കുളത്തില്‍ ചാടി ആത്മഹത്യ ചെയ്യുമെന്ന് ഗിരീഷ് പറഞ്ഞപ്പോള്‍ ഞാന്‍ പേടിച്ചു: എം.ജി.ശ്രീകുമാര്‍

അക്ഷരങ്ങളെ പ്രാണനോടു ചേര്‍ത്തൊരു കൂട്ടുകാരന്‍. അദ്ദേഹത്തിന്റെ പേനത്തുമ്പില്‍നിന്ന് ഒഴുകിവരുന്ന വാക്കുകള്‍ ഹൃദയത്തില്‍ ആഴത്തിലങ്ങനെ പതിയുമായിരുന്നു. ഗിരീഷ് പുത്തഞ്ചേരിയും അദ്ദേഹത്തിന്റെ വരികളും എന്നും എന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നതാണ്... സിനിമകള്‍ക്കുവേണ്ടി ഗിരീഷ് പാട്ടെഴുതുന്ന തുടക്കകാലത്തുതന്നെയാണ് ഞങ്ങള്‍ തമ്മില്‍ കണ്ടുമുട്ടുന്നത്. 'ദേവാസുരം' സിനിമയ്ക്കുവേണ്ടി ശശിയേട്ടനാണ് (ഐ.വി. ശശി) ഗിരീഷിനെ വിളിച്ചത്. സംഗീതം ചെയ്യുന്നത് എന്റെ ചേട്ടന്‍ എം.ജി. രാധാകൃഷ്ണനായിരുന്നു.
ശശിയേട്ടന്‍ പറഞ്ഞതനുസരിച്ച് ചേട്ടനെ കാണാനായി ഞങ്ങളുടെ തിരുവനന്തപുരത്തെ വീട്ടിലേക്കാണ് ഗിരീഷ് വന്നത്. അന്ന് ഞങ്ങള്‍ കൂട്ടുകുടുംബമായാണ് താമസം. വീടിന്റെ നടയില്‍ ഞാനും അമ്മയും ചേട്ടനുമൊക്കെ ഇരിപ്പുണ്ട്. ആരാണെന്ന് ചോദിച്ചപ്പോള്‍ കോഴിക്കോടുനിന്നാണ്, പേര് ഗിരീഷ് എന്ന് പറഞ്ഞു. പാട്ടൊക്കെ എഴുതുന്ന ആളാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തി. ആ കാലത്ത് ഇങ്ങനെ ഒരുപാടുപേര് വീട്ടില്‍ വരാറുണ്ടായിരുന്നു, ചേട്ടന്‍ വഴി ഓള്‍ ഇന്ത്യാ റേഡിയോയില്‍ അവസരം കിട്ടാനായി. ഗിരീഷും അങ്ങനെ വന്നതാണെന്നാണ് കരുതിയത്. എന്നാല്‍ ചേട്ടന്‍ ചോദിച്ചപ്പോള്‍ 'ദേവാസുരം' എന്ന ചിത്രത്തിനുവേണ്ടി പാട്ടെഴുതാന്‍ ഐ.വി. ശശിയേട്ടന്‍ പറഞ്ഞയച്ചതാണെന്ന് ഗിരീഷ് പറഞ്ഞു. അന്നുച്ചയ്ക്കുതന്നെ അവിടെയുള്ള ഒരു ഹോട്ടലില്‍വെച്ച് കംപോസിങ്ങും തുടങ്ങി. ചേട്ടനൊപ്പം ഞാനുമുണ്ടായിരുന്നു.
ഗിരീഷിനോട് കഥാസന്ദര്‍ഭത്തിന് അനുയോജ്യമായ ഒരു നാലുവരി എഴുതിത്തരാന്‍ ചേട്ടന്‍ പറഞ്ഞു. എന്തെങ്കിലുമൊരു ട്യൂണ്‍ പാടിത്തരാമോ എന്ന് ഗിരീഷ് ചേട്ടനോട് ചോദിച്ചു. 'സൂര്യകിരീടം വീണുടഞ്ഞു' എന്ന പാട്ടിന്റെ രാഗത്തില്‍ ചേട്ടന്‍ ചെറുതായി മൂളിക്കൊടുത്തു. അതുകേട്ട് പതിനഞ്ച് മിനിറ്റുപോലും എടുത്തിട്ടില്ല, നാല് വരികളെഴുതിക്കൊണ്ട് ഗിരീഷ് വന്നു. ചേട്ടന്റെ ഈണവുമായി ഇഴചേര്‍ന്നുപോവുന്ന വരികള്‍...
