവിധായിക സുധാ കൊങ്കര ഒരുക്കുന്ന ചിത്രം 'പരാശക്തി' ബിഗ് സ്ക്രീനിലെത്താനൊരുങ്ങുകയാണ്. ജനുവരി പത്തിന് പൊങ്കലിനോടനുബന്ധിച്ചാണ് റിലീസ്. ദുൽഖർ സൽമാനെ നായകനാക്കി ഒരു പ്രണയകഥ ചെയ്യാനാണ് ആദ്യം താനാഗ്രഹിച്ചതെന്ന് പറയുകയാണ് സംവിധായികയിപ്പോൾ.

ഗലാട്ട പ്ലസിനോട് സംസാരിക്കവേ, 'പുറനാനൂറ്' എന്ന ചിത്രം ഉപേക്ഷിച്ചതിന് ശേഷം, ഒരു പ്രണയകഥയുമായി ദുൽഖർ സൽമാനെ സമീപിച്ചിരുന്നുവെന്ന് സുധ വെളിപ്പെടുത്തി. ആദ്യം ഒരു ചെറിയ ചിത്രമായിരുന്നെങ്കിലും, പിന്നീടതിന്റെ വ്യാപ്തി വർധിച്ചുവെന്നും അവർ പറയുന്നു.

"ഈ ചിത്രം (പരാശക്തി) വരുന്നതിന് തൊട്ടുമുമ്പ്, ഞാൻ ഡിക്യുവിനെ കണ്ട് പറഞ്ഞു, 'ദുൽഖർ യാർ, എൻ്റെ സിനിമ നടക്കില്ല, ഇപ്പോഴെന്റെ കയ്യിൽ ഒരു ചെറിയ പ്രണയകഥയുണ്ട്, നമുക്കത് ചെയ്യാം.' ഞാൻ കഥ പറഞ്ഞു കൊടുത്തു, അദ്ദേഹം ആവേശഭരിതനായിരുന്നു, ഞാനും. അദ്ദേഹം ചോദിച്ച ഒരേയൊരു കാര്യം... ഇതൊക്കെ എങ്ങനെയാണ് ചെറുതാകുന്നത് എന്നാണ്. അത് ചെറുതായിരുന്നില്ല, പിന്നീടത് ചെലവേറിയതായി. അതിൽ കടലുകളുണ്ടായിരുന്നു, വെള്ളമുണ്ടായിരുന്നു, രണ്ട് രാജ്യങ്ങളുൾപ്പെട്ടിരുന്നു. അങ്ങനെയൊരു പ്രണയകഥയായിരുന്നു അത്"-അവർ പറഞ്ഞു.

സൂര്യയെ നായകനാക്കി ആദ്യം പദ്ധതിയിട്ടിരുന്ന 'പുറനാനൂറ്' എന്ന ചിത്രത്തിൽ സുധാ കൊങ്കരയും ദുൽഖറും ഒന്നിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചിരുന്നു. നസ്രിയ നസിം, വിജയ് വർമ തുടങ്ങിയവരേയും പ്രധാനവേഷത്തിലെത്തിക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ, പിന്നീട് ഈ പ്രോജക്റ്റ് ഉപേക്ഷിച്ചു. ഈ സിനിമയുടെ ആശയം പുനരുജ്ജീവിപ്പിച്ചെടുത്തതാണ് സംവിധായിക 'പരാശക്തി'ക്ക് രൂപംനൽകിയത്, നായകനാക്കിയത് ശിവകാർത്തികേയനേയും.

'പരാശക്തി'
ഒരു രാഷ്ട്രീയ-ചരിത്ര സിനിമയാണിത്. പ്രതിനായകനായെത്തുന്നത് രവി മോഹനാണ്. 1960-കളിലെ മദ്രാസിൽ ജീവിക്കുന്ന രണ്ട് സഹോദരങ്ങളെ ചുറ്റിപ്പറ്റിയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ഒരാൾ റെയിൽവേയിൽ ജോലി ചെയ്യുന്നു, മറ്റൊരാൾ കോളേജ് വിദ്യാർഥിയാണ്. ജനകീയ പ്രക്ഷോഭങ്ങൾക്കിടയിൽ, സഹോദരങ്ങൾ പരസ്പരം അകലുന്നതും പിന്നീടുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് കഥ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Director Sudha Kongara reveals her original love story plan with Dulquer Salmaan before helming Sivakarthikeyan`s political drama, Parasakthi. Learn more about the film`s evolution.