ബാങ്കില്‍ നിന്ന് കാശെടുക്കാന്‍ പോലും അറിയാത്തയാളായിരുന്നു ഞാന്‍-നിത്യാ ദാസ്

മകള്‍ നൈനയ്‌ക്കൊപ്പം സ്റ്റുഡിയോ ഫ്‌ളോറിലേക്ക് കയറിവന്ന നിത്യാ ദാസ് ആദ്യം കൈയിലെടുത്തത് മേശപ്പുറത്ത് കണ്ട ഗൃഹലക്ഷ്മിയാണ്. ഓര്‍മകള്‍ മൂന്ന് ദശാബ്ദം പിന്നിലേക്ക്... ''അന്ന് ഗൃഹലക്ഷ്മിയില്‍ വന്ന ഫോട്ടോയാണ് എന്റെ ജീവിതത്തെ മാറ്റിമറിച്ചത്, 'ഈ പറക്കും തളിക' എന്ന എവര്‍ഗ്രീന്‍ ഹിറ്റ് സിനിമയില്‍ നായികയാകാനും സിനിമയില്‍ അരങ്ങേറാനും വഴിതുറന്നത് ആ ഫോട്ടോയാണ്...'' വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ഗൃഹലക്ഷ്മിയുടെ മുഖച്ചിത്രമാകാനെത്തുമ്പോള്‍ മകള്‍ നൈനയ്ക്ക്, നിത്യ സിനിമയില്‍ അരങ്ങേറിയ പ്രായം.
വിവാഹശേഷം ആദ്യകുഞ്ഞിനായുള്ള കാത്തിരിപ്പില്‍ നിത്യ കൊതിച്ചത് വെള്ളാരങ്കണ്ണുള്ള മകളെയായിരുന്നു. ആ മോഹം സഫലമായെന്ന് നൈനയെ കാണുമ്പോള്‍ തോന്നും. ഇന്ന് പുതുകാലത്തിന്റെ വൈബിനനുസരിച്ച് മകള്‍ നൈനയ്ക്കും മകന്‍ നമനുമൊപ്പം നിത്യയും വളരുകയാണ്. സിനിമയിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷവും അമ്മജീവിതത്തിന്റെ മധുരവുമെല്ലാം പങ്കുവെച്ച് അവര്‍ സംസാരിച്ചുതുടങ്ങി.
അമ്മയ്‌ക്കൊപ്പം മകളാണോ, മകള്‍ക്കൊപ്പം അമ്മയാണോ വളരുന്നത്?
നിത്യാ ദാസ്: മകള്‍ക്കൊപ്പം ഞാനാണ് വളരുന്നത്. നൈനയാണ് ഇന്നെന്റെ ഡിസൈനര്‍. എന്റെ ഡ്രസ്സിങ് സ്‌റ്റൈല്‍, ആറ്റിറ്റിയൂഡ് എന്നിവയിലെല്ലാം മോളുടെ സ്വാധീനമുണ്ട്. അവളെന്നെ പല വേഷങ്ങളും കെട്ടിക്കുന്നു (ചിരിക്കുന്നു). ഞാന്‍ ഓരോന്നും ധരിക്കുമ്പോള്‍, ഇതല്ല ഇപ്പോഴത്തെ ട്രെന്‍ഡെന്നുപറഞ്ഞ് വസ്ത്രങ്ങള്‍ തിരഞ്ഞെടുത്ത് തരും. ഇവളെ വിശ്വസിച്ചാണ് ഞാന്‍ അതെല്ലാം ധരിക്കുന്നത്. നല്ലതും ചീത്തയുമായ അഭിപ്രായങ്ങള്‍ കേള്‍ക്കാറുണ്ട്. ഞാന്‍ സന്തോഷവതിയാണ്. പുതിയകാലത്തെ ട്രെന്‍ഡിനനുസരിച്ച് ജീവിക്കാനും ആ ഒഴുക്കിനൊത്ത് മുന്നോട്ടുപോകാനും പ്രാപ്തയാക്കുന്നത് നൈന തന്നെയാണ്.
