അക്കോസോട്ടോയുടെയും ഉണ്ണിക്കുട്ടന്റെയും സ്വന്തം സംഗീത് ശിവന്‍

സംഗീത് ശിവന്‍ / ഫോട്ടോ: ബി.മുരളീകൃഷ്ണന്‍
സംഗീത് ശിവന്‍ / ഫോട്ടോ: ബി.മുരളീകൃഷ്ണന്‍

സംവിധായകനും ഛായാഗ്രാഹകനുമായ സംഗീത് ശിവന്‍ അന്തരിച്ചു. മലയാളിക്കെന്നും ഓര്‍ത്തിരിക്കാവുന്ന കുറേ നല്ല കഥാപാത്രങ്ങള്‍ നല്‍കിയാണ് അദ്ദേഹം വിടവാങ്ങിയിരിക്കുന്നത്.  

1990-ലാണ് ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്നത്. വ്യൂഹം എന്ന ചിത്രത്തിനുവേണ്ടിയായിരുന്നുവത്. പിന്നീട് യോദ്ധ, നിര്‍ണയം, ഗാന്ധര്‍വം, ഡാഡി, ജോണി, സ്‌നേഹപൂര്‍വം അന്ന എന്നീ മലയാളസിനിമകളും ഏഴ് ബോളിവുഡ് സിനിമകളും സംവിധാനം ചെയ്തു. അതില്‍ ജോണി എന്ന സിനിമയ്ക്ക് മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാനപുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. 

യോദ്ധയാണ് അദ്ദേഹത്തിന്റെ കരിയറിലെ വഴിത്തിരിവാകുന്ന സിനിമ. റിലീസായപ്പോള്‍ അത്ര ഹിറ്റായില്ലെങ്കിലും, പിന്നീട് ടി.വി.പ്രേക്ഷകര്‍ സിനിമ ഏറ്റെടുത്തു. അരശുംമൂട്ടില്‍ അപ്പൂട്ടനും തൈപ്പറമ്പില്‍ അശോകനും ദമയന്തിയും മനസ്സിലിടം പിടിച്ചു. പതുക്കെ അതിനൊരു കള്‍ട്ട് സ്റ്റാറ്റസ് കിട്ടി. ഇന്നും യോദ്ധയിലെ ഓരോ ഡയലോഗുകളും ആളുകള്‍ക്ക് അത്രയേറെ പ്രിയമാണ്. പഞ്ച് കോമഡി ഡയലോഗുകളായിരുന്നു ആദ്യപകുതി മുഴുവന്‍. 

യോദ്ധ സിനിമയില്‍നിന്ന്‌

ഏതു മത്സരവും തോറ്റു തുന്നംപാടുമ്പോള്‍ അങ്ങോട്ടുമിങ്ങോട്ടും എടുത്തിട്ട് തട്ടുന്ന ഡയലോഗ്, 'ഇനി കാവിലെ പാട്ടുമത്സരത്തിന് കാണാം'. ഒടുവില്‍ ഉണ്ണികൃഷ്ണന്റെ ഭാവാഭിനയത്തോടെയുള്ള 'വസൂ...ദേ വന്നിരിക്കുന്നു നിന്റെ മോന്‍', 'കലങ്ങിയില്ല', 'നല്ലോണം കലക്കി ഒരു ഗ്ലാസ് കൂടി എടുക്കട്ടേ മോനേ', 'അശോകന് ക്ഷീണമാവാം'....എത്രയെത്ര ഡയലോഗുകള്‍.

അതിനൊപ്പം മനോഹരമായ ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും പാട്ടുകളും. യോദ്ധയ്ക്കുവേണ്ടിയാണ് എ.ആര്‍.റഹ്മാന്‍ മലയാളത്തിലാദ്യമായി സംഗീതസംവിധാനം ചെയ്തതെന്ന പ്രത്യേകതയുമുണ്ട്.

Content Highlights: remembering director sangeeth sivan