അമേരിക്കയില്‍ പഠിക്കുന്ന സമയത്താണ് പൂമരത്തിന്റെ കാസ്റ്റിങ് കോള്‍ കാണുന്നത്-നീത്താ പിള്ളൈ

നീത്താ പിള്ളൈ | ഫോട്ടോ: സിദ്ദീക്കുല്‍ അക്ബര്‍
നീത്താ പിള്ളൈ | ഫോട്ടോ: സിദ്ദീക്കുല്‍ അക്ബര്‍

കരുത്തും കാമ്പുമുള്ള ഒരുപിടി കഥാപാത്രങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടിയാണ് നീത്താ പിള്ളൈ. നൃത്തത്തിലും സംഗീതത്തിലും ആയോധനകലയിലും പരിശീലനം നേടിയ, പെട്രോളിയം എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തരബിരുദമുള്ള ബഹുമുഖപ്രതിഭ. തേടിയെത്തിയതും കാത്തിരിക്കുന്നതുമായ കഥാപാത്രങ്ങളെപ്പറ്റി അവര്‍ മനസ്സുതുറന്നു.

ആദ്യസിനിമ തുറന്നുതന്ന വാതിലുകള്‍?
2018-ലാണ് ആദ്യസിനിമയായ 'പൂമരം' പുറത്തിറങ്ങുന്നത്. പണ്ട് സ്‌കൂള്‍, കോളേജ് നാടകങ്ങളില്‍നിന്നെല്ലാം ഒഴിഞ്ഞുമാറി നിന്ന ആളാണ് ഞാന്‍. ക്യാമറയ്ക്കുമുന്നില്‍ എന്തുചെയ്യണമെന്നുപോലും അറിയില്ലായിരുന്നു. അങ്ങനെയുള്ള ഞാന്‍ സിനിമയില്‍ എത്തി.  അഭിനയം മോശമാണെന്ന അഭിപ്രായമൊന്നും വന്നില്ല. അതുതന്നെ വലിയ നേട്ടമായി തോന്നി. സാമൂഹികമാധ്യമങ്ങളില്‍ ഒരുപാട് സമയം ചെലവഴിക്കാത്തതുകൊണ്ട് ആളുകള്‍ ആ സിനിമയെയും കഥാപാത്രത്തെയും സ്വീകരിച്ചോ എന്നൊന്നും അറിഞ്ഞിരുന്നില്ല. സിനിമ ആളുകള്‍ക്ക് ഇഷ്ടമായി എന്ന് മനസ്സിലാക്കിയപ്പോള്‍ സന്തോഷമായി. 

'പൂമര'ത്തിലേക്ക് എത്തിയത് എങ്ങനെ?
ബിരുദാനന്തരബിരുദത്തിന് അമേരിക്കയില്‍ പഠിക്കുന്ന സമയം. അവസാന സെമസ്റ്ററാണ്. അവധിക്ക് നാട്ടിലേക്ക് വന്നതായിരുന്നു ഞാന്‍. കാസ്റ്റിങ് കോള്‍ കണ്ടാണ് അപേക്ഷിക്കുന്നത്. ഒരുദിവസം ഓഡിഷന് വിളിച്ചു. ഒരുപാടുപേര്‍ ഓഡിഷന് വന്നിരുന്നു. പലരും അഭിനയ പരിചയമുള്ളവര്‍. തിരിച്ചുപോയാലോ എന്നായി ഞാന്‍.  ''ശ്രമിച്ചുനോക്കൂ'', എന്നായി അമ്മ. എന്തായാലും ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടു.

സിനിമാമോഹം ചെറുപ്പത്തിലേ ഉണ്ടായിരുന്നോ? 
കുട്ടിക്കാലത്തൊന്നും സിനിമയില്‍ അഭിനയിക്കുന്നതിനെപ്പറ്റി ചിന്തിച്ചിരുന്നില്ല. സ്‌കൂളില്‍ ഡാന്‍സിനും പാട്ടിനുമൊക്കെ പങ്കെടുക്കും. നാടകത്തിലും സ്‌കിറ്റിലും പങ്കെടുത്തിട്ടില്ല.   
അമേരിക്കയിലെ ലൂസിയാന സര്‍വകലാശാലയില്‍ പഠിക്കുമ്പോഴാണ് അഭിനയമോഹം തോന്നുന്നത്. അവിടെ ഞാന്‍ ഒറ്റയ്ക്കായിരുന്നു. ഒഴിവുസമയങ്ങളില്‍ ധാരാളം സിനിമകള്‍ കാണും. നാടും വീടും മിസ് ചെയ്യുമ്പോള്‍ പഴയതും പുതിയതുമായ മലയാളസിനിമകള്‍ കാണും. ആക്ഷന്‍ സിനിമകളൊക്കെ ഒരുപാട് ഇഷ്ടമാണ്. പതിയെ സിനിമകളെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ തുടങ്ങി. ചിലരുടെ സ്വാഭാവികമായ അഭിനയം കണ്ട് അതിശയം തോന്നിയിട്ടുണ്ട്. അങ്ങനെവന്ന ഇഷ്ടമാണ് അഭിനയത്തോട്. ദൈവാനുഗ്രഹംകൊണ്ട് അവസരം കിട്ടി. 