നിത്യ വീണ്ടും സിനിമചെയ്തുതുടങ്ങിയിരിക്കുന്നു. അമ്മയെപ്പോലെ മകള്‍ക്കും അഭിനയത്തോട് താത്പര്യമുണ്ടോ?
നിത്യ: പതിനഞ്ചുവര്‍ഷത്തിനുശേഷം വീണ്ടും നായികയായി 'പള്ളിമണി' എന്ന സിനിമയില്‍ അഭിനയിച്ചു. അദ്ഭുതം തോന്നുന്നുണ്ട്. കാരണം, എനിക്ക് സിനിമയില്‍നിന്ന് പുറത്തുപോയതായി തോന്നിയിട്ടില്ല. സോഷ്യല്‍ മീഡിയയൊക്കെ ഉള്ളതുകൊണ്ടാകാം. അന്ന്-ഇന്ന് എന്നൊന്നുമുള്ള വ്യത്യാസം തോന്നിയിട്ടില്ല. എല്ലാവരും എന്നെ തിരിച്ചറിയുന്നുണ്ട്. 'ഈ പറക്കും തളിക' പോലൊരു സിനിമയില്‍ നായികയായതുകൊണ്ടാണ്. മിനി സ്‌ക്രീനില്‍ എപ്പോള്‍ പ്രദര്‍ശിപ്പിച്ചാലും ഇന്നും ആ സിനിമ കാണാന്‍ ആളുണ്ട്. ജനറേഷന്‍ ഗ്യാപ്പില്ലാതെ പ്രേക്ഷകര്‍ സിനിമ ആസ്വദിക്കുന്നുണ്ട്. അതൊരു വലിയ ഭാഗ്യമാണ്.
വിവാഹത്തിനുശേഷം ചില അവസരങ്ങളൊക്കെ വന്നിരുന്നു. എന്നാല്‍, മനസ്സിനിണങ്ങിയ നല്ല സിനിമ വന്നില്ല. സണ്‍ ടിവിയില്‍ തമിഴ് സീരിയലില്‍ പത്തുവര്‍ഷത്തോളം അഭിനയിച്ചു. സിനിമയില്‍നിന്ന് മാറിനില്‍ക്കണമെന്ന് തീരുമാനിച്ചിരുന്നില്ല. വീണ്ടും അഭിനയിക്കണമെന്ന് വിവാഹശേഷം തോന്നിയിട്ടുമുണ്ട്. എന്നാല്‍, കുടുംബം, കുട്ടികള്‍ അങ്ങനെ ഉത്തരവാദിത്വങ്ങള്‍ ഒന്നിനുപിറകെ ഒന്നായി വന്നു. അപ്പോഴും നല്ല വേഷങ്ങള്‍ എന്നെ തേടിവന്നിരുന്നു.
നൈന: എനിക്ക് ഇപ്പോള്‍ അഭിനയ താത്പര്യമില്ല. പത്താം ക്ലാസ് കഴിഞ്ഞു. പഠിപ്പിനുതന്നെയാണ് നിലവില്‍ പ്രാധാന്യം നല്‍കുന്നത്. പിന്നെ, വെസ്റ്റേണ്‍ ഡാന്‍സിനോടും ഇഷ്ടമുണ്ട്. കുറച്ചധികം കാര്യങ്ങള്‍ ആ മേഖലയില്‍ ചെയ്യണമെന്നുമുണ്ട്.
നിത്യ: ഞാന്‍ പത്താംക്ലാസ് കഴിഞ്ഞപ്പോള്‍ സിനിമയിലെത്തിയ ആളാണ്. അന്ന് പഠനത്തിന് പ്രാധാന്യം കൊടുത്തില്ല. വിദ്യാഭ്യാസമെന്നുപറയുന്നത് എത്രമാത്രം പ്രധാനമാണെന്ന് ഇന്നെനിക്കറിയാം. ഇഷ്ടമുള്ളത്രയും പഠിച്ച് ഒരുനിലയിലെത്തിയശേഷം ആഗ്രഹങ്ങള്‍ക്കു പിറകെ പോകാനാണ് ഞാന്‍ മക്കളോട് പറയാറുള്ളത്. അവരുടെ വിദ്യാഭ്യാസത്തിനുതന്നെയാണ് ഞാന്‍ മുഖ്യപരിഗണന നല്‍കുന്നത്.
