തന്നെ ദത്തെടുത്തുവെന്നറിഞ്ഞപ്പോൾ രാജേഷ് ഖന്ന ഞെട്ടിപ്പോയിരുന്നുവെന്ന് അനീത അദ്വാനി

രാജേഷ് ഖന്ന
രാജേഷ് ഖന്ന

രാജേഷ് ഖന്നയുടെ വളർച്ച ഹിന്ദി സിനിമയിൽ സമാനതകളില്ലാത്തതാണ്. 'ആരാധന' എന്ന ചിത്രത്തിനുശേഷം (1969), അദ്ദേഹം തുടർച്ചയായി 15 ഹിറ്റ് ചിത്രങ്ങളാണ് നൽകിയത്, രാജ്യത്തിന്റെ ആദ്യത്തെ യഥാർത്ഥ സൂപ്പർസ്റ്റാറായി അക്ഷരാർഥത്തിൽ അദ്ദേഹം മാറുകയായിരുന്നു. നിർമ്മാതാക്കൾ പണവുമായി അദ്ദേഹത്തിന്റെ വീടിന് പുറത്ത് കാത്തുനിൽക്കുമായിരുന്നത്രേ. ആരാധകർക്ക് ഒരുതരം ഭക്തിയായിരുന്നു അദ്ദേഹത്തോട്. ആരാധന മൂത്ത് അവർ രാജേഷ് ഖന്നയ്ക്ക് രക്തത്തിൽ കത്തുകളെഴുതി, ചിത്രങ്ങളെ വിവാഹം ചെയ്തു. എന്നാൽ പ്രശസ്തിയിലേക്ക് ഉയരുന്നതിന് മുമ്പ് രാജേഷ് ഖന്നയുടെ ജീവിതത്തിൽ ഒരുപാട് മുറിവുകളുണ്ടായിട്ടുണ്ട്. അദ്ദേഹത്തിന് ആളുകളോടുള്ള വിശ്വാസം നഷ്ടമായിരുന്നെന്ന് പറയുകയാണ് കാമുകിയായിരുന്ന അനീത അദ്വാനി.

അദ്ദേഹം എല്ലാവരെയും സംശയിച്ചു. ആളുകളോടുള്ള വിശ്വാസം നഷ്ടപ്പെട്ടിരുന്നു. അദ്ദേഹം ദത്തെടുക്കപ്പെട്ടൊരാളാണ്.  ഇൻഡസ്ട്രിയിലെ സുഹൃത്തുക്കൾ അദ്ദേഹത്തെ ചതിച്ചു. അദ്ദേഹം സഹായിച്ച് വിജയിപ്പിച്ചവർ പോലും എതിരേ തിരിയുന്ന സമയം വന്നുവെന്നും അനീത പറയുന്നു.  

പലരും അദ്ദേഹത്തെ ചൂഷണം ചെയ്തു. രാഷ്ട്രീയ പ്രചാരണങ്ങളിൽ, എവിടേക്കുവിളിച്ചാലും ഒപ്പംപോയിരുന്നു. എന്നാൽ ഇടനിലക്കാർ പണം പോക്കറ്റിലാക്കി. അദ്ദേഹം സ്വയം പണമെടുത്തിരുന്നില്ല. അദ്ദേഹത്തിന്റെ ജീവിതം തന്നെ സങ്കീർണ്ണമായാണ് തുടങ്ങിയത്-അവർ പറഞ്ഞു. 1942-ൽ ജനിക്കുമ്പോൾ ജതിൻ ഖന്നയെന്നാണ് മാതാപിതാക്കളിട്ട പേര്. കുട്ടികളില്ലാതിരുന്ന ബന്ധുക്കളായ ചുന്നിലാൽ, ലീലാവതി ഖന്ന എന്നിവർ ചേർന്ന് അദ്ദേഹത്തെ ദത്തെടുത്ത് സ്വന്തം മകനെപ്പോലെ വളർത്തുകയായിരുന്നു. പിന്നീട് സത്യമറിഞ്ഞപ്പോൾ അതദ്ദേഹത്തിന് ഞെട്ടലും വേദനയുമുണ്ടാക്കി(huge shock). ഇത് രാജേഷിൽ ദീർഘകാലത്തെ സ്വാധീനമുണ്ടാക്കിയിട്ടുണ്ടെന്ന് അനീത വിശ്വസിക്കുന്നു.

“അദ്ദേഹം സ്വന്തം സഹോദരിമാരുമായോ കുടുംബാംഗങ്ങളുമായോ അടുപ്പത്തിലായിരുന്നില്ല. ഒരിക്കൽ സഹോദരി കാണാൻ വന്നപ്പോൾ 'ഇതാരാണ്?' എന്നാണ് ചോദിച്ചത്. ”

1970 കളുടെ മധ്യത്തോടെ ഹിന്ദി സിനിമ വേഗത്തിൽ മാറി. അമിതാഭ് ബച്ചന്റെ വരവോടെ, റൊമാൻ്റിക് സൂപ്പർസ്റ്റാർ രാജേഷ് ഖന്നയുടെ കാലം മങ്ങിത്തുടങ്ങി. 1990-ൽ 'മൂവി' മാസികക്ക് നൽകിയ അഭിമുഖത്തിൽ, പരാജയം തന്നെ തകർത്തുവെന്ന് രാജേഷ് ഖന്ന പറഞ്ഞു. സിനിമകൾ പരാജയപ്പെടാൻ തുടങ്ങിയപ്പോൾ, അദ്ദേഹം മദ്യത്തെ ആശ്രയിക്കുകയായിരുന്നു.

2000 കളുടെ തുടക്കത്തിലാണ് അനീത അദ്വാനി രാജേഷ് ഖന്നയുടെ ജീവിതത്തിലേക്ക് വന്നത്, 2012-ൽ നടൻ മരിക്കുന്നതുവരെ അടുത്ത ബന്ധമുണ്ടായിരുന്നതായി പറയപ്പെടുന്നു. ഇരുവരും ഒന്നിച്ച് താമസിച്ചിരുന്നെന്നും രഹസ്യമായി വിവാഹിതരായിരുന്നുവെന്നും പറയപ്പെടുന്നുണ്ടെങ്കിലും, ഒരിക്കലും നിയമപരമായി സ്ഥാപിക്കപ്പെട്ടിരുന്നില്ല. ഖന്നയുടെ കുടുംബാംഗങ്ങൾ അവ തള്ളിയിട്ടുമുണ്ട്. രാജേഷ് 1973-ൽ ഡിംപിൾ കപാഡിയയെ വിവാഹം കഴിച്ചിരുന്നു, ഏകദേശം പത്തുവർഷത്തിനുശേഷം ദമ്പതികൾ വേർപിരിഞ്ഞെങ്കിലും വിവാഹമോചനം നേടിയില്ല.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Anita Advani claims Rajesh Khanna suffered deep emotional trauma after discovering he was adopted., The superstar's later years were marked by a loss of trust in friends and industry associates., Khanna struggled with the transition from his peak stardom to the decline of his career in the 1970s., Personal accounts highlight his vulnerability, struggles with failure, and reliance on alcohol.