സത്യജിത്ത് റായുടെ ജീവിതത്തിലെ പ്രണയം; പഥേര്‍ പാഞ്ചാലിക്കായി ആഭരണം പോലും പണയപ്പെടുത്തിയ പ്രണയിനി

സത്യജിത്ത് റായ്-ഇന്ത്യ കണ്ട ഏറ്റവും മികച്ച സംവിധായകന്. പഥേര്‍ പാഞ്ചാലി, അപരാജിതോ, അപുര്‍ സംസാര്, ചാരുലത...മനോഹരമായ ഒരുപാട് സിനിമകള്‍ സത്യജിത്ത് റായ് ഒരുക്കി. അദ്ദേഹത്തിന്റെ സിനിമകള്‍ക്കെല്ലാം തിരക്കഥയെഴുതിയതും റായ് തന്നെ. നാലുപതിറ്റാണ്ടിലേറെ നീണ്ടുനില്‍ക്കുന്ന സിനിമാജീവിതത്തിനിടയില്‍ 35 തവണയാണ് ദേശീയപുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയത്. ഒപ്പം രാജ്യം പത്മഭൂഷണും പത്മശ്രീയും ഭാരതരത്നയും നല്കി അദ്ദേഹത്തെ ആദരിച്ചു.
ഉയര്‍ച്ചയുടെ പടവുകള്‍ ചവിട്ടിക്കയറുമ്പോഴും അദ്ദേഹത്തിന്റെ മനസ്സില്‍, പഥേര്‍ പാഞ്ചാലി കാലമായിരുന്നു ഉണ്ടായിരുന്നതെന്ന് അടുപ്പമുള്ളവര്‍ പലരും പിന്നീട് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ പരമ്പരാഗതമല്ലാത്ത ആശയങ്ങളില്‍ നിര്‍മാതാക്കളെല്ലാം സംശയം പ്രകടിപ്പിച്ചു, ആരും പണംമുടക്കാന്‍ തയ്യാറായില്ല. കൈയിലുള്ള പണംകൊണ്ടാണ് പടത്തിന്റെ ഷൂട്ടിങ് മുന്നോട്ടുകൊണ്ടുപോയത്. അതുകൊണ്ടുതന്നെ രണ്ടര വര്‍ഷംകൊണ്ടാണ് ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. അതോടെയാണ് നിര്‍മാതാക്കള്‍ അടുത്ത പടങ്ങള്‍ നിര്‍മിക്കാന്‍ തയ്യാറായതും.
ആ കഷ്ടപ്പാടുകളുടെ ദിനങ്ങള്‍ മുതല്‍ സത്യജിത്ത് റായുടെ അവസാനകാലം വരെ ഒരേയൊരാളാണ് അദ്ദേഹത്തിന് താങ്ങും തണലുമായി ഉണ്ടായിരുന്നത്. ഭാര്യ ബിജോയ ദാസ്. ഭാര്യയാണ് തനിക്കെന്നും പ്രചോദനമായിരുന്നതെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുമുണ്ട്.
റായുടെ അമ്മാവന്റെ മകളായിരുന്നു ബിജോയ. റായുടെ പത്താം വയസ്സിലാണ് ബിജോയയെ ആദ്യമായി കാണുന്നത്. അന്ന് ബിജോയയ്ക്ക് പതിനാല് വയസ്സാണ്. രണ്ടുപേരുടെയും താത്പര്യങ്ങളില്‍ കുറേ സാമ്യതകളുണ്ടായിരുന്നു. സിനിമയും പാശ്ചാത്യസംഗീതവുമെല്ലാം അതിലുള്‍പ്പെടും. അതാവാം രണ്ടുപേരെയും പെട്ടെന്ന് തന്നെ അടുപ്പിച്ചു. സിനിമ എന്ന സ്വപ്നവുമായി ബിജോയ മുംബൈയിലേക്ക് പോയപ്പോഴും അവര്‍ തമ്മിലുള്ള അടുപ്പത്തിനൊരു മാറ്റവും വന്നില്ല. ഇരുവരും വര്‍ഷങ്ങളോളം ആരുമറിയാതെ ആ ബന്ധം കൊണ്ടുനടന്നു. വിവാഹത്തിന് കുടുംബം സമ്മതിക്കുമോ എന്ന പേടിയായിരുന്നു അതിന് കാരണം. ബിജോയയ്ക്ക് സത്യജിത്ത് റായേക്കാള് പ്രായം കൂടുതലായതുകൊണ്ടും അവര്‍ ബന്ധുക്കളായതുകൊണ്ടും വീട്ടുകാര്‍ ബന്ധത്തെ എതിര്‍ക്കുമെന്ന് ഇരുവര്‍ക്കും അറിയാമായിരുന്നു.
