ബോളിവുഡിലെ കാമിയോ കിങ്; സല്‍മാന്‍ ഖാന്‍ ഈ പടങ്ങളില്‍ അഭിനയിക്കുന്നത് പ്രതിഫലമില്ലാതെ

കീര്‍ത്തി സുരേഷിന്റെ ആദ്യ ബോളിവുഡ് സിനിമയാണ് 'ബേബി ജോണ്‍'. വിജയിന്റെ തമിഴ് സിനിമയായ 'തെരി'യുടെ റീമേക്കാണിത്. വരുണ്‍ ധവാനാണ് നായകന്‍. സംവിധാനം അറ്റ്‌ലിയും.
സിനിമയുടെ ട്രെയിലര്‍ ലോഞ്ച് ഈയടുത്തദിവസമാണ് നടന്നത്. അത് പുറത്തിറങ്ങിയതോടെ സല്‍മാന്‍ ഖാന്റെ ആരാധകര്‍ ആകെ ആവേശത്തിലായി. കാരണം വേറൊന്നുമല്ല, ട്രെയിലറില്‍ സല്‍മാന്‍ ഖാന്‍ മിന്നിമാഞ്ഞുപോവുന്നുണ്ട്. സല്‍മാന്‍ ഖാനും സിനിമയിലുണ്ടോ എന്നതായിരുന്നു അവരുടെ ചോദ്യം. ഒടുവില്‍ സംവിധായകന്‍ വരേണ്ടിവന്നു അതുറപ്പിക്കാന്‍. തന്റെ പ്രസംഗത്തില്‍ അറ്റ്‌ലി സല്‍മാന്‍ ഖാന് നന്ദി പറഞ്ഞു. അദ്ദേഹത്തിന്റെ ഹൃദയം വിശാലമാണെന്നും അറ്റ്‌ലി പറഞ്ഞതോടെ സല്ലു ആരാധകര്‍ക്ക് സന്തോഷമായി.
ഇതാദ്യമായല്ല സല്‍മാന്‍ ഖാന്‍ സിനിമയില്‍ അതിഥിവേഷത്തിലെത്തുന്നത്. ബോളിവുഡില്‍ സല്‍മാന്‍ അറിയപ്പെടുന്നത് തന്നെ 'കാമിയോ കിങ്' എന്നാണ്. സഹപ്രവര്‍ത്തകരെ സഹായിക്കുന്ന കാര്യത്തിലും സല്‍മാന്‍ എന്നും മുന്നില്‍തന്നെയുണ്ടാവാറുണ്ട്. അതിന് പുതുമുഖസിനിമയെന്നോ, സ്റ്റാര്‍വാല്യു ഉള്ള സിനിമയെന്നോ ഉള്ള വ്യത്യാസമൊന്നുമില്ല. അതും പ്രതിഫലം പോലും വാങ്ങാതെയാണ് സല്‍മാന്‍ അതിഥിവേഷം ഗംഭീരമാക്കുന്നത്.
ഏറ്റവും കൂടുതല്‍ ചെറിയ റോളുകളിലെത്തിയത് അടുത്തസുഹൃത്ത് കൂടിയായ ഷാരൂഖ് ഖാന്റെ സിനിമകളിലാണ്. 'ദുഷ്മന്‍ ദുനിയാ കാ' എന്ന ഷാരൂഖ് സിനിമയില്‍ സല്‍മാന്‍ ഖാന്‍ ആയിത്തന്നെയാണ് അദ്ദേഹം അഭിനയിച്ചത്. അഞ്ചുമിനിറ്റ് മാത്രം നീണ്ടുനില്‍ക്കുന്ന റോള്‍. എക്കാലത്തെയും ഹിറ്റ് സിനിമയായ 'കുച്ച് കുച്ച് ഹോതാ ഹെ'യില്‍ അവസാനഭാഗത്ത് സല്ലുവുമുണ്ട്. അതും ഏതാനും മിനിറ്റുകളുള്ള റോളാണ്. ഷാരൂഖിന്റെ 'സീറോ' എന്ന സിനിമയില്‍ അതിഥിവേഷത്തില്‍ അഭിനയിക്കുന്നതിനായി, തന്റെ സിനിമയിലെ നൃത്തരംഗത്തിന്റെ ഷൂട്ടിങ് പോലും സല്‍മാന്‍ മാറ്റിവെച്ചിരുന്നു. പത്താന്‍, ഓം ശാന്തി ഓം തുടങ്ങിയ ഷാരൂഖ് സിനിമകളിലും സല്‍മാന്റെ സാന്നിധ്യമുണ്ട്.
അഭിഷേക് ബച്ചനും ഐശ്വര്യ റായും നായികാനായകന്‍മാരായ 'ധായ് അക്ഷര്‍ പ്രേം കെ' എന്ന സിനിമയില്‍ ട്രക്ക് ഡ്രൈവറായിട്ടാണ് സല്‍മാന്‍ അഭിനയിച്ചത്. സഞ്ജയ് ലീലാ ബന്‍സാലിയുടെ 'സാവരിയ'യില്‍ നായികയുടെ പ്രണയമായിട്ടാണ് സല്‍മാനെ അവതരിപ്പിക്കുന്നത്. ഈ സിനിമയിലെ സല്‍മാന്റെ സാന്നിധ്യം ഒരു സര്‍പ്രൈസ് എലമെന്റ് ആയി വെക്കാനായിരുന്നു ആദ്യം ബന്‍സാലി തീരുമാനിച്ചത്, ട്രെയിലറിലൂടെ അവതരിപ്പിക്കാനും. പിന്നീട് ആ തീരുമാനം മാറ്റുകയായിരുന്നു.
കത്രീന കൈഫും റണ്‍ബീര്‍ കപൂറും നായികാനായകന്‍മാരായ 'അജബ് പ്രേം കി ഗസബ് കഹാനി' എന്ന സിനിമയില്‍, സല്‍മാനായിട്ട് തന്നെയാണ് അഭിനയിക്കുന്നത്. 'തീസ് മാര്‍ ഖാന്‍' എന്ന സിനിമയിലെ ഒരു ഗാനരംഗത്തില്‍ മാത്രമുള്ള റോളാണ് സല്ലുവിന്റേത്. ടെല്‍ മി ഒ ഖുദാ, ജുദ്‌വാ 2, ഇസി ലൈഫ് മേം, ഹലോ, സാവന്‍ ദ ലവ് സീസണ്‍, സിര്‍ഫ് തും, സര്‍ ഉഠാ കെ ജീയോ, ദീവാനാ മസ്താനാ, സണ്‍ ഓഫ് സര്‍ദാര്‍...ഇങ്ങനെ ഒട്ടേറെ സിനിമകളില്‍ കാമിയോ റോളുകള്‍ ചെയ്തു. ആര്യന്‍ ഖാന്‍ സംവിധാനം ചെയ്യുന്ന സിനിമയിലും അതിഥിവേഷത്തില്‍ സല്‍മാന്‍ ഉണ്ടെന്നാണ് വാര്‍ത്തകള്‍.
Content Highlights: salman khan is the cameo king in bollywood