പഠിപ്പിസ്റ്റ് ആണോ?
കൊച്ചിയിലായിരുന്നു സ്‌കൂള്‍ പഠനം. എപ്പോഴും മുന്‍ബെഞ്ചിലിരിക്കുന്ന, പഠിക്കുക എന്ന ഒറ്റ ലക്ഷ്യമുള്ള കുട്ടിയായിരുന്നില്ല. അത്യാവശ്യം പഠിക്കും. മാര്‍ക്കും ഉണ്ടാവും. കലാകായിക ഇനങ്ങളിലെല്ലാം പങ്കെടുക്കും. ബെംഗളൂരുവില്‍ എന്‍ജിനീയറിങ് പഠനം. ശേഷം ലൂസിയാന സര്‍വകലാശാലയില്‍ പെട്രോളിയം എന്‍ജിനീയറിങ്ങില്‍ മാസ്റ്റേഴ്‌സ് ചെയ്തു. പഠനം കഴിഞ്ഞ് ജോലി എന്നതായിരുന്നു ഉദ്ദേശ്യം. അവിടെയും എന്റെ സന്തോഷത്തിന് ഓരോ കലാപരിപാടികളില്‍ പങ്കെടുത്തിരുന്നു.  'പൂമരം' സിനിമയുടെ സമയത്ത് പഠനവും സിനിമയും ഒന്നിച്ച് കൊണ്ടു പോയി. ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി.

'ദ കുങ്ഫു മാസ്റ്റര്‍' എന്ന സിനിമയ്ക്കുവേണ്ടി ഏകദേശം ഒന്നര വര്‍ഷത്തോളം പരിശീലനം നേടിയിരുന്നല്ലോ. കഠിനാധ്വാനിയാണോ? 
ഏതൊരു കാര്യത്തിലും ഫലം പ്രതീക്ഷിക്കാെത കഠിനാധ്വാനം ചെയ്യണം  എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. പഠനത്തിലും ജീവിതത്തിലുമെല്ലാം അങ്ങനെയാണ്. ഒരു കാര്യം ഏറ്റെടുത്താല്‍ ആരോഗ്യംപോലും വകവയ്ക്കാതെ അത് പൂര്‍ത്തിയാക്കാന്‍ ശ്രമിക്കും.  'ദ കുങ്ഫു മാസ്റ്റര്‍' എന്ന സിനിമയ്ക്ക്  പരിശീലനം അത്യാവശ്യമായിരുന്നു.

ഓരോ സിനിമയ്ക്കുമുള്ള മുന്നൊരുക്കങ്ങള്‍?
കഥയോട് ഇഷ്ടം തോന്നുന്നതുമുതല്‍ കഥാപാത്രത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങും. കഥാപാത്രം എങ്ങനെയാവണമെന്നെല്ലാം സങ്കല്പിക്കും. സിനിമ തുടങ്ങുന്നതിന് രണ്ടോ മൂന്നോ മാസങ്ങള്‍ മുന്‍പായിരിക്കാം വിളിക്കുന്നത്. തയ്യാറെടുക്കാനുള്ള സമയം എനിക്ക് കിട്ടിയിട്ടുണ്ട്. പലതവണ ആലോചിച്ച് കഥാപാത്രത്തിന് നമ്മള്‍തന്നെ രൂപംകൊടുക്കും. കൂടാതെ കഥാപാത്രത്തെക്കുറിച്ച് ഏകദേശ ധാരണയുണ്ടാക്കാന്‍ സാമ്യമുള്ള മറ്റ് സിനിമകളും നിരീക്ഷിക്കാറുണ്ട്. എന്റെ ചിന്തകള്‍ക്ക് അപ്പുറത്തുള്ള എന്തെങ്കിലും കാര്യങ്ങള്‍ അതിലൂടെ കിട്ടുകയാണെങ്കില്‍ അത് കഥാപാത്രത്തിന് ഗുണമാണല്ലോ... 

ആറുവര്‍ഷത്തെ കരിയറില്‍ ആകെ അഞ്ച് സിനിമകള്‍. എത്രത്തോളം സെലക്ടീവാണ്?
കഥയും കഥാപാത്രവും ഇഷ്ടമാവണം. പുതുമയുള്ളതും രസകരവുമായ എന്തെങ്കിലുമൊരു ഘടകം അതിലുണ്ടെങ്കില്‍ സന്തോഷം.  പൊതുവേ കഥാപാത്രത്തിന്റെ സ്ഥാനവും പ്രാധാന്യവും സംവിധായകന്‍, സിനിമാ ടീം, സ്‌ക്രിപ്റ്റ് എന്നിവയെല്ലാം നോക്കിയാണ് സിനിമ തിരഞ്ഞെടുക്കാറുള്ളത്. പുതിയ സിനിമകളെക്കുറിച്ച് പറയാനായിട്ടില്ല. ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

