എന്തിന് ഈ സിനിമ തിരഞ്ഞെടുത്തെന്ന് പലരും മമ്മൂട്ടിയോട് ചോദിച്ചു; ആന്ധ്രയിൽ 200 ദിവസം പ്രദർശിപ്പിച്ച ‘സാമ്രാജ്യം’

മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രം 'സാമ്രാജ്യം' റീ-റിലീസിനൊരുങ്ങുന്നു. ഈ വർഷം സെപ്റ്റംബറിൽ സിനിമ വീണ്ടും തിയേറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. 35 വർഷങ്ങൾക്കുശേഷമാണ് സിനിമ റീ-റിലീസ് ചെയ്യുന്നത്. ഇന്നും കൾട്ട് സിനിമയായി വിലയിരുത്തപ്പെടുന്ന സിനിമയാണ് 'സാമ്രാജ്യം'.
1990-ൽ റിലീസ് ചെയ്ത സിനിമ, അക്കാലത്ത് മമ്മൂട്ടിയുടെ ഏറ്റവും മികച്ച സിനിമകളിലൊന്നായിട്ടാണ് കണക്കാക്കിയത്. വിഷ്വലുകളും വിലയേറിയ സെറ്റും ആക്ഷൻരംഗങ്ങളുമെല്ലാം പ്രേക്ഷകരെ ആകർഷിച്ചു. മധു, ക്യാപ്റ്റൻ രാജു, അശോകൻ, വിജയരാഘവൻ, ശ്രീവിദ്യ, സോണിയ, സത്താർ, ബാലൻ കെ.നായർ തുടങ്ങിയവരും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ജോമോൻ സംവിധാനം ചെയ്ത സിനിമയുടെ തിരക്കഥാരചന ജോമോനും ഷിബു ചക്രവർത്തിയും കൂടിയാണ് നിർവഹിച്ചത്. നിർമിച്ചത് ആരിഫ് ഹസ്സനും. 75 ലക്ഷം മുതൽ ഒരുകോടി വരെയായിരുന്നു സിനിമയുടെ നിർമാണച്ചെലവ്.
പാട്ടുകളൊന്നുമില്ലെന്നതായിരുന്നു സിനിമയുടെ മറ്റൊരു പ്രത്യേകത. എന്നാൽ പശ്ചാത്തലസംഗീതമൊരുക്കിയത് ഇളയരാജയും. ഇളയരാജയ്ക്ക് ഏറെ തിരക്കുള്ള സമയമാണത്. എങ്കിലും പശ്ചാത്തലസംഗീതമൊരുക്കാൻ അദ്ദേഹത്തെ കിട്ടുമോ എന്ന് സംവിധായകൻ നിർമാതാവിനോട് ചോദിച്ചു. നോക്കാമെന്ന് അദ്ദേഹത്തിന്റെ മറുപടിയും.
ഇളയരാജയെ കാണാനായി ഇരുവരും ചെന്നൈയിലെത്തി. 'എത്ര പാട്ടുകളുണ്ട്?' ഇളയരാജയുടെ ആദ്യചോദ്യമിതായിരുന്നു. 'പാട്ടില്ല, റീ റെക്കോഡിങ് മാത്രം' എന്ന് മറുപടി. 'പാട്ടില്ലെങ്കിൽ പിന്നെന്തിന് ഞാൻ' എന്നായിരുന്നു ഇളയരാജയുടെ മറുചോദ്യം. ഒടുവിൽ സിനിമ കണ്ടിട്ട് തീരുമാനിക്കാമെന്നായി അദ്ദേഹം. പിറ്റേദിവസം തന്നെ മിക്‌സിങ് സ്റ്റുഡിയോയിലെത്തി അദ്ദേഹം സിനിമ കണ്ടു. ഇഷ്ടപ്പെടുകയും ചെയ്തു. തൊട്ടടുത്ത ദിവസം തന്നെ പശ്ചാത്തലസംഗീതമൊരുക്കാൻ അദ്ദേഹം തയ്യാറായി.
എന്തിന് തലവെക്കുന്നു?
ഐ.വി.ശശിയുടെ സിനിമകളിൽ അസോസിയേറ്റ് ഡയറക്ടറായിരുന്നു ജോമോൻ. അന്നേ അദ്ദേഹത്തിന്റെ മനസ്സിൽ ഒരു മാഫിയ കിങ്ങിന്റെ കഥയുണ്ട്. പിന്നീട് അതിനെ മനസ്സിലിട്ട് ഒരു കഥാപാത്രമായി മാറ്റിയിരുന്നു. '1921' എന്ന സിനിമയിലും ജോമോൻ അസോസിയേറ്റ് ആയി പ്രവർത്തിച്ചിരുന്നു. ഷൂട്ടിങ് ബ്രേക്കുകളിൽ തന്റെ മനസ്സിലുള്ള സിനിമയെക്കുറിച്ച് ജോമോൻ മമ്മൂട്ടിയോട് വിവരിച്ചു. അന്നൊരു കഥാതന്തു മാത്രമേയുള്ളൂ. അവിടുന്നാണ് ‘സാമ്രാജ്യ’ത്തിന്റെ ജനനവും.
