അനുഭവങ്ങളെയും പാളിച്ചകളെയും പാട്ടിലാക്കിയ വയലാര്‍

#രമേശ് ഗോപാലകൃഷ്ണന്‍
വര: ലിജീഷ് കാക്കൂര്‍
വര: ലിജീഷ് കാക്കൂര്‍

മനുഷ്യനെ കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിച്ചുകൊണ്ട് ജീവിതമെന്ന പ്രതിഭാസത്തിനുള്ള ഉത്തരം തേടുന്ന കവിതകളാണ് വയലാര്‍ രാമവര്‍മയുടെ വിപ്ലവഗാനങ്ങള്‍. ഇവിടെ ആചാരങ്ങളും വിശ്വാസങ്ങളും മതങ്ങളും പുരാണങ്ങളും ഇതിഹാസങ്ങളും തത്ത്വശാസ്ത്രങ്ങളുമെല്ലാം ചോദ്യംചെയ്യപ്പെടുന്നുണ്ട്. ആ ഗാനങ്ങളുടെ ഏറ്റവും വലിയ സവിശേഷത ഏതൊരു സാധാരണക്കാരനും അവന്റെ ജീവിതത്തോടു ചേര്‍ത്തുനിര്‍ത്തി കേള്‍ക്കാന്‍ കഴിയുന്നുവെന്നതാണ്. 

മലയാളത്തിലെ ഏറ്റവും ജനപ്രിയമായ വിപ്ലവഗാനം പിറന്നത് വയലാര്‍ രാമവര്‍മയെന്ന കവിയുടെ തൂലികയില്‍നിന്നാണ്. എന്നാല്‍, അതൊരു സിനിമാഗാനമല്ല എന്നതാണ് കൗതുകകരം. 1857-ല്‍ നടന്ന ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ രക്തസാക്ഷിത്വം വരിച്ചവരെ അനുസ്മരിച്ചുകൊണ്ട് വയലാര്‍ എഴുതിയ 'ബലികുടീരങ്ങളേ സ്മരണകളിരമ്പും രണസ്മാരകങ്ങളേ...' എന്ന ഗാനമാണത്. 1957-ലാണ് ഈ ഗാനം രചിക്കപ്പെടുന്നത്. ജി. ദേവരാജന്‍ ആദ്യമായി ഒരു വയലാര്‍ഗാനത്തിന് സംഗീതം പകരുന്നതും ഇതിലൂടെയാണ്. പിന്നീട്, മലയാളത്തിലെന്നല്ല, ഇന്ത്യയിലെത്തന്നെ ഏറ്റവും വിജയം കൈവരിച്ച കൂട്ടുകെട്ടായിമാറി ഇരുവരുമെന്നത് ചരിത്രം. ഈ വിപ്ലവഗാനം പിന്നീട് കെ.പി.എ.സി.യുടെ 'വിശറിക്കു കാറ്റു വേണ്ട' എന്ന നാടകത്തില്‍ ചേര്‍ക്കുകയായിരുന്നു. വയലാറിന്റെ ആദ്യരചനയിലുണ്ടായിരുന്ന അവസാനവരിയിലെ പൊന്‍കൊടി എന്ന വാക്ക് നാടകത്തിനുവേണ്ടി ചെങ്കൊടി എന്നാക്കി മാറ്റുകയായിരുന്നു. 

മലയാളസിനിമയില്‍ വയലാര്‍-ദേവരാജന്‍ ടീം തീര്‍ത്ത വിപ്ലവഗാനങ്ങളുടെ ഘോഷയാത്രതന്നെയുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് 'അച്ഛനും ബാപ്പയും' എന്ന ചിത്രത്തിലെ 'മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു...' എന്നത്. മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടിച്ചേര്‍ന്നപ്പോള്‍ ലോകം ഭ്രാന്താലയമായി എന്നാണ് വയലാര്‍ എഴുതുന്നത്. ഈ ഗാനം പാടിയ യേശുദാസിന് ദേശീയപുരസ്‌കാരം ലഭിക്കുകയുംചെയ്തു. 

