'കോലുപോലെയായല്ലോ, ഇതെന്താ വീപ്പക്കുറ്റിയോ...എത്ര നിസ്സാരമായിട്ടാണ് ആളുകള്‍ പറയുന്നത്'

ഷിബ്ല
ഷിബ്ല

കക്ഷി അമ്മിണിപ്പിള്ള എന്ന സിനിമയില്‍ നായികയായി അരങ്ങേറ്റം കുറിച്ചയാളാണ് ഷിബ്‌ല ഫറ. സിനിമ ചര്‍ച്ച ചെയ്യപ്പെടുന്നതിനൊപ്പം തന്നെ അതിലെ നായികയും ചര്‍ച്ചാവിഷയമായി. കുറേ നല്ല കഥാപാത്രങ്ങളുമായി സിനിമയില്‍ സജീവമാവുകയാണ് ഷിബ്‌ല. അതിെനാപ്പം ബോഡി പോസിറ്റിവിറ്റിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും സിനിമയോടുള്ള നിലപാടുകളും അവരെ വ്യത്യസ്തയാക്കുന്നു. 'രോഹിത് നാരായണന്‍ സംവിധാനം ചെയ്യുന്ന സോമന്റെ കൃതാവാണ് ഇനി റിലീസ് ചെയ്യാനിരിക്കുന്ന ഒരുസിനിമ. അതില്‍ വിനയ് ഫോര്‍ട്ടാണ് നായകന്‍. പിന്നെ എ.കെ.സാജന്‍ സംവിധാനം ചെയ്ത് ജോജു ജോര്‍ജ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുലിമട, സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്ത തേര്‍ഡ് മര്‍ഡര്‍ എന്നിവയും. അതിനൊപ്പം ഒന്നുരണ്ട് പ്രൊജക്ടുകള്‍ കൂടി അനൗണ്‍സ് ചെയ്യാനിരിക്കുന്നു,'' ഷിബ്‌ല ഫറ പ്രതീക്ഷയിലാണ്.  

''മലപ്പുറത്താണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും. സിനിമയായിരുന്നു ചെറുപ്പംമുതലേ പാഷന്‍. പക്ഷേ അത്യാവശ്യം പഠിക്കുന്നൊരു കുട്ടിയായതുകൊണ്ട്, വീട്ടുകാര്‍ക്ക് സിനിമയോട് അത്ര താത്പര്യമില്ലായിരുന്നു. കൂടാതെ അന്നത്തെ നായികമാരധികവും മെലിഞ്ഞ പ്രകൃതക്കാരും. അതുകൊണ്ട്, സിനിമ എന്ന് ചിന്തിക്കാന്‍ പോലും പറ്റുമായിരുന്നില്ല. അതിനിടയ്ക്ക് ചാനലുകളിൽ ആങ്കറിങ് ചെയ്തു. സിനിമാ കമ്പനി എന്ന സിനിമയില്‍ ചെറിയ വേഷത്തിൽ അഭിനയിച്ചു. അതിനുശേഷമാണ് കക്ഷി അമ്മിണിപ്പിള്ള വരുന്നത്. അതിലാണ് ശ്രദ്ധിക്കപ്പെടുന്ന വേഷം കിട്ടിയതും.'' ആ സിനിമയ്ക്കുവേണ്ടി 20 കിലോ ശരീരഭാരം കൂട്ടുകയും ചെയ്തു ഷിബ്‌ല. സിനിമ കഴിഞ്ഞപ്പോൾ പഴയരൂപത്തിലേക്കെത്തുകയും ചെയ്തു.
 