മകള്‍ എന്ന നിലയില്‍നിന്ന് വിവാഹശേഷം അമ്മ റോളിലേക്ക് മാറിയപ്പോള്‍ എന്തുതോന്നി?
നിത്യ: ഒരുപാട് വിഷമഘട്ടങ്ങളിലൂടെയാണ് ഓരോ അമ്മയും കടന്നുപോകുന്നതെന്ന് മനസ്സിലായത് അമ്മയായപ്പോഴാണ്. മക്കളുടെ ഓരോ പ്രായത്തിലും അമ്മമാരുടെ ടെന്‍ഷന്‍ ഓരോന്നായിരിക്കും. അമ്മയായാലേ അതൊക്കെ മനസ്സിലാക്കാന്‍ കഴിയൂ.
ജീവിതപങ്കാളിയായ അരവിന്ദ് പഞ്ചാബിയാണ്. രണ്ടു സംസ്‌കാരങ്ങള്‍. മക്കള്‍ ഇതില്‍ ഏതുവഴിയേയാണ് നടക്കുന്നത്?
നിത്യ: ഭക്ഷണം, സംസ്‌കാരം എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ മകള്‍ക്ക് പഞ്ചാബി സ്‌റ്റൈലിനോടാണ് താത്പര്യം. എന്നാല്‍ അവള്‍ അമ്മക്കുട്ടിയാണ്. മകന്‍ നേരേ മറിച്ചാണ്. അവനിഷ്ടം കേരളത്തോടാണ്. എന്നാല്‍ കൂറ് അച്ഛനോടും (ചിരിക്കുന്നു).
അമ്മയുടെ ഫോട്ടോകോപ്പിയാണ് മകള്‍ എന്ന കമന്റുകള്‍ കാണാറുണ്ടോ?
നിത്യ: ആ കമന്റ് ശരിയാണെന്ന് തോന്നിയിട്ടില്ല. അവള്‍ അച്ഛനെപ്പോലെയാണ്. പക്ഷേ, മുഖത്തെവിടെയോ ചെറിയൊരു സാമ്യം ഞാനുമായിട്ടുണ്ട്. ഗര്‍ഭിണിയായ സമയത്തുതന്നെ മനസ്സിലുറപ്പിച്ചിരുന്നു, പിറക്കുന്നത് മകളാണെങ്കില്‍ അവള്‍ക്ക് അരവിന്ദിന്റേത് പോലെ വെള്ളാരങ്കണ്ണായിരിക്കുമെന്ന്. 'നൈന' എന്ന് പേരിടണമെന്നും ഉറപ്പിച്ചു. മകനാണെങ്കില്‍ 'നമന്‍' എന്നും. ആഗ്രഹിച്ചപോലെതന്നെ സംഭവിച്ചു. ആദ്യം മകള്‍ പിറന്നു. അവള്‍ക്ക് 'നൈന' എന്നും മകന് 'നമന്‍' എന്നും പേരിട്ടു.
നൈന: എന്റെ കീഴ്ത്താടിക്ക് അമ്മയുടെതുമായി സാമ്യമുണ്ട്. അതിനാലാകാം അത്തരം കമന്റുകള്‍. മറ്റ് സാമ്യങ്ങള്‍ എനിക്കും തോന്നിയിട്ടില്ല.
മക്കളെ എങ്ങനെ വളര്‍ത്തണമെന്ന് മുന്‍പേ പ്ലാന്‍ചെയ്തിരുന്നോ?