'സൂര്യകിരീടം വീണുടഞ്ഞു
രാവിന്‍ തിരുവരങ്ങില്‍
പടുതിരിയാളും പ്രാണനിലേതോ
നിഴലുകളാടുന്നു നീറും...'
വരികള്‍ വായിച്ചപ്പോള്‍ ഒരു രക്ഷയുമില്ല, അതിമനോഹരം. ഇത്രയും ഹൃദ്യമായ വരികളെഴുതിയപ്പോള്‍തന്നെ ചേട്ടന്‍ പല്ലവി ട്യൂണ്‍ ചെയ്തു. അങ്ങനെ ആദ്യമായി ഗിരീഷിനെ കാണാനും ദേവാസുരത്തിന്റെ പാട്ട് ചിട്ടപ്പെടുത്തുന്ന വേളയില്‍ സാക്ഷിയാവാനും സൂര്യകിരീടം എന്ന പാട്ട് പാടാനും എനിക്ക് ഭാഗ്യമുണ്ടായി. പിന്നീടങ്ങോട്ട് ഗിരീഷിന്റെ കാലമായിരുന്നു...
തുടക്കത്തില്‍തന്നെ ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായി മാറിയിരുന്നു. തമ്മില്‍ തര്‍ക്കിച്ച് പിണങ്ങും. വീണ്ടും ഇണങ്ങും. അതാണല്ലോ സ്നേഹം. ഗിരീഷിന് കൈനിറയെ വര്‍ക്കുകള്‍ കിട്ടിക്കൊണ്ടിരുന്നപ്പോള്‍ മിക്കപ്പോഴും ചെന്നൈയിലായിരുന്നു. എന്നും രാത്രി പത്തുമണിയാവുമ്പോള്‍ വിളിക്കും. കുറേ സംസാരിക്കും. മദ്രാസിലെ വിശേഷങ്ങള്‍, ഓരോ പാട്ടും ചിട്ടപ്പെടുത്തിയതിന്റെ കഥകള്‍, ആളുകളെ അനുകരിക്കല്‍... വളരെ രസകരമായ നുറുങ്ങുകഥകള്‍ പറയും. ആരെയും വിഷമിപ്പിക്കുന്ന തരത്തിലോ കളിയാക്കിയോ അല്ല പറയുക. പക്ഷേ, അദ്ദേഹത്തിന്റെ അവതരണത്തില്‍ നമ്മള്‍ ചിരിച്ചുപോവും.
ഗിരീഷിനെ സംബന്ധിച്ച് ആര് പറയുന്നതും ചെവിക്കൊള്ളാറില്ല. കാരണം ഗിരീഷിന് ആരെയും ബോധിപ്പിക്കാനില്ല. പത്തുമിനിറ്റുകൊണ്ടൊക്കെയാ ഗിരീഷ് പാട്ടെഴുതുന്നത്. മിക്കവാറും വെളുപ്പിന് നാലുമണിതൊട്ട് അഞ്ച് അഞ്ചരവരെ ഇരുന്നാണ് എഴുതുക. പകല്‍സമയത്ത് എഴുതില്ല. അദ്ദേഹത്തിന്റെ രീതി അതാണ്. ഗിരീഷ് എഴുതി ജോണ്‍സണോ ഔസേപ്പച്ചനോ വിദ്യാസാഗറോ... ആര് ഈണമിട്ടാലും ആ പാട്ട് സൂപ്പറായിരിക്കും. സത്യം പറഞ്ഞാല്‍ ഇപ്പോഴാണ് പലര്‍ക്കും അദ്ദേഹത്തിന്റെ വില മനസ്സിലാവുന്നത്.
പുത്തനെ കുഴപ്പിച്ച ധാംകിണക്ക
ഗിരീഷിനെ കുഴപ്പിച്ച, എഴുതാന്‍ ഏറെ ബുദ്ധിമുട്ടിപ്പിച്ച ഒരു പാട്ടുണ്ട്. നരസിംഹത്തിലെ 'ഹേ ധാംകിണക്കം...' ഒറ്റപ്പാലത്തെ ഒരു റിസോര്‍ട്ടില്‍ വെച്ചായിരുന്നു പാട്ട് കമ്പോസിങ് നടന്നത്. അതിനടുത്തായിരുന്നു ഷൂട്ടിങ്ങും. അതിലും ചേട്ടനായിരുന്നു സംഗീതസംവിധായകന്‍. രാവിലെത്തന്നെ പാട്ട് കംപോസിങ് തുടങ്ങും. ഷൂട്ട് കഴിഞ്ഞ് വൈകുന്നേരമാവുമ്പോള്‍ ഷാജി കൈലാസും മോഹന്‍ലാലും രഞ്ജിത്തും ക്യാമറാമാനുമൊക്കെ വരും. പാട്ട് കേള്‍ക്കാന്‍. ഓരോ ട്യൂണും കേട്ട് ഇത് സൂപ്പറാണെന്ന് പറയും. എന്നിട്ട് ഗിരീഷിനോട് എഴുതാന്‍ പറയും.