'കക്ഷി അമ്മിണിപ്പിള്ള'യിലെ നായികയെപ്പോലെ, എന്നെങ്കിലും ബോഡി ഷെയിമിങ് അനുഭവിക്കേണ്ടിവന്നിട്ടുണ്ടോ?
ടീനേജ് പ്രായത്തിൽ ഭയങ്കര തടിയുള്ള കുട്ടിയായിരുന്നു ഞാന്‍. ശരിക്കും ഓവർ വെയിറ്റ്. ഒരു ബോൾ പോലെയായിരുന്നു. പ്രായവും കൂടുതൽ തോന്നിക്കും. തടി കൂടിയതിന്റെ എല്ലാ ബുദ്ധിമുട്ടുകളും അന്ന് അനുഭവിച്ചിട്ടുമുണ്ട്. ശാരീരികമായ പ്രശ്‌നങ്ങള്‍ക്കുപുറമെ, മറ്റുള്ളവരുടെ കളിയാക്കലുകളും. അന്നൊക്കെ എതിരേ നടന്നുവരുന്ന ഓരോ വ്യക്തിയും എന്റെ ശരീരത്തെക്കുറിച്ച് കമന്റടിക്കും. കളിയാക്കലിന്റെ അപമാനവും മാനസികപ്രശ്നങ്ങളും കാരണം ഒരു രാത്രിപോലും ഞാൻ കരയാതെ ഉറങ്ങിയിട്ടില്ല. കാണുന്ന ആളുകളെല്ലാം വളരെ നിസ്സാരമായിട്ടാണ് കമന്റടിക്കുന്നത്. അതെന്റെ ശരീരമാണെന്ന് അവർ ഓർക്കാറേയില്ല. 

എനിക്കെന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടോ, അതോ നന്നായി  ഭക്ഷണം കഴിച്ചിട്ടാണോ ഇങ്ങനെ തടിക്കുന്നത് എന്നൊന്നും ആരും ചിന്തിക്കില്ല. ചിലപ്പോൾ കൂടുതല്‍ ഭക്ഷണം കഴിച്ചിട്ടൊന്നുമായിരിക്കില്ല  തടിക്കുന്നത്. അതൊന്നും കുറ്റം പറയുന്നവർക്ക് പ്രശ്നമല്ല. അവരൊരിക്കലും നമ്മുടെ ആരോഗ്യത്തെക്കുറിച്ച് ചിന്തിച്ചിട്ടല്ല സംസാരിക്കുന്നത്. ഈ കളിയാക്കലുകൾ കേട്ടുകേട്ട് ഒട്ടും ആരോഗ്യകരമല്ലാത്ത രീതിയില്‍ എന്റെ  തടി കുറച്ചത് എനിക്കോർമയുണ്ട്.

ചാനലില്‍ ആങ്കറിങ് ചെയ്യുന്ന സമയത്തും തടി കുറവായിരുന്നു. എല്ലാ കൊഴുപ്പും ഒഴിവാക്കി. കാർബോ ഹൈഡ്രേറ്റ്സ് ഒട്ടും കഴിക്കാന്‍ പാടില്ലെന്നു കരുതി ചോറും ചപ്പാത്തിയും കഴിക്കാതാവുകയും ചെയ്തു. ഇതൊന്നും ആരോഗ്യകരമല്ലെന്ന് അന്നെനിക്ക് അറിയില്ലായിരുന്നു. പിന്നീടാണ് മനസ്സിലായത്, എന്റെ ആരോഗ്യകരമായ ഭാരം എന്നുപറയുന്നത് 60 മുതല്‍ 65 കിലോ വരെയാണ്. അപ്പോഴേ  ഞാന്‍ മാനസികമായും ശാരീരികമായും ആരോഗ്യവതിയായി ഇരിക്കൂ എന്ന്. 

