ആ സീനിൽ സൽമാന്റെ കൈകൾ മാത്രമാണുള്ളത്; ഐശ്വര്യയും സൽമാനും ഒരുമിച്ച അവസാനചിത്രം

സൽമാൻ ഖാനും ഐശ്വര്യ റായും / IMDb
സൽമാൻ ഖാനും ഐശ്വര്യ റായും / IMDb

ബോളിവുഡിലെ കാമിയോ കിങ് എന്നാണ് സൽമാൻ അറിയപ്പെടുന്നത്. ഒട്ടേറെ സിനിമകളിൽ പ്രതിഫലം വാങ്ങാതെയും അദ്ദേഹം അതിഥിവേഷത്തിൽ എത്തിയിട്ടുണ്ട്. അതിന് പുതുമുഖസിനിമയെന്നോ, സ്റ്റാർവാല്യു ഉള്ള സിനിമയെന്നോ ഉള്ള വ്യത്യാസമൊന്നുമില്ല. മിനിറ്റുകൾ മാത്രം നീളുന്ന സ്‌ക്രീൻ അപ്പിയറൻസ്. എന്നാൽ, സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള ഒരുസീനിലും സൽമാൻ അഭിനയിച്ചിട്ടുണ്ട്. അതും സൽമാന്റെ കൈകൾ മാത്രം.

'ദേവ്ദാസ്' എന്ന സിനിമയിലാണത്. പ്രശസ്ത എഴുത്തുകാരിയ അനുപമ ചോപ്ര തന്റെ പുസ്തകത്തിലാണ് ഇതിനെക്കുറിച്ച് എഴുതിയിരിക്കുന്നത്. ''സൽമാൻ-ഐശ്വര്യ പ്രണയം ഏകദേശം തകർന്നടിഞ്ഞ സമയമായിരുന്നുവത്. പക്ഷേ, അത് സൽമാന് അംഗീകരിക്കാൻ കഴിഞ്ഞില്ല. 'ദേവ്ദാസി'ന്റെ ചിത്രീകരണസമയത്ത് സൽമാൻ എന്നും സെറ്റിൽ വരാൻ തുടങ്ങി. ശരിക്കും ദേവ്ദാസിനെ പോലെ തന്നെയായിരുന്നു സൽമാൻ അന്ന്. സ്വയം നശിക്കാനും മറ്റുള്ളതെല്ലാം നശിപ്പിക്കാനുമുള്ള ആഗ്രഹം. മദ്യപിച്ച് സെറ്റിൽ ഐശ്വര്യയുടെ കാരവാനുതാഴെ കിടന്നുറങ്ങാനും തുടങ്ങി''.

ഷൂട്ടിങ് നടക്കുമ്പോഴും അല്ലാത്തപ്പോഴുമെല്ലാം സൽമാൻ സെറ്റിൽ തന്നെയിരിക്കും. അങ്ങനെയൊരു ദിവസമാണ് അപ്രതീക്ഷിതമായി കാമിയോ റോൾ ചെയ്യുന്നത്. ''മോരേ പിയാ എന്ന പാട്ടിന്റെ ഷൂട്ടിങ് ആണ് നടക്കുന്നത്. ഷാരൂഖും ഐശ്വര്യയുമാണ് അഭിനയിക്കുന്നത്. ഐശ്വര്യയുടെ കാലിൽകൊള്ളുന്ന മുള്ള് ഷാരൂഖ് വലിച്ചെടുക്കുന്ന സീനുണ്ട് അതിൽ. പ്രണയവും സൗമ്യതയുമൊക്കെ ആവശ്യമായ സീനാണ്. സൗമ്യമായിട്ടുവേണം മുള്ള് വലിച്ചെടുക്കേണ്ടതും. ആ സീനിനെക്കുറിച്ച് കേട്ടപ്പോൾ, എങ്ങനെയാണ് ആ മുള്ള് വലിച്ചെടുക്കേണ്ടതെന്ന് താൻ അഭിനയിച്ചുകാണിക്കാമെന്ന് സൽമാൻ പറഞ്ഞു. ഷാരൂഖ് സമ്മതിച്ചു. അങ്ങനെ സൽമാനും ഐശ്വര്യയും ക്യാമറയ്ക്ക് മുന്നിലെത്തി. ആ റിഹേഴ്‌സൽ നടക്കുന്നതിനൊപ്പം തന്നെ സംവിധായകൻ 'ആക്ഷൻ' പറഞ്ഞു. സൽമാൻ ഏറെ പ്രണയത്തോടെ ആ മുള്ള് വലിച്ചെടുക്കുന്ന സീൻ ക്യാമറയിൽ ചിത്രീകരിക്കുകയും ചെയ്തു. ക്ലോസപ്പ് ഷോട്ടാണിത്. സൽമാന്റെ കൈകൾ മാത്രമാണ് കാണിക്കുന്നത്. സീൻ കണ്ടതോടെ, ഫൈനൽ കട്ടിലും ഇതുതന്നെ മതിയെന്ന് സംവിധായകൻ തീരുമാനിച്ചു. സൽമാനും ഐശ്വര്യയും ഒരുമിച്ച് അഭിനയിച്ച നിമിഷം കൂടിയായത്''. ഷൂട്ടിങ് പൂർണമാകുമ്പോഴേക്കും ആ പ്രണയം പൂർണമായും തകർന്നിരുന്നു. പിന്നൊരിക്കലും അവർ ഒരുമിച്ചിട്ടില്ല.

സൽമാനും ഷാരൂഖും നല്ല സൗഹൃദമുള്ള സമയമായിരുന്നുവത്. അതുകൊണ്ടാണ് താൻ റിഹേഴ്‌സൽ ചെയ്ത് കാണിക്കാമെന്ന് സൽമാൻ പറഞ്ഞപ്പോൾ ഷാരൂഖ് സമ്മതിച്ചതും. സൽമാൻ ഏറ്റവും കൂടുതൽ കാമിയോ റോൾ ചെയ്തിട്ടുള്ളത് ഷാരൂഖിനുവേണ്ടിയാണ്. 'ദുഷ്മൻ ദുനിയാ കാ' എന്ന ഷാരൂഖ് സിനിമയിൽ സൽമാൻ ഖാൻ ആയിത്തന്നെയാണ് അദ്ദേഹം അഭിനയിച്ചത്. അഞ്ചുമിനിറ്റ് മാത്രം നീണ്ടുനിൽക്കുന്ന റോൾ. എക്കാലത്തെയും ഹിറ്റ് സിനിമയായ 'കുച്ച് കുച്ച് ഹോതാ ഹെ'യിൽ അവസാനഭാഗത്ത് സല്ലുവുമുണ്ട്. അതും ഏതാനും മിനിറ്റുകളുള്ള റോളാണ്. ഷാരൂഖിന്റെ 'സീറോ' എന്ന സിനിമയിൽ അതിഥിവേഷത്തിൽ അഭിനയിക്കുന്നതിനായി, തന്റെ സിനിമയിലെ നൃത്തരംഗത്തിന്റെ ഷൂട്ടിങ് പോലും സൽമാൻ മാറ്റിവെച്ചിരുന്നു. പത്താൻ, ഓം ശാന്തി ഓം തുടങ്ങിയ ഷാരൂഖ് സിനിമകളിലും സൽമാന്റെ സാന്നിധ്യമുണ്ട്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: a surprising cameo by salman khan in devdas featuring only his hands