നിത്യ: ജീവിതത്തിന്റെ ഒരുഘട്ടത്തില്‍, പെട്ടെന്ന് വിവാഹം കഴിക്കണം, കുട്ടികളുണ്ടാവണം, സെറ്റിലാവണം എന്ന ചിന്തയുണ്ടായിരുന്നു. അത് നടപ്പിലാക്കുകയും ചെയ്തു. മക്കളെ എങ്ങനെ വളര്‍ത്തണമെന്നൊന്നും പ്ലാന്‍ ചെയ്തിട്ടില്ല. സത്യത്തില്‍ എനിക്കും മുന്‍പേ അരവിന്ദ് അത് പ്ലാന്‍ചെയ്തു. പട്ടാളച്ചിട്ടപോലെ ഒരു പ്ലാന്‍. രാവിലെ ഇത്രമണിക്ക് എഴുന്നേല്‍ക്കണം, രാത്രി ഇത്രമണിക്ക് ഉറങ്ങണം. അത്തരം കാര്യങ്ങളെല്ലാം അദ്ദേഹം നടപ്പാക്കുകയും ചെയ്യുന്നുണ്ട്.
അമ്മയൊരു സിനിമാനടിയാണെന്നു മനസ്സിലായത് എപ്പോഴാണ്?
നൈന: കാര്യങ്ങള്‍ തിരിച്ചറിഞ്ഞുതുടങ്ങിയപ്പോള്‍. ഇപ്പോള്‍ അമ്മയുടെ സിനിമകള്‍ ടെലിവിഷനില്‍ കാണുമ്പോള്‍ അനിയന്‍ പറയും: ''അമ്മാ, നിത്യാ ദാസ് അതാ ടി.വി.യില്‍...'' ആരാ ഈ നിത്യദാസ് എന്ന് അമ്മ അപ്പോള്‍ ചോദിക്കും. ''ആക്ട്രസ്'' എന്നവന്‍ പറയും.
നിത്യ: (ചിരിക്കുന്നു) ഇവര്‍ക്ക് ഞാനൊരു നടിയാണ് എന്നത് ഒരു കൗതുകമൊന്നുമല്ല. അടുത്തിടെ നടന്ന ഒരു സംഭവം പറയാം. ഞങ്ങള്‍ ദുബായില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ പോയി. മലയാളികള്‍ തിരിച്ചറിയാതിരിക്കാന്‍ വേണ്ടി പര്‍ദ ധരിച്ചാണ് പോയത്. മോള്‍ സാധാരണ വസ്ത്രത്തിലും. ആരും തിരിച്ചറിയില്ലെന്നാണു കരുതിയത്. എന്നാല്‍, നിത്യാ ദാസല്ലേ എന്ന് പലരും ചോദിച്ചു.
ഇതെങ്ങനെയാണ് തിരിച്ചറിയുന്നതെന്ന് എനിക്ക് മനസ്സിലായില്ല. അപ്പോള്‍ ഒരാള്‍ പറഞ്ഞു, പര്‍ദ മകളെയുംകൂടി ഇടീക്കണമെന്ന്! നിത്യയുടെ മകളാണിതെന്ന് എല്ലാവര്‍ക്കുമറിയാം. അതൊരു തിരിച്ചറിവായിരുന്നു. ഇപ്പോള്‍ അതുകൊണ്ട്, എന്റെ കൂടെ യാത്രചെയ്യുമ്പോള്‍ അവളെയും മാസ്‌ക്ക് ധരിപ്പിക്കാറുണ്ട്.
നിത്യയുടെ അഭിപ്രായത്തില്‍ എന്താണ് സ്വാതന്ത്ര്യം, സന്തോഷം?