ആരോടും പറയാതെ 1948-ല്‍ മുംബൈയില്‍ വെച്ച് അവര്‍ രജിസ്റ്റര്‍ വിവാഹം കഴിച്ചു. അതിനുശേഷം അടുത്ത സുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ ആചാരപ്രകാരം വിവാഹം കഴിച്ചു. പിന്നീടാണ് വീട്ടുകാരോട് പറയുന്നതും, മക്കളുടെ വാശിക്കുമുന്നില്‍ വീട്ടുകാര്‍ സമ്മതിക്കുന്നതും. പഥേര്‍ പാഞ്ചാലിയുടെ ഷൂട്ടിങ് തുടങ്ങുന്നതിനുമുമ്പായിരുന്നുവത്.
കൈയില്‍ പണമൊന്നുമില്ലാതെ സിനിമയൊരുക്കാനിറങ്ങിയ ഭര്‍ത്താവിന് ബിജോയ എല്ലാവിധ പിന്തുണയും നല്കി. മാത്രമല്ല, അവരുടെ ആഭരണങ്ങള്‍ വരെ അതിനായി പണയപ്പെടുത്തി. അപു എന്ന കഥാപാത്രത്തെ കണ്ടെത്തിയതുപോലും ബിജോയയാണ്. താങ്ങും തണലുമായി നില്‍ക്കുമ്പോഴും ക്യാമറയ്ക്ക് മുമ്പില്‍നിന്ന് അകന്നുനില്‍ക്കാനായിരുന്നു ബിജോയയ്ക്ക് എന്നും താത്പര്യം.
സിനിമയില്‍ വരുന്നതിന് മുമ്പും സത്യജിത്ത് റായുടെ ആദ്യവായനക്കാരി ബിജോയ തന്നെയായിരുന്നു. ഒട്ടും മയമില്ലാത്തതായിരുന്നു അവരുടെ പ്രതികരണങ്ങള്‍. വായിക്കാനുള്ള പേപ്പറിനൊപ്പം ഒരു പെന്‍സില്‍ കൂടി ബിജോയയ്ക്ക് കൊടുക്കുമായിരുന്നു റായ്, തിരുത്തലുകള്‍ വരുത്താനാണത്. ബിജോയയുടെ തിരുത്തലുകള്‍ അദ്ദേഹം മുഖവിലയ്ക്കെടുക്കുകയും ചെയ്യും. സിനിമയുടെ തിരക്കഥയും ആദ്യം വായിച്ചിരുന്നത് ബിജോയ തന്നെയാണ്. മുന്നുപിന്നും നോക്കാതെയുള്ള അവരുടെ പ്രതികരണങ്ങളിലൂടെ ആളുകളുടെ മനസ്സും തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നു സത്യജിത്ത് റായ്ക്ക്. അങ്ങനെ ജീവിതകാലം മുഴുവന്‍ നിശ്ശബ്ദമായി പിന്തുണയേകി ബിജോയ. അങ്ങനെ ഏതൊരു പുരുഷന്റെ വിജയത്തിനുപിന്നിലും ഒരു സ്ത്രീയുണ്ടാകുമെന്നത് സത്യജിത്ത് റായുടെ ജീവിതത്തിലെ ഒരു യാഥാര്‍ഥ്യമായി മാറി.
Content Highlights: remembering satyajit ray