കാലത്ത് ഇവര്‍ ഇറങ്ങാന്‍നേരം ഗിരീഷ് വരികള്‍ കൊടുക്കും. കുറച്ച് കഴിയുമ്പോള്‍ രഞ്ജിത്ത് ഗിരീഷിനെ വിളിക്കും. രഞ്ജിത്ത് 'പുത്താ' എന്നാണ് ഗിരീഷിനെ വിളിക്കാറ്. ''എടാ പുത്താ നീ ഇങ്ങ് വന്നേ, ഇത് നമുക്ക് ശരിയായില്ല, ഒന്നൂടെ എഴുതാം'' എന്നുപറയും. അങ്ങനെ ദിവസങ്ങള്‍ പോയി. അവസാനം ചേട്ടന് മടുപ്പായി, ഗിരീഷിനും...
ഒരു ദിവസം രാത്രി ഏകദേശം ഒരുമണി ആയിക്കാണും. ഞാനെന്റെ കോട്ടേജിലേക്ക് കയറുമ്പോഴുണ്ട് അതിനടുത്തുള്ള കരിങ്കല്‍ കെട്ടിയ കുളത്തിനടുത്ത് ഗിരീഷ് നില്‍ക്കുന്നു. ഞാന്‍ ഞെട്ടിപ്പോയി. കരിങ്കല്‍ കെട്ടിന് മുകളില്‍നിന്ന് ചാടാന്‍ ഉറപ്പിച്ചാണ് ഗിരീഷിന്റെ നില്‍പ്പ്. ഞാന്‍ ചെന്ന് കാര്യം തിരക്കി. ഞാനിപ്പോള്‍ ചാടും, ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് ഗിരീഷ് അവിടെത്തന്നെ നില്‍ക്കുന്നു. ഞാന്‍ ഓടിപ്പോയി രഞ്ജിത്തിനോട് കാര്യം പറഞ്ഞു. അദ്ദേഹം വളരെ ലാഘവത്തോടെ പറയാ, ''കുട്ടന്‍ പോയി കിടക്ക്, പുത്തന്‍ ചാടത്തൊന്നുമില്ല. പുത്തന്‍ കാലത്ത് കാപ്പികുടിക്കാന്‍ വരും''. എനിക്ക് ഉറക്കം വന്നില്ല. എങ്ങനെയോ നേരം വെളുപ്പിച്ചു. രാവിലെ നോക്കുമ്പോഴുണ്ട് കാപ്പി കുടിക്കാനായി പുത്തഞ്ചേരി വരുന്നു. അങ്ങനെ ഏകദേശം 20-22 ദിവസമെടുത്താണ് 'ധാംകിണക്ക ധില്ലം ധില്ലം' പാട്ട് ഗിരീഷ് എഴുതിയത്. അങ്ങനെ എത്രയെത്ര ഓര്‍മകള്‍...
ജീവിതം പകര്‍ത്തിവച്ച വരികള്‍
എനിക്കേറെ പ്രിയപ്പെട്ട പാട്ടുകളിലൊന്നാണ് അഗ്നിദേവന്‍ സിനിമയിലെ 'നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞവളേ...' ആ പാട്ട് എഴുതുമ്പോഴും ഞാന്‍ ഗിരീഷിനൊപ്പമുണ്ട്. തിരുവനന്തപുരത്തെ ഏതോ ഒരു കാട്ടുകുന്നിന്റെ മുകളിലുള്ള സ്ഥലത്ത് താമസിച്ചിട്ടായിരുന്നു ആ പാട്ടെഴുതിയത്. നല്ല കരിക്കിന്‍ വെള്ളമൊക്കെ കിട്ടുമായിരുന്നു അവിടെ. അന്ന് ഞങ്ങള്‍ക്കൊപ്പം നിര്‍മാതാവ് ആനന്ദേട്ടനും സംവിധായകനും നടനുമായ വേണുനാഗവള്ളിയുമൊക്കെ ഉണ്ടായിരുന്നു. ഗ്രാമാന്തരീക്ഷത്തില്‍ ഞങ്ങള്‍ സുഹൃത്തുക്കളെല്ലാവരും കൂടിയിരുന്ന് സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്ത്, പാട്ടൊക്കെ പാടി, കുറച്ച് ദിവസങ്ങള്‍ ചെലവഴിച്ചു.