'പൂമര'ത്തിലെ ഐറിന്‍ ജോര്‍ജ്, 'ദ കുങ്ഫു മാസ്റ്ററി'ലെ റിതു റാം, 'പാപ്പനി'ലെ വിന്‍സി എബ്രഹാം... കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളാണല്ലോ ചെയ്തതിലേറെയും?
കരുത്തും തന്റേടവുമുള്ള  കഥാപാത്രമായിരുന്നു 'പൂമര'ത്തിലെ ഐറിന്‍. അതുകൊണ്ടാണോ എന്ന് അറിയില്ല, കരുത്തുള്ള കഥാപാത്രങ്ങളാണ് പിന്നീട് കിട്ടിയത്. അത്തരം കഥാപാത്രങ്ങളാണ് എനിക്ക് താരതമ്യേന ചെയ്യാനെളുപ്പവും. സംവിധായകരും തിരക്കഥാകൃത്തുക്കളും മുന്‍പത്തെ സിനിമയിലെ അഭിനയം കണ്ടായിരിക്കാം തിരഞ്ഞെടുക്കുന്നത്. അതിലൂടെ ചിലപ്പോള്‍ സാമ്യമുള്ള കഥാപാത്രങ്ങളാകാം തേടിവരുന്നത്. അതില്‍നിന്നെല്ലാം വ്യത്യസ്തമായ കഥാപാത്രങ്ങളും ചെയ്യണമെന്നുണ്ട്. ഈ വര്‍ഷം പുറത്തിറങ്ങിയ 'തങ്കമണി'യിലെ അനിതാ വര്‍ക്കിയും 'വര്‍ഷങ്ങള്‍ക്കുശേഷ'ത്തിലെ രാധികയും വ്യത്യസ്തതയുള്ള കഥാപാത്രങ്ങളായിരുന്നു. അതുവരെ ചെയ്തതില്‍നിന്നെല്ലാം വ്യത്യസ്തമായി ഒട്ടും കരുത്തില്ലാത്ത ഒരാളായിരുന്നു അനിത. എപ്പോഴും സന്തോഷത്തോടെയിരിക്കുന്ന, രസകരമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കണമെന്ന് ആഗ്രഹമുണ്ട്. 
 
സംഗീതവും നൃത്തവും വശമുണ്ടല്ലേ...
സ്‌കൂളില്‍ പഠിക്കുന്ന സമയത്താണ് പാട്ട് പഠിക്കുന്നത്. വീടിനടുത്തുള്ള അധ്യാപികയായിരുന്നു ഗുരു. കുറച്ചുകാലം ഡാന്‍സും പഠിച്ചിരുന്നു. ക്ലാസിക്കല്‍ ഡാന്‍സിനോട് താത്പര്യമുണ്ട്. മലയാളത്തിലും ഹിന്ദിയിലുമുള്ള അടിപൊളി പാട്ടുകള്‍ക്കെല്ലാം ചുവടുവയ്ക്കാനും ഇഷ്ടമാണ്. പാട്ടും ഡാന്‍സും ഒരുപാട് സന്തോഷം നല്‍കുന്നു. 

ഒഴിവുസമയങ്ങള്‍ ചെലവഴിക്കുന്നതെങ്ങനെ? 
സിനിമകള്‍ കാണും, പുസ്തകങ്ങള്‍ വായിക്കും. ചിത്രം വരയ്ക്കാനും ഇഷ്ടമാണ്. ചില ചിത്രങ്ങള്‍ കാണുമ്പോള്‍ അതൊന്ന് പരീക്ഷിച്ചുനോക്കാമെന്ന് തോന്നും. അതങ്ങനെ പെര്‍ഫെക്ട് ഒന്നുമാവില്ല. എങ്കിലും ശ്രമിക്കും. വ്യായാമം ചെയ്യുന്നത് ജീവിതത്തിന്റെ ഭാഗമാണ്. പണ്ടുതൊട്ടേ സ്ഥിരമായി വര്‍ക്കൗട്ടുകളും ശാരീരിക വ്യായാമങ്ങളും യോഗയുമെല്ലാം എനിക്ക് ഇഷ്ടമാണ്. വര്‍ക്കൗട്ട് മുടങ്ങാതിരിക്കാനും നോക്കും. വോളിബോള്‍, ബാസ്‌കറ്റ് ബോള്‍, എന്നിങ്ങനെ ഔട്ട് ഡോര്‍ സ്‌പോര്‍ട്‌സുകളും ഇഷ്ടമാണ്. അതെല്ലാം എന്റെ സന്തോഷത്തിനുവേണ്ടി ചെയ്യുന്നതാണ്.

കുടുംബം
അച്ഛന്‍ വിജയന്‍ പിൈള്ള, അമ്മ മഞ്ജുള ഡി. നായര്‍. അനിയത്തി മനീഷ പിള്ളൈയും ഭര്‍ത്താവ് ഇഷാന്‍ തോമസും മെല്‍ബണിലാണുള്ളത്.
 

Content Highlights: poomaram, malayalam actress reetha pillai interview