ആളുകളെ കുടുകുടെ ചിരിപ്പിച്ച ചാപ്ലിന്‍, മരണശേഷം ഒരു സംഘം മൃതദേഹം തട്ടിക്കൊണ്ടുപോയി

ചാര്‍ളി ചാപ്ലിന്‍
ചാര്‍ളി ചാപ്ലിന്‍

'I always like walking in the rain, so no one can see me crying'
കോമഡിയിലൂടെ ലോകത്തെ മുഴുവന്‍ ചിരിപ്പിച്ച, മരണശേഷവും ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു താരത്തിന്റെ വാക്കുകളാണിത്, ചാര്‍ളി ചാപ്ലിന്‍. ചെറുപ്പകാലത്തെ അനുഭവങ്ങളാകുമോ അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ക്ക് പിന്നില്‍? എന്തായാലും ചാര്‍ളി ചാപ്ലിനെ പോലെ ഭാഗ്യം ചെയ്ത താരങ്ങള്‍ വളരെ കുറവായിരിക്കും. 

ഒറ്റകഥാപാത്രത്തിലൂടെ എന്നും ആളുകളുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുക, ആരാധിക്കപ്പെടുക...ചാര്‍ളി ചാപ്ലിനെ ആ വിഭാഗത്തില്‍ പെടുത്താം. ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചുവെങ്കിലും ചാപ്ലിനെ താരമാക്കി മാറ്റിയത്, ദ് ട്രാമ്പ് എന്ന സിനിമയാണ്. അതിന് തിരക്കഥയെഴുതിയതും സംവിധാനം ചെയ്തതും ചാപ്ലിന്‍ തന്നെയായിരുന്നു. നാടില്ല, വീടില്ല, കൈയില്‍ പണവുമില്ല, അലസതയും കുട്ടിക്കളിയും കൈമുതലയായ ആള്‍, അതായിരുന്നു ട്രാമ്പ് എന്ന കഥാപാത്രം. വലിയ കറുത്ത പാന്റും ഷൂസും തൊപ്പിയുമാണ് സ്ഥിരംവേഷം, ഒപ്പം ആ മീശയും. ചാര്‍ളി ചാപ്ലിന്‍ മീശ എന്ന് പില്‍ക്കാലത്ത് അറിയപ്പെട്ട അതേ മീശ. 

ചാപ്ലിന്‍ തന്നെയാണ് ആ വേഷവിധാനത്തിനുപിന്നില്‍. ചാപ്ലിന്റെ രണ്ടാമത്തെ സിനിമയുടെ ഷൂട്ടിങ്ങിനായി സെറ്റിലെത്തിയതാണ്. അടുത്തതായി ചെയ്യാനുള്ളത് ഒരു കോമഡിസീനാണ്, അതിനായുള്ള വേഷംധരിച്ചുവരാന്‍ സംവിധായകന്‍ പറഞ്ഞു. അങ്ങനെ ചാപ്ലിന്‍ സ്വയം കണ്ടുപിടിച്ചതാണ് ആ മീശയും വലുപ്പമുള്ള പാന്റ്‌സുമെല്ലാം. 
 

ദ ഗ്രേറ്റ് ഡിക്ടേറ്ററില്‍ ചാര്‍ളി ചാപ്ലിന്‍ / ഫോട്ടോ: AP

തൊട്ടുപിന്നാലെ അതേ രൂപഭാവങ്ങളുമായി പിന്നെയും സിനിമകളിറങ്ങി. നിശ്ശബ്ദസിനിമയുടെ കാലത്ത് ലോകസിനിമയിലെ ഒരു പ്രതീകം തന്നെയായിരുന്നു ട്രാമ്പും ചാര്‍ളി ചാപ്ലിനും. 1919 മുതല്‍ സിനിമകളില്‍ സജീവമായെങ്കിലും, ക്ലച്ച് പിടിപ്പിക്കുന്നത് ട്രാമ്പ് എന്ന കഥാപാത്രത്തിലൂടെയാണ്. അധികം വൈകാതെ ചാപ്ലിന്‍ കുറേ സിനിമകള്‍ അതേ കഥാപാത്രവുമായി നിര്‍മിക്കാന്‍ തുടങ്ങി. അവയില്‍ പലതിന്റെയും തിരക്കഥയും സംവിധാനവും എഡിറ്റിങ്ങും സംഗീതസംവിധാനവുമെല്ലാം നിര്‍വഹിച്ചതും ചാപ്ലിന്‍ തന്നെയായിരുന്നു. 

