രാജസ്ഥാൻ റോയൽസിന്റെ ഓഹരികൾ ശിൽപ ഷെട്ടിക്കുള്ള വാലന്റൈൻസ് ദിന സമ്മാനമായിരുന്നു- രാജ് കുന്ദ്ര

ഐപിഎൽ ഫ്രാഞ്ചൈസിയായ രാജസ്ഥാൻ റോയൽസിന്റെ (Rajasthan Royals) ഓഹരികൾ സ്വന്തമാക്കിയതിനെപ്പറ്റി മനസ്സുതുറക്കുകയാണ് ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര. തന്റെ ഭാര്യക്കുള്ള വാലന്റൈൻസ് ദിന സമ്മാനമായാണ് താൻ ടീമിന്റെ സഹഉടമയായതെന്ന് ബിസിനസ്സുകാരൻ കൂടിയായ രാജ് പറഞ്ഞു.
2009 ലാണ് രാജ് ഫ്രാഞ്ചൈസിയിൽ ഓഹരിയെടുത്തത്.
"ഞാൻ അതൊരു വാലന്റൈൻസ് ദിന സമ്മാനമായി വാങ്ങുകയായിരുന്നു. ശിൽപയ്ക്ക് ബ്രാൻഡ് മൂല്യമുണ്ടെന്നും ഞാൻ പണം നിക്ഷേപിക്കാമെന്നും കരുതി. അന്ന് ഓഹരി വാങ്ങി, പക്ഷേ കേസ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു" -അദ്ദേഹം പറഞ്ഞു.
നിക്ഷേപം നടത്തിയപ്പോൾ ഐപിഎൽ ടീമിന്റെ മൂല്യം ഏകദേശം 700 കോടി രൂപയായിരുന്നുവെന്ന് രാജ് പറഞ്ഞു. ഫ്രാഞ്ചൈസിയുടെ ഇപ്പോഴത്തെ മൂല്യം ഏകദേശം 16,000 കോടി രൂപയായിരിക്കുമെന്നും. അക്കാലത്തെ റിപ്പോർട്ടുകളനുസരിച്ച്, ഓഹരി വാങ്ങാൻ ഏകദേശം 81.9 കോടി രൂപയാണ് രാജ് ചെലവഴിച്ചത്.
എന്നാൽ, 2013-ൽ അനധികൃത ചൂതാട്ടക്കേസിൽ രാജ് കുന്ദ്ര പ്രതിചേർക്കപ്പെട്ടു. സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് ലോധ കമ്മിറ്റിയുടെ അന്വേഷണത്തെത്തുടർന്ന്, 2015 ൽ അദ്ദേഹത്തെ എല്ലാ ക്രിക്കറ്റ് സംബന്ധമായ ഇടപാടുകളിൽ നിന്നും ജീവിതാവസാനം വിലക്കി. രാജസ്ഥാൻ റോയൽസിനെ രണ്ട് സീസണുകളിലേക്ക് (2016, 2017) ഐപിഎല്ലിൽ നിന്ന് സസ്പെൻഡും ചെയ്തു.
ചൂതാട്ടത്തിൽ പ്രതിചേർക്കുന്നതിന് മുമ്പ് അഞ്ചോ ആറോ വർഷം താൻ ടീമുമായി ബന്ധപ്പെട്ടിരുന്നതായി രാജ് പറഞ്ഞു. കേസ് ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ടൂർണമെന്റിന്റെ ആദ്യ അഞ്ച് മുതൽ ആറ് വർഷം വരെ ഫ്രാഞ്ചൈസി ഉടമകൾക്ക് കാര്യമായ ലാഭം ലഭിച്ചില്ല, ടീമുകൾ ഒന്നുകിൽ ലാഭനഷ്ടമില്ലാതെ മുന്നോട്ട് പോവുകയോ നിലനിൽപ്പിനായി കൂടുതൽ പണം മുടക്കുകയോ ചെയ്യേണ്ടി വന്നു. ഉടമകൾ ഇപ്പോൾ ഉയർന്ന വരുമാനം നേടുന്നതായും രാജ് പറഞ്ഞു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Raj Kundra acquired a stake in Rajasthan Royals in 2009 as a Valentine's Day gift for Shilpa Shetty., The franchise valuation has grown from ₹700 crore to approximately ₹16,000 crore., Kundra addressed the 2013 betting controversy and his subsequent life ban., Insights into the IPL financial model, noting that teams now earn annual profits of ₹200-500 crore.