നിത്യ: നമുക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്യാന്‍ പറ്റുന്നതാണ് സ്വാതന്ത്ര്യം. ആര്‍ക്കും നമ്മളോട് അത് ചെയ്യരുത് എന്നുപറയാന്‍ അവകാശമില്ല. അതേസമയം നമ്മുടെ പരിമിതികളെക്കുറിച്ച് തിരിച്ചറിവ് വേണം. അതിനുള്ളില്‍നിന്നുള്ള സ്വാതന്ത്ര്യം എനിക്കിഷ്ടമാണ്. കുടുംബംതന്നെയാണ് ഏറ്റവും വലിയ സന്തോഷം. അവരുടെ കൂടെ ചെലവഴിക്കുന്ന സമയംതന്നെയാണ് ഞാനേറെ ആസ്വദിക്കുന്നതും. ഞങ്ങള്‍ കുറേ യാത്ര ചെയ്യുന്നവരാണ്. മക്കള്‍ക്കൊപ്പമുള്ള എല്ലാ യാത്രകളും ഇഷ്ടമാണ്. കുറേക്കാലത്തെ ആഗ്രഹമായിരുന്നു ആഫ്രിക്ക സന്ദര്‍ശിക്കണമെന്നത്. അതും സാധിച്ചു. അന്റാര്‍ട്ടിക്കയൊഴികെയുള്ള എല്ലാ വന്‍കരകളും ഞങ്ങള്‍ സന്ദര്‍ശിച്ചുകഴിഞ്ഞു.
സ്വന്തം ഉള്ളിലേക്കു നോക്കുന്ന ഒരുഘട്ടം എല്ലാ സ്ത്രീകളുടെയും ജീവിതത്തില്‍ ഉണ്ടോ?
തീര്‍ച്ചയായും ഉണ്ട്. ജീവിതത്തിന്റെ ഒരുഘട്ടംവരെ നമ്മള്‍ പൂര്‍ണമായും മറ്റുള്ളവരെ ആശ്രയിച്ചായിരിക്കും മുന്നോട്ടുപോകുന്നത്. അച്ഛന്‍, ഭര്‍ത്താവ്, അങ്ങനെ ആളുകള്‍ വ്യത്യാസപ്പെടാം. എന്നാല്‍ ഒരുഘട്ടമെത്തുമ്പോള്‍, എല്ലാം ഒറ്റയ്ക്ക് ചെയ്തുകൂടേ എന്നൊരു ചിന്ത വരും. ഒരുകാലംവരെ ബാങ്കില്‍ പോയി കാശെടുക്കാന്‍ പോലും അറിയാത്തയാളായിരുന്നു ഞാന്‍. അച്ഛനും ഭര്‍ത്താവുമാണ് അത്തരം കാര്യങ്ങളെല്ലാം ചെയ്തുതന്നിരുന്നത്. പതുക്കെ ഞാന്‍ കാര്യങ്ങള്‍ സ്വയം ചെയ്തുതുടങ്ങി. അമ്മയാണ് അതിനാവശ്യമായ പിന്തുണ നല്‍കിയത്.
എന്റെ പ്രശ്‌നങ്ങള്‍ പറഞ്ഞപ്പോള്‍ അമ്മ നല്‍കിയ ഉപദേശം ഇങ്ങനെയായിരുന്നു: '' സ്‌കൂളില്‍ പഠിക്കുമ്പോള്‍ നമ്മള്‍ നേരിട്ട് പത്താംക്ലാസ്സിലേക്ക് എത്തില്ലല്ലോ. ഒന്നിലും രണ്ടിലുമൊക്കെ പഠിച്ച് പഠിച്ചല്ലേ മുകളിലേക്ക് പോകുക. ജീവിതവും അങ്ങനെയാണ്. നമ്മുടെ ആവശ്യങ്ങള്‍ സ്വയം ചെയ്യാന്‍ തുടങ്ങിയാല്‍ മെല്ലെ എല്ലാം പഠിക്കും. പ്രതിസന്ധികളാണ് പുതിയ സാധ്യതകള്‍ തുറന്നുതരുന്നത്.'' അമ്മ നല്‍കിയ ആ ഉപദേശമാണ് ഇന്നുകാണുന്ന നിത്യാ ദാസിനെ സൃഷ്ടിച്ചത്. ജീവിതം എപ്പോഴും സ്മൂത്തായി മുന്നോട്ടുപോകുമെന്ന് ആരും കരുതരുത്. പ്രതിസന്ധി വരുമ്പോഴാണ് ഓരോ മനുഷ്യനും ശരിക്കും ജീവിക്കാന്‍ പഠിക്കുന്നത്.
Content Highlights: south indian actress nithya das and daughter interview