'ഷാരൂഖ് ഖാന് അന്ന് ഇ.എം.ഐ. അടയ്ക്കാന്‍ പണമില്ലാത്തതിനാല്‍ കാര്‍ നഷ്ടപ്പെട്ടു' -ജൂഹി ചൗള

ഐ.പി.എല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സഹഉടമസ്ഥരാണ് ബോളിവുഡ് താരങ്ങളായ ജൂഹി ചൗളയും ഷാരൂഖ് ഖാനും. 90-കളിലും 2000-ത്തിന്റെ തുടക്കത്തിലും ഇരുവരും ഒന്നിച്ച് ഒട്ടേറെ സിനിമകള്‍ സൂപ്പര്‍ഹിറ്റാക്കി. കരിയറിന്റെ തുടക്കകാലത്ത് ഷാരൂഖ് ഖാന്‍ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിച്ച കാലത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ജൂഹിയിപ്പോള്‍.
'സെറ്റില്‍ വെച്ചാണ് ഷാരൂഖിനെ ആദ്യം കാണുന്നത്. ആ ദിവസങ്ങളിലെ ഷാരൂഖിനെ ഞാന്‍ ഓര്‍ക്കുന്നു, മുംബൈയില്‍ വീടില്ലാത്തതിനാല്‍ ഡല്‍ഹിയില്‍ നിന്നാണ് ഷാരൂഖ് വന്നിരുന്നത്. അദ്ദേഹത്തിന് ഭക്ഷണമുണ്ടാക്കാന്‍ ആരുമില്ലായിരുന്നു, എവിടെയാണ് താമസിച്ചിരുന്നതെന്ന കാര്യത്തിലും എനിക്ക് ഉറപ്പില്ല. ഷാരൂഖിന് ഒരു കാറുണ്ടായിരുന്നു. ഒരു കറുത്ത ജിപ്‌സി. രാപ്പകലില്ലാതെ അദ്ദേഹം ജോലി ചെയ്യുന്ന സമയമായിരുന്നു അത്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകയും ചെയ്തു. ചില കാരണങ്ങളാല്‍, അദ്ദേഹത്തിന് തന്റെ കാറിന്റെ ഇ.എം.ഐ. അടയ്ക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ കാര്‍ നഷ്ടപ്പെട്ടു. കൈയിലൊന്നുമില്ലാത്ത അവസ്ഥയിലായി ഷാരൂഖ് അന്ന്.'-ജൂഹി പറഞ്ഞു.
'അന്ന് അദ്ദേഹം വളരെ നിരാശയോടെയാണ് സെറ്റില്‍ എത്തിയത്. ഇക്കാര്യമോര്‍ത്ത് വിഷമിക്കേണ്ടെന്നും ഇനിയും ധാരാളം കാറുകള്‍ സ്വന്തമാക്കാനാവുമെന്നും നമുക്കത് കാണാമെന്നും ഞാന്‍ സമാധാനിപ്പിച്ചു. ഷാരൂഖ് ഇപ്പോഴും അത് ഓര്‍ക്കുന്നു. ഇപ്പോള്‍ അവനെ നോക്കൂ. എവിടെയാണ് എത്തിനില്‍ക്കുന്നതെന്ന്.'-ജൂഹി പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും ധനികരായ നടന്മാരിലൊരാളാണ് ഷാരൂഖ് ഇന്ന്.
ദശാബ്ദങ്ങള്‍ നീണ്ട സൗഹൃദമാണ് ജൂഹി ചൗളയ്ക്കും ഷാരൂഖ് ഖാനുമിടയിലുള്ളത്. അദ്ദേഹത്തിന്റെ ആദ്യകാല സഹനടിമാരില്‍ ഒരാളായിരുന്നു അവര്‍, ഡര്‍, യെസ് ബോസ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ അവര്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു. കൊല്‍ക്കത്ത ചേമ്പര്‍ ഓഫ് കൊമോഴ്‌സ് സംഘടിപ്പിച്ച ഒരു സ്റ്റേജ് പരിപാടിയിലാണ് ഷാരൂഖിനപ്പറ്റി ജൂഹി മനസ്സുതുറന്നത്.
Content Highlights: shah rukh khan's gypsy was taken away as he couldn't pay emi-juhi chawla