35 വർഷങ്ങൾക്കുശേഷം അലക്‌സാണ്ടർ വീണ്ടും; മമ്മൂട്ടിയുടെ പിറന്നാൾദിനത്തിൽ 'സാമ്രാജ്യ'ത്തിന്റെ ടീസർ പുറത്ത്

മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രം 'സാമ്രാജ്യം' റീ-റിലീസിനൊരുങ്ങുന്നുവെന്ന വാർത്തകൾ കുറച്ചുദിവസം മുമ്പാണ് പുറത്തുവന്നത്. ഒടുവിൽ ആരാധകരുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'സാമ്രാജ്യ'ത്തിന്റെ റീ-റിലീസ് ടീസർ പുറത്തുവിട്ടു. മമ്മൂട്ടിയുടെ പിറന്നാൾദിനം തന്നെ ടീസർ റിലീസിങ്ങിനായി അണിയറപ്രവർത്തകർ തിരഞ്ഞെടുക്കുകയായിരുന്നു. ഈ മാസം 19-ന് ചിത്രം തിയേറ്ററുകളിലെത്തും. 35 വർഷങ്ങൾക്കുശേഷമാണ് സിനിമ റീ-റിലീസ് ചെയ്യുന്നത്.
1990-ൽ റിലീസ് ചെയ്ത സിനിമ, അക്കാലത്ത് മമ്മൂട്ടിയുടെ ഏറ്റവും മികച്ച സിനിമകളിലൊന്നായാണ് കണക്കാക്കിയത്. വിഷ്വലുകളും വിലയേറിയ സെറ്റും ആക്ഷൻരംഗങ്ങളുമെല്ലാം പ്രേക്ഷകരെ ആകർഷിച്ചു. മധു, ക്യാപ്റ്റൻ രാജു, അശോകൻ, വിജയരാഘവൻ, ശ്രീവിദ്യ, സോണിയ, സത്താർ, ബാലൻ കെ.നായർ തുടങ്ങിയവരും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ജോമോൻ സംവിധാനം ചെയ്ത സിനിമയുടെ തിരക്കഥാരചന ജോമോനും ഷിബു ചക്രവർത്തിയും കൂടിയാണ് നിർവഹിച്ചത്. നിർമിച്ചത് ആരിഫ് ഹസ്സനും. 75 ലക്ഷം മുതൽ ഒരുകോടി വരെയായിരുന്നു സിനിമയുടെ നിർമാണച്ചെലവ്.
പാട്ടുകളൊന്നുമില്ലെന്നതായിരുന്നു സിനിമയുടെ മറ്റൊരു പ്രത്യേകത. എന്നാൽ പശ്ചാത്തലസംഗീതമൊരുക്കിയത് ഇളയരാജയും. പാട്ടുകളൊന്നുമില്ലെന്നറിഞ്ഞിട്ടും, സിനിമ കണ്ടിഷ്ടപ്പെട്ട ഇളയരാജ പശ്ചാത്തലസംഗീതമൊരുക്കാൻ സമ്മതിക്കുകയായിരുന്നു.
പാട്ടും കോമഡിയും ഇല്ലാത്ത സിനിമയ്ക്ക് തലവെച്ച് കൊടുക്കുന്നത് എന്തിനെന്ന് അന്ന് പലരും മമ്മൂട്ടിയോട് ചോദിച്ചുവത്രെ. പക്ഷേ, അദ്ദേഹം തീരുമാനത്തിൽനിന്ന് മാറിയില്ല. എല്ലാവരുടെയും പ്രതീക്ഷകളെ തകർത്തുകൊണ്ട് 'സാമ്രാജ്യം' ഹിറ്റായി. കേരളത്തിനുപുറത്തും സിനിമ വൻവിജയമായി.
ഡബ് ചെയ്ത പതിപ്പ് ആന്ധ്രയിലും വിജയം കൊയ്തു. അതേസമയം അവിടെ പുറത്തിറങ്ങിയ ചിരഞ്ജീവി ചിത്രത്തേക്കാൾ ഇത് കളക്ഷനുംനേടി. പത്തു കോപ്പി പ്രിന്റായിരുന്നു ആന്ധ്രയിലേക്ക് ആദ്യമെടുത്തത്. എന്നാൽ സൂപ്പർഹിറ്റായതോടെ തിയേറ്ററുകാർ കൂടുതൽ പ്രിന്റ് ആവശ്യപ്പെട്ടു. ഒടുവിൽ 400 പ്രിന്റ് കൂടി എടുക്കേണ്ടിവന്നു. ആന്ധ്രയിൽ 100 ദിവസമാണ് ചിത്രം പ്രദർശിപ്പിച്ചത്. ചില തിയേറ്ററുകളിൽ 200 ദിവസത്തോളം 'സാമ്രാജ്യം' ഓടി.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Mammootty`s iconic film Samraajyam returns after 35 years. Re-release teaser out now! In theaters on September 19th.