കക്ഷി അമ്മിണിപ്പിള്ളയിലെ നായികയും ചെറുപ്പകാലത്തെ ഷിബ്‌ലയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?
ചെറുപ്പത്തിൽ ശരീരഭാരത്തിന്റെ പേരില്‍ കരയാനേ എനിക്ക് നേരമുണ്ടായിരുന്നുള്ളൂ. പക്ഷേ, സിനിമയിലെ കഥാപാത്രം അത്തരം നെഗറ്റിവിറ്റിയെല്ലാം  അവഗണിച്ച് മുന്നോട്ടുപോവുന്നയാളാണ്. ചെറുപ്പത്തിൽ ഒരുപാട് അപമാനിക്കപ്പെട്ടതുകൊണ്ട് അതിന്റെ വിഷമം എനിക്കറിയാം. ഞാനൊരിക്കലും ഫിസിക്കലി മറ്റൊരാളെ കമന്റുചെയ്യാറില്ല. എന്താ വിശേഷം എന്ന് ചോദിക്കുന്നതുപോലെ വളരെ കാഷ്വലായിട്ടാണ് ഇപ്പോഴും ആളുകൾ ബോഡി ഷെയിമിങ് നടത്തുന്നത്. മെലിഞ്ഞ് കോലുപോലെയായല്ലോ, വീപ്പക്കുറ്റി പോലെയായി...എത്ര നിസ്സാരമായിട്ടാണ്  ആളുകള്‍ പറയുന്നത്. അവരത് അപ്പോൾത്തന്നെ മറക്കുകയുംചെയ്യും. കേൾക്കുന്നയാളുടെ ഒരുദിവസം നശിക്കാന്‍ അതുമതി. 

തടിയുള്ളതുകൊണ്ട് ഈ വസ്ത്രം നിനക്ക് ചേരുന്നില്ല, ഭയങ്കര ബോറാണ് എന്നുള്ള കമന്റും വരാറില്ലേ? 
തീര്‍ച്ചയായുമുണ്ട്. കുറച്ച് തടിയുള്ളയാള്‍ എന്തു വസ്ത്രം ധരിക്കണമെന്ന് മറ്റുള്ളവരാണ് പലപ്പോഴും തീരുമാനിക്കുന്നത്. പ്ലസ് സൈസുള്ളയാൾ ഷോർട്ട് ഡ്രസ്സിടാൻ പാടില്ല, നിങ്ങളുടെ ശരീരം ഇങ്ങനെയായതുകൊണ്ട് ഈ ഉടുപ്പിട്ടാല്‍ ചേരില്ല, കാലിന് തടിയുളളതുകൊണ്ട് ഷോർട്ട്സിട്ടാൽ ഭംഗിയുണ്ടാവില്ല എന്നൊക്കെ പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. നമുക്ക് സൗകര്യപ്രദമായ വസ്ത്രം ധരിക്കുക. നമ്മുടെ ശരീരം മൂടിവെക്കുന്തോറും അത് കൂടുതല്‍ സെക്ഷ്വലൈസ് ചെയ്യപ്പെടും. വേഷങ്ങളെ ഒരിക്കലും നമ്മുടെ സംസ്കാരവും അന്തസ്സുമായിട്ട് ബന്ധപ്പെടുത്താൻ പാടില്ല. 
 
സിനിമയില്‍ പക്ഷേ ബോഡി ഷെയിമിങ് പോലുള്ള കാര്യങ്ങള്‍ എത്രത്തോളം ചർച്ചചെയ്യപ്പെടുന്നുണ്ട്?
സിനിമയില്‍ നല്ല മാറ്റമുണ്ടാവുന്നുണ്ടെന്നാണ് തോന്നുന്നത്. 'ദം ലഗാ കെ ഹൈഷ'യില്‍ ഭൂമി പട്നേക്കർ ചെയ്തത് ഓവർസൈസുള്ളൊരു സ്ത്രീയുടെ വേഷമാണ്. പക്ഷേ അവരാ തടിയെ ഒരിക്കലും പഴിക്കുന്നില്ല. അപകര്‍ഷബോധവുമില്ല. അമ്മിണിപ്പിള്ളയിലെ എന്റെ കഥാപാത്രവും തടിയെ പോസിറ്റീവായിട്ടാണ് കാണുന്നത്. 'തമാശ'യില്‍ ചിന്നു ചെയ്ത കഥാപാത്രവും വളരെ പോസിറ്റീവായിരുന്നു. അതാണ് ശരിക്കുമുള്ള മാറ്റം. ആ മാറ്റത്തിനുവേണ്ടി ശ്രമിക്കുന്നുണ്ട് നമ്മൾ. 

