'31 വയസ്സുള്ളപ്പോഴാണ് 35 വയസ്സുള്ള രജനീകാന്തിന്റെ അച്ഛനായി ഞാനഭിനയിച്ചത്'- സത്യരാജ്

സത്യരാജ് / ഫോട്ടോ: സിദ്ദീക്കുൽ അക്ബർ
സത്യരാജ് / ഫോട്ടോ: സിദ്ദീക്കുൽ അക്ബർ

സൽമാൻ ഖാന്റെ പുതിയ സിനിമയായ 'സിക്കന്ദർ' റിലീസാവാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. 'ടൈഗർ 3'യ്ക്കുശേഷമുള്ള സൽമാൻ ചിത്രമായതുകൊണ്ടുതന്നെ പ്രതീക്ഷയുമേറും. ഡബിൾ റോളിലാണ് സൽമാൻ സിനിമയിലെത്തുന്നത്.

എന്നാൽ, ഇതിൽ വില്ലനാവുന്നത് തമിഴ് നടനായ സത്യരാജാണ്. 'ബാഹുബലി'യിലെ കട്ടപ്പ എന്ന റോളിലൂടെയാണ് സത്യരാജിന് ഒരു പാൻ ഇന്ത്യൻ പ്രശസ്തി കിട്ടിയത്. സത്യരാജിന്റെ ആദ്യ ബോളിവുഡ് ചിത്രമാണിത്. 

ചെറിയ റോളുകളിലൂടെ സിനിമയിലെത്തിയ ആളാണ് സത്യരാജ്. എം.എൻ.നമ്പ്യാർ വില്ലനാവുന്ന സിനിമകളിലെല്ലാം, സഹായിയായിട്ടാണ് സത്യരാജ് പ്രത്യക്ഷപ്പെട്ടത്. ശിവാജി ഗണേശൻ, കമൽഹാസൻ, രജനീകാന്ത് തുടങ്ങിയ താരങ്ങൾക്കൊപ്പമെല്ലാം ചെറുറോളുകളിൽ അദ്ദേഹമെത്തി. പിന്നീട് നായകനായി. കോമഡിറോളുകളിലും റൊമാന്റിക് റോളുകളിലും ആക്ഷൻ റോളുകളിലും തിളങ്ങി. സത്യരാജ്-മീന കോമ്പോയും ഖുഷ്ബു-സത്യരാജ് കോമ്പോയും ഏറെ ശ്രദ്ധ പിടിച്ചുപറ്റി. അതിനുശേഷം കാരക്ടർ റോളുകളിലേക്കും അദ്ദേഹം തിരിഞ്ഞു. 

അതിനിടയിൽ നായകൻമാരുടെ അച്ഛൻ റോളുകളിലും സത്യരാജ് എത്തി. ''31 വയസ്സുള്ളപ്പോഴാണ് 35 വയസ്സുള്ള രജനീകാന്തിന്റെ അച്ഛനായി ഞാനഭിനയിച്ചത്. പ്രായത്തെക്കുറിച്ച് ഞാൻ ചിന്തിക്കാറേയില്ല. അതെന്നെ ബാധിക്കുകയുമില്ല'', അന്ന് സത്യരാജ് പറഞ്ഞതിങ്ങനെ. 

അവിടുന്നാണ് വിവിധഭാഷകളിലേക്ക് അദ്ദേഹം തിരിഞ്ഞത്. തമിഴിനുപുറമെ തെലുഗു, കന്നഡ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മൂന്ന് മലയാളംസിനിമകളിലും സത്യരാജ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചു. മോഹൻലാലിന്റെ 'ലൈല ഓ ലൈല'യിലും ദിലീപ് ചിത്രമായ ' ആഗതനി'ലും ആസിഫലിയുടെ 'ഒറ്റ'യിലും മികച്ച പ്രകടനമാണ് സത്യരാജ് കാഴ്ചവെച്ചത്. 

Content Highlights: sathyaraj to play villain against salman khan