എഴുതാൻ മമ്മൂട്ടി നിർദേശിച്ചു. തിരക്കഥയിൽ ഷിബു ചക്രവർത്തിയെ കൂടി ഉൾപ്പെടുത്താൻ പറഞ്ഞതും മമ്മൂട്ടി തന്നെ. മമ്മൂട്ടിയുടെ മനു അങ്കിൾ, അഥർവം എന്നീ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയതും ഷിബു ആയിരുന്നു. അങ്ങനെ ഷിബു ചക്രവർത്തിയും ജോമോനും കൂടിയാണ് തിരക്കഥ പൂർത്തിയാക്കിയത്. അങ്ങനെ ജോമോന്റെ ആദ്യ സംവിധാനസംരംഭത്തിന് തുടക്കമായി. പാട്ടും കോമഡിയും ഇല്ലാത്ത സിനിമയ്ക്ക് തലവെച്ച് കൊടുക്കുന്നത് എന്തിനെന്ന് അന്ന് പലരും മമ്മൂട്ടിയോട് ചോദിച്ചുവത്രെ. പക്ഷേ, അദ്ദേഹം തീരുമാനത്തിൽനിന്ന് മാറിയില്ല.
എല്ലാവരുടെയും പ്രതീക്ഷകളെ തകർത്തുകൊണ്ട് 'സാമ്രാജ്യം' ഹിറ്റായി. കേരളത്തിനുപുറത്തും സിനിമ വൻവിജയമായി. ഡബ് ചെയ്ത പതിപ്പ് ആന്ധ്രയിലും വിജയം കൊയ്തു. അതേസമയത്ത് അവിടെ പുറത്തിറങ്ങിയ ചിരഞ്ജീവി ചിത്രത്തേക്കാൾ ഇത് കളക്ഷനും നേടി. പത്തു കോപ്പി പ്രിന്റായിരുന്നു ആന്ധ്രയിലേക്ക് ആദ്യമെടുത്തത്. എന്നാൽ സൂപ്പർഹിറ്റായതോടെ തിയേറ്ററുകാർ കൂടുതൽ പ്രിന്റ് ആവശ്യപ്പെട്ടു. ഒടുവിൽ 400 പ്രിന്റ് കൂടി എടുക്കേണ്ടിവന്നു. ആന്ധ്രയിൽ 100 ദിവസമാണ് ചിത്രം പ്രദർശിപ്പിച്ചത്. ചില തിയേറ്ററുകളിൽ 200 ദിവസത്തോളം 'സാമ്രാജ്യം' ഓടി.
ബോളിവുഡിലേക്ക് ജോമോൻ
’സാമ്രാജ്യം’ സൂപ്പർഹിറ്റായതോടെ, ബോളിവുഡിൽനിന്ന് ജോമോനെ തേടി ഒരു വിളിയെത്തി. സാക്ഷാൽ അമിതാഭ് ബച്ചന്റെ. ബച്ചന്റെ നിർദേശപ്രകാരം ജോമോൻ മുംബൈയിലെത്തി. 'സാമ്രാജ്യ'ത്തെക്കുറിച്ചായിരുന്നു സംസാരം മുഴുവൻ. സിനിമ ബോളിവുഡിലെടുക്കണമെന്നതായിരുന്നു ബച്ചന്റെ ആഗ്രഹം. അതിനായി അഡ്വാൻസും വാങ്ങി. പക്ഷേ പ്രൊജക്ട് നടന്നില്ല.
21 വർഷങ്ങൾക്കുശേഷം സിനിമയുടെ രണ്ടാം ഭാഗമിറങ്ങി. 'സാമ്രാജ്യം 2: സൺ ഓഫ് അലക്‌സാണ്ടർ' എന്ന സിനിമയിൽ ഉണ്ണി മുകുന്ദനാണ് നായകനായത്. സംവിധാനം ചെയ്തത് പേരരശ്ശ്. 'സാമ്രാജ്യ'ത്തിന്റെ നിർമാതാവായ ആരിഫ് ഹസ്സൻ തന്നെയാണിതും നിർമിച്ചത്. പക്ഷേ, രണ്ടാം ഭാഗത്തിന് ജോമോൻ എതിരായിരുന്നു. സിനിമ പുറത്തിറങ്ങിയപ്പോൾ ജോമോൻ പറഞ്ഞതിങ്ങനെ, 'അലക്‌സാണ്ടറുടെ മകൻ ഒരിക്കലും അച്ഛന് മുകളിൽ നിൽക്കില്ല. കാരണം ആ കഥാപാത്രം തീയിൽ മുളച്ചവനായിരുന്നു'.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ https://mbi.page.link/grihalakshmi
Content Highlights: Mammoottys iconic film Samrajyam set for a grand re-release in September 2025. The cult classic returns after 35 years, promising a nostalgic cinematic experience