പക്ഷേ, എല്ലാ സിനിമകളും പൊളിറ്റിക്കലി കറക്ടാവണമെന്ന് നമ്മള്‍ നിര്‍ബന്ധം പിടിക്കുമ്പോൾ, അത് ക്രിയേറ്റേഴ്സിന്റെ സ്വാതന്ത്ര്യത്തെ ബാധിക്കും. അടുക്കളയില്‍ ജോലിചെയ്യുന്ന സ്ത്രീകളൊന്നും സ്വയംപര്യാപ്തരല്ലെന്ന് പറയാൻ പറ്റില്ല. വീട്ടിലുള്ള വയസ്സായവരെ ശുശ്രൂഷിക്കുന്ന സ്ത്രീകളും ശമ്പളമുള്ള ജോലി ചെയ്യാത്ത സ്ത്രീകളും സ്വയംപര്യാപ്തരല്ലെന്ന് പറയുന്നതെങ്ങനെയാണ്? അവരൊക്കെ പലരീതിയില്‍ സ്വയംപര്യാപ്തരാണ്. അങ്ങനെയുള്ളവരെ സിനിമയില്‍ കാണിക്കുമ്പോൾ, ആ സിനിമ പൊളിറ്റിക്കലി കറക്ട് അല്ലെന്ന് പറയാനും പറ്റില്ല.   

ഇപ്പോഴത്തെ സിനിമയില്‍ എല്ലാ ശരീരപ്രകൃതമുള്ളവരെയും ഉള്‍ക്കൊള്ളുന്നുവെന്ന് തോന്നുന്നുണ്ടോ?
പല ബോഡി ടൈപ്പിലുള്ളവരെയും ഉള്‍ക്കൊള്ളിക്കുന്ന സിനിമകളാണ് ഈ കാലഘട്ടത്തിലുള്ളതെന്ന് എനിക്ക് തോന്നുന്നു. അത് വളരെ പോസിറ്റീവായിട്ടുള്ള മാറ്റമാണ്. മുമ്പൊക്കെ സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി മാത്രം അച്ചില്‍ വാര്‍ത്തതുപോലെയുള്ള കുറേ ആള്‍ക്കാരുണ്ടായിരുന്നു. നമ്മള്‍ സാധാരണയായി കാണുന്ന ആളുകളൊന്നുമല്ലത്. പണ്ട് റാംപ് വാക്ക് ഒക്കെ ചെയ്തിരുന്ന മോഡലുകളെ പോലെയുള്ളവരായിരുന്നു അന്ന് സിനിമയിലും അധികം കണ്ടിരുന്നത്. ഇപ്പോള്‍ റാംപ് വാക്ക് ചെയ്യുന്ന മോഡലുകള്‍ മാറി. അതിനൊപ്പം തന്നെ സിനിമയിലെ അഭിനേതാക്കളും. അതുമാത്രമല്ല, ഇപ്പോള്‍ ഒരു കഥാപാത്രത്തിന് അനുയോജ്യരായിട്ടുള്ളതാരാണോ അവരെയാണ് ചൂസ് ചെയ്യുന്നത്. പലപ്പോഴും അത് വലിയ താരങ്ങളോ മുമ്പ് പ്രൂവ് ചെയ്തവരോ ആവണമെന്ന് പോലുമില്ല.  
 