ദി കിഡ്, ദി ഗോള്‍ഡ് റഷ്, സിറ്റി ലൈറ്റ്‌സ്, മോഡേണ്‍ ടൈംസ്, ദി ഗ്രേറ്റ് ഡിക്ടേറ്റര്‍...ഇങ്ങനെ എത്രയെത്ര സിനിമകള്‍. ചാപ്ലിന്റെ കുട്ടിക്കാലം തന്നെയാണ് 'ദ കിഡി'ല്‍ അവതരിപ്പിച്ചതെന്ന് അക്കാലത്ത് പരക്കെ പറഞ്ഞുകേട്ടിരുന്നു. 

ദുരിതംനിറഞ്ഞ ചെറുപ്പകാലം
ചാപ്ലിന്റെ ചെറുപ്പകാലം പട്ടിണിയുടെയും ഇല്ലായ്മയുടെയും നടുവിലായിരുന്നു. ചാപ്ലിന് രണ്ടുവയസ്സായപ്പോള്‍ തന്നെ അച്ഛനും അമ്മയും വേര്‍പിരിഞ്ഞു. ചാപ്ലിനും സഹോദരന്‍ സിഡ്‌നിയും ഒന്നുമില്ലായ്മയിലാണ് ജീവിതം തള്ളിനീക്കിയത്. അമ്മ ഹന്ന ഒരു ഗായികയായിരുന്നു. പാട്ടുപാടി കിട്ടുന്ന തുകകൊണ്ടാണ് അവര്‍ കുട്ടികളെ വളര്‍ത്തിയത്. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലായിരുന്നു ഹന്ന. ചെറുപ്പകാലത്ത് രണ്ടുതവണയാണ് കൊച്ചു ചാപ്ലിനെ അനാഥാലയത്തിലേക്ക് മാറ്റിയത്. രണ്ടുതവണയും അധികം താമസിയാതെ വീട്ടില്‍ തിരിച്ചെത്തി. 
 

ചാര്‍ളി ചാപ്ലിന്‍

ഒരുനാള്‍ പാട്ടുപാടാന്‍ കയറിയ അമ്മയ്ക്ക് ഇടയ്ക്കുവെച്ച് ശബ്ദം നഷ്ടപ്പെട്ടു. പകരക്കാരനായി ചാപ്ലിന്‍ സ്റ്റേജില്‍ കയറി, അതും അഞ്ചാമത്തെ വയസ്സില്‍. സാമ്പത്തികപ്രശ്‌നങ്ങളും മറ്റും അമ്മയെ അപ്പോഴേക്കും മാനസികമായും തളര്‍ത്തിയിരുന്നു. പലപ്പോഴും മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. അപ്പോഴൊക്കെ കുട്ടികളെ അച്ഛനടുത്തേക്ക് മാറ്റി. പക്ഷേ അവിടെ സ്ഥിതി അതിലും മോശമായിരുന്നു. അമിതമായി മദ്യപിച്ചിരുന്ന അച്ഛന്‍ അധികം വൈകാതെ മരിക്കുകയും ചെയ്തു. വീണ്ടും അമ്മയുടെ അടുത്തേക്ക് തന്നെ. 

അമ്മയുടെ രോഗം രൂക്ഷമാകുമ്പോഴെല്ലാം ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. ചെറിയ മാറ്റം വരുമ്പോള്‍ തിരിച്ചുവീട്ടിലേക്കും. അപ്പോഴേക്കും സഹോദരന്‍ സിഡ്‌നി നേവിയില്‍ ചേര്‍ന്നിരുന്നു. ആസ്പത്രിയില്‍നിന്ന് തിരിച്ചെത്തിയ അമ്മയെ നോക്കുന്ന ചുമതലയും ചാപ്ലിന്റെ ചുമലിലായി. കുറച്ച് ഭക്ഷണത്തിനുവേണ്ടിയും തലചായ്ക്കാനൊരിടത്തിനായും ആ ബാലന്‍ കുറേ അലഞ്ഞു. ചാപ്ലിന് പതിനാല് വയസ്സായപ്പോഴേക്കും അമ്മയെ സ്ഥിരമായി ആസ്പത്രിയിലേക്ക് മാറ്റി.  