പാരമ്പര്യത്തില്‍ ഊന്നിനിന്നുകൊണ്ടുതന്നെ അതേ പാരമ്പര്യത്തെ ചോദ്യംചെയ്തു തിരുത്താന്‍ ശ്രമിക്കുന്ന കവിത്വബോധമാണ് വയലാറിന്റെ സവിശേഷത. പുരാണങ്ങള്‍, ഇതിഹാസങ്ങള്‍, ദര്‍ശനങ്ങള്‍, തത്ത്വശാസ്ത്രങ്ങള്‍, അധ്വാനം, ശാസ്ത്രം, വിപ്ലവബോധം, ജീവിതപരിസരങ്ങള്‍, സര്‍വോപരി മാനുഷികത ഇവയെല്ലാമുണ്ട് ആ ഗാനങ്ങളില്‍. എന്നാല്‍, സമയം അഥവാ കാലം എന്ന പ്രതിഭാസമാണ് എല്ലാത്തിനും ചരടുവലിക്കുന്നതെന്ന സത്യത്തെയാണ് ഈ കവി എപ്പോഴും ഉദ്ഘോഷിക്കുന്നതെന്നു മനസ്സിലാവും. ഈ ദര്‍ശനമാണ് വയലാര്‍ക്കവിതകളുടെ ശാസ്ത്രീയസ്വഭാവത്തെ അടയാളപ്പെടുത്തുന്നത്. 

'മഴക്കാറ്' എന്ന സിനിമയ്ക്കുവേണ്ടി വയലാര്‍ എഴുതിയ 'പ്രളയപയോധിയില്‍ ഉറങ്ങിയുണര്‍ന്നൊരു പ്രഭാമയൂഖമേ കാലമേ...' എന്ന ഗാനം ആദിയും അന്തവുമുള്ള കാലത്തെപ്പറ്റിയാണ് പറയുന്നത്. കാലത്തിന് ജനനവും മരണവുമുണ്ടെന്നു പറയുന്ന വിഖ്യാതശാസ്ത്രജ്ഞനായിരുന്ന സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ ശാസ്ത്രചിന്തകളോട് ചേര്‍ന്നുനില്‍ക്കുന്ന വരികളാണ് ഈ ഗാനത്തിന്റേത്. 'ഇതിഹാസങ്ങള്‍ ജനിക്കുംമുന്‍പേ ഈശ്വരന്‍ ജനിക്കും മുന്‍പേ...' (ചുവന്ന സന്ധ്യകള്‍, ദേവരാജന്‍, എന്‍. ശ്രീകാന്ത്) എന്ന ഗാനത്തില്‍ കാലം പ്രകൃതിയുടെ കാമുകവേഷം കെട്ടുന്നു. പ്രകൃതിക്കും കാലത്തിനും തുല്യപ്രാധാന്യമാണ് അദ്ദേഹം നല്‍കുന്നത്. 

നിഴലാട്ടം എന്ന സിനിമയ്ക്കുവേണ്ടി അദ്ദേഹമെഴുതിയ 'യക്ഷഗാനം മുഴങ്ങി...' എന്ന പാട്ടില്‍ കാലത്തിന്റെ ചരടുവലിയില്‍ ആടിക്കൊണ്ടിരിക്കുന്ന കളിപ്പാവകളാണ് നമ്മളൊക്കെ. 'സ്വാമി അയ്യപ്പന്‍' എന്ന ചിത്രത്തിലെ 'തേടിവരും കണ്ണുകളില്‍ ഓടിയെത്തും സ്വാമി...' എന്ന അയ്യപ്പഭക്തിഗാനത്തില്‍പ്പോലും കാലവും പ്രകൃതിയുമാണ് വയലാറിന്റെ ദൈവസങ്കല്പമായിത്തീരുന്നത്. 'ചലനം ചലനം ചലനം...' (വാഴ്വേ മായം) എന്ന പാട്ടില്‍ കാലത്തിനനുസരിച്ച് എല്ലാ ജീവജാലങ്ങളും മാറിക്കൊണ്ടിരിക്കുന്നുവെന്ന ചാള്‍സ് ഡാര്‍വിന്റെ പരിണാമസിദ്ധാന്തം കടന്നുവരുന്നു. ജീവിതം മായയല്ലെന്നും അതാണു സത്യമെന്നുമാണ് ഈ ഗാനം പ്രസ്താവിക്കുന്നത്.  