പിന്നീട് ചില മാസങ്ങള്‍ക്കുശേഷം കാലാപാനി എന്ന സിനിമയിലെ പാട്ടിനുവേണ്ടി ഞാനും ഗിരീഷും വീണ്ടും ഒന്നിച്ചു. ഇളയരാജാ സാറ് ഈണങ്ങള്‍ റെക്കോഡ് ചെയ്തിട്ട് കാസറ്റ് കൊടുത്തയച്ചിരുന്നു. കോഴിക്കോട്ടുനിന്ന് ഗിരീഷ് വരികളുമെഴുതിവന്നു. 'ആറ്റിറമ്പിലെ കൊമ്പിലെ' എന്ന പാട്ടിലെ ചില വരികളില്‍ എന്റെ കണ്ണുടക്കി.
'കാട്ടുകുന്നിലെ തെങ്ങിലെ
തേന്‍കരിക്കിലെ തുള്ളിപോല്‍
തുള്ളാതെടി തുളുമ്പാതെടി
തമ്പുരാട്ടി...'
''ഇതെന്താണ് എഴുതിവെച്ചിരിക്കുന്നത്... അണ്ണാ ഉഗ്രനായിട്ടുണ്ടല്ലോ'' എന്ന് ഞാന്‍ ഗിരീഷിനോട് പറഞ്ഞു. ''അണ്ണന് ഓര്‍മയില്ലേ, അന്ന് നമ്മള്‍ ഒരു കുന്നിന്‍പുറത്ത് താമസിച്ചത്, ആ കാട്ടുകുന്നില്‍ കയറിയിരുന്ന് കരിക്ക് കുടിച്ചില്ലേ...അത് എഴുതാന്‍ തോന്നിയപ്പോള്‍ കുറിച്ചിട്ടതാണ്'' എന്നദ്ദേഹം പറഞ്ഞു. ആ ഓര്‍മകളാണ് വരികളായി മാറിയത്. ഗിരീഷിന്റെ എഴുത്തിലെല്ലാം ഇതുപോലെ അദ്ദേഹം എന്നോ അനുഭവിച്ചുപോന്ന ചില നിമിഷങ്ങള്‍ നമുക്ക് കാണാനാവും. വരികളിലൂടെ ആ ജീവിതാനുഭവങ്ങള്‍ നമ്മളെയും തൊട്ടുതലോടി പോകും.
ഞാനും ഗിരീഷും ചേട്ടന്‍ എം.ജി. രാധാകൃഷ്ണനും ഒന്നിച്ച ഒരു പാട്ടുണ്ടായിരുന്നു. 'കിന്നരിപ്പുഴയോരം' എന്ന സിനിമയിലെ 'താരാംബരം പൂക്കും...'എന്ന ഗാനം. അതുപക്ഷേ, സിനിമയില്‍ വന്നില്ല. മനോഹരമായ ആ പാട്ട് സിനിമയില്‍ വരാത്തതില്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും ദുഃഖമുണ്ടായിരുന്നു. അല്ലെങ്കിലും ഗിരീഷിന്റെ ഏത് പാട്ടുകളാണ് മാറ്റിനിര്‍ത്താനാവുക. എല്ലാം ഒന്നിനൊന്ന് മികച്ചതല്ലേ.
ഞാന്‍ സംഗീതസംവിധാനം ചെയ്യാറുണ്ട്. ചില വരികള്‍ കാണുമ്പോള്‍ ഗിരീഷിനെ ഓര്‍ത്തുപോകും. ഗിരീഷിന്റെ മേന്മ എന്താണെന്ന് തിരിച്ചറിയുന്ന നിമിഷങ്ങളാണ് അതൊക്കെ. ഏതൊരു ഗായകനും പാടാന്‍ എളുപ്പമുള്ള വരികളേ ഗിരീഷ് എഴുതുള്ളൂ. നല്ല തെളിച്ചവും വെളിച്ചവുമുള്ള വാക്കുകള്‍. ഒരു ഗായകന്റെ സൗണ്ടിങ് മനസ്സിലാക്കിയാണ് അദ്ദേഹം എഴുതാറ്. ആ എഴുത്തില്‍ കവിതയും കൊണ്ടുവരും. ഒരു മഹാപ്രതിഭ തന്നെയായിരുന്നു അദ്ദേഹം. എത്ര പറഞ്ഞാലും തീരാത്തത്ര ഓര്‍മകളുണ്ടാക്കിവെച്ചാണ് ഗിരീഷ് പോയത്. അദ്ദേഹത്തിന്റെ മധുരഗാനങ്ങളിലൂടെ, ആ വരികളിലൂടെ ഞാന്‍ പിന്നെയും പിന്നെയും സഞ്ചരിക്കാറുണ്ട്...
Content Highlights: singer mg sreekumar remembering lyricist gireesh puthenchery