അതോടെ അവസരംതേടി ചാപ്ലിന്‍ നാടക കമ്പനികളിലും കോമഡി കമ്പനികളിലുമെത്തി. ചിലയിടത്ത് അവസരങ്ങള്‍ കിട്ടി. ഇരുപത്തൊന്നാം വയസ്സില്‍ ഒരു സര്‍ക്കസ് കമ്പനിയിലെത്തി, അവിടുന്നാണ് ചാപ്ലിന്‍ സിനിമയിലേക്ക് കടക്കുന്നത്. ട്രാമ്പ് പുറത്തിറങ്ങിയതോടെ, തിരിഞ്ഞുനോക്കാനാവാത്തത്ര തിരക്കായി. 

ദ കിഡ് എന്ന സിനിമയില്‍നിന്ന്‌

ചിരിപ്പിക്കാന്‍ മാത്രമല്ല, ചാപ്ലിന്‍ സിനിമയും കഥാപാത്രങ്ങളുമുപയോഗിച്ചത്. തന്റെ നിലപാടുകളറിയിച്ചതും സിനിമയിലൂടെ തന്നെ. അഡോള്‍ഫ് ഹിറ്റ്‌ലറിനെ പരിഹസിക്കുക എന്ന ലക്ഷ്യത്തോടെയാണ് 'ദ് ഗ്രേറ്റ് ഡിക്ടേറ്റര്‍' ചാപ്ലിന്‍ നിര്‍മിച്ചത്. ഈ സിനിമ വന്‍വിജയമായി. ചാപ്ലിന്റെയും ഹിറ്റ്‌ലറിന്റെയും മീശ തമ്മിലുള്ള സാമ്യവും മുഖച്ഛായ തമ്മിലുള്ള സാമ്യവും സിനിമ വിജയിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. അതോടെ ചാപ്ലിന്റെ സിനിമകള്‍ ഹിറ്റ്‌ലര്‍ ജര്‍മനിയില്‍ നിരോധിച്ചു.  

അഞ്ചുവയസ്സുമുതല്‍ 80-ാം വയസ്സുവരെ ചാപ്ലിന്‍ അഭിനയരംഗത്ത് തുടര്‍ന്നു. അതിനിടയില്‍ രണ്ടുതവണ ഓസ്‌കര്‍ പുരസ്‌കാരങ്ങളും ലഭിച്ചു. ഒരു ക്രിസ്മസ് ദിനത്തിലായിരുന്നു അദ്ദേഹത്തിന്റെ മരണം, 1975 ഡിസംബര്‍ 25-ന്. കോര്‍സ്യര്‍-സര്‍-വെവെ സെമിത്തേരിയിലാണ് സംസ്‌കരിച്ചത്. മരണശേഷവും ചാപ്ലിനെ തമാശകള്‍ പിന്തുടര്‍ന്നു. രണ്ടുമാസങ്ങള്‍ക്കുശേഷം ഒരു സംഘം, ചാപ്ലിന്റെ മൃതദേഹം മോഷ്ടിച്ചു. പണംതട്ടുക എന്നതായിരുന്നു ഉദ്ദേശ്യം. ആറുലക്ഷം ഡോളര്‍ തരാതെ മൃതദേഹം നല്‍കില്ലെന്ന് സംഘം ചാപ്ലിന്റെ ഭാര്യ ഊനയോട് പറഞ്ഞു. ഊന അതിന് തയ്യാറായില്ല. തുടരെയുള്ള ഫോണ്‍വിളികള്‍ ചോര്‍ത്തിയ പോലീസ്, പ്രതികളെ പിടികൂടുകയും ചെയ്തു. അങ്ങനെ ചാപ്ലിന്‍ കല്ലറയില്‍ മടങ്ങിയെത്തി. 135 ജന്‍മവാര്‍ഷികത്തിലും, ചാപ്ലിന്റെ തമാശ ആളുകള്‍ ആസ്വദിച്ചുകൊണ്ടേയിരിക്കുന്നു. 


 


 

Content Highlights: remembering legendary actor, charlie chaplin