സിനിമയില്‍ ബോഡി പോസിറ്റിവിറ്റി വിഷയമാവാറുണ്ടോ?
ഇന്ന് വിജയിച്ചുനില്‍ക്കുന്ന ഒരുവിധം എല്ലാ അഭിനേതാക്കളും സ്വന്തം ശരീരത്തെ വളരെ പോസിറ്റീവായി പ്രൊജക്ട് ചെയ്യുന്നവരാണെന്നാണ് എന്റെ വിശ്വാസം. ബോളിവുഡില്‍ അങ്ങനൊരു മാറ്റം കൊണ്ടുവന്നത് വിദ്യാ ബാലനാണ്. സ്വന്തം ശരീരത്തെ ആത്മവിശ്വാസത്തോടെയും അഭിമാനത്തോടെയും കൊണ്ടുനടക്കുന്നവര്‍. നമ്മുടെ ബോഡിയില്‍ നമ്മള്‍ കംഫര്‍ട്ടബിള്‍ ആയിരിക്കണം, അങ്ങനെയുള്ളവരാണ് ബോഡി പോസിറ്റീവ്. അതിനൊപ്പം ഹെല്‍ത്തിയുമാണെങ്കില്‍ തടിയെക്കുറിച്ചൊക്കെ ചിന്തിക്കേണ്ട കാര്യമുണ്ടോ?  

സിനിമയ്ക്കുവേണ്ടി പലപ്പോഴും ശരീരഭാരം കൂട്ടേണ്ടിയും കുറയ്‌ക്കേണ്ടിയും വരാറുണ്ട് പലപ്പോഴും അഭിനേതാക്കള്‍ക്ക്. അതൊക്കെ എങ്ങനെയാണ് ബാധിക്കുന്നത്?
ഒരു അഭിനേതാവ് എന്ന നിലയില്‍ നമ്മുടെ ചിരി, കണ്ണ്, മുഖം ഒന്നും നമുക്ക് മാറ്റാന്‍ പറ്റില്ല. എന്തെങ്കിലും ചെറിയ മാറ്റം വരുത്താന്‍ പറ്റുക നമ്മുടെ ശരീരത്തിലൂടെയാണ്. ശരീരത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുമ്പോള്‍ ഇത് മുന്‍പ് ചെയ്ത കഥാപാത്രമല്ല, വേറെ കഥാപാത്രമാണെന്ന ചിന്ത ആളുകളുടെയുള്ളില്‍ ഉണ്ടാക്കാനും കഴിയും. അങ്ങനെ ഭാരം കൂട്ടാനും കുറയ്ക്കാനുമൊക്കെയുള്ള ഫ്‌ളെക്‌സിബിലിറ്റി നല്ലതാണ്.
 

കക്ഷി അമ്മിണിപ്പിള്ളയ്ക്കുവേണ്ടി ഒട്ടും ആരോഗ്യകരമല്ലാത്ത ഒരു ഡയറ്റിലൂടെയാണ് ഞാന്‍ ഭാരം കൂട്ടിയത്. അതിന്റെ പ്രശ്‌നങ്ങള്‍ ഇപ്പോഴുമുണ്ട്. ശരീരത്തില്‍ കൊഴുപ്പിന്റെ കോശങ്ങള്‍ ഒരുപാടുണ്ട്. കൊഴുപ്പടങ്ങിയ ഭക്ഷണം കഴിക്കാനുള്ള പ്രവണതയും കൂടുതലാണ്. അതിനെ മറികടക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. യുദ്ധകാലാടിസ്ഥാനത്തില്‍ അങ്ങനെ ശരീരഭാരം കൂട്ടുന്നതും കുറയ്ക്കുന്നതും ഞാനൊരിക്കലും പേഴ്‌സണലി റെക്കമെന്റ് ചെയ്യില്ല. കുറച്ച് സമയമെടുത്തിട്ടാണെങ്കില്‍ കുഴപ്പമില്ല.
 

Content Highlights: shibla talking about life and new movies