‘ഇപ്പോഴെന്റെ ഇടതുകാലിൽ മൂന്ന് ടൈറ്റാനിയം സ്ക്രൂകളുണ്ട്’, സ്റ്റണ്ട് ചെയ്യാഞ്ഞതിനെപ്പറ്റി നടൻ

പൃഥ്വിരാജും പാർവതി തിരുവോത്തും പ്രധാനവേഷങ്ങളിലെത്തിയ ഐ നോബഡി സിനിമ തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുകയാണ്. സിനിമയിലെ ഏറ്റവും കൂടുതൽ ചർച്ചയായ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിൽ നേരിട്ട പ്രായോഗിക വെല്ലുവിളികളെക്കുറിച്ചും സ്വന്തമായി സ്റ്റണ്ട് ചെയ്യാതിരുന്നതിന് കാരണവും തുറന്നുപറയുകയാണ് പൃഥ്വിരാജ് ഇപ്പോൾ. സിനിമയിലെ ആക്ഷൻ, പ്രധാനമായും ഇന്ത്യൻ സിനിമകൾ കൈകാര്യം ചെയ്യുന്ന രീതിയിലല്ലെന്ന് ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് ഒരു ഷോപ്പിങ് മാളിനുള്ളിലാണ് പ്രധാനപ്പെട്ടൊരു രംഗം ചിത്രീകരിച്ചത്. "സിനിമയിലെ ഷോപ്പിങ് മാൾ ആക്ഷൻ ഭാഗം ശരിക്കും നഗരത്തിലെ ഏറ്റവും തിരക്കേറിയ ഷോപ്പിങ് മാളുകളിലൊന്നിലായിരുന്നു. ഞങ്ങൾ കടയുടമകളെ കണ്ട് സംസാരിച്ചു, അവർക്ക് സഹായിക്കാൻ സന്തോഷമായിരുന്നു. അവർ ഞങ്ങൾക്കുവേണ്ടി മാൾ അടച്ചിട്ടു. പക്ഷെ ചില കടകൾ തുറന്നുവെക്കുമോയെന്ന് ഞങ്ങൾ ചോദിച്ചു. കാരണം മാൾ പ്രവർത്തിക്കുന്നതായി തോന്നണം. ആക്ഷൻ ബ്ലോക്ക് ചിത്രീകരിക്കുന്ന സമയത്ത് മൂന്നോ നാലോ ദിവസം അവർ കച്ചവടമില്ലാതെ കട തുറന്നിരുന്നു. ഓടുന്ന എല്ലാ രംഗങ്ങളും ഒരേ സെറ്റല്ല" പൃഥ്വിരാജ് വെളിപ്പെടുത്തി.

2023-ൽ അദ്ദേഹത്തിനുണ്ടായ ഒരു ഗുരുതരമായ അപകടത്തെക്കുറിച്ചും സ്റ്റണ്ടുകളോടുള്ള തന്റെ സമീപനം മാറിയതങ്ങനെയാണെന്നും നടൻ തുറന്നുപറഞ്ഞു. "2023-ൽ ഞാൻ മറ്റൊരു സിനിമയിൽ അഭിനയിക്കുകയായിരുന്നു, ആക്ഷൻ രംഗങ്ങൾ സ്വയം ചെയ്യുന്നുവെന്നൊരു reputation എനിക്കുണ്ട്. ഞാൻ ഒരു സ്റ്റണ്ട് സീക്വൻസ് ചെയ്യുകയായിരുന്നു, എനിക്കൊരപകടം പറ്റി. ഇടതു കാൽമുട്ടിന് വലിയ പരിക്കുപറ്റി. മൂന്ന് ശസ്ത്രക്രിയകൾ വേണ്ടി വന്നു, ഇപ്പോഴെന്റെ ഇടതുകാലിൽ മൂന്ന് ടൈറ്റാനിയം സ്ക്രൂകളുണ്ട്. പരിക്കുകാരണം ആ സിനിമ ഒരു വർഷം നിർത്തേണ്ടി വന്നു. ധാരാളം പണം നഷ്ടപ്പെട്ടു, നിരവധി ആളുകൾക്ക് ഒരു വർഷം കാത്തിരിക്കേണ്ടി വന്നു. ഇപ്പോൾ എന്റെ മനസ്സിൽ ആ ഉത്തരവാദിത്തമുണ്ട്."- അദ്ദേഹം പറഞ്ഞു.

'ഐ, നോബഡി'യുടെ നിർമ്മാണ വേളയിലും അങ്ങനെയൊരു അനുഭവമുണ്ടായി. "ഞങ്ങളുടെ ഒരു ഫൈറ്റർക്ക് സെറ്റിൽ വെച്ച് പരിക്കേറ്റു, അയാളുടെ കഴുത്തിന് പിന്നിൽ 37 തുന്നലുകൾ ഇടേണ്ടി വന്നു. ഇത്തരം കാര്യങ്ങൾ സംഭവിക്കും. ആ ഷോട്ട് ചെയ്തത് ഞാനായിരുന്നെങ്കിൽ എന്ന് ചിന്തിക്കുക. എനിക്ക് ആറുമാസത്തേക്ക് വീട്ടിൽ പോകേണ്ടി വരുമായിരുന്നു," പൃഥ്വിരാജ് പറഞ്ഞു, യാനിക് ബെൻ രൂപകൽപ്പന ചെയ്യുന്ന ആക്ഷന്റെ ശാരീരികമായ ബുദ്ധിമുട്ടുകൾ നിസ്സാരമായി കാണേണ്ട ഒന്നല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഫ്രഞ്ച് സ്റ്റണ്ട് കോർഡിനേറ്റർ യാനിക് ബെൻ ചിത്രത്തിൽ സഹകരിച്ചിരുന്നു.

അതേസമയം, തനിക്ക് ആക്ഷൻ ഷൂട്ട് ചെയ്യാൻ വളരെയിഷ്ടമാണെന്നും ആക്ഷൻ സീക്വൻസുകൾ ഷൂട്ട് ചെയ്തതിലൂടെയാണ് ഒരു സംവിധായകനായതെന്നും പൃഥ്വി പറഞ്ഞു. നിസ്സാം ബഷീർ സംവിധാനം ചെയ്ത ചിത്രത്തിന് സമീർ അബ്ദുളാണ് തിരക്കഥ രചിച്ചത്. 'ഐ, നോബഡി' ജൂലൈ 9 ന് തിയേറ്ററുകളിലെത്തി.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: I, Nobody is a genre-defying film blending heist, kidnap drama, and social satire., Director Nissam Basheer integrates action into the narrative flow rather than using standard set pieces., French stunt coordinator Yannick Ben utilized long, single-take action sequences for a raw, realistic feel., Practical stunts included filming in an active Thiruvananthapuram mall and using a modified bus for CGI integration., Prithviraj highlights the physical risks of modern action cinema following his 2023 knee injury.