പടയപ്പയിലേക്ക് ഐശ്വര്യ റായ്‌യെ വിളിച്ചു; അവർ താത്പര്യമില്ലെന്ന് പറഞ്ഞു, പിന്നീട് രമ്യ കൃഷ്ണൻ എത്തി

രമ്യ കൃഷ്ണൻ, രജനീകാന്ത്, ഐശ്വര്യ റായ് / AFP, AP
രമ്യ കൃഷ്ണൻ, രജനീകാന്ത്, ഐശ്വര്യ റായ് / AFP, AP

രജനീകാന്തിന്റെ സൂപ്പർഹിറ്റുകളിലൊന്നാണ് 'പടയപ്പ'. ശിവാജി ഗണേശൻ, രമ്യ കൃഷ്ണൻ, സൗന്ദര്യ, നാസർ എന്നിവരും അഭിനയിച്ച സിനിമയിലെ പാട്ടുകളും ഏറെ ഹിറ്റായിരുന്നു. രജനീകാന്തിന്റെ പിറന്നാളിനോടനുബന്ധിച്ച് സിനിമ 26 വർഷങ്ങൾക്കുശേഷം വീണ്ടും റിലീസ് ചെയ്യാനൊരുങ്ങുന്നു. അതിനൊപ്പം സിനിമയുടെ രണ്ടാം ഭാഗം കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്.

പിന്നാലെ സിനിമയുടെ ഓർമകൾ പങ്കുവെക്കുന്ന രജനീകാന്തിന്റെ ഒരു വീഡിയോയും അണിയറപ്രവർത്തകർ പുറത്തുവിട്ടു. ''എന്റെ ഹൃദയത്തോട് ഏറെ ചേർന്നുനിൽക്കുന്ന കഥാപാത്രമാണ്. പടയപ്പ എന്ന പേര് നൽകിയത് ഞാനാണ്. സംവിധായകൻ കെ.എസ്.രവികുമാറിന് അത്ര യോജിപ്പുണ്ടായിരുന്നില്ല. പക്ഷേ എന്റെ അഭ്യർഥനപ്രകാരം അതുമായി മുന്നോട്ടുപോവുകയായിരുന്നു'', രജനീകാന്ത് ഓർക്കുന്നു.

''പ്രധാന സ്ത്രീകഥാപാത്രമായ നീലാംബരിയായി ഐശ്വര്യ റായ് എത്തണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. അങ്ങനെ കുറേ കഷ്ടപ്പെട്ട് അവരുടെ അടുത്തെത്തി. അവർ ഓകെ പറഞ്ഞിരുന്നുവെങ്കിൽ രണ്ടോ മൂന്നോ വർഷം കാത്തിരുന്നേനെ ഞങ്ങൾ. പക്ഷേ ഐശ്വര്യയ്ക്ക് താത്പര്യമില്ലായിരുന്നു. ശ്രീദേവി, മാധുരി ദീക്ഷിത് തുടങ്ങിയ പേരുകളും ചർച്ച ചെയ്യപ്പെട്ടു. രവികുമാറാണ് രമ്യ കൃഷ്ണന്റെ പേര് പറയുന്നത്''. 70 ദിവസം കൊണ്ടാണ് സിനിമ പൂർത്തിയാക്കിയതെന്നും അദ്ദേഹം പറയുന്നു.

''നീലാംബരി എന്ന കഥാപാത്രം ജെ.ജയലളിതയെ ആസ്പദമാക്കിയാണെന്ന് അന്ന് പ്രചരണമുണ്ടായി. അതുകേട്ടപ്പോൾ സിനിമ കാണണമെന്നായി അവർ. കാണാനുള്ള ഏർപ്പാടുകളുണ്ടാക്കി''. 'പടയപ്പ'യുടെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ''നീലാംബരി എന്നാണ് പേരിട്ടിട്ടുളളത്. തിരക്കഥ ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്''.

210 പ്രിന്റുകളുമായി ആഗോളതലത്തിൽ റിലീസ് ചെയ്ത ആദ്യ സിനിമ കൂടിയാണ് 'പടയപ്പ'. 5 സംസ്ഥാനപുരസ്‌കാരങ്ങളാണ് സിനിമയ്ക്ക് ലഭിച്ചത്. എൻ പേര് പടയപ്പ, മിൻസാര പൂവേ, വെട്രി കൊടി കാറ്റ്...തുടങ്ങിയവയാണ് സിനിമയിലെ പ്രധാനപ്പെട്ട പാട്ടുകൾ.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Discover behind-the-scenes secrets of Rajinikanth`s blockbuster `Padayappa`, including Aishwarya Rai`s rejection for Neelambari and the upcoming sequel