അല്ലു അർജുനൊപ്പം ശ്രദ്ധ കപൂർ? ലോകേഷ് കനകരാജ് ചിത്രം ചർച്ചയിൽ

ശ്രദ്ധ കപൂർ | ANI
ശ്രദ്ധ കപൂർ | ANI

അല്ലു അർജുനും സംവിധായകൻ ലോകേഷ് കനകരാജുമായി ഒന്നിക്കുന്ന ആദ്യചിത്രമാണ് AA23. പുതിയ പാൻ ഇന്ത്യൻ സിനിമ പ്രഖ്യാപിച്ചുകൊണ്ട് നിർമ്മാതാക്കൾ രണ്ടാഴ്ചമുമ്പ് സോഷ്യൽ മീഡിയയിൽ ടീസറും പുറത്തിറക്കിയിരുന്നു. ആക്ഷൻ ചിത്രത്തിൽ ബോളിവുഡ് നടി ശ്രദ്ധ കപൂർ പ്രധാന നായികയായെത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ നൽകുന്ന സൂചന. ശ്രദ്ധയുമായി ഇതുസംബന്ധിച്ച് ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്നും അന്തിമതീരുമാനം കൈക്കൊണ്ടിട്ടില്ലെന്നുമാണ് വിവരം. എന്നാൽ പ്രഥമ പരിഗണന ശ്രദ്ധയ്ക്കു തന്നെയാണ്.

രാജ്കുമാർ റാവു, പങ്കജ് ത്രിപാഠി, അഭിഷേക് ബാനർജി എന്നിവർക്കൊപ്പം 'സ്ത്രീ 2' എന്ന ബോളിവുഡ് ചിത്രത്തിലാണ് ശ്രദ്ധ കപൂർ അവസാനമായി അഭിനയിച്ചത്. 2019-ൽ, പ്രഭാസിനൊപ്പം 'സാഹോ' എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിലും അഭിനയിച്ചിരുന്നു. അതൊഴിച്ചാൽ വർഷങ്ങളായി ദക്ഷിണേന്ത്യൻ സിനിമകളൊന്നും ശ്രദ്ധ ചെയ്തിട്ടില്ല. സ്ത്രീ-2 വലിയ വിജയമായിരുന്നു. ഇതോടെ തന്റെ പ്രതിഫലവും അടുത്തിടെയായി ശ്രദ്ധ വർധിപ്പിച്ചിട്ടുണ്ട്. ഒപ്പം തിരഞ്ഞെടുത്ത സിനിമകളിൽ മാത്രമേ അവർ അഭിനയിക്കുന്നുമുള്ളൂ.

അല്ലു അർജുന്റെ പുഷ്പ-2-ൽ ഡാൻസ് നമ്പർ അവതരിപ്പിക്കാൻ ശ്രദ്ധയെത്തുമെന്ന് നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ പിന്നീടത് നടന്നില്ല.

ജൂൺ-ജൂലൈ മാസത്തോടെ ചിത്രീകരണം തുടങ്ങാനാണ് ആലോചിക്കുന്നത്. പ്രി-പ്രൊഡക്ഷൻ പുരോഗമിക്കുകയാണ്. ചിത്രത്തിൽ ലോകേഷ് കനകരാജിന് 75 കോടി രൂപയാണ് പ്രതിഫലമെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീതസംവിധാനം. മൈത്രി മൂവി മേക്കേഴ്സാണ് നിർമാണം. അതേസമയം, അല്ലു അർജുനും അറ്റ്ലിയും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. AA22 എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ ദീപിക പദുകോണാണ് നായിക. 

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Reports suggest Shraddha Kapoor is in talks to be the leading lady opposite Allu Arjun in Lokesh Kanagaraj`s highly anticipated action film, AA23. Get the latest updates!