'അനുഭവങ്ങള്‍ പാളിച്ചകള്‍' എന്ന സിനിമയില്‍ വരുന്ന 'പ്രവാചകന്‍മാരേ പറയൂ പ്രഭാതമകലെയാണോ...' എന്ന പാട്ടില്‍ വിപ്ലവചിന്തകള്‍ക്കു തിരികൊളുത്തിയ തത്ത്വശാസ്ത്രങ്ങളെയാണ് ഗാനരചയിതാവ് ചോദ്യംചെയ്യുന്നത്. ഇതേ സിനിമയ്ക്കുവേണ്ടിത്തന്നെ രചിച്ച 'അഗ്‌നിപര്‍വതം പുകഞ്ഞു...' എന്നത് മറ്റൊരു വിപ്ലവഗാനമാണ്. ഓരോ തുള്ളി ചോരയില്‍നിന്നും ഒരായിരം പേരാണ് ഉയര്‍ന്നുവരുന്നതെന്ന വിപ്ലവചിന്തയുടെ കവിതാവിഷ്‌കാരമാണിത്.

'താര' എന്ന ചിത്രത്തിലെ 'കാളിദാസന്‍ മരിച്ചു കണ്വമാമുനി മരിച്ചു അനസൂയ മരിച്ചു പ്രിയംവദ മരിച്ചു ശകുന്തള മാത്രം മരിച്ചില്ല...' എന്ന പാട്ടിലെ സ്ത്രീപക്ഷചിന്ത ആധുനികകാലത്തും ഏറെ പ്രസക്തമായി നിലനില്‍ക്കുന്നുണ്ട്. 'ശരശയ്യ'യിലെ 'ഉത്തിഷ്ഠത, ജാഗ്രത, പ്രാപ്യ വരാന്‍ നിബോധത...' എന്ന ഗാനം എം.ജി. രാധാകൃഷ്ണനും മാധുരിയും ചേര്‍ന്നാണ് പാടിയിട്ടുള്ളത്. അദ്വൈതവേദാന്തവും തത്ത്വമസിയും ലോകത്തിനു സമ്മാനിച്ച ഭാരതം ഇനി ശാസ്ത്രത്തിന്റെ കവചമണിഞ്ഞാണ് വിശ്വപ്രകൃതിയെ കീഴടക്കേണ്ടതെന്ന വിപ്ലവദര്‍ശനമാണ് ഈ പാട്ടിലൂടെ ഉദ്‌ബോധിപ്പിക്കുന്നത്. 

'ലൈന്‍ ബസ്' എന്ന സിനിമയിലെ 'അദ്വൈതം ജനിച്ച നാട്ടില്‍ ആദിശങ്കരന്‍ ജനിച്ച നാട്ടില്‍ ആയിരം ജാതികള്‍ ആയിരം മതങ്ങള്‍ ആയിരം ദൈവങ്ങള്‍...' എന്ന ഗാനം ഏതൊരു സാധാരണക്കാരനും മനസ്സിലാവുന്നവിധത്തില്‍ അതീവലളിതവും അതിഹൃദ്യവുമായിട്ടാണ് വയലാര്‍ എഴുതിയിട്ടുള്ളത്. സ്വയം വിവരിക്കുന്ന ഒരു കവിതയുടെ ചാരുത ഇതിനുണ്ട്. 

വയലാര്‍ രാമവര്‍മ എന്ന വിപ്ലവകവിയുടെ തൂലികയില്‍നിന്നുതിര്‍ന്നുവീണ അക്ഷരങ്ങള്‍ക്ക് വജ്രത്തിന്റെ കാഠിന്യവും തിളക്കവും മാത്രമല്ല അഗ്‌നിഗോളത്തിന്റെ താപവും ഊര്‍ജവുമുണ്ടെന്ന് ഈ ഗാനങ്ങളെല്ലാം നമ്മോട് പറയാതെ പറയുന്നുണ്ട്.


 

Content Highlights: remembering vayalar ramavarma on his 48th death anniversary