'അടിച്ചില്ല മോനേ...'കിട്ടുണ്ണ്യേട്ടന്റെ കാമധേനു ലോട്ടറിയിലെ നമ്പറും ഓണം ബമ്പര്‍ നമ്പറും ഒന്നല്ല

ലോട്ടറിയടിക്കുന്ന സീന്‍ വളരെ രസകരമായി അവതരിപ്പിച്ച സിനിമയേതാണ്? നമ്മുടെ മനസ്സിലേക്ക് ഏറ്റവുമാദ്യം ഓടിയെത്തുന്നത് 'കിലുക്ക'ത്തിലെ കിട്ടുണ്ണ്യേട്ടന്‍ തന്നെയാവും. 1991-ലാണ് കിലുക്കം ഇറങ്ങിയത്. 33 വര്‍ഷങ്ങള്‍ക്കിപ്പുറവും ലോട്ടറിയടിച്ചെന്ന് അറിയുമ്പോഴുള്ള ഇന്നസെന്റിന്റെ പ്രതികരണവും ബോധംകെടലും ഇപ്പോഴും അതേ പുതുമയോടെ തന്നെയുണ്ട്.
യൂട്യൂബില്‍ 'കിലുക്ക'ത്തിലെ ആ ലോട്ടറിസീന്‍ ഇന്നലെ മുതല്‍ വീണ്ടും ട്രെന്‍ഡിങ്ങിലാണ്. വാട്‌സാപ്പുകളില്‍നിന്ന് വാട്‌സാപ്പുകളിലേക്ക് പറന്ന ഒരു വീഡിയോ ക്ലിപ്പാണ് അതിന് കാരണമായത്. കിട്ടുണ്ണിയുടെ ലോട്ടറി നമ്പറും ഓണം ബമ്പര്‍ അടിച്ച ലോട്ടറി നമ്പറും ഒന്നാണെന്ന് ആ വീഡിയോ കേട്ടാല്‍ ആര്‍ക്കും തോന്നും. രേവതി പത്രം നോക്കി ലോട്ടറി നമ്പര്‍ വായിക്കുന്നു, ''കിട്ടുണ്ണ്യേട്ടാ, കാമധേനു റിസള്‍ട്ട്‌സ്...ഫസ്റ്റ് പ്രൈസ് 434222''. ഓരോ നമ്പറും വായിക്കുന്നതിനനുസരിച്ച് ഇന്നസെന്റിന്റെ മുഖഭാവം മാറുന്നതും, അവസാനത്തെ നമ്പര്‍ വായിച്ചുകഴിയുമ്പോഴേക്കും 'അടിച്ചു മോനേ' എന്നുപറഞ്ഞ് ബോധംകെടുന്നതും എല്ലാം ആ പുതിയ വീഡിയോയിലുണ്ട്.
ആ വീഡിയോ കണ്ടവരെല്ലാം അത് വിശ്വസിച്ചു. എന്നാല്‍ പലരും കിലുക്കത്തിലെ ഒറിജിനല്‍ ലോട്ടറി സീന്‍ കാണാനായി യൂട്യൂബിലേക്ക് വെച്ചുപിടിച്ചു. അപ്പോഴാണ് ആരോ വീണ്ടും കിട്ടുണ്ണ്യേട്ടനെയും നാട്ടുകാരെയും പറ്റിച്ച വിവരമറിയുന്നത്. 'കിലുക്ക'ത്തിലെ ലോട്ടറി നമ്പര്‍ KL72078431 ആണ്. TG434222--യാണ് ഓണം ബമ്പറിലെ ഒന്നാം സമ്മാനമടിച്ച നമ്പര്‍. 'കിലുക്ക'ത്തിലെ ആ വീഡിയോയിലെ ശബ്ദം മാത്രം ആരോ എ.ഐ.യുടെ സഹായത്തോടെ മാറ്റിയതാണ്. 'വാട്‌സാപ്പില്‍ വീഡിയോ കണ്ടിട്ട് അത് സത്യമാണോ എന്നറിയാന്‍ വന്നവരുണ്ടോ, എല്ലാ ഓണം ബമ്പര്‍ സമയത്തും ഈ കോമഡി കാണുന്നവര്‍ ഇബടെ കമോണ്‍...' ആ വീഡിയോയുടെ താഴെ രസകരമായ കമന്റുകളും നിറയുന്നു.
ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം 25 കോടി രൂപയാണെങ്കില്‍, കിട്ടുണ്ണ്യേട്ടന്റെ കാമധേനു ലോട്ടറിയില്‍ ഒന്നാം സമ്മാനം 10 ലക്ഷം രൂപയും അംബാസഡര്‍ കാറുമാണ്.
കാര്യമെന്തൊക്കെയായാലും ഇത്തവണത്തെ ഓണം ബമ്പര്‍ മലയാളികളില്‍ പലര്‍ക്കും ഏറെ പ്രതീക്ഷ പകര്‍ന്നിരുന്നു. കൂട്ടുകാര്‍ക്കൊപ്പവും സഹപ്രവര്‍ത്തകര്‍ക്കൊപ്പവും കുടുംബത്തിനൊപ്പവും ഷെയറിട്ട് പത്തുടിക്കറ്റ് വരെ എടുത്തവരുണ്ട്. പലരും കിട്ടുണ്ണ്യേട്ടന്റെ അതേ പ്രതീക്ഷയിലായിരുന്നു. ജോലി കിട്ടിയാല്‍, രാജിവെക്കാനും കിട്ടുണ്ണ്യേട്ടനെ പോലെ മാസ് ഡയലോഗ് അടിക്കാനും തയ്യാറായിരുന്നവര്‍. 'ഡോ, താനെവിടെയ്ക്കാ നോക്കണേ? എടോ കോട്ടും സൂട്ടുമിട്ട് ഒരു വെറകുകൊള്ളീം കടിച്ചുപിടിച്ച് നാലണയ്ക്ക് കൊള്ളാത്ത ലൊടുക്ക കാറില് ഇങ്ങനെ ഞെളിഞ്ഞിരുന്നാലേ സായിപ്പാവില്യ...'
Content Highlights: onam bumper lottery and kilukkam lottery scene